Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോവൈകല്യമുള്ള കുട്ടികളുടെ ചികിൽസയ്ക്ക് വ്യാജ ഡോക്ടർ; തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കരാറിൽ വ്യാപകക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്; പാരമ്പര്യവൈദ്യമെന്ന പേരിൽ മാത്യൂസ് വൈദ്യൻ തട്ടിയെടുത്തത് 45 ലക്ഷം രൂപ

മനോവൈകല്യമുള്ള കുട്ടികളുടെ ചികിൽസയ്ക്ക് വ്യാജ ഡോക്ടർ; തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കരാറിൽ വ്യാപകക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്; പാരമ്പര്യവൈദ്യമെന്ന പേരിൽ മാത്യൂസ് വൈദ്യൻ തട്ടിയെടുത്തത് 45 ലക്ഷം രൂപ

ബി രഘുരാജ്‌

തിരുവനന്തപുരം: മനോവൈകല്യമുള്ള കുട്ടികളെ ചികിൽസിക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയത് അംഗീകാരമില്ലാത്ത ഡോക്ടറെ. കരാറിൽ വ്യാപകക്രമക്കേടെന്ന് വിജിലൻസ് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് വന്നു. പാരമ്പര്യവൈദ്യമെന്ന പേരിൽ എം.ഐ.മാത്യൂസ് വൈദ്യൻ സർക്കാരിൽനിന്ന് 45 ലക്ഷം രൂപയാണ് ഈടാക്കിയത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ എം.ഐ മാത്യൂസ് വൈദ്യന് മെഡിക്കൽ ബിരുദമോ രജിസ്‌ട്രേഷനോ ഇല്ലെന്ന് വിജിലൻസ് കണ്ടെത്തി. വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ വ്യാപകക്രമക്കേടുകൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. അന്വേണസംഘം സമർപ്പിച്ച ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് എസ്‌പി അംഗീകരിക്കുകയും വിജിലൻസ് ഡയറക്ടർക്കും തദ്ദേശസ്വയംഭരണ സെക്രട്ടറിക്കും സാമൂഹികക്ഷേമവകുപ്പ് സെക്രട്ടറിക്കും സമർപ്പിച്ചിട്ടുണ്ട്. 'പാരമ്പര്യരോഗ ചികിൽസകനായ എം.ഐ.മാത്യൂസ് വൈദ്യർക്ക് ഡോക്ടർക്കു വേണ്ട അടിസ്ഥാനയോഗ്യതയോ ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് നിയമം, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം എന്നിവ അനുസരിച്ചുള്ള രജിസ്‌ട്രേഷനോ ഇല്ലെന്ന്' ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ചികിൽസ നടത്തുന്നതിൽ ഈ നിയമങ്ങൾ പ്രകാരം രജിസ്‌ട്രേഷൻ നേടിയിരിക്കണമെന്ന് നിർബന്ധമുണ്ട്.

രമണി പി നായർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുമ്പോഴാണ് മാനസികവൈകല്യമുള്ള കുട്ടികളുടെ ചികിൽസയ്ക്കായി പാരമ്പര്യരോഗ ചികിത്സകനായ എം.ഐ.മാത്യൂസ് വൈദ്യരുമായി കരാർ ഒപ്പിടുന്നത്. മാനസികവൈകല്യമുള്ള കുട്ടികളെ ഹെർബൽ തെറാപ്പിയിലൂടെ ചികിൽസിച്ച് രോഗം മാറ്റാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്തിനെ വിശ്വസിപ്പിച്ചായിരുന്നു കരാർ ഒപ്പിട്ടത്. ഇതിനായി 2011-12 ൽ 10 ലക്ഷം, 2012-13ൽ 15 ലക്ഷം, 2013-14ൽ 20 ലക്ഷം രൂപയും അനുവദിച്ചു. 71 കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഓട്ടിസം, സെറിബ്രൽ പാൾസി മറ്റ് മാനസിക വൈകല്യങ്ങളുള്ള കുട്ടികളെയാണ് മാത്യൂസ് വൈദ്യർ ചികിൽസിച്ചിരുന്നത്. ഇതിനായി ഹെർബൽ പേസ്റ്റ് എന്ന പേരിലുള്ള മരുന്നും രോഗികളായ കുട്ടികൾക്ക് നൽകിയിരുന്നു.

ഈ മരുന്നിന്റെ ചേരുവകൾ വെളിപ്പെടുത്താൻ ഇയാൾ തയ്യാറാകുന്നില്ലെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. എന്നാൽ മാത്യൂസ് വൈദ്യൻ ചികിൽസിച്ചിരുന്ന കുട്ടികൾ ഇപ്പോൾ പൂജപ്പുര ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. ജ്വരസന്നി ബാധിച്ച കുട്ടിയുടെ രോഗം പൂർണമായും ഭേദപ്പെട്ടെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ചെങ്കിലും പൂജപ്പുരയിലെ സർക്കാർ ആശുപത്രിയിൽ നടത്തിയ ഇഇജി ടെസ്റ്റിൽ രോഗം മാറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വർഷങ്ങളായി ഇയാളുടെ കീഴിൽ കുട്ടികളെ ചികിത്സിച്ചിരുന്ന നിരവധി മാതാപിതാക്കളാണ് വൈദ്യന്റെ ചികിത്സയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹെർബൽ തെറാപ്പിയുടെ പേരിൽ മാത്യൂസ് വൈദ്യൻ നടത്തുന്ന ചികിൽസ ശാസ്ത്രീയമായി അംഗീകരിച്ചിട്ടില്ലാത്തതാണെന്നും വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ വിജിലൻസ് റിപ്പോർട്ടിനെ പാടെ നിരാകരിച്ചാണ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ വാദം. എം.ഐ.മാത്യൂസ് വൈദ്യരുടെ ചികിൽസയിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് ഏകകണ്ഠമായിട്ടാണ് തീരുമാനമെടുത്തത്. എന്നാൽ മെഡിക്കൽ ബിരുദമോ, രജിസട്രേഷനോ പോലുമില്ലാത്ത ഒരാളെ കുട്ടികളിലെ മാനസിക വൈകല്യങ്ങളെ ചികിൽസിക്കുന്ന ഡോക്ടറായി നിയമിച്ചതിനെ കുറിച്ചുള്ള മറുപടി ഇങ്ങനെ: ' പാരമ്പര്യ ചികിത്സകർക്ക് കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല. ' എന്നാൽ ഇതുവരെ മാത്യുസ് വൈദ്യർ കുട്ടികളിൽ നടത്തിയ ചികിത്സകൾ ശാസ്ത്രീയമായ രേഖകൾ അവലംബിച്ചു കൊണ്ടോ, ലാബ് ടെസ്റ്റുകളെ അടിസ്ഥാനമാക്കിയുള്ളതോ അല്ലെന്നും വിജിലൻസ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പാരമ്പര്യ ചികിത്സകർക്ക് രജിസ്്‌ട്രേഷൻ വേണമെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതെല്ലാം മറികടന്നാണ് രോഗികളെ ചികിത്സിക്കാനോ, മരുന്നു നിർദ്ദേശിക്കാനോ വേണ്ട യോഗ്യതയില്ലാത്ത ഒരു വ്യക്തിയെ കുട്ടികളിലെ മാനസിക വൈകല്യം പോലെയുള്ള രോഗങ്ങൾ ഭേദമാക്കാൻ നിയോഗിച്ചത്. ലോക്കൽ ഫണ്ട് ഓഡിറ്റിങ് റിപ്പോർട്ടിലും ജില്ലാ പഞ്ചായത്തിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ശാസ്ത്രീയമായ അടിത്തറയില്ലാതെയുള്ള ചികിത്സയ്ക്ക് അനുമതി നൽകുക വഴി സമൂഹത്തോട് കടുത്ത അനീതി കാണിച്ചെന്നും പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകിയതെന്നും കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP