Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

74 ലക്ഷം കുടിശിക വരുത്തി മാതൃഭൂമി; 67 ലക്ഷം കൊടുക്കാതെ മംഗളം; 90 ലക്ഷം വെട്ടിച്ചു ശ്രീധരീയവും കേരള ഫുട്‌വെയേഴ്‌സും; ടാറ്റാ ടീ വെട്ടിച്ചത് 11 കോടി: ധൈര്യമുണ്ടോ സിങ്കം നിങ്ങൾക്ക് ഇവിടങ്ങളിൽ കയറി റെയ്ഡ് നടത്താൻ?

74 ലക്ഷം കുടിശിക വരുത്തി മാതൃഭൂമി; 67 ലക്ഷം കൊടുക്കാതെ മംഗളം; 90 ലക്ഷം വെട്ടിച്ചു ശ്രീധരീയവും കേരള ഫുട്‌വെയേഴ്‌സും; ടാറ്റാ ടീ വെട്ടിച്ചത് 11 കോടി: ധൈര്യമുണ്ടോ സിങ്കം നിങ്ങൾക്ക് ഇവിടങ്ങളിൽ കയറി റെയ്ഡ് നടത്താൻ?

ആവണി ഗോപാൽ

സിങ്കം ആള് പുലിയാണ്. മുഖം നോക്കാതെ നടപടി എടുക്കും. ട്രാൻസ്‌പോർട്ട് കമ്മീഷണർ ആയിരുന്നപ്പോൾ ഉണ്ടാക്കിയ തലവേദന ചില്ലറയാണോ? ദാ ഇപ്പോൾ വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസർ ആയപ്പോഴും സിങ്കം പത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ മുസ്തഫയുടെ വീട്ടിൽ കയറി വൈദ്യുതി മോഷണം പിടിച്ചത് നിസാര കാര്യം ആണോ? മാദ്ധ്യമങ്ങളിൽ സിങ്കത്തിന്റെ വീരകഥകൾ ഇല്ലാത്ത ഒരു ദിവസം എങ്കിലും ഉണ്ടോ? സിങ്കത്തെ പിടിച്ചു മുഖ്യമന്ത്രി ആക്കണം എന്ന് പറയുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം പേരും.

സിങ്കത്തിന്റെ പരിഷ്‌കാരങ്ങളും വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളും ഒക്കെ നല്ലത് തന്നെ. ഒന്നിനും ഒരു കുറവുമില്ല. എന്നാൽ ഋഷിരാജിനെ പോലെ മറ്റൊരു ഉദ്യോഗസ്ഥനും ഈ നാട്ടിൽ ഇല്ല എന്ന പ്രചാരണം അത്ര വാസ്തവം ആണോ? ചിലരെങ്കിലും ഇങ്ങനെ ചോദിക്കാറുണ്ട്. കോൺഗ്രസ്സുകാർക്ക് പോലും വേണ്ടാത്ത പാവം മുസ്തഫയുടെ വീട്ടിൽ കയറി റെയ്ഡ് നടത്തി ധീരത തെളിയിച്ച ഋഷിരാജ് സിങ്ങിനു മുമ്പിൽ ഞങ്ങൾ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണ്.

ഇത് ഞങ്ങൾ ഉണ്ടാക്കിയ ലിസ്റ്റ് അല്ല. വൈദ്യുതി ബോർഡിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ലിസ്റ്റാണ്. ഈ സ്ഥാപനങ്ങൾ എല്ലാം കൂടി ചേർന്ന് 1000 കോടി രൂപ കുടിശിക വരുത്തിയതായി ആണ് ഈ രേഖ സ്ഥാപിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് വൻകിടക്കാരാണ്. മാതൃഭൂമി പത്രവും മംഗളവും ടാറ്റാ റ്റീയും അടങ്ങുന്ന വമ്പന്മാർ. ഈ സ്ഥാപനങ്ങളിൽ കയറി റെയ്ഡ് നടത്തേണ്ട കാര്യം ഇല്ല. കാരണം ഇവർ പണം തരാൻ ഉണ്ടെന്ന് സർക്കാരിന് അറിയാം. എങ്കിൽ സിങ്കം നിങ്ങൾ ഇവരുടെ ഫ്യൂസ് ഊരുമോ? മുഖ്യമന്ത്രിയുടെ വീട്ടിലെ ഫ്യൂസ് ഊരാൻ ഓങ്ങി എന്നാ ആവേശ പൂർവമായ വാർത്ത ഈയിടെ കണ്ടതുകൊണ്ടാണ് ഈ ചോദ്യം.

ലോകത്തെ സർവ അഴിമതിക്കെതിരെയും പട പൊരുതുന്ന രണ്ടു പത്രങ്ങളും ഉണ്ട് വൈദ്യുതി ബോർഡിനെ പറ്റിച്ചു ജീവിക്കുന്ന ഈ സ്വകാര്യ കമ്പനികളുടെ കൂട്ടത്തിൽ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാതൃഭൂമിയും കോട്ടയം കേന്ദ്രമായ മംഗളവുമാണ് ലക്ഷക്കണക്കിന് രൂപ വൈദ്യുതി ഉപഭോഗത്തിന് സർക്കാരിന് നൽകാനുള്ളത്. 74,71,303 രൂപയാണ് വൈദ്യുതി ബോർഡിന് മാതൃഭൂമി പത്രം നൽകാനുള്ളത്. മംഗളം നൽകാനുള്ളത് 67,54,062 രൂപയും.

ടാറ്റാ ടീ ലിമിറ്റഡ് നൽകാനുള്ളത് 11,62,39,455 രൂപയാണ്. മുരുകപ്പ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മണിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റാകട്ടെ 10,27,46,184 രൂപയും ബോർഡിന് നൽകാനുണ്ട്. ഏകദേശം 22 കോടി രൂപയാണ് ഈ രണ്ട് കമ്പനികൾ ബോർഡിന് നൽകാനുള്ളത്. തമിഴ്‌നാട്ടിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള കമ്പനിയാണ് മുരുകപ്പ ഗ്രൂപ്പ്. ഇവരുടെ ഉടമസ്ഥതയിൽ കേരളത്തിൽ ആറു കമ്പനികൾ വേറെയുണ്ട്. അവയിൽ ഏതിൽ നിന്നെങ്കിലും ഈ പണം ഈടാക്കാൻ സർക്കാരിനു സാധിക്കും. എന്നാൽ ഇതൊന്നും ചെയ്യാനുള്ള നീക്കം സർക്കാരിന്റെയോ ബോർഡിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

സ്വകാര്യ പവർ ജനറേറ്റിങ് സ്ഥാപനങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടാത്തത് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സ്ഥാപനങ്ങൾ സർക്കാരിനു വൈദ്യുതി നൽകുന്നുണ്ടോ, എത്രമാത്രം വൈദ്യുതി ഉൽപാദിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മുല്ലപ്പെരിയാറിൽ മാത്രം കേരളം ശ്രദ്ധിക്കുമ്പോൾ മറ്റു പല പദ്ധതികളും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

കേരള ഫുട്‌വെയേഴ്‌സ് നൽകാനുള്ള കുടിശിക ഏകദേശം ഒരുകോടിക്ക് അടുത്താണ്. കൃത്യമായി പറഞ്ഞാൽ 91,41,940 രൂപയാണ് കേരള ഫുട്‌വെയേഴ്‌സ് നൽകാനുള്ളത്. ശ്രീധരീയം ആയുർവേദ ആശുപത്രി നൽകാനുള്ളത് 90,22,713 രൂപയാണ്. ട്രാവൻകൂർ റയോൺസ് നൽകാനുള്ള കുടിശിക 48 കോടിയാണ്.

വൈദ്യുതി കട്ടുമുടിച്ചവരെല്ലാംകൂടി ബോർഡിന് നൽകാനുള്ളത് 1082 കോടിയിലേറെ രൂപയാണ്. 2014 ജൂൺ 30 വരെ 1082,25,41,414 രൂപയാണ് കുടിശിക. സെപ്റ്റംബർ വരെയുള്ള മൂന്നുമാസത്തെ കണക്കു കൂടി ചേരുമ്പോൾ കോടികളുടെ വ്യാപ്തി ഉയരും. വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിലാണ് ബോർഡിന്റെ വിശദീകരണം.

1000 രൂപയുടെ ബില്ലടയ്ക്കാൻ സാധാരണക്കാരന് ഒരു ദിവസത്തെ കാലതാമസം വന്നാൽ പുലർച്ചെ തന്നെ വന്ന് ഫ്യൂസൂരുന്ന കെഎസ്ഇബി അധികൃതർ പക്ഷേ, വൻകിടക്കാരുടെ ആയിരം കോടിയുടെ കുടിശിക കണ്ടില്ലെന്ന് നടിക്കുകയാണ്. നഷ്ടക്കണക്ക് നിരത്തി വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി സാധാരണക്കാരെ പിഴിയുമ്പോഴും ഈ കുടിശിക പിരിക്കാൻ ഒരു ശ്രമവും ബോർഡ് നടത്തുന്നില്ല.

മണിയാർ ഹൈഡ്രോ ഇലക്ടിക്കൽ പ്രോജക്ട്- 10,27,46,184 രൂപ, ടാറ്റാ റ്റീ ലിമിറ്റഡ് 11,62,39,455 രൂപ, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്- 4 കോടി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ- 4 കോടി, എഫ്എസിടി ഉദ്യോഗമണ്ഡൽ- 4 കോടി, കൊച്ചി ഡിവിഷൻ- 3 കോടി, എച്ച്എംടി- 3 കോടി, കൊച്ചിൻ ഷിപ്പ്‌യാർഡ്- 2.5 കോടി, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്- 2.5 കോടി, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്- 2 കോടി, ഓട്ടോകാസ്റ്റ്- 2 കോടി, എറണാകുളം ജനറൽ ആശുപത്രി- 2കോടി, കോട്ടയം ,കോഴിക്കോട് മെഡിക്കൽ കോളേജുകൾ- 1.5 കോടി എന്നിങ്ങനെ നീളുന്നു കുടിശികയുടെ പട്ടിക.

ട്രാവൻകൂർ സിമന്റ്‌സ്, പ്രിൻസ് റോളിങ്‌സ്, ഇടപ്പള്ളി കാർബറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, ശ്രീ പത്മബാലാജി അലോയ്‌സ്, എസ് ആർ ഇലക്ട്രോപ്രൊഡക്ട്‌സ്, കേരള സ്പിന്നേഴ്‌സ്, ഹിന്ദുസ്ഥാനി സിലിൻഡർ, ഭഗവതി ടെക്‌സ്, മലയാളം കെമിക്കൽസ്, മധുരൈ കോട്ട്‌സ്, മാസ് റബേഴ്‌സ്, കല്ലുങ്കൽ ക്രംബ് റബർ ഫാക്ടറി, ആർണക്കൽ എസ്റ്റേറ്റ്, പാരഗൺ സ്റ്റീൽ, ഗ്രോവ് സ്‌നാക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എംഎ സ്റ്റീൽസ്, വെസ്റ്റ് കോസ്റ്റ് റബർ ഇന്ത്യ ലിമിറ്റഡ്, സരോജ് സ്റ്റീൽസ്, മിറാക്കിൾ റബേഴ്‌സ്, സതേൺ ഇസ്പാറ്റ് ലിമിറ്റഡ്, പൊന്മുടി പേപ്പർമിൽസ്, ടിസിഎം കുണ്ടറ, ഒബ്‌റോൺ എസ്റ്റേറ്റ്‌സ്, ടിസിഎം ലിമിറ്റഡ്, പെരിയാർ അഗ്രോ ഫുഡ് ഇൻഡസ്ട്രീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് പട്ടികയിൽ ഉള്ളത്.

വൻകിട കമ്പനികൾ പലതും കോടികൾ കുടിശിക നൽകാൻ ഉള്ളപ്പോഴും പ്രതിസന്ധി എന്ന മറപിടിച്ച് സാധാരണക്കാരനുമേൽ കുതിര കയറാനാണ് ബോർഡിന്റെ ശ്രമം. സിങ്കം പോലും ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണോ എന്ന സംശയത്തിലാണ് ജനങ്ങളും. കഴിഞ്ഞയാഴ്ച മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ സദസിൽ നിന്നുയർന്ന ഒരു ചോദ്യത്തിന് 'കർത്തവ്യ നിർവഹണത്തിൽ തനിക്ക് ആരെയും പേടിയില്ല' എന്ന് ഋഷിരാജ് സിങ് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ വൻകിടക്കാരുടെ കുടിശിക പിരിക്കാൻ എന്തിനാണ് അദ്ദേഹം മടിക്കുന്നത്? സെക്രട്ടറിയറ്റിലും മുസ്തഫയിലും വൈദ്യുതി ബോർഡ് ജീവനക്കാരിലും മാത്രം ഒതുങ്ങുകയാണോ സിങ്കം. ഉത്തരത്തിനായി ജനം കാതോർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP