Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാജാസിലെ വിദ്യാർത്ഥി രാഷ്ട്രീയം.. മേഴ്‌സിയുമായുള്ള പ്രണയ വിവാഹം.. എ കെ ആന്റണിയുമായുള്ള പിണക്കം; വയലാർ രവി ആത്മകഥ എഴുതുകയാണ്

മഹാരാജാസിലെ വിദ്യാർത്ഥി രാഷ്ട്രീയം.. മേഴ്‌സിയുമായുള്ള പ്രണയ വിവാഹം.. എ കെ ആന്റണിയുമായുള്ള പിണക്കം; വയലാർ രവി ആത്മകഥ എഴുതുകയാണ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെ തീപ്പൊരി നേതാവായിരുന്നു വയലാറുകാരൻ രവി. കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് യുവിന്റെ മിടുക്കൻ നേതാവിനെ അന്നത്തെ സഹപാഠികൾ ആരാധനയോടും ബഹുമാനത്തോടുമാണ് നോക്കിക്കണ്ടത്. അങ്ങനെയിരിക്കേയാണ് മേഴ്‌സിയെന്ന സുന്ദരി പെൺകുട്ടിക്ക് ഖദറിട്ട വയലാറുകാരൻ നേതാവിനോട് ഇഷ്ടം തോന്നിയത്. ഈ ഇഷ്ടം പ്രണയമായി വളർന്നു.. ഒടുവിൽ വിവാഹത്തിലും കലാശിച്ചു. ഇതിനൊക്കെ സാക്ഷിയായും കൂട്ടുനിന്നതും മറ്റൊരു കെഎസ് യുക്കാരനും കൂടിയുണ്ടായിരുന്നു. അറയ്ക്ക്പ്പറമ്പിൽ കുര്യൻ മകൻ ആന്റണി. കാലം ഏറെ പിന്നിട്ടപ്പോൾ അന്നത്തെ കെഎസ് യു നേതാക്കൾ ദേശീയ രാഷ്ട്രയത്തിൽ തിളങ്ങുന്ന വ്യക്തിത്വങ്ങളായി മാറി. നീണ്ടുമെലിഞ്ഞ വയലാറുകാരൻ വയലാർ രവിയും പൊക്കം കുറഞ്ഞ ആന്റണി എ കെ ആന്റണിയെന്ന് പ്രബല നേതാവുമായി മാറി...

മുകളിൽ പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയവും ആന്റണിയെയും വലയാർ രവിയെയും അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇതിൽ ലോകം അറിയാത്ത വേറെങ്കിലുമുണ്ടാകുമോ? മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി തന്റെ ആത്മകഥയിൽ പറയുന്നത് എന്തൊക്കെയാകും? കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം അടക്കം എല്ലാകാര്യങ്ങളും നിരത്തി വയലാർ രവി ആത്മകഥ എഴുതുന്ന തിരക്കിലാണ്. കേന്ദ്രത്തിൽ അധികാരം പോയതോടെ തിരക്കുകൾ കുറവാണ് രവിക്ക്. അതുകൊണ്ട് ആത്മകഥ എഴുതാനും സമയമുണ്ട്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് വയലാർ രവിയുടെ ആത്മകഥ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾക്കെതിരായ വിമർശനങ്ങൾ അടങ്ങുന്നതാകും വയലാർജിയുടെ ആത്മകഥയെന്നാണ് കിംവതന്ദി പരന്നിരിക്കുന്നത്.

യുവാവായിരുന്ന കാലം മുതൽ ഒരുമിച്ച് പ്രവർത്തിച്ച് കേരളത്തിൽ നിന്നും കേന്ദ്രത്തിലെത്തിയ 'ഇരുവർ' ആണെങ്കിലും എ കെ ആന്റണിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങളുടെ നല്ലവണ്ണം ആത്മകഥാ പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് അഭ്യൂഹം പരക്കുന്നത്. താൻ എറണാകുളം മഹാരാജാസിൽ പഠിക്കാനെത്തിയതിന്റെ ഗുണം ലഭിച്ചത് രണ്ടുപേർക്കാണെന്ന് വയലാർ രവി പുസ്തകത്തിൽ പറയുന്നുണ്ട്. ഒരാൾ എ കെ ആന്റണിയും മറ്റൊരാൾ മേഴ്‌സി രവിയും.

താന്മൂലം എ കെ ആന്റണി കെ എസ് യുവിലൂടെ രാഷ്ട്രീയത്തിന്റെ ഏണിപ്പടികൾ ചവിട്ടിക്കയറി. മുഖ്യമന്ത്രിയും, പ്രതിരോധമന്ത്രിയും, പാർട്ടിയിലെ മൂന്നാമനുമായി. അന്ന് കെ എസ് യു പ്രസിഡന്റാകാൻ സാധ്യതയുണ്ടായിരുന്ന മോഹൻദാസിനെ തഴഞ്ഞ് വളഞ്ഞ വഴിയിലൂടെ താൻ ആന്റണി പ്രസിഡന്റാക്കുകയായിരുന്നുവെന്ന് വയലാർ രവിയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. അന്നത്തെ മേഴ്‌സി രവി പറഞ്ഞ അഭിപ്രായങ്ങളും വയലാർ രവി പുസ്തകത്തിൽ ചേർക്കുന്നുണ്ട്.

വളർന്നു വലിയ നേതാവായപ്പോൾ ആന്റണി തന്നെ മറന്നുവെന്ന പരിഭവം വയലാർ രവി മുമ്പും ചില ചാനൽ അഭിമുഖങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിക്കാൻ ഇടയായ വിശദമായ സാഹചര്യം രവിയുടെ ആത്മകഥയിൽ ഉണ്ടാകുമത്രേ. 1970ലെ സംഘടനാ തിരഞ്ഞെടുപ്പിൽ തന്നെ വെട്ടിയാണ് എ കെ ആന്റണി കെ പി സി സി ജനറൽ സെക്രട്ടറിയായതെന്നും വയലാർ രവിയുടെ ആത്മകഥയിലുണ്ട്. കെ കരുണാകരന്റെ കൗലശ രാഷ്ട്രീയത്തിന്റെ കാലത്തെ കഥകളും വയലാർജിയുടെ ആത്മകഥയിലുണ്ട്.

എറണാകുളത്തെ പ്രമുഖനായ ഒരു പത്രപ്രവർത്തകനാണ് വയലാർ രവിയെ പുസ്തകം എഴുതാൻ സഹായിക്കുന്നത്. കേരള രാഷ്ട്രീയത്തെത്തന്നെ പിടിച്ചുലയ്ക്കാൻ പോന്ന മറ്റുപല രഹസ്യങ്ങളും പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്നും പറയപ്പെടുന്നു. ഈ വർഷം അവസാനത്തോടെ പുസ്തകരചന അവസാനിക്കും 2015ലായിരിക്കും പ്രകാശനം നടക്കുകയെന്നും സൂചനയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP