Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നയാപൈസ പ്രതിഫലം പറ്റാതെ സച്ചിൻ വന്നു; പക്ഷേ, മോഹൻലാൽ വരണമെങ്കിൽ രണ്ടുകോടി വേണം! 'ലാലിസ'ത്തിന്റെ മുഴുവൻ ചെലവും ദേശീയ ഗെയിംസ് ഫണ്ടിൽ നിന്ന്; അവശ കലാകാരന്മാർക്ക് പെൻഷൻ കൊടുക്കാനാവാത്ത സർക്കാരിന് കലശലായ ലാൽപ്രേമം

നയാപൈസ പ്രതിഫലം പറ്റാതെ സച്ചിൻ വന്നു; പക്ഷേ, മോഹൻലാൽ വരണമെങ്കിൽ രണ്ടുകോടി വേണം! 'ലാലിസ'ത്തിന്റെ മുഴുവൻ ചെലവും ദേശീയ ഗെയിംസ് ഫണ്ടിൽ നിന്ന്; അവശ കലാകാരന്മാർക്ക് പെൻഷൻ കൊടുക്കാനാവാത്ത സർക്കാരിന് കലശലായ ലാൽപ്രേമം

തിരുവനന്തപുരം: നിമിഷങ്ങൾക്കു ലക്ഷങ്ങൾ വിലയുള്ള ഇതിഹാസ ക്രിക്കറ്റ് താരമാണ് സച്ചൻ ടെണ്ടുൽക്കർ. പക്ഷേ, ദേശീയ ഗെയിംസ് ആവേശത്തിനൊപ്പിച്ച് നീങ്ങാൻ സച്ചിൻ തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ തിരുവനന്തപുരത്തെത്തി. നയാപൈസ പ്രതിഫലം പറ്റാതെയാണ് ലിറ്റിൽ മാസ്റ്റർ തിരുവനന്തപുരത്ത് റൺ കേരള റണ്ണിൽ പങ്കെടുത്തത്. താമസ സൗകര്യവും വിമാന ടിക്കറ്റും ഒരുക്കി നൽകിയത് മാത്രമായിരുന്നു സച്ചിനെ എത്തിച്ചതിൽ സർക്കാറിനു ചെലവായത്. ഇവിടെയാണ് മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ നടപടിയിൽ പലരും നെറ്റിചുളിക്കുന്നത്. കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഭാഗമാകാൻ ലാലിന് ഗെയിംസ് ഫണ്ടിൽനിന്നും സർക്കാർ നൽകാൻ പോകുന്നത് രണ്ടുകോടി രൂപയാണ്. ഇതിൽ 80 ലക്ഷം അഡ്വാൻസായി താരം കൈപ്പറ്റുകയും ചെയ്തു.

ദേശീയ ഗെയിംസിലെ കൂട്ടയോട്ടം സംഘടിപ്പിക്കാനായി മനോരമയുടെ ഇവെന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 10 കോടി കൊടുത്തതിന്റെ വിവാദം അടങ്ങും മുമ്പാണ് മോഹൻലാലിനെ ചുറ്റിപ്പറ്റിയും വിവാദം ഉയർന്നത്. മോഹൻലാലിന്റെ 'ലാലിസം' എന്ന സ്വന്തം പ്രമോഷൻ ഷോയ്ക്ക് രണ്ടു കോടി രൂപ പാരിതോഷികമാണ് സർക്കാർ നൽകുന്നത്. ജനുവരി 31 ന് നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയിലാണ് 'ലാലിസം' എന്ന മെഗാഷോയും അരങ്ങേറുന്നത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ സംഗീത ബാൻഡിൽ ലാലിന്റെ 36 വർഷത്തെ അഭിനയജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിതെന്ന് സംഘാടകർ പറയുന്നു. പ്രിയദർശൻ, ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഇതിന്റെ ദൃശ്യസംവിധാനം ഒരുക്കുന്നത്. അരങ്ങേറ്റത്തിനു ശേഷം ഈ മെഗാഷോയുമായി ലാലും സംഘവും ലോകം മുഴുവൻ സഞ്ചരിച്ച് പരിപാടി അവതരിപ്പിക്കും. ഇങ്ങനെ സ്വയം പുകഴ്‌ത്തലിനുവേണ്ടി മോഹൻലാൽ ഒരുക്കുന്ന സംഗീത ബാൻഡിനാണ് ഗെയിംസ് ഫണ്ടിൽനിന്നും രണ്ടുകോടി നൽകുന്നത്.

കേരളത്തിലെ അവശകലാകാരന്മാർക്ക് സർക്കാർ നല്കുന്ന ഒരു പെൻഷൻ പദ്ധതി നിലവിലുണ്ട്. ദശാബ്ദങ്ങൾ അരങ്ങിലും അണിയറയിലും ഉത്സവപ്പറമ്പുകളിലും ആയിരങ്ങളെ സന്തോഷിപ്പിച്ച ആ പാവപ്പെട്ട വയോധികകലാകാരന്മാർക്കും കലാകാരികൾക്കും സർക്കാർ നല്കുന്ന പെൻഷൻ എത്രയെന്ന് അറിയേണ്ടേ? മാസം 750 രൂപ. ആ പിച്ചക്കാശുപോലും ആറുമാസമായി കുടിശ്ശികയാണ്. സിനിമയിൽ തിളങ്ങിനിന്ന നിരവധി പേർ ദാരിദ്ര്യത്തിൽ നരകിക്കുകയാണ്. അപ്പോഴാണ് മോഹൻലാലിന്റെ പ്രൊമോഷനുവേണ്ടി രണ്ടുകോടി രൂപ സർക്കാർ ഖജനാവിൽനിന്ന് നൽകുന്നത്. മെഗാഷോയ്ക്ക് നല്കിയ രണ്ടുകോടി പെൻഷനുവേണ്ടി കരയുന്ന ആ പാവങ്ങൾക്ക് നല്കിയിരുന്നുവെങ്കിൽ ലാലിസത്തിനു കൂടുതൽ ശോഭ കൈവരുമായിരുന്നു.

വിവാദങ്ങൾ നിറഞ്ഞതോടെ ദേശീയ ഗെയിംസ് പ്രൗഢ ഗംഭീരമാക്കാൻ മികച്ച കലാപരിപാടികൾ വേണമെന്ന നിലപാടിൽ സംഘാടകസമിതി എത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിന്റെ മികവിലൂടെ വിമർശനങ്ങൾ മറികടക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് മോഹൻലാലിനെ തേടി സംഘാടകരെത്തിയത്. ലാലിസമെന്ന ബാൻഡുമായി ലോക പര്യടനത്തിന് ഒരുങ്ങുന്ന മോഹൻ ലാലുമായി സംസാരിച്ചു. രണ്ടുകോടി രൂപ നൽകിയാൽ ലാലിസത്തിന്റെ അരങ്ങേറ്റം ദേശീയ ഗെയിംസിനായുള്ള കാര്യവട്ടത്തെ പ്രധാന സ്‌റ്റേഡിയത്തിൽ അവതരിപ്പിക്കാമെന്ന് ലാൽ വ്യക്തമാക്കുകയായിരുന്നു. പക്ഷേ സർക്കാരിനെ വിശ്വാസമില്ല. അതുകൊണ്ട് അഡ്വാൻസ് തുകയിൽ നിർബന്ധം പിടിക്കുകയും ചെയ്തു താരം. അങ്ങനെ എൺപതു ലക്ഷം രൂപ സംഘാടക സമിതി കൈമാറി. അഡ്വാൻസ് കിട്ടിയ ശേഷമാണ് ഉദ്ഘാടനത്തിൽ ലാലിസം ഉറപ്പിക്കാൻ സംഘാടകർക്കായത്.

ദേശീയ ഗെയിംസിനൊപ്പം സംഘടിപ്പിക്കുന്ന പരിപാടി ഇന്ത്യൻ സിനിമാസംഗീതത്തിനുള്ള ശ്രദ്ധാഞ്ജലിയായി ലാലിസം ഇന്ത്യാ സിംഗിങ് എന്ന പേരിൽ ജനുവരി 31ന് തിരുവനന്തപുരത്ത് അരങ്ങേറും. ലാലിന്റെ 36 വർഷത്തെ അഭിനയജീവിതത്തിലൂടെയുള്ള ഈ സംഗീതയാത്രയാണു ലാലിസം. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നിർണായക ഗാനങ്ങൾക്കൊപ്പം ഇന്ത്യൻ സിനിമയിലെ ആദ്യ ശബ്ദചിത്രം ആലം ആര മുതൽ 1980 കാലഘട്ടം വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയാണ് സംഗീതപരിപാടി നടക്കുക. ഹോളോഗ്രാം ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ അരങ്ങേറുന്ന ഷോയിൽ ലാലിന്റെ ചിത്രങ്ങളിലെ നാൽപതോളം ഗാനങ്ങളുണ്ടാകും. ദൈർഘ്യം രണ്ടര മണിക്കൂർ. ജെ.ടി. പാക്കാണ് ബാൻഡിന്റെ നിർമ്മാണവും പ്രമോഷനും മാർക്കറ്റിങ്ങും.

മോഹൻലാലിന് തന്റെ സുദീർഘമായ അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കി ലാലിസം എന്ന പേരിൽ ഒരു പ്രമോഷൻ ഷോ സംഘടിപ്പിക്കാനുള്ളഎല്ലാ സ്വാതന്ത്യവും അവകാശവും ഉണ്ട്. അടുത്തകാലത്തിറങ്ങിയ മോഹൻലാൽചിത്രങ്ങളൊക്കെ സാമ്പത്തികമായി പൊളിയുകയും ചെയ്ത സാഹചര്യത്തിൽ ഇമ്മാതിരി കലാപരിപാടികളൊക്കെ അതിജീവനത്തിനു നല്ലതുമാണ്. ആരും അതിന് എതിരുമല്ല. പക്ഷേ ദേശീയ ഗെയിംസിന്റെ ഫണ്ട് ഉപയോഗിച്ച് ഷോയ്ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ പോലും തയ്യാറാക്കുന്നു. ഇതുപയോഗിച്ചാകും ലാലിന്റെ ലോകപര്യടനം. ഇതിലൂടെ വലിയ സാമ്പത്തികനേട്ടമാണ് ലാലിന് ഉണ്ടാകാൻ പോകുന്നത്. ലാലിസം എന്ന ബാൻഡിന്റെ മുഴുവൻ ചെലവുകളും ദേശീയ ഗെയിംസിന്റെ കണക്കിൽ ഒരുക്കിയെന്നാണു സൂചന. ഇതിലൊക്കെ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പാലോട് രവി എംഎൽഎ പോലും സാസ്‌കാരികസമിതി കൺവീനർസ്ഥാനം രാജിവച്ചതെന്നാണു സൂചന.

ദേശീയഗെയിംസ് അടുത്തമാസം അവസാനിക്കും. ലാലിസക്കാർ പൊടിയും തട്ടി പോകും. ഇതൊക്കെ കൊണ്ട് കേരളത്തിലെ കായികമേഖലയ്ക്ക് എന്തുനേട്ടമാണ് ഉണ്ടാവുക എന്നതാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP