Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധവിക്കുട്ടിയെക്കാൾ ശരി കമലാ സുരയ്യ ആണെന്ന് സ്ഥാപിക്കാൻ കമലിന്റെ തിരക്കഥയിൽ ശ്രമമുണ്ടോ? മോദി വിമർശനത്തിന് പിന്നാലെ ഹിന്ദു മത അവഹേളനം കൂടിയായതോടെ വിദ്യാബാലന്റെ പിന്മാറ്റം ഉറപ്പിച്ചു; കമലിന്റെ സിനിമയിൽ വിദ്യാബാലൻ അഭിനയിക്കില്ലെന്ന് സ്ഥിരീകരണം

മാധവിക്കുട്ടിയെക്കാൾ ശരി കമലാ സുരയ്യ ആണെന്ന് സ്ഥാപിക്കാൻ കമലിന്റെ തിരക്കഥയിൽ ശ്രമമുണ്ടോ? മോദി വിമർശനത്തിന് പിന്നാലെ ഹിന്ദു മത അവഹേളനം കൂടിയായതോടെ വിദ്യാബാലന്റെ പിന്മാറ്റം ഉറപ്പിച്ചു; കമലിന്റെ സിനിമയിൽ വിദ്യാബാലൻ അഭിനയിക്കില്ലെന്ന് സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള ദൂരം അഭിനയിക്കാൻ ബോളിവുഡ് സുന്ദരി വിദ്യാ ബാലൻ എത്തില്ലെന്ന് ഉറപ്പായി. മോദി വിരോധിയായ കമലിന്റെ സിനിമയിൽ അഭിനയിക്കരുതെന്ന അഭിപ്രായങ്ങളെ മുഖവിലയ്‌ക്കെടുത്തായിരുന്നു നടി ഈ നിഗമനത്തിലേക്ക് എത്തിയത്. ഇതിനൊപ്പം മറ്റൊരു വാദവും നടി സ്വാധീനിച്ചെന്നാണ് സൂചന. കമലിന്റെ ആമിയെന്ന സിനിമ വലിയ വിവാദങ്ങൾക്ക് തുടക്കമിടും. ജെസി ഡാനിയലിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ട് സെല്ലുലോയിഡ് എന്ന സിനിമയും ചില വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. കെ കരുണാകരനേയും മറ്റും വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചിരുന്നു. ഇതിന് സമാനമായി ആമിയെന്ന സിനിമ മതപരമായ വിവാദങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന.

ശ്രീകൃഷ്ണ ഭക്തയായ മാധവിക്കുട്ടിയുടെ ഇസ്ലാം മതത്തിലേക്കുള്ള മാറ്റം സാമൂഹിക-രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പലവാദങ്ങൾ സജീവമായി ചർച്ചയാക്കിയിരുന്നു. ഇതിന് പുതിയ തലം നൽകാനാണ് കമൽ ആമിയെന്ന തിരക്കഥയിൽ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള മാറ്റം വിശദീകരിക്കുമ്പോൾ ഹിന്ദു മതത്തെ പ്രതിരോധത്തിലാക്കുന്ന ചിന്തകൾ കടന്നു വരുന്നുണ്ട്. ഹിന്ദു സംഘടനകൾ ഇതിനെതിരെ വ്യാപകമായി പ്രതിഷേധിക്കാനും അവസരമൊരുങ്ങും. ആമിയെന്ന സിനിമയുടെ തിരക്കഥയുടെ രൂപം മനസ്സിലാക്കിയാണ് കമലിനെതിരെ ബിജെപി, സംഘ പരിവാർ നേതാക്കൾ ഇപ്പോഴേ വർഗ്ഗീയ ചുവയുള്ള ആരോപണവുമായി രംഗത്ത് വരുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് വിദ്യാ ബാലൻ മലയാള സിനിമയിൽ നിന്നും പിന്മാറുന്നത്. നടിയുടെ പിന്മാറ്റം ഉറപ്പായതോടെ ആമിയെന്ന സിനിമയുടെ പ്രവർത്തനവും പൂർണ്ണമായും നിലയ്ക്കും.

ഡിസംബർ 20 മുതൽ അറുപത് ദിവസത്തേക്കാണ് ആമിക്കായി വിദ്യാബാലൻ കമലിന് ഡേറ്റ് നൽകിയത്. എന്നാൽ സിനിമാ പ്രതിസന്ധി കാരണം ഡിസംബർ 20ന് ചിത്രീകരണം തുടങ്ങിയില്ല. നിർമ്മതാക്കളും തിയേറ്റർ ഉടമകളുമായുള്ള തർക്കം തീർന്നാലെ ഇനി മലയാള സിനിമാ ചിത്രീകരണം തുടങ്ങൂ. സമീപ കാലത്തൊന്നും ഇതിന് സാധ്യതയുമില്ല. അതായത് ഫെബ്രുവരി പകുതിയെങ്കിലുമായാലേ സിനിമാ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകൂ. ഡിസംബർ 20 മുതൽ ദിവസങ്ങൾ തുടങ്ങിയാൽ ഏതാണ്ട് ഫെബ്രുവരി അവസാനം വരെയാണ് വിദ്യാബാലൻ ആമിയെന്ന സിനിമയ്ക്കായി മാറ്റി വച്ചിരുന്നത്. ഇത് അവസാനിക്കുമ്പോൾ മാത്രമേ സിനിമാ പ്രതിസന്ധി തീരൂവെന്ന് സാരം. അതുകൊണ്ട് തന്നെ നിയമപരമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ വിദ്യാബാലന് ആമിയെന്ന സിനിമയിൽ നിന്ന് പിന്മാറാനാകും.

ബോളി വുഡിലെ ഏറ്റവും തിരക്ക് പിടിച്ച നടിയാണ് വിദ്യാ ബാലൻ. എട്ട് മാസം മുമ്പ് വിദ്യക്ക് കമൽ തിരക്കഥ നൽകി. ആവേശത്തോടെ ഫോട്ടോഷൂട്ടിൽ വിദ്യ പങ്കെടുത്തു. ഗാനങ്ങൾ റെക്കോർഡ് ചെയ്തു സെറ്റിന്റെ പണിയും തീർന്നു. രാജ്യാന്തര ചലച്ചിത്രമേളക്ക് ശേഷം ഡിസംബർ 20ന് ചിത്രീകരണം തുടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെ വിദ്യാബാലൻ സംവിധായകനെ ഞെട്ടിച്ച് കൂടുതൽ സമയമാവശ്യപ്പെട്ടു. അപ്രതീക്ഷിതമായി എത്തിയ സിനിമാ സമരവും കാര്യങ്ങൾ പ്രതികൂലമാക്കി. നിരന്തരം അന്വേഷിച്ചപ്പോഴും കഥാപാത്രത്തെ ഉൾക്കൊള്ളാൻ കൂടുതൽ സമയം വേണമെന്ന മറുപടി മാത്രമാണ് വിദ്യ നൽകിയത്. ലഭിക്കുന്ന സൂചന അനുസരിച്ച് തിരക്കഥ വായിച്ചതോടെ മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള മാറ്റത്തിൽ ഒളിച്ചിരിക്കുന്ന വിവാദം വിദ്യാ ബാലന് മനസ്സിലായെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ ആമിയിൽ നായികയാവാൻ വിദ്യാ ബാലിൻ എത്തില്ല.

കേന്ദ്ര സർക്കാറിന്റെ പല പദ്ധതികളുടേയും ബ്രാൻഡ് അംബാസിഡറാണ് വിദ്യ. പ്രധാനമന്ത്രി മോദിയുമായും നല്ല ബന്ധമുണ്ട്. നോട്ട് നിരോധനത്തെ അനുകൂലിച്ച് കരുതലോടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആമിയിൽ അഭിനയിക്കരുതെന്ന് ചില സംഘപിരവാർ നേതാക്കളും വിദ്യാ ബാലനോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു മതം തെറ്റാണെന്നും ഇസ്ലാം ആണ് ശരിയെന്നും വരുത്താനാണ് ശ്രമം. അതീവ രഹസ്യമായി തയ്യാറാക്കിയ തിരക്കഥയിൽ ചിത്രീകരണ സമയത്തും മാറ്റം വരുമെന്നും ആർഎസ്എസ് നേതൃത്വം സംശയിക്കുന്നു. ഒരു മുസ്ലിം ലീഗ് നേതാവിന്റെ വലയിൽ കുടങ്ങിയാണ് മാധവിക്കുട്ടിയുടെ മതംമാറ്റം ഉണ്ടായതെന്നാണ് ആർഎസ്എസ് നിലപാട്. ഇതിനെ കുറിച്ച് ആമിയെന്ന സിനിമയിൽ ഒന്നുമില്ലെന്നാണ് പിരവാറുകാരുടെ പക്ഷം. ഈ സാഹചര്യത്തിലാണ് കമലിന്റെ ആമിക്കെതിരെ പ്രതിഷേധിക്കാൻ സമയം നോക്കി കാത്തിരിക്കുന്നതും.

ഈ സാഹചര്യത്തിൽ കമലിനെ വിളിച്ച് പുതിയ ചിത്രത്തിൽ അഭിനായിക്കാനില്ലെന്ന് വിദ്യാ ബാലൻ തുറന്നു പറഞ്ഞതായി സൂചനയാണ് മറുനാടന് ലഭിക്കുന്നത്. ഇതോടെ മലയാളിയുടെ മനസ്സിൽ പ്രേമത്തിന്റെ വിത്തുകൾ വിതച്ച മാധവിക്കുട്ടിയുടെ ജീവതം വെള്ളിത്തിരയിലെത്തുന്നതിൽ ആദ്യ പ്രതിസന്ധിയുമെത്തി. പുതിയ നായികയെ കമൽ തേടിത്തുടങ്ങിയെന്നാണ് സൂചന. ബോളിവുഡിലെ താരറാണിയാണ് വിദ്യാബാലനെങ്കിലും മലയാളിയാണ് നടി. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ചക്രം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായാണ് വിദ്യ അഭിനയരംഗത്ത് കാലെടുത്തുവയ്ക്കുന്നത് എന്നാൽ പിന്നീട് ഈ പ്രോജക്ട് നിന്ന് പോകുകയായിരുന്നു. ചക്രത്തിന്റെ സംവിധായകനും കമലായിരുന്നു. ഈ സിനിമ പാതി വഴിക്ക് നിന്നെങ്കിലും വിദ്യ ബോളിവുഡിലെ താരമായി. സിൽക് സ്മിതയുടെ ജീവിതം പകർന്നാടി ദേശീയ അവാർഡും നേടി. കഹാനിയിലൂടെ മാറ്റ് പല മടങ്ങുയർന്നു. അതുകൊണ്ട് തന്നെ മാധവിക്കുട്ടിയുടെ കഥ പറയുന്ന കമൽ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി വിദ്യ എത്തുന്നതിനെ പ്രതീക്ഷയോടെ ഏവരും കണ്ടു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കമൽപെട്ടതോടെ എല്ലാം മാറി മറിഞ്ഞു. മോദിയെ വിമർശിച്ച സംവിധായകന്റെ തിരക്കഥയെ കുറിച്ചു സംശയവും പരിവാറുകാർ വിദ്യാബാലനെ ധരിപ്പിച്ചു. ഇതോടെ സിനിമ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതിന് ശേഷം അനുനയത്തിന് ശ്രമിച്ചെങ്കിലും അഭിനയിക്കാനില്ലെന്ന് നടി വ്യക്തമാക്കി. ഇതോടെ പുതിയ നടിയെ തേടുകയാണ് കമൽ എന്നാണ് സൂചന. മുരളി ഗോപിയാണ് മാധവിക്കുട്ടിയുടെ ഭർത്താവായി അഭിനയിക്കുന്നത്. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോനും നായക പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ഇതിൽ വിദ്യാ ബാലനുമായി നിർണ്ണായക സ്വാധീനമുള്ള കഥാപാത്രത്തെയാണ് അനൂപ് മേനോന് മാറ്റിവച്ചിരുന്നത്. തന്റെ കരിയറിലെ സുപ്രധാന നിമിഷമായി വിദ്യാ ബാലനൊപ്പം അഭിനയിക്കാനുള്ള അവസരത്തെ അനൂപ് കണ്ടിരുന്നു. കമലിന്റെ പ്രസ്താവനയോടെ അനൂപിന്റെ മോഹമാണ് വിദ്യാ ബാലന്റെ പിന്മാറ്റത്തോടെ പൊളിയുന്നത്.

മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിലും കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിലും രചനകൾ നടത്തിയിരുന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മതം മാറി മുസ്ലിമായത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവർക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനോടുള്ള പ്രണയം മൂലം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മതം മാറിതയാണെന്നും പിന്നീട് പ്രചരിച്ചു. അവരുടെ സുഹൃത്തായിരുന്ന പ്രശസ്ത മാദ്ധ്യമ പ്രവർത്തക ലീലാ മേനോൻ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. അന്ത്യം വരെയും മുസ്ലിമായി ജീവിച്ച മാധവിക്കുട്ടിയെ തിരുവനന്തപുരം പാളയം പള്ളി ഖബർസ്ഥാനിലാണ് അടക്കം ചെയ്തത്. അവരുടെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ചാണ് പുതിയ ചിത്രത്തിലൂടെ കമൽ പറയാനാഗ്രഹിച്ചത്. ഇതിലാണ് ആർഎസ്എസ് വിവാദത്തിന്റെ സാധ്യതകൾ കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP