Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്ന ഒരു മലയാളി തട്ടിപ്പ് കൂടി! ലിബിയയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ നഴ്‌സുമാരിൽ നിന്നും പിരിച്ചെടുത്ത ഒരു കോടി രൂപയുമായി യുവാക്കൾ മുങ്ങി; ജീവിത സമ്പാദ്യം നഷ്ടമായത് 26 മലയാളി നഴ്‌സുമാർക്ക്

പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്ന ഒരു മലയാളി തട്ടിപ്പ് കൂടി! ലിബിയയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ നഴ്‌സുമാരിൽ നിന്നും പിരിച്ചെടുത്ത ഒരു കോടി രൂപയുമായി യുവാക്കൾ മുങ്ങി; ജീവിത സമ്പാദ്യം നഷ്ടമായത് 26 മലയാളി നഴ്‌സുമാർക്ക്

ബി രഘുരാജ്

തിരുവനന്തപുരം: ലോകത്തിന്റെ ഏതൊരു മുക്കിലും മൂലയിലും പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്നാണ് പൊതുവേയുള്ള ചൊല്ല്. ഇങ്ങനെ മലയാളികൾ ഉള്ളിടത്തൊക്കെ തട്ടിപ്പുമായി എത്തുന്ന മലയാളികളും കുറവല്ല. ദുബായ് അടക്കമുള്ള മേഖലയിൽ വിസയുടെ പേരിലും അല്ലാതെയുമൊക്കെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ പല തവണ കേട്ടിട്ടുണ്ട്. എന്നാൽ ദുരിതത്തിലും ഒരുമിച്ച് നിൽക്കാതെ മലയാളികൾ തട്ടിപ്പുമായി നടക്കുന്നുവെന്ന വാർത്ത പ്രവാസികളെ നാണം കെടുത്തുന്നു. ആഭ്യന്തര സംഘർഷം രൂക്ഷമായ ലിബിയയിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരെ രക്ഷിച്ച് നാട്ടിലെത്തിക്കാനായി മന്ത്രിതലത്തിൽ ശ്രമങ്ങൾ നടക്കുകയാണ്. ഇങ്ങനെ ദുരിതകയത്തിൽ ജീവിക്കുന്ന നഴ്‌സുമാരെ ചൂഷണം ചെയ്യാനായി ചിലർ രംഗത്തെത്തി.

ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ ബോംബ് ആക്രമണത്തിന് ഇരയാകുമെന്ന ഭീതിയിൽ കഴിയുന്ന നഴ്‌സുമാരെ പറഞ്ഞു പറ്റിച്ച് കോടികളുമായി രണ്ട് യുവാക്കൾ മുങ്ങിയെന്ന വാർത്തയാണ് ലിബിയയിൽ നിന്നും പുറത്തുവരുന്നത്. ആഭ്യന്തര സംഘർഷം രൂക്ഷമായതോടെ ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ് നഴ്‌സുമാരും ചില മലയാളി ഡോക്ടർമാരും അടക്കമുള്ളവർ കഴിയുന്നത്. എന്നാൽ മുമ്പേ കിട്ടിയ ശമ്പളം ഏതുവിധേനയും നാട്ടിലെത്തിക്കാൻ ഇവർ ശ്രമിക്കുന്നുമുണ്ട്. എന്നാൽ പണം അയയ്ക്കാൻ മാർഗ്ഗങ്ങളില്ലാത്തതിനാൽ ഇവർക്ക് പണം അയക്കാനും സാധിക്കുന്നില്ല. ഈ അവസരം മുതലെടുത്താണ് പലരിൽ നിന്നാണ് പണം പിരിച്ച് രണ്ട് യുവാക്കൾ മുങ്ങിയത്.

പണം നാട്ടിലെത്തിക്കാമെന്ന് നഴ്‌സുമാരെ പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു കോടിയുടേതിന് മുകളിൽ തുക കൂത്താട്ടുകുളം സ്വദേശി രാജേഷ്, പെരുമ്പാവൂർ സ്വദേശി സാമ്പു എന്നിവർ പിരിച്ചെടുക്കുകയായിരുന്നു. ദുബായ് വഴി പണം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് നഴ്‌സുമാരിൽ നിന്നും ഡോക്ടർമാരിൽ നിന്നുമടക്കം പണം ഇവർ കൈപ്പറ്റിയത്. പണം കൈപ്പറ്റിയ ശേഷം നാട്ടിലെത്തിക്കായെ ഇവർ കൈവശപ്പെടുത്തി വെക്കുകയാണ് ഉണ്ടായത്. പണം എത്തേണ്ട ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാത്ത അവസ്ഥ ഉണ്ടായതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം നഴ്‌സുമാർ അറിഞ്ഞത്.

ലിബിയയിലെ ബെൻസാഗി മെഡിക്കൽ സെന്ററിലും മറ്റുമായി ജോലി ചെയ്യുന്ന മലയാളികളാണ് തട്ടിപ്പിന് ഇരയായത്. ഇവിടെ ആശുപത്രിയിൽ കുടുങ്ങി കിടക്കുന്ന നഴ്‌സുമാർക്ക് പുറത്തുപോകാൻ പോലും സാധിക്കാത്ത സാഹചര്യമാണ് ഉള്ളത. കഴിഞ്ഞയാഴ്‌ച്ച് ആശുപത്രിയുടെ ആറാം നിലയിൽ റോക്കറ്റ് വന്ന് പതിച്ച സംഭവവും ഉണ്ടായി. ഈ സംഭവത്തിന്റെ ആഘാതത്തിലാണ് ഇവിടുത്ത മലയാളി നഴ്‌സുമാർ. ഇതിനിടെയാണ് പണം നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സാബുവും രാജേഷും പറ്റിച്ചതും.

പണം വീട്ടിലെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ പൊലീസിൽ പരാതി നൽകിയിരിക്കയാണ് ലിബിയയിലെ മലയാളി നഴ്‌സുമാർ. ആഭ്യന്തര യുദ്ധത്തെ തുടർന്ന് ജീവൻ പോലും പണയപ്പെടുത്തി ഇവിടെ തുടരുന്നതിന് ഇടെയാണ് മലയാളികളുടെ ഭാഗത്തു നിന്നുതന്നെ തട്ടിപ്പുണ്ടായത്. ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് സാബുവും രാജേഷും. ഇവരെ ലിബിയൻ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. തങ്ങൾ തട്ടിപ്പിന് ഇരയായ വിവരം നഴ്‌സുമാർ നഴ്‌സിങ് സംഘടനാ നേതാവ് ജാസ്മിൻ ഷായെ അറിയിച്ചിട്ടുണ്ടായി. മാസങ്ങളായി ശമ്പളം പോലും ലഭിക്കാതെ കഴിഞ്ഞിരുന്ന ഇവരുടെ ആകെ സമ്പാദ്യമാണ് സാബുവും രാജേഷും ചേർന്ന് തട്ടിപ്പിറിച്ചത്.

നൂറിലേറെ മലയാളി നഴ്‌സുമാരാണ് ലിബിയയിലെ ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയിരിക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാനായി നോർക്കയുടെ ചുമതലയുള്ള മന്ത്രി കെ സി ജോസഫ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു. നഴ്‌സുമാർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കാമെന്ന് സുഷമ സ്വരാജ് വാഗ്ദാനവും ചെയ്യുകയുണ്ടായി. നാട്ടിലേക്ക് എത്തിയാൽ എന്തു ചെയ്യണമെന്ന ആശങ്കയിലാണ് ഈ നഴ്‌സുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP