Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റ്യാടിയിൽ സദാചാര പൊലീസിന്റെ മർദനത്തിനിരയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് വിട്ട് സിപിഎമ്മിൽ ചേർന്നതിലുള്ള പകയെന്ന് ആരോപണം

കുറ്റ്യാടിയിൽ സദാചാര പൊലീസിന്റെ മർദനത്തിനിരയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് വിട്ട് സിപിഎമ്മിൽ ചേർന്നതിലുള്ള പകയെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സദാചാര പൊലീസ് ആക്രമണത്തെതുടർന്ന് ആത്മഹത്യ ചെയ്ത യുവതിക്ക് പിന്നാലെ മർദ്ദനത്തിനിരയായ യുവാവും ആത്മഹത്യക്ക് ശ്രമിച്ചു. കുറ്റ്യാടി തൊട്ടിൽപാലം കോതോട് സ്വദേശി അനൂപാ(27)ണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സദാചാര പൊലീസ് ചമഞ്ഞ് അനൂപിനെ ആർഎസ്എസ് സംഘം മർദിച്ച് അവശനാക്കിയത് ബിജെപി വിട്ട് സിപിഐ(എം) അംഗത്വമെടുത്തതിനുള്ള പ്രതികാരമായാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിലെ പ്രതികളെല്ലാം ആർഎസ്എസുകാരാണെന്നതും ഇക്കാര്യം വ്യക്തമാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഗൾഫിൽ ഭർത്താവുള്ള വീട്ടമ്മയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് സദാചാര പൊലീസുകാർ അനൂപിനെ ക്രൂരമായി തല്ലിച്ചതച്ചത്. അനൂപിനെ സദാചാര പൊലീസുകാർ മർദിച്ചതിന്റെ തൊട്ടടുത്ത ദിവസം സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് കോതോട് തുവ്വാട്ടുപൊയിൽ ആയേലോട്ടുമ്മൽ ജയമേജയന്റെ ഭാര്യ പ്രസീന (30) ആത്മഹത്യചെയ്തിരുന്നു.

ഗൾഫിൽ നിന്നും നാട്ടിലെത്തുന്ന ഭർത്താവിനെ കൂട്ടിക്കൊണ്ടുവരുന്ന കാര്യം അന്വേഷിക്കാനാണ് ഓട്ടോഡ്രൈവറായ അനൂപ് ഇവരുടെ വീട്ടിലെത്തിയത്. ഈ സമയത്താണ് സദാചാരപൊലീസ് സംഘം അനൂപിനെ തല്ലിച്ചതച്ചത്. പ്രസീനയുടെ വീട്ടുമുറ്റത്തിട്ട് അനൂപിനെ പൊതിരെ തല്ലുകയായിരുന്നു.

അടുത്തിടെയാണ് ആർഎസ്എസ് അനുഭാവിയായിരുന്ന അനൂപ് സിപിഎമ്മിൽ ചേർന്നത്. ഇതിൽ പ്രദേശത്തെ ബിജെപിആർഎസ്എസ് സംഘത്തിന് അമർഷമുണ്ടായിരുന്നു. പ്രതികാരം തീർക്കാനാണ് അവിഹിതബന്ധം ആരോപിച്ച് അനൂപിനെ പ്രസീനയുടെ വീട്ടിൽ വച്ച് മർദിച്ച് അവശനാക്കിയത് എന്നാണ് ആരോപണം. എന്നാൽ അനൂപിനെ തല്ലാൻ കൂടിയവരിൽ മാർക്സിസ്റ്റ് അനുഭാവികളും ഉണ്ടായിരുന്നതായും ഇതിൽ രാഷ്ട്രീയം കലർത്തുന്നതിൽ കഥയില്ലെന്നുമുള്ള വാദവുമുണ്ട്. 

സംഭവത്തെതുടർന്ന് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവിനെ അറിയിക്കുമെന്ന് പ്രസീനയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിനെ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മക്കളുടെ മുന്നിൽ വച്ച് അപമാനിതയാകുകയും ചെയ്ത വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിലുള്ള മനോവിഷമവും അപമാനവും കാരണമാണ് ഇന്ന് അനൂപ് ആത്മഹത്യക്ക് ശ്രമിച്ചത്.

കോതോട് സ്വദേശികളായ കക്കുഴിയുള്ള പറമ്പിൽ കല്ലേരി അനീഷ് (26), കുട്ടിക്കുന്നുമ്മൽ ജിനീഷ് (26), പുക്കുന്നുമ്മൽ മനോജൻ (38), തൈയുള്ളതിൽ വിപിൻ (25) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നാലുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികളായ സോനയും ശ്വേതയുമാണ് മരിച്ച പ്രസീനയുടെ മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP