Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ മൂത്ത മകനെ കേരളാ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ കത്തിയുമായെത്തി ചിലരുടെ പള്ളയിൽ കയറ്റുമെന്ന് ആക്രോശിച്ച് സഞ്ജു വി സാംസണിന്റെ പിതാവ് വീണ്ടും; വിലക്ക് ലംഘിച്ച് കെസിഎയുടെ ഓഫീസിൽ എത്തിയ വിശ്വനാഥന്റെ കൊലവിളിയിൽ ഞെട്ടി കേരളാ ക്രിക്കറ്റ് അസോസിയേഷൻ; ടിസി മാത്യുവിനെ തെറി വിളിച്ച ക്ഷീണം തീരുംമുമ്പ് വീണ്ടും വിവാദം

തന്റെ മൂത്ത മകനെ കേരളാ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ കത്തിയുമായെത്തി ചിലരുടെ പള്ളയിൽ കയറ്റുമെന്ന് ആക്രോശിച്ച് സഞ്ജു വി സാംസണിന്റെ പിതാവ് വീണ്ടും; വിലക്ക് ലംഘിച്ച് കെസിഎയുടെ ഓഫീസിൽ എത്തിയ വിശ്വനാഥന്റെ കൊലവിളിയിൽ ഞെട്ടി കേരളാ ക്രിക്കറ്റ് അസോസിയേഷൻ; ടിസി മാത്യുവിനെ തെറി വിളിച്ച ക്ഷീണം തീരുംമുമ്പ് വീണ്ടും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്കിന് പുല്ലുവില നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്റെ പിതാവ് വിശ്വനാഥൻ വീണ്ടും. അസോസിയേഷന്റെ ആസ്ഥാനത്ത് അതിക്രമിച്ച് കയറി ജീവനക്കാരേയും മറ്റും വിശ്വനാഥ് സാംസൺ അസഭ്യം പറഞ്ഞു. സഞ്ജുവിന്റേ ചേട്ടനായ സാലി വി സാംസണെ കേരളാ ടീമിലെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം. സാലിയെ ടീമിലെടുത്തില്ലെങ്കിൽ പായും തലയിണയുമായി വന്ന് അനിശ്ചിതകാല സത്യാഗ്രഹം കെസിഎയ്ക്ക് മുമ്പിൽ തുടങ്ങുമെന്നാണ് വിശ്വനാഥിന്റെ ഭീഷണി. കത്തിയുമായെത്തി ചിലരുടെ പള്ളയിൽ കയറ്റുമെന്നും മര്യാദയ്ക്ക് തന്റെ മൂത്ത മകനെ കേരളാ ടീമിൽ ഉൾപ്പെടുത്തണമെന്നുമാണ് വിശ്വനാഥിന്റെ ഭീഷണി.

സഞ്ജുവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശ്വനാഥിനെതിരെ കെസിഎ നടപടിയെടുത്തിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയങ്ങളിലും ഓഫീസിലും കയറരുതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ആരേയും ഭീഷണിപ്പെടുത്തുകയോ ഇടപെടൽ നടത്തുകയോ ചെയ്യരുതെന്നുമായിരുന്നു കെഎസിഎയുടെ താക്കീത്. ഫലത്തിൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇതാണ് വിശ്വനാഥ് ലംഘിക്കുന്നത്. ഇതോടെ മക്കൾക്ക് വേണ്ടിയെന്ന തരത്തിൽ കെസിഎയെ വെല്ലുവിളിക്കുന്ന വിശ്വനാഥ് കെസിഎയ്ക്ക് തലവേദനയാവുകയാണ്. ഇത് സഞ്ജുവിനേയും ബാധിക്കുമെന്ന വിലയിരുത്തൽ കേരളാ ക്രിക്കറ്റിൽ സജീവമാണ്. സഞ്ജുവിനേയും സാലിയേയും പോലും വിലക്കുന്ന അവസ്ഥയിലേക്ക് സഞ്ജുവിന്റെ അച്ഛന്റെ പ്രവർത്തനങ്ങൾ എത്തുകയാണ്. വിശ്വനാഥൻ കെസിഎ ആസ്ഥാനത്ത് എത്തി ബഹളമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും കെസിഎ നടപടിയൊന്നും കൊടുത്തിട്ടില്ല. പൊലീസിന് പരാതി നൽകാത്തത് ശരിയായില്ലെന്ന അഭിപ്രായവും കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ സജീവമാണ്.

അപ്രതീക്ഷിതമായാണ് വിശ്വനാഥൻ രണ്ട് ദിവസം മുമ്പ് കെസിഎ ആസ്ഥാനത്ത് എത്തിയത്. ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. തീർത്തും അസഭ്യവർഷമാണ് നടത്തിയത്.  തന്റെ മകൻ സാലിയെ അണ്ടർ 25 ക്രിക്കറ്റ് ടീമിൽ എടുത്തില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കെസിഎ ആസ്ഥാനത്ത് അനിശ്ചിതകാല സത്യാഗ്രഹമെന്നായിരുന്നു ഭീഷണി. തന്റെ മക്കളെ കേരളാ ടീമിൽ നിന്ന് പുറത്താക്കുന്നവരെയെല്ലാം പാഠം പഠിപ്പിക്കുമെന്നും ഭീഷണി മുഴക്കി. സുഹൃത്തുക്കൾക്കൊപ്പമുള്ള ഈ ഭീഷണിയെ ഗൗരവമായെടുക്കാത്തത് ഭാവിയിലും ഇത്തരക്കാർക്ക് അക്രമം കാട്ടാൻ പ്രേരണ നൽകുമെന്നാണ് വിലയിരുത്തൽ.

സഞ്ജുവിനേടും സാലിയേയും ക്രിക്കറ്റിലേക്ക് കൊണ്ടു വന്നത് ഡൽഹി പൊലീസിൽ കോൺസ്റ്റബിളായ വിശ്വനാഥായിരുന്നു. ഡൽഹിക്കായി സന്തോഷ് ട്രോഫി കളിച്ച വിശ്വനാഥ് മക്കളെ ക്രിക്കറ്റ് താരമാക്കാൻ ജോലി രാജിവച്ച് കേരളത്തിലെത്തുകയായിരുന്നു. സാലിയും സഞ്ജുവും തിരുവനന്തപുരത്ത് പരിശീലനവും തുടങ്ങി. സഞ്ജുവിന്റെ മികവ് വേഗത്തിൽ അംഗീകരിക്കപ്പെട്ടു. സാലിയും മികച്ച ഓൾ റൗണ്ടറായിരുന്നു. കേരളത്തിന്റെ അണ്ടർ 22 ടീം ഉൾപ്പെടെ പലതിലും കളിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ മികവ് കാട്ടാനായില്ല. അതുകൊണ്ട് തന്നെ സാലിയെ അണ്ടർ 25 ടീമിൽ ഉൾപ്പെടുത്താനുമായില്ല. കഴിവും പ്രകടനവും മാത്രമാണ് മാനദണ്ഡമാക്കിയത്. ഇതിനെ വിവാദത്തിലാക്കാനും ഭീഷണി മുഴക്കി കാര്യം സാധിക്കാനും ആരു ശ്രമിച്ചാലും അനുവദിക്കിരുതെന്നുമാണ് തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.

സഞ്ജുവിനും സാലിക്കും എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. സഞ്ജുവിനെ കേരളാ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. മോശം ഫോമിനെ തുടർന്ന് മാറ്റി നിർത്തിയപ്പോൾ ടിസി മാത്യുവിനെ ഫോണിൽ അച്ഛൻ തെറി വിളിച്ചു. അന്ന് പൊലീസ് കേസ് ആക്കിയില്ല. ഇത് കാരണമാണ് തുടർച്ചായ തെറ്റ് ആവർത്തിക്കുന്നത്. സഞ്ജുവിന്റെ കാര്യത്തിൽ അറിയാതെ പറ്റിയ തെറ്റാണെന്നും തെറി വിളിച്ചത് മോശമാണെന്നും വിശ്വനാഥ് കെസിഎ അച്ചടക്ക സമിതിക്ക് മുമ്പിൽ കുറ്റസമ്മതം നടത്തി. അതുകൊണ്ടാണ് സഞ്ജുവിന് ശിക്ഷ നൽകാത്തതും. അത്തരമൊരു സാഹചര്യത്തിൽ വീണ്ടും കെസിഎ ആസ്ഥാനത്ത് എത്തി തെറിവിളി നടത്തിയത് ഗുരുതരമായ തെറ്റാണ്. ഇതിന് അതിന്റേതായ പ്രാധാന്യം നൽകി നടപടിയെടുക്കണമെന്നാണ് ആവശ്യം.

തന്റെ മക്കളെ കെസിഎ തർക്കുന്നുവെന്ന വിശ്വനാഥിന്റെ ആക്ഷേപവും ശരിയല്ല. ഡ്രസിങ് റൂമിൽ ബാറ്റ് തല്ലിയൊടിച്ചത് സഞ്ജുവാണ്. ടീമിനൊപ്പം നിൽക്കാതെ ഗ്രൗണ്ട് വിട്ടത് ഗുരുതര പിഴവ്. എന്നിട്ടും താരത്തിന്റെ ഭാവിയെ ഓർത്ത് കെസിഎ ഒന്നും ചെയ്തില്ല. അച്ഛന്റെ തെറി വിളി കേട്ട ശേഷവും ബിസിസിഐ വൈസ് പ്രസിഡന്റ് കൂടിയായ ടിസി മാത്യു സഞ്ജുവിന് വേണ്ടി വാദിച്ചു. അങ്ങനെയാണ് ഇഗ്ലംണ്ടിനെതിരായ സന്നാഹ മത്സരത്തിൽ സഞ്ജു ഇന്ത്യൻ ടീമിലെത്തിയത്. എന്നാൽ അവിടേയും പൂജ്യനായി. സഞ്ജുവിനെ സമ്മർദ്ദത്തിലാക്കുന്നതും റൺ നേടാൻ അനുവദിക്കാത്തതും വിശ്വനാഥന്റെ ഇടപെടലാണ്. സിനിമയെടുത്തും മറ്റും സഞ്ജുവിന്റെ ക്രിക്കറ്റ് സമ്പാദ്യം സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കുന്ന വിശ്വനാഥൻ സാലിക്കും വെല്ലുവിളിയാണ്. ഇതിന്റെ സൂചനയാണ് കെസിഎ ആസ്ഥാനത്ത് കണ്ടതെന്ന് കെസിഎയിലെ മുതിർന്ന ഭാരവാഹി മറുനാടൻ മലയാളിയോട് പറഞ്ഞു.

ടിസി മാത്യുവിനെ സഞ്ജുവിന്റെ അച്ഛൻ ചീത്തപറഞ്ഞതിൽ ക്ഷമ ചോദിച്ച് സഞ്ജു നേരത്തെ കത്തെഴുതിയിരുന്നു. സഞ്ജു ബാറ്റ് തല്ലിപൊളിച്ചതും ഡ്രസിങ് റൂം വിട്ടു പോയതും ടീം കോച്ചും ക്യാപ്ടനും മാനേജരും അന്വേഷണ കമ്മീഷന് മുമ്പിൽ സമ്മതിച്ചിട്ടുണ്ട്. എങ്കിലും സഞ്ജുവിനെ കൈവിടേണ്ടതില്ലെന്നായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. അച്ഛന്റെ കൈവിട്ട കളിക്ക് മകനെ കുറ്റക്കാരനാക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ഡ്രസിങ് റൂമിൽ സഞ്ജു ചെയതത് തെറ്റാണ്. എന്നാൽ സഞ്ജുവിന്റെ മാനസികാവസ്ഥ കണക്കിലെടുക്കണം. മോശം ഫോമിലുള്ള താരത്തിന്റെ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു ഇത്. അപ്പോഴും ഡ്രസിങ് റൂം വിട്ട് പുറത്ത് പോയത് ശരിയായ നടപടിയല്ല. ആദ്യ തെറ്റെന്ന നിലയിൽ ഇത് കാണാനായിരുന്നു തീരുമാനം. ശക്തമായ താക്കീത് നൽകി മറ്റ് നടപടികൾ ഒഴിവാക്കി,

എന്നാൽ ടിസി മാത്യുവിനെ ചീത്ത പറഞ്ഞ സഞ്ജുവിന്റെ അച്ഛന്റെ നടപടി അംഗീകരിക്കാനാകില്ല. സഞ്ജുവിന്റെ അച്ഛന് കെസിഎ സ്റ്റേഡിയങ്ങളിലും മറ്റും വിലക്കേർപ്പെടുത്തുകയും ചെയ്തു. സഞ്ജുവിനെ അച്ഛനുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നിലവിലുള്ളത്. താരത്തെ നശിപ്പിക്കുന്നതിന് പിന്നിൽ സഞ്ജുവിന്റെ അച്ഛനാണ്. ഐപിഎൽ കളിച്ചുണ്ടാക്കിയതെല്ലാം റിയൽ എസ്റ്റേറ്റിലും മറ്റും വിശ്വനാഥ് നിക്ഷേപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെ സിനിമാ നിർമ്മാണത്തിനും ഇറങ്ങി. ഇങ്ങനെ പണം കണ്ട് മതിമറന്നപ്പോൾ ഡൽഹി പൊലീസിലെ കോൺസ്റ്റബിളിന്റെ യാത്ര വഴിവിട്ടതായി. ഇതാണ് സഞ്ജുവിനേയും മോശം പെരുമാറ്റത്തിലേക്ക് കൊണ്ടു പോയത്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ അച്ഛനെതിരെ കടുത്ത നടപടിയെടുക്കേണ്ടതുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മുഴുവൻ ഗ്രൗണ്ടുകളിലും ഓഫീസുകളിലും വിശ്വനാഥിനെ കേറ്റേണ്ടെന്ന തീരുമാനം ഈ പശ്ചാത്തലത്തിലാണ്. ഇതാണ് രണ്ട് ദിവസം മുമ്പ് ലംഘിക്കപ്പെട്ടത്.

സഞ്ജു വി സാംസണിന്റെ അച്ചൻ ഡൽഹിക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച താരമായിരുന്നു. ഡൽഹി പൊലീസിൽ ജോലി ചെയ്യവേ മകന്റെ ക്രിക്കറ്റ് താൽപ്പര്യം തിരിച്ചറിഞ്ഞ് കേരളത്തിലെത്തുകയായിരുന്നു. മൂത്തമകൻ സാലിയും സഞ്ജുവും മെഡിക്കൽ കോളേജിലെ ബിജു ജോർജ് എന്ന സായി പരിശീലകന് കീഴിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. ബിജുവും ടിസി മാത്യുവുമാണ് സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞതും പ്രോൽസാഹിപ്പിച്ചതും. ഐപിഎല്ലിൽ അടക്കം സഞ്ജുവിനെ എത്തിച്ചത് ബിജുവും ടിസി മാത്യുവും ചേർന്നാണ്. രാജസ്ഥാൻ റോയൽസിൽ കളിക്കാൻ അവസരമുണ്ടാക്കിയത് ശ്രീശാന്തും. രാഹുൽ ദ്രാവിഡിന്റെ പ്രത്യേക പരിഗണന സഞ്ജുവിന് കിട്ടിയതും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. ഇതെല്ലാം മറന്നാണ് സഞ്ജുവിന്റെ അച്ഛന്റെ ഇപ്പോഴത്തെ പെരുമാറ്റം. സഞ്ജുവിന്റെ നല്ല ഭാവിയെ ഓർത്താണ് അവസാന രഞ്ജി മത്സരങ്ങളിൽ താരത്തെ മാറ്റി നിർത്തിയത്. എന്നാൽ അതു പോലെ മനസ്സിലാക്കതെയായിരുന്നു സഞ്ജുവിന്റെ അച്ഛന്റെ തെറിവിളി-കെസിഎ ഭാരവാഹി വിശദീകരിച്ചു. സാലിയുടെ കാര്യത്തിൽ എല്ലാ അതിർവരമ്പും ലംഘിച്ചു.

ഡ്രസിങ് റൂമിലെ വിവാദം മറുനാടൻ വാർത്തയാക്കിയതിന് പിന്നാലെ സഞ്ജുവിന്റെ അച്ഛൻ വിശ്വനാഥ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തന്റെ മകൻ ബാറ്റ് പൊട്ടിച്ചില്ലെന്നും കിറ്റിലേക്ക് ഇട്ടപ്പോൾ പൊട്ടിയെന്നുമായിരുന്നു വാദം. ഇതിനൊപ്പം ഡ്രസിങ് റൂം വിട്ടു പോയതിനേയും ന്യായീകരിച്ചു. ടിസി മാത്യുവിനെ ചീത്ത പറഞ്ഞില്ലെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ കേരളത്തിലെ ചില രാഷ്ട്രീയക്കാർ പോലും സഞ്ജുവിനെ തകർക്കാൻ കെസിഎയും ടിസി മാത്യുവും ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നു. ഇത്തരം വാദങ്ങളെ തള്ളിക്കളയുന്നതാണ് തെറ്റ് ഏറ്റു പറഞ്ഞ് കെസിഎയ്ക്ക് സഞ്ജു അയച്ച കത്ത്. കെസിഎയുടെ അച്ചടക്ക സമിതിക്ക് മുന്നിൽ അച്ഛനും മകനും കുറ്റസമ്മതവും നടത്തി. ഇതോടെയാണ് ശിക്ഷ ലഘൂകരിക്കപ്പെട്ടത്.

ഈ രഞ്ജി സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി. എന്നാൽ തുടർന്നിങ്ങോട്ട് തീർത്തും മുഖം മങ്ങിയതായിരുന്നു പ്രകടനം. 7 മത്സരത്തിൽ നിന്ന് 11 ഇന്നിങ്‌സുകളിലായി 334 റൺസ് മാത്രമാണ് നേടിയത്. അതിൽ ആദ്യ കളിയിൽ നേടിയ 154 റൺസുമുണ്ട്. അതായത് അവസാന ആറു മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. മുംബൈയിൽ നടന്ന ഗോവയ്ക്ക് എതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ സഞ്ജു പൂജ്യനായി പുറത്തായി. തുടർന്ന് ഡ്രെസിങ് റൂമിലെത്തിയ താരം ബാറ്റ് തറയ്ക്കടിച്ച് രോഷം പ്രകടിപ്പിച്ചു. മത്സര ശേഷം ഹോട്ടലിൽ നിന്ന് എങ്ങോട്ടോ പോയി. സഞ്ജുവിനെ കാണാതെ ടീം മാനേജ്‌മെന്റ് പരിഭ്രാന്തിയിലാവുകയും ചെയ്തു. അടുത്ത കളിയിലും നിരാശപ്പെടുത്തുന്നതായി പ്രകടനം. ഇതോടെയാണ് സഞ്ജുവിന് വിശ്രമം അനുവദിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ധാരണയുണ്ടായത്.

ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കി. താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിനിടെയാണ് അച്ഛൻ ടിസി മാത്യവിനെ ഫോണിൽ വിളിക്കുന്നത്. വളരെ മോശമായ ഭാഷയിലാണ് പെരുമാറിയത്. സഞ്ജുവിന്റെ അച്ഛൻ മോശമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പും കെസിഎയുടെ കൈയിലുണ്ട്. വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.

അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്‌ക്കെതിരെ ഹരാരയിലായിരുന്നു മത്സരം. ഈ രഞ്ജി സീസണിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായിരുന്നു സഞ്ജു ലക്ഷ്യമിട്ടത്. ഇതാണ് മോശം ഫോമും വിവാദങ്ങളും വില്ലനായെത്തുന്നത്. ഇതിനൊപ്പമാണ് അച്ഛന്റെ മോശം ഇടപെടലും. സഞ്ജുവിനേയും സാലിയേയും കെസിഎ കൈവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP