Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിസാ തട്ടിപ്പുകേസ് പ്രതിയുടെ ബലാത്സംഗ ആരോപണം കെട്ടുകഥ; ബിന്ദു ഖാസിയെ ലോഡ്ജിലെത്തിച്ചത് മുംബൈ പൊലീസിന്റെ സഹായം ലഭിക്കാത്തതിനാൽ: സസ്‌പെൻഷനിലായ പൊലീസുകാർ മറുനാടൻ മലയാളിയോട് പറഞ്ഞത്

വിസാ തട്ടിപ്പുകേസ് പ്രതിയുടെ ബലാത്സംഗ ആരോപണം കെട്ടുകഥ; ബിന്ദു ഖാസിയെ ലോഡ്ജിലെത്തിച്ചത് മുംബൈ പൊലീസിന്റെ സഹായം ലഭിക്കാത്തതിനാൽ: സസ്‌പെൻഷനിലായ പൊലീസുകാർ മറുനാടൻ മലയാളിയോട് പറഞ്ഞത്

തൃശൂർ: വിസാതട്ടിപ്പു കേസിൽ മുംബൈയിൽ അറസ്റ്റിലായ യുവതിയെ ഹോട്ടലിൽ എത്തിച്ച് പൊലീസുകാർ ബലാത്സംഗം ചെയ്തുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 25 ഓളം പേർക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ യുവതിയാണ് ഈ ആരോപണം ഉന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതിയ അയച്ചതും തുടർന്നാണ് ചാലക്കുടി പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ അടക്കമുള്ള മൂന്ന് പേരെ സസ്‌പെന്റ് ചെയ്തതും. എന്നാൽ പൊലീസ് കസ്റ്റഡിയിൽ ബലാത്സംഗം ചെയ്യപ്പെട്ട പരാതി മനപൂർവ്വം കെട്ടിച്ചമച്ചതാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസുകാർ പറയുന്നു. ചാലക്കുടി കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ വിസാ തട്ടിപ്പ് നടത്തിയ പ്രതി ബിന്ദു ഖാസി ബലാത്സംഗ കഥ കെട്ടിച്ചമച്ചതാണെന്ന് എസ്.ഐ ഡേവിസ്, എഎസ്‌ഐ ഗിരിജാ വല്ലഭൻ, വനിത പൊലീസ് ഓഫീസർ സുനിത ഹംസ എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: തൃശ്ശൂർ മുരിങ്ങൂർ സ്വദേശിയായ ബിന്ദു ഖാസി ജോലി ആവശ്യത്തിനായാണ് 16 വർഷങ്ങൾക്ക് മുൻപ് മുബൈയിൽ എത്തുന്നത്. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞ ബിന്ദു ചില ആശുപത്രികളിൽ ജോലി ചെയ്തിരുന്നു. ബോംബെ ജീവിതത്തിനിടയിൽ പരിചയപ്പെട്ട ഖത്തർ എംബസിയിലെ ഉദ്യോഗസ്ഥനായ സുഡാൻകാരൻ അബ്ദുൾ റഹ്മാൻ ഖാസിയുമായുള്ള വിവാഹശേഷമാണ് ഇരുവരും ബിസിനസ് രംഗത്തേക്ക് തിരിഞ്ഞത്. ഖത്തർ എംബസിയിലെ അബ്ദുൾറഹ്മാൻ ഖാസിയുടെ സ്വാധീനം ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള ഷോർട്ട് ടേം, സ്റ്റുഡന്റ് വിസ തരപ്പെടുത്തിക്കൊടുക്കുന്ന ട്രാവൽ ഏജൻസിയാണ് പിന്നീട് കോടികളുടെ തട്ടിപ്പിന്റെ കേന്ദ്രമായി മാറിയത്. 2011-ൽ ചാലക്കുടിയിൽ ഒരു വിവാഹത്തിന് ബിന്ദു ഖാസി എത്തിയതോടെയാണ് കേരളത്തിൽ തട്ടിപ്പിന്റെ കഥ ആരംഭിക്കുന്നത്.

അവിടെ വച്ച് പരിചയപ്പെട്ട നിക്‌സൻ എന്ന യുവാവ് മുഖാന്തിരമാണ് കേസിലെ പരാതിക്കാരൻ ജോസിലേക്ക് ബിന്ദുവെത്തുന്നത്. ഖത്തർ എംബസിയിലെ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ സ്വാധീനത്തിൽ ഖത്തർ മന്ത്രാലയത്തിന് കീഴിൽ 5 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു ബിന്ദുവിന്റ ചാലക്കുടിയിലെ തട്ടിപ്പ്. ജോസിന്റെ ചാലക്കുടി സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ട് വഴി 40 ലക്ഷം രൂപയോളം ബിന്ദു ഖാസി ട്രാൻസ്ഫർ ചെയ്തു. പണം നൽകിയവർ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ ജോസിന് നേരെ തിരിയുകയായിരുന്നു.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിനിരയായവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് ബിന്ദുവിനെ തേടിപ്പുറപ്പെട്ടത്. അന്വേഷണ ചുമതലയുള്ള ചാലക്കുടി എസ്.ഐ ഡേവിസ്, എ.എസ്.ഐ ഗിരിജാവല്ലഭൻ, വനിതാ പൊലീസ് സുനിത ഹംസ എന്നിവർക്കൊപ്പം പരാതിക്കാരനായ ജോസിനേയും ഇയാളുടെ സുഹൃത്തായ ബോംബെയിൽ സ്ഥലപരിചയമുള്ള മണ്ണാർക്കാട് സ്വദേശി സലീമിനെയും കൂട്ടിയാണ് ട്രെയിൻ മാർഗം സെപ്റ്റംബർ 29ന് തുരന്തോ എക്‌സ്പ്രസിൽ മുംബൈക്ക് തിരിച്ചത്.

ഒക്‌ടോബർ ഒന്നിന് മുംബൈ മീരാ റോഡിലുള്ള ജാങ്കിറ്റ് കോംപ്ലക്‌സിലെ ബിന്ദു ഖാസിയുടെ ഫ്‌ളാറ്റിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രദേശത്തെ് കശ്മീര പൊലീസ് സ്റ്റേഷനിൽ സഹായത്തിനായി പോയെങ്കിലും ആവശ്യത്തിന് പൊലീസുകാരില്ലെന്ന് പറഞ്ഞ് അവർ മടക്കുകയായിരുന്നുവെന്ന് എസ്.ഐ ഡേവിസ് പറയുന്നു. താനെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ബിന്ദു ഖാസിയെ കേരള പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. താനെ മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയിൽ ഇവർക്ക് കേസൊന്നുമില്ലാത്തതിനാൽ ബിന്ദുവിന്റെ അഭിഭാഷകന്റെ കൂടി അപേക്ഷ പരിഗണിച്ചാണ് അവരെ കോടതി കേരളത്തിലേക്ക് കൊണ്ടുവരാൻ അനുമതി നൽകിയതെന്ന് എ.എസ്.ഐ ഗിരിജാവല്ലഭൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഡോംബ്‌വില്ലിയിലെ ന്യൂ ഇന്ത്യ റസിഡൻസി എന്ന ഹോട്ടലിലാണ് അന്ന് രാത്രി തങ്ങിയത്. വനിതാ പൊലീസിനൊപ്പം ബിന്ദു ഖാസിയെ ഒരു മുറിയിലും അതിന് നേരെ എതിർവശത്തുള്ള മുറിയിൽ താനും എസ്‌ഐയുമാണ് താമസിച്ചതെന്നും എ.എസ.്‌ഐ ഗിരിജാവല്ലഭൻ സാക്ഷ്യപ്പെടുത്തുന്നു. പരാതിക്കാരനായ ജോസും, സുഹൃത്ത് സലീമും, മറ്റൊരു ഫ്‌ളോറിലും. ട്രെയിൻ ടിക്കറ്റ് തരപ്പെട്ടില്ലെന്ന വിവരത്തിനൊപ്പം ഫ്‌ളൈറ്റിലാണ് മടക്കയാത്രയെന്നത് അപ്പോൾ തന്നെ മേലുദ്യോഗസ്ഥരെ വിളിച്ച് പറഞ്ഞിരുന്നതായും മൂവരും സാക്ഷ്യപ്പെടുത്തുന്നു. പിറ്റേന്ന് ഉച്ചക്ക് 2.45 നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് പൊലീസുകാർ പ്രതികളെ കൊണ്ട് കൊച്ചിയിൽ എത്തിയത്. പരാതിക്കാരനായ ജോസും, സലീമും ട്രെയിനിലാണ് മടങ്ങിയത്.

ഒക്‌ടോബർ രണ്ടിന് വൈകുന്നേരം ചാലക്കുടിയിലെത്തി ആശുപത്രിയിലെ പരിശോധനക്ക് ശേഷമാണ് ബിന്ദു ഖാസിയെ റിമാന്റ് ചെയ്തത്. മജിസ്‌ട്രേറ്റിനോടോ, ആശുപത്രിയിലെ ഡോക്ടറോടോ ഇത്തരത്തിലൊരു പരാതിയും പ്രതി പറഞ്ഞിരുന്നില്ല. ഒരു മാസത്തെ ജയിൽ വാസത്തിനൊടുവിലാണ് ബിന്ദു ഖാസി പുറത്തിറങ്ങുന്നത്. പത്തനംതിട്ടയിലും, ആലപ്പുഴയിലും, അങ്കമാലിയിലുമൊക്കെ സമാനമായ കേസുള്ളതിനാൽ കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥക്കെതിരെ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ബിന്ദു തന്നെ പരാതിക്കാരനായ ജോസ് ബലാത്സംഗം ചെയ്‌തെന്ന ആരോപണമുന്നയിക്കുന്നത്. വനിതാ പൊലീസായ സുനിത സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയപ്പോഴാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. മുബൈയിലെ സ്ഥലങ്ങൾ പോലും കൃത്യമായി അിറയാത്ത താൻ ഒറ്റക്ക് രാത്രിയിൽ പുറത്ത് പോയെന്ന വാദം തന്നെ പച്ചക്കള്ളമാണെന്ന് സുനിത ഹംസ പറയുന്നു.

ഒരു മാസത്തിനിടെ വിവിധ കോടതികളിൽ ഹാജരാക്കിയിട്ടും ബിന്ദു ഖാസി ഇപ്പോൾ ബലാത്സംഗം നടന്നെന്ന പരാതി ഉന്നയിച്ചത് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാൻ മാത്രമായിരുന്നെന്നാണ് പൊലീസിന്റെ പക്ഷം. സത്യം തെളിയിക്കാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. അതുമല്ലെങ്കിൽ തങ്ങൾ നുണ പരിശോധനയ്ക്ക് വിധേയരാകാമെന്നും പൊലീസുകാർ മൂവരും പറയുന്നു. തങ്ങൾക്കെതിരായ പരാതി അന്വേഷിച്ച എഡിജിപി പത്മകുമാറിന് പീഡനമെന്നത് ബിന്ദു തയ്യാറാക്കിയ കഥയാണെന്ന് ബോധ്യപ്പെട്ടിരുന്നു. കസ്റ്റഡിയിൽ എടുത്തപ്പോഴുണ്ടായ ചില നടപടി ക്രമങ്ങളുടെ പേരിലാണ് തങ്ങളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. യാത്ര ഫ്‌ളൈറ്റിൽ ആക്കിയതാണ് പ്രധാന കുറ്റം. ഇതെല്ലാം അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചാണ് ചെയ്തതെന്നും എസ്‌ഐ ഡേവിസ്, എ.എസ്.ഐ ഗിരിജവല്ലഭൻ, പൊലീസുകാരി സുനിത ഹംസ എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

തട്ടിപ്പ് ആരോപിക്കപ്പെട്ട സ്ത്രീയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം താനെ പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. ശക്തിമിൽ ബലാൽസംഗ കേസ് അന്വേഷിക്കുന്ന പൊലീസ് അസിസ്റ്റന്റ് കമ്മീഷണറായ യശ്വന്ത് വട്കർ ഈ കേസ് അന്വേഷിക്കുമെന്നാണ് ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ്(ക്രൈം) ആയ സദാനന്ദ ദത്തെ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP