Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്കെതിരെ കളിച്ചത് മന്ത്രി ആര്യാടൻ; ആര്യാടന് എതിർപ്പെന്ന് ഡിഎംഒ പറഞ്ഞു; ഡോക്ടർമാരിൽ പലരും മരുന്നു കച്ചവടക്കാർ; മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഡോക്ടർ ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിശ്വാസം വരാത്തവർക്ക് ഈ ശബ്ദ രേഖ കേൾക്കാം

എനിക്കെതിരെ കളിച്ചത് മന്ത്രി ആര്യാടൻ; ആര്യാടന് എതിർപ്പെന്ന് ഡിഎംഒ പറഞ്ഞു; ഡോക്ടർമാരിൽ പലരും മരുന്നു കച്ചവടക്കാർ; മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഡോക്ടർ ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിശ്വാസം വരാത്തവർക്ക് ഈ ശബ്ദ രേഖ കേൾക്കാം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പാവങ്ങളുടെ ഡോക്ടർ എന്ന് പേരെടുത്ത നിലമ്പൂരിലെ ഡോക്ടർ ഷാനവാസിന്റെ മരണം കൊലപാതകമോ ആത്മഹത്യയോ ആയിരിക്കില്ല. എന്നാൽ ദരിദ്രർക്ക് വേണ്ടി ജീവതം മാറ്റി വച്ച ആ സാധു മനുഷ്യനെ മരണത്തിലേക്ക് തള്ളി വിട്ടതിൽ നിന്നും രക്ഷപ്പെടാൻ നമ്മുടെ അധികാര സംവിധാനങ്ങൾക്കൊന്നും സാധിക്കില്ല. ആരും ജോലി ചെയ്യാൻ ഇഷ്ടപ്പെടാത്ത ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിട്ടും നിരന്തരം സ്ഥലം മാറ്റി രസിച്ച അധികാരികൾ തന്നെ ഷാനവാസിന്റെ മരണത്തിന് ഉത്തരം പറയേണ്ടി വരും. എന്നാൽ ഈ പകവീട്ടൽ സ്ഥലം മാറ്റത്തിന്റെ ഒക്കെ പിന്നിൽ മന്ത്രി ആര്യാടൻ മുഹമ്മദ് ആണെന്ന് ഡോക്ടർ ഷാനവാസ് തന്നെ തുറന്നു പറയുന്ന ശബ്ദ രേഖയാണ് മറുനാടൻ മലയാളി ഇപ്പോൾ പുറത്ത് വിടുന്നത്. അതും മരണത്തിന് തൊട്ടു മുമ്പ് പറഞ്ഞത്. ഷാനവാസ് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിൽ ആര്യാടന് എന്താണ് അസൗകര്യം ഉണ്ടായത് എന്ന് വ്യക്തമല്ലെങ്കിലും മരണത്തിലേക്ക് നയിച്ച അമിത സമ്മർദ്ദത്തിന് പിന്നിൽ ഏറ്റവും ഒടുവിലത്തെ ഈ സ്ഥലം മാറ്റം തന്നെയെന്ന് വ്യക്തം.

ഡോക്ടർ ഷാനവാസ് മരിച്ച ദിവസം രാവിലെ മറുനാടൻ മലയാളിയുടെ മലപ്പുറം ലേഖകൻ എംപി റാഫിയുടെ ഫോണിൽ വിളിച്ചാണ് ഷാനവാസ് ഇത് വെളിപ്പെടുത്തിയത്. രാത്രിയിൽ വിളിച്ച് വിശദമായി സംസാരിക്കാമെന്നും മരുന്ന് മാഫിയയും മന്ത്രിയും ചേർന്ന് തന്നെ ഒതുക്കുന്നതിന്റെ രേഖകൾ നൽകാമെന്നും ഷാനവാസ് പറഞ്ഞതിന് ശേഷമാണ് മരണം വിളിക്കുന്നത്. മരണം സ്വാഭാവികമാവുമെങ്കിലും നിരന്തര പീഡനം സൃഷ്ടിച്ച മാനസിക സമ്മർദ്ദം തന്നെയാകും അതിന് വഴി തെളിച്ചത് എന്ന് വ്യക്തമാക്കുകയാണ് ഷാനവാസിന്റെ തന്നെ വാക്കുകൾ. ആര്യാടന് താൽപ്പര്യമില്ല എന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതും ഡോക്ടർമാർ അടക്കമുള്ള അനേകം പേർ മരുന്ന്‌ കച്ചവടം നടത്തുന്നതുമായ വിവരങ്ങൾ ആണ് ഡോക്ടർ ഷാനവാസ് വെളിപ്പെടുത്തുന്നത്. പാവങ്ങൾക്ക് വേണ്ടി ജീവിച്ച ഈ മനുഷ്യനെ അകാലത്തിൽ ഇല്ലാതാക്കിയവർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു മറുനാടൻ നടത്തിയ അന്വേഷണം തുടരുന്നതിനിടയിലാണ് മറുനാടൻ ലേഖഖനോട് തന്നെ പറഞ്ഞ കാര്യങ്ങൾ വെളിയിൽ വരുന്നത്.

'3 വർഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയിൽ വേക്കൻസി ഉണ്ടായിരിക്കേ അന്യജില്ലയിലേക്ക് സ്ഥലം മാറ്റി. തികച്ചും അനധികൃതം, നിയമ വിരുദ്ധം......പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ 3 മാസം തികയുന്നതിനു മുമ്പു തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും, കുന്നുകളിലേക്കും സ്ഥലം മാറ്റി. തികച്ചും നിയമവിരുദ്ധം, പച്ചയായ മനുഷ്യാവകാശ ലംഘനം...എതിരാളികൾ വമ്പൻ സ്രാവുകളാണ്.. പക്ഷേ അവർക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല-തീർത്തും അപ്രതീക്ഷിതമായി മരണം തേടിയെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിലമ്പൂരിലെ പാവങ്ങളുടെ ഡോക്ടർ ഷാനവാസ് ഫേസ്‌ബുക്കിൽ കുറിച്ച ചില വരികളാണിത്. ഇതിൽ എതിരാളികൾ വമ്പൻ സ്രാവുകളാണെന്ന് ഷാനവാസ് പറയുന്നുണ്ട്.

താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകൾ. മരണത്തിന് ശേഷം ഫേസ്‌ബുക്കിലൂടെ അടക്കം പലരും ചോദിച്ചു ആരാണ് ഈ വമ്പൻ സ്രാവുകളുടെ കൂട്ടത്തിൽ എന്ന്. എന്നാൽ തനിക്കെതിരെ തിരിഞ്ഞവുരെ കൂട്ടത്തിൽ മന്ത്രി ആര്യാടൻ മുഹമ്മദും ഉണ്ടായിരുന്നെന്ന് ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് ഹിയറിങ് കഴിഞ്ഞ ശേഷം ശിരുവാണിയിലേക്ക് തന്നെ അനധികൃതമായി സ്ഥലം മാറ്റി എന്ന കാര്യത്തെ കുറിച്ച് സംസാരിക്കാൻ 13ാം തീയ്യതിയാണ് ഡോ. ഷാനവാസ് മറുനാടൻ ലേഖകൻ റാഫിയെ ഫോണിൽ വിളിച്ചത്. തിരക്കിനിടയിൽ ആയതിനാൽ പറയാനുള്ള കാര്യങ്ങൾ പറഞ്ഞോളുവെന്നും ഫോൺ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും റാഫി അദ്ദേഹത്തോടെ പറയുകയുണ്ടായി. തുടർന്ന് നടന്ന സംഭാഷണത്തിലാണ് തന്നെ സ്ഥലംമാറ്റിയതിൽ ആര്യാടന് പങ്കുണ്ടെന്ന കാര്യം ഷാനവാസ് തുറന്നു പറഞ്ഞത്. ഹിയറിംഗിനായി എത്തിയപ്പോൾ തന്നെ ആര്യാടന് കടുത്ത എതിർപ്പാണല്ലോയെന്നാണ് ഉദ്യോഗസ്ഥർ ചോദിച്ചതെന്നും അദ്ദേഹം സംഭാഷണ മധ്യേ പറയുന്നു.

എന്നാൽ ആര്യാടന് എതിർപ്പുണ്ടാകാനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും ഷാനവാസ് പറയുന്നു. ആര്യാടന്റെ മണ്ഡലത്തിൽ താൻ നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങൾ ആണോ എതിർപ്പിന് കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ രണ്ട് കിണറുകൾ കുഴിച്ചു നൽകുകയും സൗജന്യമായി മരുന്നെത്തിക്കുകയും അടക്കുമുള്ള കാര്യങ്ങൽ ചെയ്തു പോന്നിരുന്നു. അതിൽ എതിർപ്പുാമയി പലരും രംഗത്തെത്തിയ കാര്യവും സംഭാഷണ മധ്യേ ഷാനവാസ് പറയുകയുണ്ടായി. കൂടാതെ ഡോക്ടർമാരും മരുന്നു ാഫിയയുമായുള്ള അവിശുദ്ധ ഇടപാടുകളെ കുറിച്ചും പങ്കുകച്ചവടത്തെ കുറിച്ചും ഡോ. ഷാനവാസ് വെളിപ്പെടുത്തുകയുണ്ടായി. സ്ഥലംമാറ്റിയതിന് പിന്നിൽ ഡോക്ടർമാരും രാഷ്ട്രീയ നേതൃത്വവും തമ്മിൽ ഒത്തുകളി നടന്നുവെന്നാണ് ഷാനവാസ് വ്യക്തമാക്കിയത്. തന്നെ ജോലിയിൽ ആശുപത്രിയിലെ ജീവനക്കാർ അടക്കം ആർക്കും പരാതി ഉണ്ടായിരുന്നില്ല.

എന്നാൽ ഡോക്ടർമാർക്ക് ശത്രുത ഉണ്ടാകാൻ കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മലപ്പുറം ഡിഎംഒ ഡോക്ടർ. ഉമർ ഫാറൂഖിനും തന്നോട് അനിഷ്ടമുണ്ടായിരുന്നതായി ഷാനവാസ് സംഭാഷണത്തിനിടെ പറയുകയുണ്ടായി. ഇതിന് കാരണം അദ്ദേഹത്തിന്റെ അനധികൃത വിദേശയാത്രയെ കുറിച്ച് ഫേസ്‌ബുക്കിൽ പ്രതികരിച്ചതും രോഗികളെ കച്ചവടം ചെയ്യാൻ അനുവദിക്കാത്തതാണെന്നും ഷാനവാസ് പറഞ്ഞിരുന്നു. സർക്കാറിന്റെ എൻഒസിയില്ലാതെയാണ് മലപ്പുറം ഡിഎംഒ ഡോ. ഉമർ ഫാറൂഖ് വിദേശ യാത്ര നടത്തിയത്. യൂറോപ്പിലും മറ്റും കറങ്ങി നടന്നതിന്റെ തെളിവുകൾ തന്നെ പക്കലുണ്ടെന്നും ഷാനവാസ് സംഭാഷണ മധ്യേ പറയുകയുണ്ടായി. ഇതേക്കുറിച്ച് പാസ്‌പോർട്ട് പരിശോധിച്ചാൽ വ്യക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ തന്നെ മലപ്പുറം ജില്ലയിൽ വേണ്ടെന്ന് കാണിച്ച് ഡിഎംഒ കത്തു നൽകിയെന്നും ഷാനവാസ് പറയുകയുണ്ടായി. ഇങ്ങനെയൊക്കെയുള്ളതിനുള്ള എതിർപ്പാണ് സ്ഥലം മാറ്റത്തിന് കാരണമായതെന്നണ് ഷാനവാസ് തറപ്പിച്ച് പറഞ്ഞത്. മറ്റ് ഡോക്ടർമാർ തന്നെ പിന്തുണക്കാതിരുന്നതിന്റെ കാരണമായി ഷാനവാസ് പറഞ്ഞതും ഡോക്ടർമാരുടെ കള്ളക്കളിയെ കുറിച്ചായിരുന്നു. മൂന്ന് നാലു മരുന്നുകടകൾ നടത്തുന്ന ഡോക്ടർമാരെ തനിക്ക് അറിയാമെന്നും ലാബും, സ്‌കാനിങ് സെന്ററും അടക്കമുള്ള സ്ഥാപനങ്ങൾ നടത്തി രോഗികളെ പിഴിയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തരക്കാർക്ക് ഓശാന പാടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ലോബിയും ഷാനവാസിനെതിരെ തിരിയുകയാണ് ഉണ്ടായതെന്ന കാര്യം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.

എന്നാൽ, ഹിയറിംഗിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത് വെറും പ്രവഹനമായിരുന്നുവെന്നും ഷാനവാസ് പറയുകയുണ്ടായി. സ്ഥലം മാറ്റത്തിൽ അദ്ദേഹത്തെ ആകുലപ്പെടുത്തിയത് വയോധികരായ മാതാപിതാക്കളെയും തന്റെ കാരുണ്യത്താൽ ജീവിക്കുന്നവരെയും വിട്ടുപോകേണ്ടി വരുമല്ലോ എന്നതായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ മെഡിസിൻ ഇദ്ദേഹം ആദിവാസി മേഖലകളിൽ എത്തിച്ചിരുന്നു. ഇതൊക്കെ തുടർന്നുകൊണ്ടുപോകാൻ മലപ്പുറം ജില്ലയിൽ നിന്നും മാറ്റാതെ വണ്ടൂർ എങ്കിലും നിലനിർത്തുമെന്ന് ഷാനവാസ് കരുതിയിരുന്നു. അനിൽ കുമാറിന്റെ മണ്ഡലത്തിൽ പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന് താൽപ്പര്യം. എന്നാൽ അവസാന നിമിഷം എല്ലാ പ്രതീക്ഷകളും തകർന്നുവെന്ന ഘട്ടം അദ്ദേഹത്തിന് കടുത്ത മാനസിക സമ്മർദ്ദത്തിലുമാക്കി. ഈ സമ്മർദ്ദം അകറ്റാനാണ് സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടേക്ക് യാത്ര പോയത്. അതാകട്ടെ അദ്ദേഹത്തിന്റെ അന്ത്യയാത്രയുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP