Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പൊലീസ് ലാലിന്റെ മൊഴിയെടുക്കും; ദിലീപിനേയും മുകേഷിനേയും ചോദ്യം ചെയ്യാൻ അനുമതി ചോദിച്ചതായി റിപ്പോർട്ടുകൾ; ദിലീപുമായി ചേർന്ന് നടി വാങ്ങിയ ഭൂമിയെ കുറിച്ചും നടിയുടെ സഹോദരനു മുകേഷ് പണം കടം കൊടുത്തതിനെ കുറിച്ചും അന്വേഷിക്കും; മുഖ്യമന്ത്രി കർശന നിലപാട് എടുത്തതോടെ അന്വേഷണം താരങ്ങളിലേക്ക്

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പൊലീസ് ലാലിന്റെ മൊഴിയെടുക്കും; ദിലീപിനേയും മുകേഷിനേയും ചോദ്യം ചെയ്യാൻ അനുമതി ചോദിച്ചതായി റിപ്പോർട്ടുകൾ; ദിലീപുമായി ചേർന്ന് നടി വാങ്ങിയ ഭൂമിയെ കുറിച്ചും നടിയുടെ സഹോദരനു മുകേഷ് പണം കടം കൊടുത്തതിനെ കുറിച്ചും അന്വേഷിക്കും; മുഖ്യമന്ത്രി കർശന നിലപാട് എടുത്തതോടെ അന്വേഷണം താരങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ എല്ലാ ആരോപണവും അന്വേഷിക്കാൻ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിൽദ്ദേശം. സിനിമയ്ക്കുള്ളിലെ വഴിവിട്ട ബന്ധങ്ങൾ എല്ലാം പൊലീസ് പരിശോധിക്കും. നടിയുമായി പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നവരെയെല്ലാം ചോദ്യം ചെയ്യുകയും ചെയ്യും. പൾസർ സുനിയുമായി അടുപ്പമുണ്ടായിരുന്നവരെ കർശന നിരീക്ഷണത്തിലാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ സിപിഐ(എം) എംഎൽഎയായ മുകേഷിനേയും ജനപ്രിയ നായകനെന്ന വിശേഷണമുള്ള ദിലീപിനേയും ചോദ്യം ചെയ്യുന്നതും പൊലീസിന്റെ പരിഗണിക്കുന്നു. അതിനുള്ള അനുമതി ഡിജിപിയോട് അന്വേഷണ സംഘം തേടിയെന്നാണ് സൂചന. ആരിൽ നിന്നും മൊഴിയെടുക്കാൻ മുഖ്യമന്ത്രിയുടെ അനുമതിയുള്ളതിനാൽ മുകേഷിനേയും ദിലീപിനേയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

അക്രമിക്കപ്പെട്ട നടി ലാലിന്റെ നിർമ്മാണ കമ്പനിയുടെ സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഹണി ബി രണ്ട് എന്ന ഈ യൂണിറ്റിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ. ലാലിന്റെ ഡ്രൈവറാണ് പൾസർ സുനി. പീഡിപ്പിക്കപ്പെട്ട നടി ആഭയം തേടിയതും ലാലിന്റെ വീട്ടിലാണ്. മാർട്ടിനാണ് ഇവിടെ എത്തിച്ചത്. അതിന് ശേഷം തനിക്ക് ഒന്നിലും പങ്കില്ലാത്ത വണ്ണം മാർട്ടിൻ അഭിനയിക്കുകയും ചെയ്തു. എന്നാൽ പൊലീസിനും എംഎൽഎയായ പിടി തോമസിനും ഉണ്ടായ സംശയങ്ങളാണ് മാർട്ടിനെ എല്ലാം തുറന്നു പറയിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. അതിനിടെ നടി ആക്രമിക്കപ്പെട്ടതിൽ ചിത്രത്തിന്റെ നിർമ്മാതാവിനും ഉത്തരവാദിത്തമുണ്ടെന്ന് മുൻ സിനിമാ മന്ത്രികൂടിയായ കെബി ഗണേശ് കുമാർ തുറന്നു പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ ലാലിനേയും പൊലീസ് ചോദ്യം ചെയ്യും. ലാൽ പറയുന്നതിൽ അസ്വാഭാവികമായ വല്ലതും കണ്ടെത്തിയാൽ നടപടിയും ഉണ്ടാകും.

അതിനിടെ വിഷയത്തിൽ ഇനി പക്ഷം പിടിക്കേണ്ടെന്ന് താര സംഘടനയായ അമ്മ തീരുമാനിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്ന് തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്. പൊലീസുമായി കേസ് അന്വേഷണത്തിൽ സഹകരിക്കാനും നടിക്ക് എല്ലാ വിധ പിന്തുണയും നൽകാനുമാണ് അമ്മയുടെ തീരുമാനം. ആരേയും സഹായിക്കുന്ന പ്രസ്താവനകൾ നടത്തില്ല. നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം ശരിയായ ദിശയിൽ എത്തിയില്ലെങ്കിൽ പ്രതിഷേധത്തിന് ഇറങ്ങാൻ മാക്ടയും തീരുമാനിച്ചു. സർക്കാരിനെതിരെ ഈ വിഷയം ചർച്ചയാക്കാൻ ബിജെപിയും രംഗത്തുണ്ട്. ലോ അക്കാദമി വിഷയത്തിൽ ലക്ഷ്മി നായരെ പിന്തുണച്ചുവെന്ന തോന്നൽ സർക്കാരിനെതിരെ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട കേസിൽ ശക്തമായ നിലപാട് എടുക്കാനാണ് പിണറായിയുടെ തീരുമാനം.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി സന്ധ്യക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എത്ര ഉന്നതനായാലും നടിക്ക് നീതിയുറപ്പാക്കാൻ തന്നെയാണ് പിണറായി നൽകുന്ന നിർദ്ദേശം. എന്നാൽ 100ശതമാനം തെളിവും ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും എതിരായാൽ മാത്രമേ താരങ്ങളെ അറസ്റ്റ് ചെയ്യാവൂ. ആരോടും കാര്യങ്ങൾ തിരക്കുന്നതിൽ തടസ്സവുമില്ല. ഇതാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. സർക്കാരിനെതിരെ ആരും രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റരുത്. ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നത് ദേശീയ തലത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. അതിനാൽ വിവാദങ്ങൾക്ക് ഇടനൽകാതെ എത്രയും വേഗം പൾസർ സുനിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ജാമ്യാപേക്ഷയിലും മറ്റും ഒത്തുകളി പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ കർശന നിലപാടാണ് മുകേഷനും ദിലീപിനും വിനയാകുന്നത്.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പിണക്കത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മഞ്ജു വാര്യർ നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. പൾസർ സുനിയെ വാടകയ്ക്ക് എടുത്തതാണെന്ന് മഞ്ജു നിരന്തരം പറയുന്നുമുണ്ട്. ഇതെല്ലാം ദിലീപിനെ ലക്ഷ്യമിട്ടാണെന്നാണ് ആക്ഷേപം. അതിനിടെ നടിയുമായി ദിലീപിന് ബിസിനസ്സ് ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും ഭൂമി ഇടപാട് തർക്കം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ദിലീപ്-കാവ്യ മാധവൻ വിവാഹ സമയത്തും സമാനമായ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആരോപിക്കപ്പെടുന്നത് പോലെ ദിലീപും ആക്രമിക്ക്‌പ്പെട്ട നടിയും ശത്രുക്കളാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അത് തെളിയിക്കപ്പെട്ടാൽ പൾസർ സുനിക്കും ദിലപീനും തമ്മിലെ ബന്ധത്തിന് നിരവധി തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

സിപിഎമ്മിന്റെ എംഎൽഎയാണ് മുകേഷ്. പൾസർ സുനിയുമായി മുകേഷിനും ബന്ധമുണ്ട്. മുകേഷിന്റെ മുൻ ഡ്രൈവറായിരുന്നു സുനി. സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് താൻ ഒഴിവാക്കുകയായിരുന്നുവെന്ന് മുകേഷ് പരസ്യമായി സമ്മതിക്കുകയും ചെയ്തു. അതിനിടെ ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന് മുകേഷ് പണം കടം കൊടുത്തതായി ചലി സിനിമാക്കാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കഥകളും സിനിമാ ലോകത്ത് സജീവമാണ്. ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യുന്നതിനെ കുറിച്ച് അന്വേഷണ സംഘം ആലോചിക്കുന്നത്. സിനിമാക്കാരെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെങ്കിലും പാർട്ടി എംഎൽഎ കൂടിയായ മുകേഷിനെ നിസ്സാരമായ തരത്തിൽ മൊഴി രേഖപ്പെടുത്തുന്ന നടപടികളിലേക്ക് പൊലീസിന് കഴിയില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാകും മുകേഷിൽ നിന്ന് മൊഴിയെടുക്കുക.

സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഓരോ തെളിവും സൂക്ഷ്മമായി പരിശോധിക്കും. വേണമെങ്കിൽ ആക്രമത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും തേടും. മഞ്ജു വാര്യരിൽ നിന്നും കാര്യങ്ങൾ തിരക്കുന്നതും പരിഗണിക്കും. കേസിൽ മുഖ്യപ്രതിയായ പെരുമ്പാവൂർ സ്വദേശി സുനിൽകുമാറെന്ന പൾസർ സുനിയുമായി ചലച്ചിത്ര രംഗത്തുള്ള ചിലർക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെ പുതിയ നീക്കങ്ങൾ. സുനിയുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് ചലച്ചിത്ര രംഗത്തെ പല പ്രമുഖരുമായും സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് മനസ്സിലായത്. സംഭവം നടക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലെ ചില കോളുകൾ അന്വേഷണ സംഘത്തിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. ഈ കോൾ ലിസ്റ്റിൽ വരുന്നവരെയെല്ലാം നിരീക്ഷിക്കുകയാണ് പൊലീസ്. ചലച്ചിത്ര രംഗത്തെ ആരെങ്കിലും സുനിക്ക് ക്വട്ടേഷൻ നൽകിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ആക്രമണത്തിനിടെ സുനിയെ തിരിച്ചറിഞ്ഞപ്പോൾ തനിക്ക് ക്വട്ടേഷൻ കിട്ടിയതാണെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്. ഇതിനൊപ്പമാണ് മഞ്ജുവാര്യരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസത്തെ സംഭവം യാദൃച്ഛികമല്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ക്രിമിനലുകൾ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. ഡ്രൈവറെ വിലയ്‌ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡിൽ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്‌മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക... അങ്ങനെ ഓരോന്നും നേരത്തേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ പറഞ്ഞതും. അതാണ് അന്വേഷണത്തിൽ തെളിയേണ്ടത്. എനിക്ക് ഇവിടത്തെ നമ്മുടെ സർക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ട്. സത്യം ഒടുവിൽ തെളിയുകതന്നെ ചെയ്യുമെന്ന് മഞ്ജു പറയുന്നു.

സംഭവം ഒരു മാസം മുമ്പേ ആസൂത്രണം ചെയ്തതാണെന്നതും പൊലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. സുനിയുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നും ഒളിവിൽ പോയ ശേഷവും ഇയാൾ രണ്ടു കാമുകിമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൃത്യത്തിൽ സുനിക്കൊപ്പം ആദ്യാവസാനം ഉണ്ടായിരുന്ന മണികണ്ഠൻ തിങ്കളാഴ്ച വൈകിട്ട് പാലക്കാട്ടു നിന്ന് പിടിയിലായിരുന്നു. സുനി തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് ഇയാളുടെ മൊഴി. മുഖ്യപ്രതികളായ സുനിയെയും ബിനീഷിനെയുമാണ് കേസിൽ ഇനി പിടികൂടാനുള്ളത്. നാലു പ്രതികൾ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇതിൽ സുനി പിടിയിലായാൽ മാത്രമേ ഗൂഢാലോചനയിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയൂ.

നടിക്ക് ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവറെ നിയമിച്ചു നൽകിയത് ഹണിബി രണ്ടാം ഭാഗത്തിന്റെ നിർമ്മാണ കമ്പനിയായ ലാൽ ക്രിയേഷൻസായിരുന്നു. ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്റെ മെമ്പർഷിപ്പില്ലാത്ത ഡ്രൈവർമാരെ സിനിമയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം ഉള്ളപ്പോളാണ് പ്രൊഡക്ഷൻ കൺട്രോളർ പെരുമ്പാവൂർ സ്വദേശിയായ പൾസർ സുനിയെ നടിയുടെ ഡ്രൈവറായി നിയമിച്ചത്. ഷൂട്ടിംങ് ആവശ്യത്തിനായി പൾസർ സുനി നടിയെയും കൊണ്ട് ഗോവയിലും പോയിരുന്നു. ഇതിനിടെ ഒരു പ്രമുഖ സൂപ്പർ സ്റ്റാറുമായുള്ള പൾസർ സുനിക്കുള്ള അടുപ്പം അറിഞ്ഞതോടെയാണ് സുനിയെ മാറ്റണമെന്ന് നടി പ്രൊഡക്ഷൻ കൺട്രോളറോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് ഫെഫ്കയുടെ മെമ്പർഷിപ്പ് ഇല്ലാത്ത മാർട്ടിനെ പ്രൊഡക്ഷൻ കൺട്രോളർ ഡ്രൈവറായി നിയമിക്കുന്നത്. ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ മെമ്പറായിരുന്ന സനോജായിരുന്നു നടിക്കായി നേരത്തെ നിയോഗിച്ച ഡ്രൈവർ. സനോജിനെ മാറ്റിയാണ് ക്രിമിനൽ പശ്ചാത്തലമുള്ള പൾസർ സുനിയെ പ്രൊഡക്ഷൻ കൺട്രോളർ നിയമിച്ചത്. നടിയുമായി ശത്രുതയിലുള്ള സൂപ്പർ സ്റ്റാറുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഹണിബി രണ്ടാം ഭാഗത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ കോഴിക്കോട്കാരൻ എന്ന് മാക്ടയും ആരോപിച്ചിരുന്നു. ഈ സൂപ്പർസ്റ്റാർ തന്നെ മലയാള സിനിമയിൽ ഒതുക്കാൻ ശ്രമിക്കുന്നതായി നേരത്തേ നടിതന്നെ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ അറിയാതെ നടിയെ വിളിക്കാൻ ഒരു ഡ്രൈവറും പോകില്ല. അതിനാൽ നടിക്ക് നേരെ നടന്ന അക്രമത്തിന്റെ ഗൂഢാലോചനയിൽ പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂരിനും പങ്കുണ്ടെന്ന് മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര മറുനാടൻ മലയാളിയോട് ആരോപിച്ചിരുന്നു. ഈ പ്രൊഡക്ഷൻ കൺട്രോളറെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും മാക്ട ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ലാലും പ്രൊഡക്ഷൻ കൺട്രോളറും സംശയ നിഴലിലാകുന്നത്. വെള്ളിയാഴ്ച പകൽ നാല് മണിയോടെയാണ് കാക്കനാട്ടെ ലാൽ മീഡിയയിൽ നിന്ന് ഡബ്ബിങ്ങിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്സ്.യു.വി കാറുമായി മാർട്ടിൻ തൃശ്ശൂരിലേക്ക് പുറപ്പെടുന്നത്. തൃശ്ശൂരിൽ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് പൾസർ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടർന്നത്.

ഇതിനായി ചാലക്കുടിയിലെ കാറ്ററിംങ് കമ്പനിയുടെ ട്രാവലർ ചൊവ്വാഴ്ചയാണ് സുനിയും സംഘവും മറ്റൊരാളെ ഉപയോഗിച്ച് വാടകയ്ക്ക് എടുക്കുന്നത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് രണ്ട് പേർ നടിയുടെ കാറിനുള്ളിൽ കയറിയത്. നടിയുമായി നഗരത്തിൽ മൂന്ന് മണിക്കൂറോളം കറങ്ങി നടിയെ ഇവർ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയിൽ ട്രാവലറിൽ സഞ്ചരിക്കുകയായിരുന്ന മറ്റുള്ളവരും കാറിൽ കയറിയതായും സൂചനകളുണ്ട്. ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം രാത്രി 11.30 യോടെയാണ് പടമുകളിൽ കാറിൽ നടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രാവലറിൽ പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഉപയോഗിച്ച ട്രാവലർ തമ്മനംപുല്ലേപ്പടി റോഡിൽ നിന്ന് പൊലീസ് കണ്ടെടുത്ത് ഫോറൻസിക് പരിശോധന നടത്തി. ആകെ ഏഴ് പ്രതികളുള്ള കേസിലെ മൂന്ന് പ്രതികളെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തു. പൾസർ സുനിയടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP