Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലയാളി മുഹമ്മദ് നിസാം ഏമാന്മാർക്ക് വളരെ പ്രിയപ്പെട്ട 'സാർ', സഹതടവുകാരുടെ ആശ്രിത വത്സലൻ; ഭക്ഷണം അടക്കം എല്ലാ സൗകര്യവും എത്തിക്കാൻ പുറത്തു മാനേജർമാരും ബന്ധുക്കളും; ജയിൽ അധികൃതർക്ക് സമ്മാനപ്പെരുമഴ

കൊലയാളി മുഹമ്മദ് നിസാം ഏമാന്മാർക്ക് വളരെ പ്രിയപ്പെട്ട 'സാർ', സഹതടവുകാരുടെ ആശ്രിത വത്സലൻ; ഭക്ഷണം അടക്കം എല്ലാ സൗകര്യവും എത്തിക്കാൻ പുറത്തു മാനേജർമാരും ബന്ധുക്കളും; ജയിൽ അധികൃതർക്ക് സമ്മാനപ്പെരുമഴ

തൃശൂർ: കഴിക്കാൻ എന്നും സ്‌പെഷൽ ദം ബിരിയാണി, പരിചരിക്കാൻ മത്സരിക്കുന്ന ജയിൽ അധികൃതർ, സാർ എന്നു വിളിച്ചു ബഹുമാനിക്കുന്ന കാക്കിധാരികൾ. അങ്ങനെ ജയിൽജീവിതം ശരിക്കും ആസ്വദിക്കുകയാണ് ചന്ദ്രബോസ് വധക്കേസിൽ അറസ്റ്റിലായ ക്രൂരനായ വ്യവസായി നിസാം. അകത്തുള്ള തങ്ങളുടെ മുതലാളിക്ക് എല്ലാ സൗകര്യവും എത്തിച്ചുകൊടുക്കാൻ വേണ്ടി വിയ്യൂർ സെൻട്രൽ ജയിലിനു പുറത്തു സദാ ചുറ്റിക്കറങ്ങുന്നുണ്ട്്് ഇയാളുടെ മാനേജർമാരും മറ്റ് ആശ്രിതരും. ഇതിനു കൂട്ടുനിൽക്കുന്നതാകട്ടെ ജയിൽ സൂപ്രണ്ടിനു താഴെയുള്ള ഉദ്യോഗസ്ഥനും ഒരു ഓഫീസറും, പ്രമുഖനായ ഒരു വാർഡർ തുടങ്ങിയവരും.

ജയിലിനുള്ളിൽ മര്യാദരാമനാണു നിസാം എന്നാണു വിവരം. മാനസാന്തരം വന്നിട്ടൊന്നുമല്ലത്രേ, ജയിൽ അധികൃതരുടെ ഉപദേശം അനുസരിച്ചാണ് സ്വഭാവമാറ്റം. ജയിലിലെ പെരുമാറ്റം ജാമ്യം ലഭിക്കാൻ സഹായിക്കുമെന്നും മറ്റു തടവുകാരോട് സൗഹൃദത്തോടെ പെരുമാറണമെന്നും ഉപദേശിച്ചത് ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയും ജയിൽ സൂപ്രണ്ടിനു താഴെയുള്ള ഉദ്യോഗസ്ഥനുമാണ്. പണ്ട് നിസാം വനിതാ എസ്‌ഐയെ തന്റെ ആഡംബരക്കാറിൽ പൂട്ടിയിട്ടുവെന്ന കേസിൽ എല്ലാ സഹായവും ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അതിന്റെ പ്രതിഫലമായി നിസാം നൽകിയത് പുതിയൊരു കാറാണ്. ഇപ്പോഴും അതിലാണ് ഈ ഉദ്യോഗസ്ഥൻ കറങ്ങുന്നത്.

എറണാകുളത്തെ ജയിലിലായിരുന്ന ഈ ഉദ്യോഗസ്ഥൻ ഏതാനും മാസങ്ങൾക്കു മുമ്പാണ് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയത്. ഈ ഉദ്യോഗസ്ഥൻ ഇവിടെയുള്ളതിനാലാണ് നിസാമിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റാതെ വിയ്യൂരിലേക്കുതന്നെ കൊണ്ടുവന്നതത്രേ. എന്നാൽ സഹതടവുകാരോട് നന്നായി പെരുമാറാൻ മാത്രമേ ഈ ഉദ്യോഗസ്ഥൻ ഉപദേശിച്ചുള്ളു. അതേസമയം അതിൽനിന്ന് ഒരുപടികൂടി മുകളിലാണ് നിസാമിന്റെ പ്രവർത്തനങ്ങൾ. സഹതടവുകാർക്ക് ജാമ്യത്തിന് അപേക്ഷ നൽകാനും അപ്പീലിനുമൊക്കെ പണം നൽകിക്കൊണ്ടാണ് നിസാം എല്ലാവരുടെയും തലൈവനായി വിലസുന്നത്.

ജയിൽവാസം തനിക്ക് നാണക്കേടാണെന്നും മുന്മന്ത്രി ബാലകൃഷ്ണപിള്ളയൊക്കെ കിടന്നതുപോലെ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും നിസാം ഉത്തരവിട്ടിട്ടുണ്ട്. ഇതിനുവേണ്ടി ജയിലിലെ പ്രമുഖ ഓഫീസർക്ക് 10 ലക്ഷം രൂപയാണ് വാഗ്ദാനം. അത്യാവശ്യഘട്ടത്തിൽ കോടതി ഉത്തരവില്ലാതെ തന്നെ ഈ ഓഫീസർക്ക് തടവുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ അധികാരമുണ്ട്. എന്നാൽ മാദ്ധ്യമങ്ങൾ കുഴപ്പമുണ്ടാക്കുമെന്നു ഭയന്ന് ഇദ്ദേഹം മനസില്ലാ മനസോടെ വിസമ്മതിക്കുകയായിരുന്നു. തടവുകാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും നിസാമിനെ പേടിയും ബഹുമാനവുമാണ്. സാർ എന്നാണ് സീനിയർ ഉദ്യോഗസ്ഥർ പോലും ഇയാളെ വിളിക്കുന്നത്.

നിസാമിന്റെ സഹായം പ്രതീക്ഷിച്ച് സഹായിക്കാനായി ഉദ്യോഗസ്ഥർ ആവേശം കാട്ടുകയാണത്രേ. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നിസാമിന് ദിവസവും ഉച്ചഭക്ഷണമായി എത്തിച്ചത് ചിക്കൻ ബിരിയാണിയാണ്. രണ്ടാഴ്ചയായി ഇത് കൃത്യമായി നൽകുന്നത് സഹതടവുകാരെ ഉപയോഗിച്ചാണ്. ഹെഡ്വാർഡർമാരും ഭക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥനും അറിഞ്ഞാണ് ജയിൽചട്ടം മറികടന്ന നടപടി. വൻ കോഴ വാങ്ങി സമ്പന്നർക്ക് എല്ലാ സൗകര്യവും ജയിലിൽ ചെയ്തുകൊടുക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സംഭവം.നിസാമിനെ ഫെബ്രുവരി മൂന്നിനാണ് വിയ്യൂർ ജയിലിൽ കൊണ്ടുവന്നത്. നിസാമിന്റെ അനുചരന്മാർ ജയിലധികൃതരെ സ്വാധീനിച്ച് ഇഷ്ടഭക്ഷണവും വൈദ്യസാഹായം അടക്കമുള്ള വിഐപി പരിഗണനയും നേടിയെടുക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലെ സെല്ലിലാണ് നിസാം കഴിയുന്നത്. നിസാം വന്ന ശേഷം സേവനതൽപ്പരരായ രണ്ടു തടവുകാരെ നിസാമിന് കൂട്ടായി അധികൃതർ നൽകി. അവരാണ് ജയിലിൽ വിൽപ്പനക്കായി ഉണ്ടാക്കുന്ന ബിരിയാണി ദിവസവും എത്തിക്കുന്നത്.

മറ്റു തടവുകാരുടെ ഉച്ചയൂണിനുശേഷം നിസാമിനു പുറത്തെ മുന്തിയ ഹോട്ടലിൽനിന്ന് പ്രത്യേകം ദം ബിരിയാണി എത്തിക്കുന്ന ചുമതല ഗേറ്റ് ഡ്യൂട്ടിയിലുള്ള പ്രമുഖവാർഡർക്കാണ്. മുൻപ് ജയിൽ പരിസരത്തുനിന്ന് ഒരു കിലോ കഞ്ചാവുമായി പിടിയിലായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ആഴ്ചയിൽ ഒരുദിവസം മാത്രമേ പ്രതികളെ കാണാൻ ബന്ധുക്കൾക്ക് അവസരം നൽകാവു എന്നാണ് ജയിൽ നിയമം. എന്നാൽ നിസാമിന് എന്നും സന്ദർശകരാണ്. നിസാമിന്റെ സഹോദരങ്ങൾ, സുഹൃത്തുക്കൾ ബന്ധുക്കൾ, മാനേജർമാർ എന്നിവർ ജയിലിനു സമീപത്തുതന്നെ മുറിയെടുത്ത് താമസമാക്കിയുണ്ടെന്നാണ് വിവരം.

പ്രമുഖ സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്താറില്ല. നിസാമിനെ കൊണ്ടുവന്നശേഷം സിസി ടിവി ക്യാമറകൾ അറ്റകുറ്റപ്പണി ചെയ്തിരുന്നു. എന്നാൽ ഇയാളെ താമസിപ്പിക്കുന്ന ബി ബ്‌ളോക്കിൽ മാത്രം കാമറകൾ പ്രവർത്തിപ്പിക്കാറില്ല. സെല്ലിൽ കിടക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ ഇയാൾക്ക് ഇരിക്കാൻ ഗാർഡ്‌റൂമിൽ പ്രത്യേക സൗകര്യം ഒരുക്കിയാണ് ജയിൽ അധികൃതർ തങ്ങളുടെ മുതലാളിയോടുള്ള കൂറു കാട്ടുന്നത്.

നേരത്തെ നിസാമിനെ ബാംഗ്ലൂരിൽ തെളിവെടുപ്പിനായി കൊണ്ടുപോയതും വിവാദത്തിലായിരുന്നു. തെളിവെടുപ്പിനെന്നും പറഞ്ഞ് നിസാമിനെയും കൊണ്ടു ബാംഗ്ലൂരിൽ പോയത് ഉല്ലാസയാത്രയ്ക്കായിരുന്നു. നിസാമിന്റെ പേരിലുള്ള സ്വത്തുക്കൾ ബിനാമി പേരിലേക്ക് മാറ്റുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന ആരോപണവമുണ്ട്. പൊലീസ് സംഘത്തിനൊപ്പമുള്ള ഉല്ലാസയാത്രയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിസാം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഫോൺ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോൾസ് റോയ്‌സ് കാറിന് മുന്നിൽ നിന്ന് ഫോൺ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കസ്റ്റഡിയിൽ കഴിയുന്ന നിസാമിന് ഉന്നതരെ ബന്ധപ്പെടാനും കേസ് ഒതുക്കാനും പൊലീസ് എല്ലാ സഹായവും ചെയ്യുന്നുവെന്ന് ഈ തെളിവുകളിൽ കൂടി വ്യക്തമാണ്. ബാംഗ്ലൂരിലേക്ക് തൃശ്ശൂരിൽ നിന്നും യാത്രതിരിച്ച പൊലീസ് സംഘം പിന്നീട് നിസാമിന്റെ റോൾസ് റോയിസ് കാറും ഉപയോഗിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.

അതുകൊണ്ട് തന്നെ കൊലയാളിയാണെങ്കിലും പൊലീസുകാർക്ക് കൺകണ്ട ദൈവമായി മാറിയിട്ടുണ്ട് നിസാം. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച കൊന്ന വിവാദ വ്യവസായി നിസാമിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസം തോറും പുറത്തുവരുന്നത്. കൊലപാതക കേസുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് അന്വേഷണ സംഘം തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും നിസാമുമായി ഉല്ലായാത്ര പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP