Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീരൻ പ്രസിഡന്റാകും; മാത്യു ടി തോമസ് രണ്ടാമനും; ലയന സമ്മേളനത്തിന് മുലായവും ദേവഗൗഡയും എത്തും; ജനതാ പരിവാറിന്റെ കേരളത്തിലെ ചർച്ചകൾ നേർവഴിക്ക്

വീരൻ പ്രസിഡന്റാകും; മാത്യു ടി തോമസ് രണ്ടാമനും; ലയന സമ്മേളനത്തിന് മുലായവും ദേവഗൗഡയും എത്തും; ജനതാ പരിവാറിന്റെ കേരളത്തിലെ ചർച്ചകൾ നേർവഴിക്ക്

കൊച്ചി:നാളുകളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. കേരളത്തിൽ വിഘടിച്ച് നില്ക്കുന്ന ജനതാ പാർട്ടികളുടെ ലയനത്തോടെ രാഷ്ട്രീയമാറ്റത്തിന് കളമൊരുങ്ങുന്നു. ലയനത്തോടെ വീരേന്ദ്രകുമാർ നേതൃത്വം നല്കുന്ന ജനതാദൾ യുണൈറ്റഡ് ജനതാ പരിവാറായി മാറി ഇടതുപക്ഷത്തേക്ക് മാറുമെന്ന് ധാരണയായതായി ഉന്നത ജനതപരിവാർ വൃത്തങ്ങൾ വ്യക്തമാക്കി. അടുത്തമാസം അവസാനത്തോടെയാണ് അഖിലേന്ത്യാ തലത്തിൽ ജനതാ പാർട്ടികൾ ഒന്നിച്ച് ഒരു കൊടിക്കീഴിൽ അണിനിരക്കുന്നത്. ഇതിന് ശേഷം ഓരോ സംസ്ഥാനങ്ങളിലും ലയന സമ്മേളനങ്ങൾ നടത്താനാണ് നേതൃത്വം ഇപ്പോൾ ആലോചിച്ചിട്ടുള്ളത്.

ലയനത്തിലൂടെ വീരനും മാത്യു ടി തോമസും ഒന്നാകുമ്പോൾ അതിന് അനുസരിച്ചുള്ള പരിഗണന ഇടതു മുന്നണിയിൽ നിന്ന് ഉറപ്പാക്കാനും നീക്കം നടക്കും. സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇക്കാര്യം ഇപ്പോൾ മുന്നണിയിലുള്ള മാത്യു ടി തോമസ് ചർച്ച ചെയ്യും. ലയനത്തോടെ പാർട്ടിയുടെ നിയമസഭയിലെ അംഗബലം ആറാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിഎസ് മത്സരിച്ചത് അഞ്ച് സീറ്റിലാണ്. യുഡിഎഫിൽ നിന്ന വീരേന്ദ്രകുമാറും അത്രയും സീറ്റിൽ മത്സരിച്ചു. പലക്കാട്ടെ ചിറ്റൂർ അടക്കമുള്ള നിയമസഭാ സീറ്റുകൾ ഉറപ്പാക്കാനാണ് നീക്കം. ദള്ളിന് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം മത്സരിക്കാൻ സീറ്റ് ഉറപ്പാക്കും. ഇതിലൂടെ ഇടതു പക്ഷത്തെ മൂന്നാം കക്ഷിയെന്ന സ്ഥാനം ഉറപ്പിക്കാനാണ് നീക്കം. കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം അടക്കമുള്ളവർ ഇടതു പക്ഷത്ത് എത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്

ജൂൺ ആദ്യ വാരത്തോടെ കേരളത്തിൽ ഇരു പാർട്ടികളുടേയും ലയന സമ്മേളനം നടക്കും. ജനതാ പരിവാർ അധ്യക്ഷൻ മുലയാം സിങ് യാദവും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും ശരത് യാദവും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തലസ്ഥാനത്ത് വിളിച്ച് ചേർക്കുന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കും. ഇതിൽ വച്ച് ജെഡി യു സംസ്ഥാന അധ്യക്ഷൻ എം പി വീരേന്ദ്രകുമാറിനെ പുതിയ പാർട്ടിയുടെ കേരളത്തിലെ പ്രസിഡന്റായി തിരഞ്ഞെടുക്കാനും ഏകദേശം ധാരണയായതായാണ് വിവരം. ഇന്നലെ ഈ വിഷയം ചർച്ച ചെയ്യാനായി ജനതാദൾ എസ് സംസ്ഥാന നേതൃയോഗം ചേർന്നിരുന്നു.ഈ യോഗത്തിലും ലയനക്കാര്യം പൂർണ്ണമായും വിശകലനം ചെയ്തു.

തിരിച്ചെത്തുന്നവരെ സർവാത്മനാ സ്വാഗതം ചെയ്യാനാണ് ജെ ഡി എസ് യോഗം തീരുമാനിച്ചത്. വീരേന്ദ്രകുമാർ പ്രസിഡന്റാകുമ്പോൾ ജെ ഡി എസ് അധ്യക്ഷൻ മാത്യു ടി തോമസിനെ വർക്കിങ്ങ് പ്രസിഡന്റാക്കണമെന്ന ആവശ്യവും പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ലയനത്തിന് ശേഷം ഒരു കാരണവശാലും യുഡി എഫ് പക്ഷത്തേക്ക് പോകാൻ തങ്ങളില്ലെന്നും ഇടത് നിലപാട് ഉയർത്തിപിടിക്കുന്ന എൽ ഡി എഫിനൊപ്പം തന്നെ ഉറച്ച് നില്ക്കുമെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞതായാണ് വിവരം. ലയനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടരുതെന്ന വീരന്റെ അഭ്യർത്ഥന മാനിച്ചാണ് ഇന്നലെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നത്.എന്നാൽ യു ഡി എഫിനൊപ്പം പോയി ഒരു ലയനം വേണ്ടന്നാണ് ജെഡി എസിന്റെ പക്ഷം .

ഇത് വീരൻ സമ്മതിച്ചതായും രാഷ്ട്രീയ വഞ്ചന കാട്ടേണ്ട എന്ന കാരണത്താലാണ് രാജ്യസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വോട്ട് ചെയ്തതെന്നും ലയനത്തിന് ശേഷം കേന്ദ്ര തീരുമാനത്തിന്റെ പേരിൽ മുന്നണീ വിടാമെന്നുമാണ് അവർ ആലോചിക്കുന്നതെന്നും ജെ ഡി എസ് നേതാക്കൽ യോഗത്തെ അറിയിച്ചിട്ടുണ്ട്. വീരൻ കൂടി എത്തിയാൽ ആ ശക്തി കാണിച്ച് ഇടതുപക്ഷത്ത് നിന്ന് പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളും പാർട്ടിക്ക് നേടിയെടുക്കാമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ ജെ ഡി യുവിന്റെ പേരിൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ ഇരിക്കുന്ന പ്രതിനിധികൾ സ്ഥാനത്യാഗത്തിന് തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.

വീരന്റെ വാക്കായിരിക്കും അവസാന വാക്കെന്ന് പറയുമ്പോഴും പദവികൾ ഒഴിയാൻ പലർക്കും വിമുഖതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.കഴിഞ്ഞ ദിവസം ചാനലുകളിൽ അഭിമുഖം നല്കിയ വീരേന്ദ്രകുമാർ ഇടതുപക്ഷത്തേക്ക് പോകുമെന്ന സൂചനയും നല്കിയിരുന്നു. മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ജെ ഡി എസ് നേതാക്കൾ സി പി എം നേതൃത്വവുമായി ആദ്യ ഘട്ട ചർച്ചയും പൂർത്തിയാക്കിയിട്ടുണ്ട്. ഇനി ലയനത്തിന് തൊട്ട് മുൻപ് പിണറായിയും കോടിയേരിയുമായി വീരേന്ദ്രകുമാറും ചർച്ച നടത്തും. പഴയത് പോലെ വലിയ വൈരാഗ്യമൊന്നും പിണറായിയും വീരനും തമ്മിൽ ഇപ്പോൾ ഇല്ല .

വി എസും അവരെ പൂർണ്ണ മനസോടെ സ്വീകരിക്കണമെന്ന പക്ഷക്കാരനാണ്.അടുത്ത് ചേരാനിരിക്കുന്ന പാർട്ടി സംസ്ഥാന കമ്മറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യാനാണ് സി പി എം നെതൃത്വത്തിന്റെ തീരുമാനം.ഇനി ആര് വിചാരിച്ചാലും തങ്ങളെ പിന്തിരിപ്പിക്കാനാകില്ല എന്ന നിലപാടിൽ വീരൻ ഉറച്ച് നില്ക്കുമ്പോൾ വർഷങ്ങൾ പഴക്കമുള്ള ജനത യു ഡി എഫ് ബന്ധം അവസാനിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP