Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദിവാസികൾക്കുള്ള ഫണ്ടിന്റെ പകുതി പോലും ചെലവഴിച്ചില്ല; ഐഎഎസുകാരൻ ഡയറക്ടറും ആയിരത്തോളം ഉദ്യോഗസ്ഥരും എന്തെടുക്കുകയാണ്? അട്ടപ്പാടിയിൽ ശിശുമരണം ആവർത്തിക്കുമ്പോഴും നിയമസഭയിൽ ബഹളം വച്ചിട്ടെന്തു കാര്യം?

ആദിവാസികൾക്കുള്ള ഫണ്ടിന്റെ പകുതി പോലും ചെലവഴിച്ചില്ല; ഐഎഎസുകാരൻ ഡയറക്ടറും ആയിരത്തോളം ഉദ്യോഗസ്ഥരും  എന്തെടുക്കുകയാണ്? അട്ടപ്പാടിയിൽ ശിശുമരണം ആവർത്തിക്കുമ്പോഴും നിയമസഭയിൽ ബഹളം വച്ചിട്ടെന്തു കാര്യം?

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ ശിശുമരണം വർദ്ധിക്കുന്നതിനെച്ചൊല്ലി ഇന്നു നിയമസഭയിൽ ഭരണ- പ്രതിപക്ഷവിമർശനം കൊടുമ്പിരി കൊള്ളുമ്പോൾ അവരാരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്- ആദിവാസികളുടെ ക്ഷേമത്തിനായി കഴിഞ്ഞവർഷം 521.99 കോടി രൂപ അനുവദിച്ചതിൽ 208.82 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്നത്. സാമ്പത്തികവർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് പകുതി തുക പോലും ചെലവഴിക്കാതെ പട്ടികവർഗ വികസനവകുപ്പ് നിർജീവാവസ്ഥയിൽ പ്രവർത്തിക്കുന്നതായി വിവരാവകാശരേഖകൾ വ്യക്തമാക്കുന്നത്.

സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗമാണ് ആദിവാസികൾ. കേരളത്തിലുണ്ടായിട്ടുള്ള പൊതുവായ വികസന മാതൃകയുടെ അടുത്തുപോലും എത്താൻ ആദിവാസികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികുഞ്ഞുങ്ങളുടെ മരണം കേരളത്തിനാകെ അപമാനമായി മാറിയിട്ടുണ്ട്. 2014-ൽ 22 ആദിവാസികുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മാത്രം മരിച്ചത്. കൂടാതെ 37 ഗർഭസ്ഥശിശുക്കളും മരണമടഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ മരണങ്ങലെല്ലാം ഉണ്ടായിട്ടുള്ളതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഈയൊരു സാഹചര്യത്തിലാണ് അനുവദിച്ചതുകപോലും ആദിവാസികൾക്ക് വേണ്ടി വിനിയോഗിക്കാതെ പട്ടികവർഗ വികസന വകുപ്പ് നിഷ്‌ക്രിയമാകുന്നത്. വളരെ ഗൗരവമായി കാണേണ്ട കാര്യമാണിത്. പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഐ എ എസ് ഉദ്യോഗസ്ഥനായ ഒരു ഡയറക്ടർ ഉൾപ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥർ സദാ പ്രവർത്തിക്കുമ്പോഴാണ് ഇങ്ങനെ ഒരു ദുരവസ്ഥയുണ്ടാകുന്നത്. കൂടാതെ ഇതേ സമുദാത്തിൽ നിന്നും ഒരു മന്ത്രിയെ ലഭിച്ചിട്ടും ഇതാണവസ്ഥ. ഓരോ പട്ടികവർഗമേഖലയിലും ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസർമാരും അവരുടെ കീഴിൽ നിരവധി ആദിവാസി പ്രെമോട്ടർമാരും പ്രവർത്തിച്ചുവരുന്നുണ്ട്. ഇവർക്കൊക്കെ കൃത്യമായി ശമ്പളം ലഭിക്കുന്നുവെന്നതൊഴിച്ചാൽ മറ്റു കാര്യമായ പ്രയോജനങ്ങളൊന്നും ആദിവാസികൾക്ക് ലഭിക്കുന്നില്ല.

ചരിത്രമായി മാറിയ നിൽപു സമരത്തിനുശേഷവും ആദിവാസികളുടെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നുവേണം അനുമാനിക്കാൻ. 30308 ആദിവാസികുടുംബങ്ങൾ ഭൂമിയില്ലാത്തവരായി ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ തന്നെ പറയുന്നു. 2002 ഡിസംബർ 31 നകം ആദിവാസികൾക്ക് 5 ഏക്കർ കൃഷിഭൂമി വിതരണം ചെയ്യുമെന്ന് അന്നത്തെ മുഖ്യമന്ത്രി എ. കെ. ആന്റണി പ്രഖ്യാപിച്ചതാണ്. ആ ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് മുത്തങ്ങാസമരം ഉണ്ടായത്. മുത്തങ്ങാസമരം കഴിഞ്ഞിട്ട് 10 വർഷം പിന്നിട്ടു. ഇപ്പോഴും ഭൂമി ലഭ്യമാക്കിയിട്ടില്ല.

ആദിവാസികൾക്ക് നഷ്ടമായ അവരുടെ ഭൂമി തിരിച്ചുപിടിക്കുന്നതിനായി മാറി മാറി വന്ന സർക്കാരുകളൊന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഭൂമി കയ്യേറ്റമാണ് ആദിവാസികൾ ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങളുടെയെല്ലാം മൂലകാരണം. ഇതരസമൂഹങ്ങൾ അവരുടെഭൂമി കൈയേറിയതിന്റെ ഫലമായി ആദിവാസികളുടെ ഫലഭൂയിഷ്ടമായ മണ്ണ് നഷ്ടമായി. അതോടുകൂടി അവരുടെ തനത് ഭക്ഷ്യവിളകളും അന്യമായി. തനതു ഭക്ഷ്യവിളകൾ അന്യമായതോടുകൂടിയാണ് പോഷകാഹാരക്കുറവ് ഉണ്ടാകാൻ തുടങ്ങിയത്. അതാണ് വർദ്ധിച്ച ശിശുമരണനിരക്കിലേക്ക് വഴിതെളിയിച്ചത്. കാലാകാലങ്ങളിൽ വന്നിട്ടുള്ള ഒരു സർക്കാരും ഇക്കാര്യത്തിൽ ആത്മാർത്ഥമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

മാർച്ച് മാസത്തിലാണ് നിലവിലുള്ള ഫണ്ട് ചെലവഴിക്കാനുള്ള തീവ്രശ്രമം വകുപ്പ് നടത്തുക. ഫണ്ട് ചെലവഴിക്കുക എന്നതിൽ കവിഞ്ഞ് അത് ആദിവാസികൾക്ക് പ്രയോജനകരമായി മാറ്റുന്നതിനുള്ള ഒരു ശ്രമവും പലപ്പോഴും ഉണ്ടാകാറില്ല. ധൃതിപിടിച്ചുള്ള ചെലവഴിക്കൽ പ്രക്രിയ അഴിമതിയിലേക്കും കളമൊരുക്കും. ഇവിടെയാണ് 'പെസ്സ' നിയമത്തിന്റെ പ്രസക്തി. 162 ദിവസം നീണ്ടുനിന്ന നില്പുസമരത്തിനൊടുവിൽ സർക്കാരിന് അംഗീകരിക്കേണ്ടി വന്ന നിയമം. ആദിവാസികൾക്ക് സ്വയം ഭരണാധികാരം നൽകുന്ന 'പെസ്സ' നിയമം നടപ്പിലായാൽ മാത്രമേ സർക്കാർ അനുവദിക്കുന്ന തുക കാര്യക്ഷമമായി വിനിയോഗിക്കാൻ കഴിയൂ. നടപ്പിലാക്കുന്ന പദ്ധതികളിൽ അവരുടെ പങ്കാളിത്തവും ഇതുമൂലം ഉറപ്പുവരുത്താൻ കഴിയും.

പട്ടികവർഗ വികസന വകുപ്പിനെ മാത്രം ആശ്രയിച്ച് ആദിവാസികളുടെ ക്ഷേമം ഉറപ്പുവരുത്താൻ കഴുയുകയില്ലെന്ന് സമീപകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അനുവദിച്ച തുകയുടെ പകുതിപോലും വിനിയോഗിക്കാൻ പ്രാപ്തിയില്ലാത്ത ഈ വകുപ്പുകൊണ്ട് ആദിവാസികൾക്ക് എന്തു പ്രയോജനം ? പോഷകാഹാരം ലഭിക്കാതെ ആദിവാസിക്കുഞ്ഞുങ്ങൾ പിടഞ്ഞുവീണു മരിക്കുമ്പോഴും, അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം പെരുകുമ്പോഴും, ആദിവാസികളുടെ ഭൂമി ഇതരവിഭാഗക്കാർ കയ്യേറുമ്പോഴും നിസ്സംഗതയോടെ നോക്കിനിൽക്കുന്ന ഇങ്ങനെയൊരു സർക്കാർ വകുപ്പ് വേണോയെന്ന് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP