Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിനോദ് കുട്ടപ്പന്റെ അക്കൗണ്ടിലേക്ക് ഒഴുകിയ കോടികൾ യുപിഎ സർക്കാരിന്റെ അഴിമതി ഇടപാടുകളുടേതോ? എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുതിയ ദിശയിൽ; മന്മോഹന്റെ സെക്രട്ടറിയായിരുന്ന ടികെഎ നായരും കോൺഗ്രസ് നേതാക്കളും സംശയത്തിന്റെ നിഴലിൽ

വിനോദ് കുട്ടപ്പന്റെ അക്കൗണ്ടിലേക്ക് ഒഴുകിയ കോടികൾ യുപിഎ സർക്കാരിന്റെ അഴിമതി ഇടപാടുകളുടേതോ? എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുതിയ ദിശയിൽ; മന്മോഹന്റെ സെക്രട്ടറിയായിരുന്ന ടികെഎ നായരും കോൺഗ്രസ് നേതാക്കളും സംശയത്തിന്റെ നിഴലിൽ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കോടികളുടെ ഹവാല പണം എത്തിയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്തുനടത്തിയ ഇടപാടുകളിലേക്ക് നീങ്ങുന്നു. മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ടി.കെ.എ നായരുടെ കുടുംബാംഗങ്ങളും തിരുവനന്തപുരം സ്വദേശിയായ അഡ്വ. വിനോദ്കുമാർ കുട്ടപ്പനും പങ്കാളികളായ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് യു.പി.എ സർക്കാരിലേക്ക് നീങ്ങുന്നത്. മൂന്ന് വർഷത്തിനിടെ വിനോദ്കുമാർ കുട്ടപ്പന്റെ അക്കൗണ്ടുകൾ വഴി 50 കോടിയോളം രൂപയാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ മെയ് മാസം ആദ്യം വിനോദ്കുമാർ കുട്ടപ്പന്റെ വീട്ടിൽ നടന്ന റെയ്ഡിൽ നിന്നാണ് പണമിടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഗൾഫിൽ നിന്നെത്തിയ പണത്തിന് പുറമേ വിവിധ സഹകരണ ബാങ്കുകളിലായി 15 കോടി രൂപയോളം നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

പത്തനംതിട്ട കടമ്പനാട് സ്വദേശിയായ ജോൺ ഗീവർഗ്ഗീസ് കുരുവിള എന്നയാളാണ് വിനോദ്കുമാറിന്റെ അക്കൗണ്ടുകളിലേക്ക് പണമയച്ചത്. സൗദിയിലെ ദമ്മാമിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ജോൺ ഗീവർഗ്ഗീസ് കുരുവിള. നെടുമങ്ങാട്ടുള്ള ഒരാശുപത്രിയുടെ ഓഹരി വാങ്ങാൻ വേണ്ടിയാണ് പണമയച്ചതെന്നാണ് വിനോദ്കുമാറിന്റെയും ജോണിന്റെയും മൊഴി. എന്നാൽ ഈ മൊഴി എൻഫോഴ്‌സ്‌മെന്റ് വകുപ്പ് മുഖവിലയ്ക്കെടുത്തിട്ടില്ല. പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഇരുവരുടെയും മൊഴികളിലുള്ളതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറയുന്നത്. നെടുമങ്ങാട്ടുള്ള ആശുപത്രി വളരെ ചെറിയ ഒന്നാണ്. ഈ ആശുപത്രിയുടെ ഓഹരി വാങ്ങാൻ ഇത്രയും പണം ആവശ്യമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

ജോണിന് പണത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമാക്കാനുമായിട്ടില്ല. ജോണിന്റെ ബോസ് തന്നതാണ് പണമെന്നാണ് എൻഫോഴ്‌സ്‌മെന്റിനോട് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇത്രയും പണം ബോസ് എന്തിനുവേണ്ടി ജോണിന് നൽകിയെന്നതിന് വ്യക്തത വന്നിട്ടില്ല. ഒരു ബോസ് സ്വന്തം ജീവനക്കാരന് ഇത്രയും പണം എന്തുവിശ്വാസ്യതയുടെ പേരിൽ നൽകി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ജോണിനായിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ചും മറ്റ് വിവരങ്ങൾ സംബന്ധിച്ചും തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ്.

പണമയച്ചതിൽ ഒട്ടേറെ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക വിലയിരുത്തൽ. വിദേശനാണ്യ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ട്. ഇതിനിടെ വിനോദ്കുമാർ കുട്ടപ്പനും മുൻപ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരുടെ കുടുംബാംഗങ്ങളും ചേർന്ന് ആരംഭിച്ച കമ്പനിയും സംശയത്തിന്റെ നിഴലിലാണെന്ന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് വ്യക്തമാക്കി. ടി.കെ.എ നായരുടെ മകൾ മിനി നായരും ഭർത്താവ് ജയകൃഷ്ണനും വിനോദ്കുമാർ കുട്ടപ്പനും ഭാര്യ ശ്രീകുമാരിയും ചേർന്നാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014 മെയ് 24 ന് കമ്പനി രജിസ്റ്റർ ചെയ്തു. അഗ്രിതോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനിയുടെ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.

വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ചാണ് വിനോദ്കുമാർ കുട്ടപ്പന്റെ പ്രവർത്തനം. കഴിഞ്ഞ യു.പി.എ സർക്കാരിലെ പ്രമുഖരുമായെല്ലാം വിനോദ്കുമാറിന് അടുത്തബന്ധമുണ്ട്. ടി.കെ.എ നായരുമായും വളരെ അടുത്ത ബന്ധമാണ് വിനോദ്കുമാറിനുള്ളത്. ഇവർ തമ്മിൽ എന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണമാണ് ഡൽഹി കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മുൻ യു.പി.എ സർക്കാർ നടത്തിയ വിവിധ ഇടപാടുകൾ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക കൈമാറ്റമാണ് നടന്നതെന്ന സൂചനകളെത്തുടർന്നാണ് ഈ അന്വേഷണം. ഒരു ചെറിയ ആശുപത്രിയുടെ ഓഹരി വാങ്ങാൻ 50 കോടിയോളം രൂപ ആവശ്യമില്ലെന്നിരിക്കെ എങ്ങനെ ഇത്രയുംപണം വിനോദ്കുമാറിന്റെ അക്കൗണ്ടിലെത്തി എന്നതാണ് സംശയകരം.

തിരുവനന്തപുരത്തെ കേരനാട് എന്ന പത്രത്തിന്റെ മറവിലും കോടികളുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വിനോദ് കുമാർ കുട്ടപ്പന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പത്രം. പത്രം അച്ചടിക്കുന്ന പ്രസിൽ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. വിനോദിന്റെ ഓഫീസിലും പ്രസിലും നടത്തിയ റെയ്ഡിൽ പത്രത്തിന്റെ പേരിൽ വൻസാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. യു.പി.എ സർക്കാരിൽ വൻ സ്വാധീനമാണ് അഡ്വക്കേറ്റ് വിനോദ്കുമാർ കുട്ടപ്പന് ഉണ്ടായിരുന്നത്. ഒട്ടേറെ കോൺഗ്രസ് നേതാക്കളുമായും വിനോദ് അടുത്ത ബന്ധം പുലർത്തിയിരുന്നു. വിനോദിന്റെ ഈ ബന്ധങ്ങളൊക്കെ അന്വേഷണത്തിന്റെ പരിധിയിൽവരുമെന്ന് എൻഫോഴ്‌സമെന്റ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് വിനോദ്കുമാറിന്റെയും ജോൺ ഗീവർഗ്ഗീസ് കുരുവിളയുടെയും വിശദീകരണം ലഭിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP