Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപ്പുതോട് സ്‌കൂളിനു കിട്ടിയ +2 പി ടി തോമസിനോടുള്ള വിരോധം തീർക്കാൻ ഇടുക്കി രൂപത തട്ടിയെടുത്തു മരിയാപുരത്തിനു നൽകി; കോടതിവിധി ലംഘിച്ച് റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു; വിശ്വാസികളും ബിഷപ്പും തമ്മിൽ ബിഷപ്പ് ഹൗസിൽ വാക്കേറ്റം

ഉപ്പുതോട് സ്‌കൂളിനു കിട്ടിയ +2 പി ടി തോമസിനോടുള്ള വിരോധം തീർക്കാൻ ഇടുക്കി രൂപത തട്ടിയെടുത്തു മരിയാപുരത്തിനു നൽകി; കോടതിവിധി ലംഘിച്ച് റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു; വിശ്വാസികളും ബിഷപ്പും തമ്മിൽ ബിഷപ്പ് ഹൗസിൽ വാക്കേറ്റം

ഇടുക്കി: മുൻ എം. പി: പി. ടി തോമസിനോടുള്ള വിരോധത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാടായ ഉപ്പുതോട്ടിൽ അനുവദിച്ച +2 ബാച്ച് ഇടുക്കി രൂപത അട്ടിമറിച്ചു. കോടതിയുടെ സ്‌റ്റേ ഉത്തരവ് ലംഘിച്ച് മരിയാപുരത്ത് റോഷി അഗസ്റ്റിൻ എംഎൽഎ +2 സ്‌കൂൾ ഉദ്ഘാടനം ചെയ്തു.

+2 സ്‌കൂളിനായി ശ്രമിച്ച തന്റെ ലെറ്റർ പാഡ് ദുരുപയോഗിച്ച് സഭയിലെ പ്രമുഖൻ തന്നെ വഞ്ചിച്ചുവെന്ന് ഉപ്പുതോട് ഇടവക വികാരി വിദ്യാഭ്യാസ വകുപ്പിനു പരാതി നൽകി. വികാരിയെ തട്ടേക്കണ്ണിയിലേയ്ക്ക് സ്ഥലം മാറ്റി രൂപത പ്രതികാരത്തിനൊരുങ്ങുകയാണ്. സംഭവത്തിന്റെ പേരിൽ വിശ്വാസികളും പുരോഹിതരും രണ്ടു തട്ടിലായതിന്റെ പിന്നാലെ ഉപ്പുതോട് ഇടവകയിലെ വിശ്വാസികൾ രൂപതാ കാര്യാലയത്തിലെത്തി. രൂപതാ അധികാരികളും വിശ്വാസികളും തമ്മിലുണ്ടായ തർക്കം സംഘർഷത്തിനും പരസ്പരമുള്ള വെല്ലുവിളികൾക്കും ഇടയാക്കി. കോടതി ഉത്തരവ് ലംഘിച്ച് രൂപതയെ പ്രീതിപ്പെടുത്താൻ ശ്രമിച്ച റോഷി അഗസ്റ്റിനും ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലും വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിയും ചാൻസിലർ ഫാ. ജെയിംസ് മംഗലശേരിയും ഉൾപ്പെടെയുള്ളവർ കോടതിയലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്ന് ഉറപ്പായി. നിയമനവാഗ്ദാനം നൽകി അദ്ധ്യാപക-അനധ്യാപക ഉദ്യോഗാർത്ഥികളിൽനിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത് പ്രശ്‌നമായതോടെ ഉദ്യോഗാർത്ഥികളെ ആശ്വസിപ്പിക്കാനാണ് ഈ നടപടിയെന്ന ആരോപണമുയരുകയാണ്. ഇതിനൊപ്പം, റോഷി അഗസ്റ്റിന്റെ ഒരേ സമയത്തുള്ള ഇടതു-വലതു പ്രണയത്തിനും സഭാമേലധികാരികളോടുള്ള പ്രീണനത്തിനുമെതിരെ നവമാദ്ധ്യമങ്ങളിൽ പ്രചാരണം കൊഴുക്കുകയാണ്.

കഴിഞ്ഞ 21ന് മരിയാപുരം സെന്റ് മേരീസ് സ്‌കൂളിൽ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ അധ്യക്ഷതയിൽ റോഷി അഗസ്റ്റിൻ എംഎൽഎ +2 ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചതോടെയാണ് രൂപതയിലെ കലഹം നാട്ടിലാകെ വിവാദമായത്. മരിയാപുരം സ്‌കൂളിൽ +2 സ്‌കൂൾ ആരംഭിക്കുന്നതു സംബന്ധിച്ച എല്ലാ നടപടികളും മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ജസ്റ്റീസ് എ മുഹമ്മദ് മുസ്താഖ് ജനുവരി 19ന് ഉത്തരവിട്ടത് മറികടന്നാണ് സ്‌കൂളിന്റെ ഉദ്ഘാടനം നടത്തിയത്. ഉപ്പുതോട് സെന്റ് ജോസഫ് സ്‌കൂൾ പി. ടി. എ പ്രസിഡന്റ് ജോർജുകുട്ടി സെബാസ്റ്റ്യൻ നൽകിയ ഹർജിയിലുള്ള ഉത്തരവിനെ അവഗണിച്ച് നടത്തിയ ചടങ്ങിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കലും പങ്കെടുത്തു.

+2 സ്‌കൂൾ അനുവദിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി ഡയറക്ടറുടെ ശുപാർശയിൽ ഉൾപ്പെട്ട സ്‌കൂളാണ് ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്‌കൂൾ. പിന്നീട് ഉപസമിതിയിൽ റോഷി അഗസ്റ്റിന്റെ താൽപര്യപ്രകാരം മന്ത്രി പി. ജെ ജോസഫ് ഉപ്പുതോടിനു പകരം മരിയാപുരത്തിനു സ്‌കൂൾ അനുവദിക്കാൻ നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 2014 നവംബർ 24ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ +2 സ്‌കൂളുകളുടെ ലിസ്റ്റിൽ 75-മതായി ഉപ്പുതോട് സ്‌കൂൾ ഇടം പിടിക്കുകയും മരിയാപുരം പുറത്താകുകയും ചെയ്തു. തുടർന്ന് നടന്ന അണിയറ നാടകങ്ങളിലാണ് ഉപ്പുതോടിനെ പുറത്താക്കി മരിയാപുരത്ത് +2 ഉദ്ഘാടനം ചെയ്തത്.

സംഭവത്തിന്റെ തുടക്കം ഇങ്ങനെ: രണ്ടുവർഷം മുമ്പ്, 2013 മേയിൽ ഉപ്പുതോട് വികാരിയായി ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ ചാർജെടുത്തതിനു പിന്നാലെ സ്‌കൂളിൽ +2 വേണമെന്ന ആവശ്യം ഇടവക വിശ്വാസികൾ വികാരിയെ അറിയിക്കുകയും ഇടുക്കി ബിഷപ്പിനെ നേരിൽ കണ്ട് വിവരം പറയുകയും ചെയ്തു. സ്‌കൂളിന്റെ മാനേജ്‌മെന്റ് എന്ന നിലയിൽ രൂപത ഇതിനായി അപേക്ഷ നൽകിക്കൊള്ളാമെന്നും മറ്റാരും ആ ആവശ്യം ഉയർത്തിയിട്ടില്ലെന്നും ബിഷപ്പ് ഇടവകക്കാരെ അറിയിച്ചു. എന്നാൽ അപേക്ഷിക്കേണ്ട സമയമായപ്പോൾ ഉപ്പുതോട് സ്‌കൂളിനെ നിഷ്‌കരുണം തള്ളി മരിയാപുരം സ്‌കൂളിനായി അപേക്ഷ തയാറാക്കി. 'നിങ്ങൾക്കൊരു എം. പിയുണ്ടല്ലോ, പി. ടി തോമസ് വഴി നിങ്ങൾ ചെയ്യുക' എന്നു പറഞ്ഞു ബിഷപ്പ് ഉപ്പുതോട് ഇടവകക്കാരെ നിരാശരാക്കി മടക്കി. ഇതിനിടെ രൂപതയുടെ കീഴിലുള്ള ഉപ്പുതോട് സ്‌കൂളിൽ പ്ലസ് ലഭിക്കുന്നത് ഉചിതമായിരിക്കുമെന്നും അതിന് സഹായിക്കണമെന്നും പി. ടി തോമസ് ബിഷപ്പിനോട് പറഞ്ഞിരുന്നതായി സ്‌കൂൾ പി. ടി എ ഭാരവാഹികൾ പറഞ്ഞു.

അടുത്ത ദിവസം ഉപ്പുതോട് സ്‌കൂളിന്റെ അപേക്ഷയിൽ രൂപതാ അധികൃതരുടെ ഒപ്പിടുവിക്കാൻ ചെന്നവരോട് ബിഷപ്പ് കയർത്തു. രൂപതയുടെ കാര്യം ഞാനാണ് തീരുമാനിക്കുന്നത്, പി. ടി തോമസ് എന്നൊരുത്തനുണ്ടല്ലോ, എന്നോട് സ്‌കൂൾ ചോദിക്കാൻ അവനാരാ ..... തുടങ്ങിയ അധിക്ഷേപ വാക്കുകളുയർത്തി അവരെ മടക്കിവിട്ടു. ഇതിനിടെ ഉപ്പുതോടുകാരോട് മറച്ചുവച്ച് ഉത്തരവാദപ്പെട്ടവർ തിരുവനന്തപുരത്തെത്തി മരിയാപുരത്തിനായി അപേക്ഷ നൽകി. എന്നാൽ ഉപ്പുതോട് ഇടവകക്കാരുടെ താൽപര്യം സംരക്ഷിക്കാൻ വികാരി രംഗത്ത് സജീവമായി. അവർ സ്വന്തം നിലയിൽ അപേക്ഷ നൽകി. ലോക്കൽ മാനേജരെന്ന നിലയിൽ ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ ഇതിന് നേതൃത്വം നൽകി. ഇതോടെ വികാരിയോട് സ്ഥലം മാറിപ്പോകാനും, കഴിയില്ലെങ്കിൽ അവധിയെടുത്തു വിട്ടോളാനും രൂപത അറിയിച്ചു. നിയമനത്തിന് പണം വാങ്ങിയതിനാൽ ഉപ്പുതോടിനായി രൂപതയിലെ പ്രമുഖർ നിലകൊള്ളുകയാണെന്ന ആരോപണം ശക്തമായി. എന്തായാലും രൂപത ആവശ്യപ്പെട്ട മരിയാപുരം തള്ളിപ്പോകുകയും ഉപ്പുതോടിന് +2 അനുവദിക്കുകയും ചെയ്തു. മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയിൽ പി. ജെ ജോസഫിന്റെ മരിയാപുരത്തിനായുള്ള ശ്രമം പരാജയമായി. മുസ്ലിം സംഘടനകൾ കോടതിയെ സമീപിച്ച +2 കേസിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശുപാർശ ചെയ്യാത്ത സ്‌കൂളിന് +2 അനുവദിക്കേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചതോടെ രൂപതയുടെയും മരിയാപുരത്തിന്റെ പത്തിമടങ്ങി.

എന്നാൽ 'കച്ചവട'ക്കാർ അടങ്ങിയിരുന്നില്ലെന്നു പിന്നീടുണ്ടായ സംഭവങ്ങൾ വെളിപ്പെടുത്തുന്നു. തിരുവനന്തപുരത്ത് ഉത്തരവാദപ്പെട്ടവരും ജനപ്രതിനിധിയും നടത്തിയ ചരടുവലിയിൽ എല്ലാ കോടതിവിധികളും നിയമവും അപ്രസക്തമായി. മരിയാപുരത്തിന് +2 കിട്ടി. ഉപ്പുതോടിന് പോയി. ഡിസംബറിൽ റോമിൽ പോയ ഉപ്പുതോട് വികാരി ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ തിരിച്ചുവന്നപ്പോഴേക്കും എല്ലാം തകിടം മറിഞ്ഞു. ഇടവകക്കാർ നിജസ്ഥിതിയറിയാൻ നെട്ടോട്ടത്തിലായി. കിട്ടിയതോ, ഒരു വിഭാഗത്തിന്റെ ചീഞ്ഞുനാറിയ കളികളുടെ വിവരങ്ങളാണ് അവർക്ക് കിട്ടിയത്. എംഎൽഎ സത്യാഗ്രഹം കിടന്നാണ് സ്‌കൂൾ മാറ്റിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉപ്പുതോട് വികാരി റോമിൽ പോയപ്പോൾ സ്‌കൂളിന്റെ ദൈനംദിന ആവശ്യങ്ങൾക്കെന്ന പേരിൽ എഴുതാത്ത രണ്ടു ലെറ്റർപാഡുകൾ രൂപതാ അധികാരികൾ ഒപ്പിട്ടുവാങ്ങിയിരുന്നു. ഇതിലൊന്നിൽ ഉപ്പുതോട്ടിൽ +2 സ്‌കൂൾ നടത്താൻ തനിക്ക് താൽപര്യമില്ലെന്ന് ഫാ. ജോർജ് കൊച്ചുപുരയ്ക്കലിന്റെ പേരിൽ വ്യാജമായി എഴുതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയാണത്രേ സ്‌കൂൾ ഉപ്പുതോടിനു നഷ്ടമാക്കിയത്. എന്നാൽ ഒരു സ്‌കൂളിന് പകരം മറ്റൊരു സ്‌കൂൾ തുടങ്ങാൻ അനുവാദമില്ലെങ്കിലും നിയമന കോഴയിൽ പങ്കാളികളായവർ ചേർന്നുള്ള കളിയിൽ മരിയാപുരത്ത് സ്‌കൂൾ തുടങ്ങുകയും ചെയ്തു. തന്റെ ലെറ്റർ പാഡ് ഉപയോഗിച്ചു വഞ്ചിച്ചുവെന്നാണ് ഇത് സംബന്ധിച്ച കത്തിൽ ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ഉപ്പുതോട് പി. ടി. എ കോടതിയെ സമീപിച്ചു വാങ്ങിയ സ്റ്റേയുടെ കോപ്പി 20ന് കട്ടപ്പന ഡി. ഇ. ഒയ്ക്ക് നൽകിയെങ്കിലും ഉദ്ഘാടനം പിറ്റേന്നു നടന്നു. സ്റ്റേ ഉത്തരവ് ഉള്ളതായി പറയുന്നുവെങ്കിലും ബാക്കി വരുന്ന കാര്യങ്ങൾ നോക്കിക്കൊള്ളാമെന്നായിരുന്നു റോഷിയുടെ പ്രസംഗത്തിന്റെ സാരം. അട്ടിമറി നീക്കങ്ങളെക്കുറിച്ച് ഉപ്പുതോടുകാർ റോഷിയോട് ചോദിച്ചപ്പോൾ, 'എനിക്ക് ഉപ്പുതോട് പ്രശ്‌നമല്ല, രൂപതയെ പിണക്കാനാകില്ലെ'ന്നായിരുന്നു മറുപടി.

കസ്തൂരിരംഗൻ-ഗാഡ്ഗിൽ വിഷയത്തോടെ പി. ടി തോമസുമായി ഇടുക്കി ബിഷപ്പ് പലപ്പോഴും കൊമ്പുകോർത്തിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം പി. ടി തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനും വിനയായി. രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എം. പിയായ പി. ടി തോമസിനെ പാർട്ടി മാറ്റി നിർത്തിയത് ഇടുക്കി ബിഷപ്പിന്റെ ഭീഷണിയെ തുടർന്നായിരുന്നു. ഭൂ നിയന്ത്രണം വന്നാൽ സഭയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ വസ്തുവകകളും സ്ഥാപനങ്ങളും നഷ്ടമാകുമോയെന്ന ഭയവും അധികാരികളെ അലട്ടിയിരുന്നു. തുടർന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗൽ അഡൈ്വസർ ജോയ്‌സ് ജോർജിനെ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയെങ്കിലും ഉപ്പുതോട് നിവാസികളിൽ ഭൂരിഭാഗവും പി. ടിയോടൊപ്പം നിന്നു. ഇതിലുള്ള വിരോധമാണ് +2 നഷ്ടപ്പെടുത്താനുള്ള നീക്കത്തിന് പിന്നിൽ എന്ന് ആരോപണം ഉയർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടുക്കി രൂപതയുടെ വിരോധം സമ്പാദിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് റോഷി അഗസ്റ്റിൻ. ഇടുക്കിയിലെ പല പഞ്ചായത്തുകളിലും കേരള കോൺഗ്രസും സി. പി. എമ്മും ചേർന്ന് കോൺഗ്രസ് പ്രസിഡന്റുമാരെ അവിശ്വാസത്തിലൂടെ താഴെയിറക്കുന്ന പ്രവർത്തനം തുടരുകയാണ്. കേരള കോൺഗ്രസ് മുന്നണി വിട്ടാലും ഹൈറേഞ്ച് സംരക്ഷണ സമിതിയിടെയും സഭയുടെയും പിന്തുണ ഉറപ്പാക്കിയും സി. പി എമ്മിനെ പ്രീണിപ്പിച്ചും വീണ്ടും വിജയിക്കാനുള്ള ശ്രമമമാണ് റോഷിയുടേത്.

ഒടുവിൽ മൂന്നു വർഷം തികയും മുമ്പേ, ഉപ്പുതോട് വികാരിയെ തട്ടേക്കണ്ണിയിലേയ്ക്ക് ഫെബ്രുവരി 14 മുതൽ മാറ്റിക്കൊണ്ട് രൂപത ഉത്തരവ് നൽകി. പുതുതായി നിയമിക്കുന്ന വികാരിയെക്കൊണ്ട് ഉപ്പുതോട്ടിൽ സ്‌കൂൾ വേണ്ട എന്ന് അധികാരികളെ അറിയിക്കാനാണ് നീക്കം. ഇതേക്കുറിച്ചു ചോദിച്ച ഇടവക വിശ്വാസികളോട്, അച്ചൻ സ്ഥലം മാറ്റം ചോദിച്ചാൽ കൊടുക്കാതിരിക്കാനാകുമോ എന്നായിരുന്നു ബിഷപ്പിന്റെ മറുചോദ്യം. എന്നാൽ റോമിലേയ്ക്ക് പോയപ്പോൾ നൽകിയ ലെറ്റർ പാഡിലൊന്നിൽ സ്ഥലം മാറ്റ അപേക്ഷ വ്യാജമായി തയാറാക്കിയെന്നാണ് സംശയം.

സംഭവങ്ങൾ ചൂടുപിടിച്ചതോടെ ശനിയാഴ്ച വൈകിട്ടോടെ 35-ഓളം സ്ത്രീകളടക്കം നൂറോളം ഉപ്പുതോടുകാർ ഇടുക്കി ബിഷപ്പ് ഹൗസിലെത്തി. വഴിവിട്ട പ്രവൃത്തികളെ ചോദ്യം ചെയ്ത അവരോട് രൂപതയിലെ കാര്യം താൻ തീരുമാനിക്കുമെന്നു ബിഷപ്പ് പ്രതികരിച്ചു. അതങ്ങനെ വിട്ടുതരില്ല, ഞങ്ങളുടെ ഓരോ ചില്ലിത്തുട്ടുമാണ് രൂപതയെ പടുത്തുയർത്തിയത് എന്ന് ഇടവകക്കാർ പറഞ്ഞു. തുടർന്നുണ്ടായ തർക്കം അസഭ്യവർഷത്തിനും കാരണമായി.

പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുകയാണ് ഇടുക്കി രൂപതയിലെ വൈദികരിൽ ഒരു വിഭാഗവും വിശ്വാസികളും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള കളികൾ അണിയറയിൽ തകൃതിയാണ്. ശനിയാഴ്ച ബിഷപ്പ് ഹൗസിൽ വിശ്വാസികളും ബിഷപ്പും നേർക്കുനേർ അണിനിരന്നത് വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ തീപ്പൊരിയായാണ് കണക്കാക്കുന്നത്. പി. ടി തോമസിനോടുള്ള പക ഒരു നാടിന്റെ വികസനത്തിനു തടസമാകുമ്പോൾ അതിനിടയിൽ ചോരക്കൊതിയോടെ ജനപ്രതിനിധി നിൽക്കുകയാണെന്നും ആരോപണമുണ്ട്.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP