Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എത്ര പ്രകോപിപ്പിച്ചിട്ടും പിള്ളക്കും ജോർജ്ജിനുമെതിരെയും വാളെടുക്കാൻ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? നാല് മന്ത്രിമാർക്ക് കിട്ടിയ ബാർകോഴപ്പണം ചെലവാക്കിയത് സരിത കേസ് ഒതുക്കാനെന്ന് സൂചന; ഒരു കേന്ദ്രമന്ത്രിക്ക് വേണ്ടി മാത്രം അഞ്ച് കോടി മുടക്കിയെന്ന മന്ത്രിയുടെ ടെലിഫോൺ സംഭാഷണവും വിവാദത്തിൽ

എത്ര പ്രകോപിപ്പിച്ചിട്ടും പിള്ളക്കും ജോർജ്ജിനുമെതിരെയും വാളെടുക്കാൻ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? നാല് മന്ത്രിമാർക്ക് കിട്ടിയ ബാർകോഴപ്പണം ചെലവാക്കിയത് സരിത കേസ് ഒതുക്കാനെന്ന് സൂചന; ഒരു കേന്ദ്രമന്ത്രിക്ക് വേണ്ടി മാത്രം അഞ്ച് കോടി മുടക്കിയെന്ന മന്ത്രിയുടെ ടെലിഫോൺ സംഭാഷണവും വിവാദത്തിൽ

തിരുവനന്തപുരം: ആർ ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിയെ തുറന്നെതിർത്ത് രംഗത്തെത്തിയിട്ടും ചീഫ് വിപ്പ് പി സി ജോർജ്ജ് തോന്നിയതു പോലെ എല്ലായിടത്തും പോയി ഓരോ കാര്യങ്ങൾ പറയുമ്പോഴും ശക്തമായി പ്രതിരോധം തീർക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ബാർകോഴ വിവാദം കൊഴുക്കുമ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനവും ചർച്ചാവിഷയമാകുകയാണ്. പിള്ളയ്ക്കും ജോർജ്ജിനുമെതിരെ മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കാത്തതിന് കാരണം സരിത എസ് നായരുടെ സോളാർ കേസുമായി ബന്ധമുണ്ടെന്നാണ് സംശയം ഉയരുന്നത്. സരിതയ്ക്കു പല കേസുകളിൽനിന്ന് ഊരിപ്പോരാനും കോടതിയിൽ ജാമ്യത്തുക കെട്ടിവയ്ക്കാനും പണമുണ്ടായതു ബാറുകാരിൽനിന്നു പിരിച്ചെടുത്ത പണമാണെന്ന് അന്ന് പിന്നാമ്പുറ സംസാരമുണ്ടായിരുന്നു. എന്നാൽ അന്നു കോൺഗ്രസ് നേതാക്കൾ മറ്റു പലരിൽ നിന്നു സമാഹരിച്ച പണം സരിതയ്ക്കു കൊടുത്തശേഷം പിന്നീട് ബാറുകാരിൽനിന്നു കൈപ്പറ്റിയ കോഴപ്പണം അവർക്കു തിരിച്ചു കൊടുക്കുകയായിരുന്നെന്നാണ് ഇപ്പോൾ സൂചനയുള്ളത്.

മന്ത്രി കെ എം മാണി കോഴ വാങ്ങിയെന്നു ബിജു രമേശ് വെളിപ്പെടുത്തിയപ്പോൾ ബാർ ഉടമകളിൽനിന്ന് പണം കൈപ്പറ്റിയ മറ്റുനാലു കോൺഗ്രസ് മന്ത്രിമാർ അവരുടെ പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ് കാലുപിടിച്ചതായി ബാർ ഉടമാ യോഗത്തിലെ ശബ്ദരേഖയിൽനിന്നു കഴിഞ്ഞ ദിവസമാണ് വെളിവായത്. സോളാർ വിവാദം ഉണ്ടായ സമയത്ത് കേന്ദ്രമന്ത്രി ആയിരുന്ന ഒരു നേതാവിനെ ഊരിയെടുക്കാൻ മാത്രം ഒരു മന്ത്രി അഞ്ച് കോടി രൂപ വാങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. മന്ത്രി തന്നെ ഇക്കാര്യം ഒരു നേതാവിനോട് ടെലിഫോണിലൂടെ പറയുന്നത് റെക്കോർഡ് ചെയ്തിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

2013 ജൂൺ മൂന്നിനാണ് സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ ജയിലിലാകുന്നത്. എട്ടുമാസങ്ങൾക്കുശേഷം 2014 ഫെബ്രുവരി 21 ന് അട്ടക്കുളങ്ങര ജയിൽ നിന്നു മോചിതയാകുന്നതിനു മുമ്പ് 50 ലക്ഷത്തിലധികം രൂപ ജാമ്യത്തുകയായി കെട്ടിവയ്‌ക്കേണ്ടി വന്നിരുന്നു. കേരളത്തിന്റെ വിവിധ കോടതികളിലായി മുപ്പതിലധികം കേസുകളാണ് ഇവർക്കെതിരെ ഉണ്ടായിരുന്നത്. ജാമ്യത്തുക കെട്ടിവയ്ക്കാനുപയോഗിച്ച പണത്തിന്റെ ഉറവിടം ഏതെന്നു ഹൈക്കോടതി ചോദിച്ചപ്പോൾ തന്റെയും സരിതയുടെയും സുഹൃത്തുക്കൾ നൽകിയ പണമാണെന്നായിരുന്നു സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ അറിയിച്ചത്.

ജയിൽ മോചിതയായി പുറത്തെത്തിയ സരിതയോട് മാദ്ധ്യമങ്ങൾ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബന്ധുക്കൾ സഹായിച്ചു എന്നാണ് പ്രതികരിച്ചത്. എന്നാൽ ഇതുവരെയായി ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാനും സാധിച്ചില്ല. കേസ് നടക്കുന്നതിനിടയിൽ പണം നൽകി കേസ് ഒത്തുതീർപ്പാക്കാനും സരിത ശ്രമിച്ചിരുന്നു. സോളാർ കേസിൽ തന്നെ സഹായിച്ച ഉന്നതരുടെ പേര് സരിത വെളിപ്പെടുത്താതിരുന്നത് ഇവരിൽനിന്നു തുടർന്നും സഹായം ലഭിച്ചതിനാലാണ്. ബാറുടമകളിൽനിന്നു പലരും കൈപ്പറ്റിയ പണമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് പുതിയ വസ്തുതകൾ തെളിയിക്കുന്നത്.

കേസ് നൽകിയ ക്വാറി ഉടമ ശ്രീധരൻ നായർക്ക് നഷ്ടമായതിൽ അധികം തുക നൽകാമെന്ന് സരിതയും അഭിഭാഷകനും തന്നെ അറിയിച്ചിരുന്നതായി അദേഹം വെളിപ്പെടുത്തിയിരുന്നു. ഈ തുക കോഴപ്പണത്തിൽനിന്നു തിരിമറി നടത്തിയതായാണ് സൂചന. പലരിൽ നിന്നുമായി പണം വാങ്ങി സരിതയ്ക്ക് നൽകിയ ശേഷം, ബാർ ഉടമകളിൽനിന്നു വാങ്ങിയ കോഴത്തുക ഇവർക്ക് മടക്കി നൽകുകയാണ് ചെയ്തതെന്നു കരുതുന്നു. കെ സി വേണുഗോപാലിന്റെയും ഗണേശ് കുമാറിന്റെയും പങ്കിനെക്കുറിച്ച് വ്യക്തമാക്കുമെന്ന് പറഞ്ഞ സരിത ഇതൊക്കെ പിന്നെ വെള്ളം ചേർക്കാതെ വിഴുങ്ങുകയും ചെയ്തതും സഹായം പ്രതീക്ഷിച്ചുതന്നെയാണ്.

ബാർ വിഷയത്തിൽ മറ്റുമന്ത്രിമാരുടെ ഇടപെടൽ ഉണ്ടായിട്ടുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മാണിയെ എതിർക്കാത്തത്. എന്നാൽ മന്ത്രിമാർ ഈ തുകകൾ കൈപ്പറ്റിയത് സോളാർ കേസ് ഒത്തു തീർക്കാനാണെന്നാണ് പുതിയ സൂചനകൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച ചേർന്ന യുഡിഎഫ് യോഗ തീരുമാനത്തിനുശേഷം തനിക്ക് ചിലതൊക്കെ വെളിപ്പെടുത്താനുണ്ടെന്ന് പിള്ള വ്യക്തമാക്കിയതും സോളാർ വിഷയത്തെക്കുറിച്ചായിരുന്നെന്നാണ് പുതിയ കണ്ടെത്തലുകൾ. കെ എം മാണിയോ, മുഖ്യമന്ത്രിയോ, മറ്റു കോൺഗ്രസ് നേതാക്കളോ ഇതുവരെ പിള്ളയെ തള്ളിപ്പറയാത്തതിനു പിന്നിലും സോളാർ വിഷയമാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇതു പുറത്തുപറയുമെന്നതിനാലാണ് യുഡിഎഫ് യോഗം പിള്ളയ്‌ക്കെതിരെ നടപടിയെടുക്കാതിരുന്നതും. മാണിക്ക് പുറമെ മറ്റു മന്ത്രിമാരും കോഴവാങ്ങിയത് സോളാർ കേസിൽ പ്രതിയായ സരിത എസ് നായരെ പുറത്തിറക്കാനുപയോഗിച്ചിരുന്നതായാണ് സൂചന. പലതും വെളിപ്പെടുത്താനുണ്ടെന്നു പറഞ്ഞ സരിതയും ഇതുവരെ ഒന്നും പുറത്തു പറയാതിരുന്നതും ഇതിനാലാണ്. മറ്റു നാലു മന്ത്രിമാർ ആരെന്നു രാജ്കുമാർ ഉണ്ണി വ്യക്തമാക്കട്ടെ എന്നാണ് ബിജു രമേശിന്റെ നിലപാട്. കാശ് വാങ്ങിയ മന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസിന് കൈമാറിയ സിഡിയിലുണ്ടെന്നും ബിജു വ്യക്തമാക്കി.

തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നു പറഞ്ഞ മാണിയും ഇതിനു പിന്നിൽ എന്താണെന്നോ ആരാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.ഗൂഢാലോചനയ്ക്ക് പിന്നിൽ ഭരണപക്ഷത്തുള്ളവരാണോ എന്ന ചോദ്യത്തിന് ആ തൊപ്പി എടുക്കേണ്ടവർ എടുക്കട്ടെ എന്നായിരുന്നു മാണിയുടെ മറുപടി. പി സി ജോർജ്ജിനെയും പിള്ളയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയാതെ വാർത്താസമ്മേളനം നടത്തിയതിന് പിന്നിലും കോഴ വാങ്ങിയ മന്ത്രിമാരെ തനിക്ക് അറിയാമെന്ന് മാണി വ്യക്തമാക്കുകയായിരുന്നു.

അതിനിടെ ഇന്ന് വാർത്താസമ്മേളനം നടത്തിയ ആർ ബാലകൃഷ്ണ പിള്ള പണം വാങ്ങിയെന്ന് ഉറപ്പാണെന്നും എന്നാൽ ആരാണ് പണം വാങ്ങിയതെന്ന് കണ്ടുപിടിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. പക്ഷേ പണം പിരിച്ചതിനു തെളിവുണ്ട്. കൊടുത്തവർ പറയുന്നുമുണ്ട്. ആരാണു വാങ്ങിയതെന്നു കണ്ടുപിടിക്കണം. അതാണ് അന്വേഷണ ഏജൻസിയുടെ ജോലിയെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ആരോ പണം വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാണ്. പല വകുപ്പും അതിൽ വരുമെന്നും പിള്ള പറഞ്ഞത്. പിള്ള ഉദ്ദേശിച്ചത് സോളാർ തട്ടിപ്പിലെ ഒത്തുതീർപ്പ് പണത്തെ കുറിച്ചാണെന്നും വിലയിരുത്തലുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP