Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കോണകം അടിവസ്ത്രം അതിനു മീതെ ഒറ്റമുണ്ടും പുരുഷന്മാർക്ക്; സ്ത്രീകൾക്ക് മുണ്ടും മാറ് മറക്കാൻ തുണിയും; ജപഹാളിലെത്തിയാൽ എല്ലാവരും പൂർണ്ണനഗ്‌നർ; പുരുഷനും സ്ത്രീയും പരസ്പരം ശാരീരിക ബന്ധം ആഗ്രഹിച്ചാൽ പ്രസിഡണ്ടിനെ അറിയിച്ചാൽ മതി; ഇവിടെ ഒന്നാമനും രണ്ടാമനുമില്ല; വടകര സിദ്ധസമാജത്തിലെ നിയമങ്ങൾ ഇങ്ങനെ

കോണകം അടിവസ്ത്രം അതിനു മീതെ ഒറ്റമുണ്ടും പുരുഷന്മാർക്ക്; സ്ത്രീകൾക്ക് മുണ്ടും മാറ് മറക്കാൻ തുണിയും; ജപഹാളിലെത്തിയാൽ എല്ലാവരും പൂർണ്ണനഗ്‌നർ; പുരുഷനും സ്ത്രീയും പരസ്പരം ശാരീരിക ബന്ധം ആഗ്രഹിച്ചാൽ പ്രസിഡണ്ടിനെ അറിയിച്ചാൽ മതി; ഇവിടെ ഒന്നാമനും രണ്ടാമനുമില്ല; വടകര സിദ്ധസമാജത്തിലെ നിയമങ്ങൾ ഇങ്ങനെ

രഞ്ജിത് ബാബു

വടകര: സമയം ഉച്ച 12 ആകുന്നു. സിദ്ധാശ്രമവാസികളുടെ ജപത്തിന്റെ സമയമാണ്. വെള്ള മുണ്ട് മാത്രം ധരിച്ച് താടിയും മുടിയും നീട്ടിയ അന്തേവാസികൾ ജപഹാളിലേക്ക് പോവുകയാണ്. കോണകം അടിവസ്ത്രമായും അതിനു മീതെ ഒറ്റമുണ്ടുമാണ് പുരുഷന്മാരുടെ വേഷം. സ്ത്രീകൾക്ക് മുണ്ടും മാറ് മറക്കാൻ തുണിയുമുണ്ട്. എന്നാൽ എല്ലാം ജപം നടക്കുന്ന ഹാളിലെത്തുന്നതു വരെമാത്രം. പിന്നീട് എല്ലാവരും പൂർണ്ണനഗ്‌നർ. നൂൽ ബന്ധമില്ലാതെയാണ് ധ്യാനം നടത്തേണ്ടത്. അവിടെ പുറമേനിന്നുള്ള ആർക്കും പ്രവേശനമില്ല. കൂട്ടായ ധ്യാനത്തിന്റെ ശബ്ദം ആശ്രമത്തിന്റെ പുറത്ത് കേൾക്കാം. കണ്ഠം വഴി പുറത്തേക്കൊഴുകുകയാണ് കൂട്ടായ ശബ്ദം.

ഒരിക്കൽ ഗുരു നിത്യ ചൈതന്യയതി സിദ്ധ സമാജത്തിലെത്തി. അവിടത്തെ ധ്യാനരീതി അറിയാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ യതിക്ക് പോലും പ്രവേശനം നിഷേധിക്കപ്പെട്ടതായാണ് അറിവ്. 300 നിയമങ്ങൾ അനുസരിച്ച് മാത്രമേ ആശ്രമ അന്തേവാസിയാകാനൊക്കൂ. മദ്യം, മയക്കു മരുന്ന്, പുകവലി, വെറ്റിലമുറുക്ക് എന്നിവ പാടില്ല. തേയില, പുളി, കടുക്, എന്നിവ ഭക്ഷണത്തിൽ നിന്നും ഒവിവാക്കപ്പെടണം. സ്വന്തം പേരിനൊപ്പം ജാതിപ്പേര്, ഉദ്യോഗപ്പേര്, എന്നിവ പാടില്ല. അന്ധ വിശ്വാസങ്ങൾ, മതാചാരങ്ങൾ, ശേഷക്രിയ എന്നിവയും വർജ്യം. മുടി മുറിക്കാനോ ക്ഷൗരം ചെയ്യാനോ പാടില്ല. നിയമങ്ങൾ ഇങ്ങിനെ തുടരുന്നു. എന്നാൽ എല്ലാ നിയമങ്ങളും അവർ പുറത്ത് വെളിപ്പെടുത്താറില്ല.

ആശ്രമത്തിലെ ഒരു പുരുഷനും സ്ത്രീയും പരസ്പരം ശാരീരിക ബന്ധം വേണമെന്നാഗ്രഹിച്ചാൽ സമാജം പ്രസിഡണ്ടിനെ വിവരം അറിയിക്കണം. അദ്ദേഹം നൽകുന്ന അനുമതിയോടെ മാത്രമേ ഇണ ചേരാൻ പാടുള്ളൂ. അതിനായി അടച്ചിട്ട മുറിയോ പ്രത്യേക സംവിധാനമോ ഇല്ല. എന്നാൽ ഈ ശാരീരിക ബന്ധങ്ങൾ തുടരാനും പാടില്ല. ഇങ്ങിനെയുള്ള ബന്ധത്തിൽ സ്ത്രീ ഗർഭിണിയായാൽ അതിന് കാരണക്കാരനായ പുരുഷനുമായി യാതൊരു ബന്ധവും പാടില്ല. കുഞ്ഞ് പിറന്നാൽ അതിനുള്ള അവകാശവും പിതാവിനില്ല.

മൂന്ന് വയസ്സു വരെ അമ്മയുടെ ഒപ്പം കുഞ്ഞ് വളരും. പിന്നീട് ആശ്രമം നടത്തുന്ന സ്‌ക്കൂളിൽ ചേർക്കുന്നതോടെ അമ്മയും കുഞ്ഞും തമ്മിലുള്ള നേരിട്ടുള്ള ബന്ധം അവസാനിക്കും. പിന്നെ എല്ലാ കുട്ടികളേയും ഒരു പോലെ കരുതണം. കുട്ടിക്ക് എല്ലാ സ്ത്രീകളും അമ്മമാർ തന്നെ. പ്രസവിച്ച അമ്മയും അതു പോലെ മാത്രം കുട്ടിയെ കാണം. സ്‌ക്കൂളിൽ ചേർക്കുമ്പോൾ ജാതി, മതം എന്നിവ രേഖപ്പെടുത്താറില്ല. മാതാവിന്റെ സ്ഥാനത്ത് അമ്മയുടെ പേര് നൽകുമെങ്കിലും അച്ഛന്റെ പേരായി ചേർക്കുന്ന സിദ്ധാശ്രമസ്ഥാപകൻ ശിവാനന്ദ പരമഹംസരുടേതാണ്.

സിദ്ധാശ്രമത്തിൽ പത്താംതരം വരെ പഠിപ്പിക്കുന്ന വിദ്യാലയങ്ങളുണ്ട്. കേരള വിദ്യാഭ്യാസ സിലബസ്സ് പ്രകാരമാണ് പഠിപ്പിക്കുന്നതെങ്കിലും അതോടൊപ്പം സിദ്ധ സമാജത്തിന്റെ പ്രത്യേക ക്ലാസുകളും ഉണ്ടാകും. മലയാളം. ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകൾക്കു പുറമേ തമിഴ്, കന്നഡ, എന്നിവയും പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടെ പരീക്ഷകളില്ല. ജയാപജയങ്ങളും. ജനറൽ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, ജനറൽ പ്രതിനിധി, മിനുട്ട് എഡിറ്റർ, എന്നീ അഞ്ചു പേരാണ് സമാജത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്.

സമാജത്തിന്റെ ജനറൽ ബോഡിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും ശിക്ഷിക്കാനും പിരിച്ചു വിടാനുമുള്ള പരമാധികാരം പ്രസിഡണ്ടിനുണ്ട്. എന്നാൽ സമാജം ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ പ്രസിഡണ്ടും പൊതുയോഗത്തിൽ വിചാരണക്ക് വിധേയനാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. സമാജത്തിൽ ഗുരുവോ ശിഷ്യനോയില്ല. ഒന്നാമനും രണ്ടാമനും ഇല്ല. എല്ലാവരും തുല്യരാണ്. ആരും ആർക്കും മീതേയുമല്ല.

സമാജത്തിന്റെ ആസ്തിയായുള്ളത് 50 ഏക്കറിലേറെ വരുന്ന ഭൂമിയാണ്. അത് ഒരു വ്യക്തിക്കും അവകാശപ്പെട്ടതല്ല. സമാജത്തിൽ ഇന്നുള്ള 350 ഓളം വരുന്ന ജാതിയോ മതമോ ഇല്ലാത്ത എല്ലാവർക്കും അവകാശപ്പെട്ടതാണ്. കൃഷി ഭൂമിയിൽ കൂറേപേർ കൃഷിയിലേർപ്പെടുന്നു. മറ്റു ചിലർ സിദ്ധ ആയുർവേദ മരുന്നുകൾ ശേഖരിക്കുന്നതിലും നിർമ്മിക്കുന്നതിലുമാണ് കേന്ദ്രീകരിക്കുന്നത്. ഇങ്ങിനെ ഇഷ്ടമുള്ള ജോലി എല്ലാവരും ചെയ്യണം. വയോധികന്മാർക്കും കുട്ടികൾക്കും ഇത്തരം കാര്യങ്ങൾ നിർബന്ധമില്ല. എല്ലാ ജോലികളും കൂട്ടായി ചെയ്യുക എന്നതാണ് ഇവിടുത്തെ രീതി. സമാജത്തിന്റെ ആദർശങ്ങളെ പരിപോഷിപ്പിക്കുന്നതിൽ അർപ്പണം ചെയ്യുന്നവരാണ് ആശ്രമവാസികൾ. ആശ്രമത്തിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന ഔഷധങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടു തന്നെ വടകര നഗരത്തിൽ ഒരു സിദ്ധ മരുന്നു കടയും ഒരു ഡോക്ടറും ഉണ്ട്. ഇങ്ങിനെ ലഭിക്കുന്ന വരുമാനവും പൊതു ആവശ്യങ്ങൾക്കായാണ് വിനിയോഗിക്കപ്പെടുന്നത്.

ആശ്രമത്തിലെത്തുന്നവർക്കെല്ലാം ഭക്ഷണം നൽകുന്ന രീതി 1921 ൽ ഇത് സ്ഥാപിച്ച കാലം മുതൽ തുടരുന്നുണ്ട്. വൃശ്ചികമാസത്തിലെ കാർത്തിക നാളിലാണ് ഇവിടത്തെ പ്രധാന ആഘോഷം. ശിവാനന്ദ പരമഹംസരുടെ ജന്മ ദിനമാണ് അന്ന്. ആ ദിവസം ഔഷധങ്ങളടങ്ങിയ പ്രത്യേക പഞ്ചാമൃതം നൽകി വരുന്നു. മാത്രമല്ല മൂന്ന് നേരത്തെ ഭക്ഷണവും സന്ദർശകർക്കായി നൽകുന്നു. എന്നാൽ ജന്മ ദിനത്തിൽ വിളക്ക് കൊളുത്തൽ, മറ്റ് ആരാധനകൾ ഒന്നുമില്ല. കഴിഞ്ഞ വർഷത്തെ ആഘോഷത്തിൽ പതിനയ്യായിരത്തിലേറെ പേർ ആശ്രമത്തിലേക്കെത്തിയെന്ന് ഒരു വക്താവ് സാക്ഷ്യപ്പെടുത്തുന്നു.

സന്ദർശകരായി ആരു വന്നാലും അവർക്ക് ഭക്ഷണം നൽകി ശേഷിക്കുന്നുണ്ടെങ്കിൽ മാത്രമേ അന്തേവാസികൾ കഴിക്കാറുള്ളൂ. ആശ്രമവാസികളുടെ ഭക്ഷണ രീതിയിലുമുണ്ട് പ്രത്യേകത. ഭക്ഷണ പദാർത്ഥങ്ങൾ ഒന്നിച്ചു കലർത്തി പാത്രങ്ങളിലോ ഇലയിലോ വിളമ്പി അതിൽ നിന്നും എടുത്തു കഴിക്കുന്നതാണ് ഇവിടുത്തെ രീതി. അതിന് സഗ്ദി സപീതി എന്ന് പറയുന്നു. എല്ലാവരും നിന്നാണ് ആഹാരം കഴിക്കേണ്ടത്. കുട്ടികളും യാത്ര ചെയ്തു എത്തിയവരും രോഗികളായ അന്തേവാസികളേയും ഇതിൽ നിന്ന് ഒവിവാക്കിയിട്ടുണ്ട്. എന്നാൽ സന്ദർശകർക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.

ലോക ക്ഷേമവും രാഗശാന്തിയും ഉണ്ടാകണമെന്ന മുഖ്യ ലക്ഷ്യമാണ് സമാജം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയവും അന്യരെ ആശ്രയിക്കാത്ത ഒരു സ്വതന്ത്ര സമുദായം കൊണ്ടേ ഇത് നേടാനാവൂ. ലോകത്ത് നടമാടുന്ന അശാന്തിക്ക് കാരണം ഞാൻ, എന്റേത്, എന്റെ ഭാര്യ, എന്റെ മക്കൾ, എന്റെ ബന്ധുക്കൾ, എന്റെ സ്വന്തം ശത്രു, അവനെ കൊല്ലണം. എന്നീ രാഗദ്വേഷ്യങ്ങൾ, കാരണമാണ്. പക്ഷികൾ അനുഭവിക്കുന്ന ശാന്തിയേയും സ്വസ്ഥതയേയും സഹോദര സ്നേഹത്തേയും മനുഷ്യവർഗ്ഗം നഷ്ടപ്പെടുത്തിയിരിക്കുന്നു.

ജീവന് മേൽ ഗതി വരുത്തുന്ന ബഹ്മവിദ്യ, പ്രാണായാമം എന്നെല്ലാം വിളിക്കുന്ന ഊർദ്ദ ഗതിയാണ് ഇതിന് പരിഹാരം. ഈ മാർഗ്ഗമാണ് സിദ്ധ വിദ്യ എന്ന പേരിൽ അറിയപ്പെടുന്നത്. അതാണ് ശിവാനന്ദപരമഹംസർ ജനങ്ങൾക്കായി ഉപദേശിക്കുന്നത്.

തുടരും.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP