Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡി വൈ എസ് പി അവതാരകയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊക്കൂൺ സമ്മേളനം തന്നെ നിയമവിരുദ്ധം; നിയമം ലംഘിച്ച് മദ്യം വിളമ്പിയ ഉന്നതർക്കെതിരെ പരാതി നൽകിയത് ഋഷിരാജ് സിങ്; സ്വകാര്യ പരിപാടിക്ക് ഔദ്യോഗിക പദവി നൽകി ഗവർണ്ണറേയും മുഖ്യമന്ത്രിയേയും പറ്റിച്ച ഐജി മനോജ് എബ്രഹാമിനെതിരെയും അന്വേഷണം നീളും

ഡി വൈ എസ് പി അവതാരകയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊക്കൂൺ സമ്മേളനം തന്നെ നിയമവിരുദ്ധം; നിയമം ലംഘിച്ച് മദ്യം വിളമ്പിയ ഉന്നതർക്കെതിരെ പരാതി നൽകിയത് ഋഷിരാജ് സിങ്; സ്വകാര്യ പരിപാടിക്ക് ഔദ്യോഗിക പദവി നൽകി ഗവർണ്ണറേയും മുഖ്യമന്ത്രിയേയും പറ്റിച്ച ഐജി മനോജ് എബ്രഹാമിനെതിരെയും അന്വേഷണം നീളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈടെക് സെൽ ഡിവൈഎസ്‌പിയായിരുന്ന എൻ വിനയകുമാരൻ നായർ ഉണ്ടാക്കിയ വിവാദം വിരൽ ചൂണ്ടുന്നത് ഐജി മനോജ് എബ്രഹാമിലേക്ക്. കൊല്ലത്തെ പരിപാടിയിലെ ക്രമക്കേടുകളെ പറ്റി വിജിലൻസിന് പരാതി നൽകിയത് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ആണെന്നതാണ് മറ്റൊരു വസ്തുത. കേരളാ പൊലീസിന്റെ ഔദ്യോഗിക പരിപാടിയല്ലാതിരുന്നിട്ടും എല്ലാ സർക്കാർ പരിവേഷവും നൽകി അവതരിപ്പിച്ചത് മനോജ് എബ്രഹാമാണെന്ന സൂചനകളും പരാതിയിലുണ്ട്. തീർത്തും നിയമവിരുദ്ധമായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിൽ വിജിലൻസിന് ബോധ്യപ്പെട്ടത്.

രാജ്യാന്തര സമ്മേളന നടത്തിപ്പിൽ ക്രമക്കേടെന്ന ഋഷിരാജ് സിംഗിന്റെ ആക്ഷേപത്തെത്തുടർന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ടാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. കൊല്ലത്തെ റാവീസ് ഹോട്ടലിൽ നടന്ന മദ്യസൽക്കാരമാണ് ഋഷിരാജ് സിംഗിനെ പ്രധാനമായും പ്രകോപിപ്പിച്ചത്. കായൽ കൈയേറി നിർമ്മിച്ച കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ എക്‌സൈസ് വിലക്കുകളെ ലംഘിച്ച് മദ്യം ഒഴുക്കി. സമ്മേളനം നടന്ന ദിവസങ്ങളിലെ റാവീസിലെ മദ്യ ഉപഭോഗ കണക്കും വിജിലൻസ് പരിശോധിക്കും. ഈ പരിപാടിക്ക് ഇത്രയേറെ ഫണ്ട് എങ്ങനെ കിട്ടിയെന്നതും പരിശോധിക്കും. വളരെ ഗൗരവമുള്ള കണ്ടെത്തലുകളാണ് ആദ്യ ഘട്ടത്തിൽ ഇതു സംബന്ധിച്ച് വിജിലൻസിന് ലഭിച്ചിട്ടുള്ളത്. പരാതിക്കാരൻ ഋഷിരാജ് സിങ് ആയതുകൊണ്ട് തന്നെ വേണ്ടത്ര ഗൗരവം പരാതിക്ക് നൽകുമെന്നും വിജിലൻസിലെ ഒരു ഉന്നതൻ സൂചന നൽകി. ഹോട്ടലിന്റെ നിയമവിരുദ്ധ ഇടപാടുകൾ വെള്ളപൂശാൻ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് വിജിലൻസ് സംശയിക്കുന്നത്. കായൽ കൈയേറിയതിന് ഹോട്ടലിനെതിരെ ഹൈക്കോടതിയിൽ കേസുണ്ട്.

കൊക്കൂൺ ഔദ്യോഗിക പരിപാടിയെന്ന് തെറ്റിധാരണയുണ്ടാക്കും വിധമാണ് ഗവർണ്ണറെ ചടങ്ങിനെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് സമാനമായാണ് പരിപാടിക്ക് എത്തിയത്. വിനയകുമാരൻ നായരുടെ പീഡനം വിവാദമായതോടെ കൊക്കൂണിനെ കുറിച്ച് മുഖ്യമന്ത്രി വിശദമായി അന്വേഷിച്ചിരുന്നു. സംസ്ഥാന പൊലീസിന് ഇതുമായി യാതൊരു പങ്കാളിത്തവുമില്ല. ഒരു സർക്കാർ ഉത്തരവുമില്ല. ഇതിന്റെ ഫണ്ട് നൽകുന്നത് പൊലീസിൽ നിന്നല്ല. പൊലീസ് ആസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി മനോജ് എബ്രഹാം മാറിയതാണ് ഏറ്റവും നിർണ്ണായകം. ഇതിനൊപ്പം ധനകാര്യ ഇടപാടുകൾക്കായി പ്രത്യേക അക്കൗണ്ടും തുറന്നു. കൊല്ലം പൊലീസ് കമ്മീഷണറായ സതീഷ് ബിനോയായിരുന്നു ഈ അക്കൗണ്ട് കൈകാര്യം ചെയ്തത്. പൊലീസിന്റെ ഔദ്യോഗികമല്ലാത്ത പരിപാടിയിൽ ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നതാണ് വിജിലൻസ് അന്വേഷിക്കുന്നത്.

കൊക്കൂൺ2016 അന്താരാഷ്ട്ര സൈബർ സുരക്ഷാസമ്മേളനത്തിൽ വമ്പൻ ധൂർത്തും അഴിമതിയും നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പാലീസുദ്യോഗസ്ഥർക്ക് പരിശീലനത്തിനുള്ള കേന്ദ്രസർക്കാരിന്റെ കോടികളുടെ ഫണ്ട് അന്താരാഷ്ട്ര സമ്മേളനത്തിനായി ധൂർത്തടിച്ചു. ഏതാനും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതൊഴിച്ച് ഒരു സൈബർ സുരക്ഷാ പരിശീലനവും അന്താരാഷ്ട്ര സമ്മേളനത്തിലുണ്ടായില്ലെന്ന് വിജിലൻസ് കണ്ടെത്തി. മനോജ് എബ്രഹാമായിരുന്നു സംഘാടക സമിതി ചെയർമാൻ. മനോജ് എബ്രഹാമിന്റെ സ്വാധീനമായിരുന്നു കൊക്കൂണിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവന്നത്. യഥാർത്ഥത്തിൽ ഐടി കമ്പനികളുടെ ഒത്തുചേരലിനും കച്ചവടത്തിനുമായി അവസരം ഉണ്ടാക്കൽ മാത്രമായിരുന്നു കൊക്കൂൺ എന്നാണ് കണ്ടെത്തൽ. ചില സർക്കാരിതര സംഘടനകളുടെ സഹായത്തോടെ നടന്ന സമ്മേളനം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നാണ് വിജിലൻസിന്റെ പ്രാധമിക നിഗമനം. വിദേശത്തുനിന്ന് വന്ന സമ്മേളന പ്രതിനിധികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം.

ഇതിനൊപ്പം മനോജ് എബ്രഹാമിനെതിരായ മറ്റൊരു അഴിമതി ആരോപണവും വിജിലൻസിന്റെ സജീവ പരിഗണനയിലുണ്ട്. പൊലീസ് സേനയെ നവീകരിക്കുന്നതിന് ഇലക്ട്രോണിക് ബീറ്റ് ഉപകരണങ്ങൾ വാങ്ങാൻ കരാർ നൽകിയ 1.87 കോടിരൂപ പാഴായ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ട് മാസങ്ങളായെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഇ ബീറ്റ് ഇടപാടിൽ സംസ്ഥാനത്തിന് പലിശയടക്കം മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പൊലീസ് ആധുനീകരണത്തിന് അനുവദിച്ച പണമാണ് പാഴായിപ്പോയത്. രാത്രികാലങ്ങളിൽ ബീറ്റ് പുസ്തകം സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിലും ചുമതല നൽകിയിട്ടുള്ള ഇടങ്ങളിലും പുസ്തകം ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് അഴിമതിയിൽ മുങ്ങിയത്. അന്താരാഷ്ട്ര സമ്മേളനത്തിന്റെ കണക്കുകൾ ഉടനടി നൽകണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് സർക്കാരിന്റെ ഉടമസ്ഥതയിൽ മസ്‌കറ്റ് ഹോട്ടലും കോവളത്ത് സമുദ്രയും ഉള്ളപ്പോഴാണ് കൊല്ലത്തെ സ്വകാര്യ നക്ഷത്രഹോട്ടലിൽ അന്താരാഷ്ട്രസമ്മേളനം നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് അതിഥികളും വിശിഷ്ടവ്യക്തികളും എത്തുന്നതെന്നിരിക്കേ, ഇവരുടെ യാത്രാചെലവിനു മാത്രം ലക്ഷങ്ങൾ വേണ്ടിവന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായതൊന്നും സമ്മേളനത്തിലുണ്ടായില്ല. പൊലീസ് നേതൃത്വം നടത്തിയ വമ്പൻ അഴിമതിയുടെ വിശദാംശങ്ങൾ വിജിലൻസ് മേധാവി ജേക്കബ് തോമസ് സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ഗൗരവത്തോടെയാണ് ആരോപണങ്ങളെ കാണുന്നത്. തിരുവനന്തപുരം റേഞ്ചിൽ വലിയൊരു അഴിച്ചു പണിക്കുള്ള സാധ്യതയും കാണുന്നു. ഇതു സംബന്ധിച്ച ഫയലുകളെല്ലാം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും പരിശോധിക്കുമെന്നാണ് സൂചന. ഇതോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.

കൊല്ലത്തു നടന്ന ദേശീയ പൊലീസ് സൈബർ സുരക്ഷാ സമ്മേളനത്തിനിടെ ഹൈടെക് സെല്ലിന്റെ ചുമതലയുള്ള വിന.കുമാരൻ നായർ അവതാരകയോടു മോശമായി പെരുമാറിയെന്ന ആരോപണം വിവിധതരം ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ റിപ്പോർട്ടിനെത്തുടർന്ന് അസി. കമാൻഡന്റ് പദവിയിലുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഐജി മനോജ് എബ്രഹാമിന്റെ ശുപാർശ പ്രകാരമായിരുന്നു അത്. വിനയകുമാരൻ നായർക്കെതിരായ ആരോപണങ്ങൾ കൊക്കൂണിലേക്ക് തിരിയുമെന്ന ആശങ്കയാണ് ഐജിയുടെ പെട്ടെന്നുള്ള ഇടപെടലിന് കാരണമെന്നും വിമർശനമുണ്ട്. പെൺകുട്ടിയിൽ നിന്ന് പരാതി എഴുതി വാങ്ങാതെ റിപ്പോർട്ട് തയ്യാറാക്കി. ഇതിലൂടെ സമ്മർദ്ദം ചെലുത്തി പരാതിക്കാരിയെ അനുനയിപ്പിക്കാൻ വിനയകുമാരൻ നായർക്ക് അവസരമൊരുക്കിയെന്നും ആക്ഷേപം ശക്തമാണ്. ഇതുവരെ പെൺകുട്ടി പരാതി നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ ആരോപണങ്ങൾ നിഷേധിച്ച് വിനയകുമാരൻ നായർ വാർത്താക്കുറിപ്പ് പോലും നൽകി. ആരോപണങ്ങൾ നിഷേധിച്ച വിനയകുമാരൻ നായർ പെൺകുട്ടി പരാതി നൽകില്ലെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. ഈ വിവാദത്തിനിടെയാണ് റാവീസിലെ മദ്യകച്ചവടം ഋഷിരാജ് സിംഗിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ എക്‌സൈസ് കമ്മീഷണർ എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തി. ഇതോടെ പണത്തിന്റെ ഒഴുക്ക് ബോധ്യപ്പെട്ടു. സമ്മേളനത്തിന് എത്തിയ എല്ലാവർക്കും റാവീസിൽ സ്യൂട്ട് മുറികൾ അനുവദിച്ചു. വലിയ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് ഋഷിരാജ് സിംഗിന് ബോധ്യപ്പെട്ടു. ഇത് തന്നെയാണ് പ്രാഥമിക അന്വേഷണത്തിൽ വിജിലൻസും ശരിവച്ചിരിക്കുന്നത്. കൊക്കൂൺ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പൊലീസ് ആസ്ഥാനത്തെ ഐജിയായ സുരേഷ് രാജ് പുരോഹിതിനും ചില സംശയങ്ങൾ തോന്നിയിരുന്നു.

തുടർന്ന് അദ്ദേഹവും സ്വന്തം നിലയിൽ പരിശോധന നടത്തിയിരുന്നു. വലിയ ക്രമക്കേടുകളാണ് സുരേഷ് രാജ് പുരോഹിത് അന്വേണത്തിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP