Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ദിരാ ഭവനിൽ മിച്ചമുള്ളത് 7000ൽ താഴെ രൂപ മാത്രം; അടുത്ത മാസം ജീവനക്കാർക്ക് ശമ്പളം നൽകാനാകുമോ എന്നും സംശയം; ഫണ്ട് വരവ് നിലച്ചതിന് പിന്നിൽ ഗ്രൂപ്പ് മാനേജർമാർ; കെപിസിസിയെ പ്രതിസന്ധിയിലാക്കിയത് എ ഗ്രൂപ്പോ? വി എം സുധീരനെ പുകച്ച് പുറത്ത് ചാടിച്ചത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്ന് സൂചന

ഇന്ദിരാ ഭവനിൽ മിച്ചമുള്ളത് 7000ൽ താഴെ രൂപ മാത്രം; അടുത്ത മാസം ജീവനക്കാർക്ക് ശമ്പളം നൽകാനാകുമോ എന്നും സംശയം; ഫണ്ട് വരവ് നിലച്ചതിന് പിന്നിൽ ഗ്രൂപ്പ് മാനേജർമാർ; കെപിസിസിയെ പ്രതിസന്ധിയിലാക്കിയത് എ ഗ്രൂപ്പോ? വി എം സുധീരനെ പുകച്ച് പുറത്ത് ചാടിച്ചത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യകാരണങ്ങൾ പറഞ്ഞുള്ള വി എം സുധീരന്റെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജിയിൽ ഗ്രൂപ്പുകളുടെ കള്ളക്കളികൾ ഉണ്ടെന്ന് ഹൈക്കമാണ്ടിന് മുന്നിൽ പരാതി. സുധീരനെ എ ഗ്രൂപ്പ് പുകച്ച് പുറത്തു ചാടിപ്പിച്ചതെന്നാണ് ഇവരുടെ നിലപാട്. ഈ പരാതിയെ ഗൗരവത്തോടെയാണ് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും കാണുന്നത്. ഈ സാഹചര്യത്തിൽ വി എം സുധീരന് മേൽ രാജി പിൻവലിക്കാൻ സമ്മർദ്ദവും ശക്തമാണ്. എകെ ആന്റണിയും രാജി അതിരുവിട്ടുവെന്ന പക്ഷക്കാരനാണ്. ഇതിന് പിന്നിൽ കളികളുണ്ടെന്ന് ആന്റണിക്കും അറിയാം. ഈ സാഹചര്യത്തിലാണ് സുധീരന്റെ രാജി സ്വീകരിക്കുന്നത് ഹൈക്കമാണ്ട് വൈകിപ്പിക്കുന്നത്.

വിദേശത്ത് ചികിൽസയിലുള്ള കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടുത്തയാഴ്ച തിരിച്ചെത്തും. അതുവരെ സുധീരന്റെ രാജിയിൽ തീരുമാനം എടുക്കില്ല. കെപിസിസിയുടെ സാമ്പത്തിക അടിത്തറ ഇളക്കിയാണ് സുധീരനെ എ ഗ്രൂപ്പ് പ്രതിസന്ധിയിലേക്ക് നയിച്ചത്. പാർട്ടിയിലേക്കുള്ള ഫണ്ട് ഒഴുക്ക് പൂർണ്ണമായും നിലപ്പിച്ചായിരുന്നു ഇത്. ജയ്ഹിന്ദ് ടിവിയിലെ പ്രശ്‌ന പരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല. ഇതുകാരണം പുറത്തു നിന്ന് ഫണ്ട് സ്വീകരിക്കാൻ ജയ്ഹിന്ദ് ടിവിക്ക് കഴിഞ്ഞില്ല. ഇതിന് സമാനമായ പ്രതിസന്ധി കെപിസിസിയിലും ഉണ്ടായി. ദൈനംദിന പ്രവർത്തനത്തിന് പോലും കെപിസിസിയിൽ കാശില്ലാതെയായി. സുധീരൻ രാജി പ്രഖ്യാപിക്കുമ്പോൾ 7000 രൂപയിൽ താഴെ മാത്രമാണ് കെപിസിസിയുടെ അക്കൗണ്ടിലെ നീക്കിയിരിപ്പെന്ന സൂചനയാണ് മറുനാടന് ലഭിക്കുന്നത്.

ഇത്രയും കുറഞ്ഞ കാശുമായി മുന്നോട്ട് പോകാൻ സുധീരന് കഴിയില്ല. ഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് അടുത്ത മാസം ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. ഇത് മനസ്സിലാക്കിയാണ് സുധീരൻ രാജിവച്ചത്. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് ഗ്രൂപ്പ് മാനേജർമാരാണ്. സുധീരൻ കെപിസിസി അധ്യക്ഷനായി തുടരുന്നതിൽ പല മുതലാളിമാർ്ക്കും എതിർപ്പുണ്ട്. അങ്ങനെയുള്ള പ്രമുഖരോടെല്ലാം കെപിസിസിക്ക് ഫണ്ട് കൊടുക്കരുതെന്ന് ഗ്രൂപ്പ് മാനേജർമാർ ആവശ്യപ്പെട്ടു. കെപിസിസിയിലെ മറ്റ് നേതാക്കൾ സുധീരനുമായി സഹകരിച്ചുമില്ല. ആരോടും നേരിട്ട് പണം ചോദിക്കുന്നത് സുധീരന്റെ രീതിയല്ല. ഇതോടെ പാർട്ടിയിലെ ഫണ്ട് പരിവ് പോലും അവതാളത്തിലായി. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് കെപിസിസി എത്തി. ഇത് പരിഹരിക്കാനുള്ള ഇടപെടൽ നടത്താൻ സുധീരന് കഴിയാത്ത സാഹചര്യവും വന്നു.

ഇങ്ങനെയാണ് സുധീരനെ കെപിസിസിയിൽ നിന്ന് പുകച്ച് പുറത്തു ചാടിച്ചതെന്നാണ് രാഹുൽ ഗാന്ധിക്ക് ചിലർ നൽകിയ റിപ്പോർട്ട്. ഇത് പരിശോധിച്ചപ്പോൾ കാര്യമുണ്ടെന്ന് രാഹുൽ ഗാന്ധിക്കും മനസ്സിലായി. തന്റെ നോമിനിയോട് ഇത് കാണിച്ചതിൽ അദ്ദേഹം പ്രതിഷേധത്തിലുമാണ്. അതുകൊണ്ട് കൂടിയാണ് സുധീരന്റെ രാജി പിൻവലിക്കുന്ന സാഹചര്യം ഉണ്ടായില്ലെങ്കിൽ കെവി തോമസിനെ ആസ്ഥാനത്തേക്ക് നിയോഗിക്കാൻ രാഹുൽ ശ്രമം നടത്തുന്നത്. താൽക്കാലിക പ്രസിഡന്റിനെ നിയോഗിക്കാനുള്ള തീരുമാനവും ഉമ്മൻ ചാണ്ടി പക്ഷത്തെ ലക്ഷ്യമിട്ടാണെന്നാണ് സൂചന. കെവി തോമസിനെ പോലൊരു ഹൈക്കമാണ്ട് വിശ്വസ്തൻ തന്നെ താൽകാലിക പ്രസിഡന്റാകും. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ്. ഇതിൽ ഒരു ഗ്രൂപ്പിനും മുൻതൂക്കം കിട്ടാത്ത സ്ഥിതിയുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും.

അതിനിടെ സുധീരന്റെ രാജി പിൻവലിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അദ്ദേഹം വഴങ്ങുമെന്ന് തോന്നുന്നില്ല എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന ,ആരോഗ്യ പ്രശ്‌നങ്ങൾ അല്ല അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത് എന്ന രീതിയിലാണ് സംസാരം. ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ ഗ്രൂപ്പ് സമ്മർദം ചെലുത്തിയാണ് രാജി വെപ്പിച്ചതെന്ന് സുധീരൻ അനുകൂലികളും സമ്മതിക്കുന്നു. ഡിസിസി സി പുനഃസംഘടനക്ക് മുൻപ് നിസ്സഹകരണം പ്രഖ്യാപിച്ച എ ഗ്രൂപ്പിനെ വീട്ടിൽ വീഴ്‌ത്തുന്ന രീതിയിലായിരുന്നു പുതിയ ഡിസിസി പ്രസിഡന്റ് മാരുടെ നിയമനം,അതോടെ പാർട്ടിയിൽ ഇമേജ് കൂടിയ വി എം സുധീരനെ പുറത്താക്കുവാൻ പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു ,അത് ഫല പ്രാപ്തിയിൽ എത്തുകയും ചെയ്തു. സാമ്പത്തിക ഞെരുക്കത്തിലേക്ക് കെപിസിസി എത്തിയത് അങ്ങനെയാണെന്ന് സുധീരൻ പക്ഷം പറയുന്നു.

സുധീരൻ രാജി വെച്ചില്ലെങ്കിൽ എ ഗ്രൂപ്പ് നോമിനികളായ സംസ്ഥാന ഭാരവാഹികൾ കൂട്ട രാജി മുഴക്കിക്കൊണ്ട് പ്രസിഡന്റിനെ സമ്മർദ്ദത്തിലാക്കി, മറു വശത്തുകൂടി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ കെ സി ജോസഫും എം എം ഹസ്സനും കിട്ടുന്ന അവസരങ്ങൾ വി എം സുധീരനെ പരിഹസിക്കുവാൻ ഉപയോഗിച്ചു .കെ പി സി സി ഭാരവാഹികളുടെ രാജി ഭീഷണിയും ,ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരുടെ ഭാഗത്തുനിന്നുള്ള പരിഹാസ വർഷവും സുധീരനെ വേദനിപ്പിച്ചു. ഇതിനിടെയാണ് കോഴിക്കോട്ട് പാർട്ടി വേദിയിൽ സുധീരൻ വീണത്. വിശ്രമം വേണമെന്ന ഡോക്ടറുടെ ഉപദേശം കൂടിയായപ്പോൾ സുധീരൻ രാജി നൽകി. സംഘടനാ ഇടപെടലിന് കഴിയാത്ത ആരോഗ്യ സാഹചര്യം സുധീരനില്ല. എന്നിട്ടും രാജി വച്ചത് ഗ്രൂപ്പ് സമ്മർദ്ദത്തിൽ മനംനൊന്താണെന്ന് അവർ പറയുന്നു.

സുധീരന്റെ രാജിയിൽ ഹൈക്കമാൻഡ് രാജിയുമായി ബന്ധപ്പെട്ട് മനസ്സ് തുറന്നിട്ടില്ല. അതേസമയം സാധാരണ പ്രവർത്തകരുടെ ഇടയിൽ നിന്നും രാജി സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ മെയിൽ പ്രവാഹമാണ്. തനിക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ച് വി എം സുധീരൻ മനസ്സുതുറക്കാത്തത് പാർട്ടിയിൽ പുതിയ വിവാദത്തിന് തിരി കൊളുത്തേണ്ട എന്ന് വിചാരിച്ച് മാത്രമാണ് എന്നാണ് അദ്ദേഹവുമായി അടുത്ത് നിൽക്കുന്നവർ പറയുന്നത്. ഹൈക്കമാണ്ടിനോടും പരാതി പറയില്ലെന്നാണ് സൂചന. അതിനിടെയാണ് രാഹുലിനോട് അടുപ്പമുള്ള ചില യുവ നേതാക്കൾ സുധീരന് വേണ്ടി ചരടുവലികൾ നടത്തുന്നത്. ഒരു ഗ്രൂപ്പിലും ഇല്ലാത്ത നേതാക്കൾക്ക് പോലും സുധീരന്റെ കാലത്ത് മതിയായ പരിഗണന കിട്ടിയിരുന്നു. എയോ ഐയോ പിടിമുറുക്കിയാൽ ഇത് ഇല്ലാതാകും. ഈ സാഹചര്യത്തിലാണ് സുധീരന് വേണ്ടി അവസാന വട്ട ശ്രമം നടക്കുന്നത്.

രാജി പിൻവലിക്കാൻ സുധീരൻ തയ്യാറായില്ലെങ്കിൽ ഗ്രൂപ്പിന് അതീതമായ വ്യക്തിയെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, പിടി തോമസ് തുടങ്ങിയവരുടെ പേരാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ യുപി തെരഞ്ഞെടുപ്പ് പരാജയത്തോടെ രാഹുലിന് ഏറെ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള നേതാക്കളുടെ അഭിപ്രായ ഐക്യം ഉണ്ടാക്കി മാത്രമേ താൽകാലിക പ്രസിഡന്റിനേയും നിയോഗിക്കാൻ കഴിയൂവെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP