Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളിൽ നിന്നും മലയാളികൾ തട്ടിയെടുത്തത് 40,000 കോടിയോളം രൂപ; യുഎഇയിൽ നിന്നു മാത്രം 10,000 കോടിയോളം തട്ടിച്ച കേസിൽ 376 മലയാളികൾക്കെതിരെ കേസ്; ബാങ്ക് പ്രതിനിധികൾ കേരളത്തിലെത്തി കേസ് കൊടുത്ത് തുടങ്ങിയതോടെ മുങ്ങി നടന്നവർക്കൊക്കെ പേടി തട്ടി തുടങ്ങി: സർക്കാർ തലത്തിൽ ഇടപെട്ട് പ്രതികളെ മടക്കിക്കൊണ്ടു പോവാനും ആലോചന

ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളിൽ നിന്നും മലയാളികൾ തട്ടിയെടുത്തത് 40,000 കോടിയോളം രൂപ; യുഎഇയിൽ നിന്നു മാത്രം 10,000 കോടിയോളം തട്ടിച്ച കേസിൽ 376 മലയാളികൾക്കെതിരെ കേസ്; ബാങ്ക് പ്രതിനിധികൾ കേരളത്തിലെത്തി കേസ് കൊടുത്ത് തുടങ്ങിയതോടെ മുങ്ങി നടന്നവർക്കൊക്കെ പേടി തട്ടി തുടങ്ങി: സർക്കാർ തലത്തിൽ ഇടപെട്ട് പ്രതികളെ മടക്കിക്കൊണ്ടു പോവാനും ആലോചന

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഗൾഫിൽ നിന്നും പണം തട്ടി നാട്ടിലേക്ക് മുങ്ങിയ മലയാളികളിൽ ബിനോയ് കോടിയേരിയും ശ്രീജിത്ത് വിജയനെ പോലുള്ളവരും മാത്രമല്ല. ബിനോയ് കോടിയേരിയുടെ മേൽ 13 കോടിയും ശ്രീജിത്ത് വിജയനു മേൽ 10 കോടിയുടേയും ആരോപണമാണുള്ളതെങ്കിൽ ഇത്രയും തുകയോ ഇതിനു മുകളിലോ പണം തട്ടിച്ച് കേരളത്തിലേക്ക് മടങ്ങിയവരിൽ നിരവധി മലയാളികൾ ഉണ്ട്.

ഗൾഫ് രാജ്യങ്ങളിലെ  ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടിയവരിൽ 376 മലയാളികൾ ഉൾപ്പെടുന്നു. ഇത്രയും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ 4000 കോടിയുടെ തട്ടിപ്പാണ് ഗൾഫ് രാജ്യങ്ങളിൽ നടത്തിയത്. യുഎഇയിൽ നിന്നു മാത്രം 1000 കോടി രൂപയാണ് തട്ടിച്ചത്. ഗൾഫ് ബാങ്കുകളെ കൂട്ടത്തോടെ പറ്റിച്ചവരെ ഓടിച്ചിട്ടു പിടിക്കാൻ ബാങ്ക് അധികൃതർ കൂട്ടത്തോടെ കേരളത്തിലേയ്ക്ക് വരാൻ ഒരുങ്ങുകയാണ്.

എഴുന്നൂറിൽ പരം ഇന്ത്യക്കാർ ചേർന്നാണ് 40,000 കോടിയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവരിൽ പകുതിയിൽ കൂടുതലും മലയാളികളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഗൾഫ് രാജ്യങ്ങളിലെ ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. യുഎഇയിലെ ബാങ്കുകളിൽ നിന്നു മാത്രം തട്ടിയെടുത്തതാണ് 10,000 കോടി രൂപയെങ്കിൽ സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ മറ്റു ഗൾഫ് നാടുകളിലെ ബാങ്കുകളിൽ നിന്നും ഇന്ത്യാക്കാർ മൊത്തം 30,000 കോടി രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ടാവാമെന്നും ഈ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

യുഎഇ ബാങ്കുകളിൽ നിന്നും പണം തട്ടിയവരിൽ ഏറെപേരും കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ്. അബുദാബി കമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് നാഷണൽ ബാങ്ക് ഓഫ് ദുബായ്, കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, നാഷണൽ ബാങ്ക് ഓഫ് റാസൽഖൈമ, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, ഷാർജാ ഇസ്ലാമിക് ബാങ്ക് എന്നിവയാണ് കബളിപ്പിക്കപ്പെട്ട യുഎഇ ബാങ്കുകളിൽ പ്രധാനപ്പെട്ടവ. ദോഹ ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഒമാൻ, സൗദി, ബഹ്റൈൻ, കുവൈറ്റ് ബാങ്കുകളും തട്ടിപ്പിനിരയായവയിൽ ഉൾപ്പെടും.

നിലവിൽ ഗൾഫ് ബാങ്കുകളെ പറ്റിച്ച് കേരളത്തിലേക്ക് മുങ്ങിയ കേസിൽ ആലപ്പുഴ സ്വദേശികൾ അടക്കം നിരവധി മലയാളികൾക്കെതിരെ കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. മലയാളികൾ പ്രതികളായ അമ്പതോളം തട്ടിപ്പുകേസുകൾ ഇപ്പോൾത്തന്നെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലുമുണ്ട്. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ കൂടുതൽ കഥകൾ പുറത്ത് വന്നിരിക്കുന്നത്. ഗൾഫിൽ നിന്നും പണം തട്ടി മുങ്ങിയവരെല്ലാം ഇപ്പോൾ നാട്ടിലോ മറ്റേതെങ്കിലും വിദേശരാജ്യത്തോ ഒളിവിലാണെന്ന് ഈ ബാങ്കുകളുടെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

തട്ടിയ പണം നിയമപരമായി ഈടാക്കാൻ സാധ്യതകൾ ആരായുന്നതിനാണ് ഗൾഫ് ബാങ്ക് അധികൃതർ കൂട്ടത്തോടെ കേരളത്തിലേയ്ക്കും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും വരുന്നത്. കോടതി നടപടികൾ വർഷങ്ങളോളം നീളുമെന്നതിനാൽ ബാങ്ക് അധികൃതരുടെ കൺസോർഷ്യം ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും കേരളത്തിലെ ആഭ്യന്തര വകുപ്പുമായി ചർച്ചകൾ നടത്തി പണം പെട്ടെന്ന് ഈടാക്കിത്തരാൻ ആവശ്യപ്പെടുമെന്നാണ് സൂചന. ഇന്ത്യയും യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറുള്ളതിനാൽ പ്രതികളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെടും.

കേന്ദ്രവും സംസ്ഥാനങ്ങളും ഇതിന് വിസമ്മതിച്ചാൽ ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലാണ് വിള്ളൽ വീഴ്‌ത്തുക എന്ന ആശങ്കയുമുണ്ട്. ഇത് ഗൾഫ് രാജ്യങ്ങളിൽ പണിയെടുത്തു മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ഭാവിയിൽ കരിനിഴൽ വീഴ്‌ത്തുമെന്ന പരിഭ്രാന്തിയുമുണ്ട്. യുഎഇയിലെ ഒരു ബാങ്കിന്റെ കണക്കനുസരിച്ച് നൂറോളം മലയാളികൾ ബാങ്കിനെ കബളിപ്പിച്ച് തട്ടിയെടുത്തത് 1200 കോടിയിൽ പരം രൂപയാണ്. തട്ടിപ്പുകാരെല്ലാം ഹവാലാ ഇടപാടുകൾ വഴി ഇന്ത്യയിലെത്തിച്ച പണം ഇതരസംസ്ഥാനങ്ങളിൽ ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കൺസോർഷ്യത്തിന്റെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയതായും സൂചനയുണ്ട്.

ഇത്തരം കബളിപ്പിക്കൽ കേസുകൾ വിചാരണ ചെയ്യാൻ ഓരോ സംസ്ഥാനത്തും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് അടുത്തയാഴ്ച ഇന്ത്യയിലെത്തുന്ന ബാങ്ക് പ്രതിനിധിസംഘം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ കണ്ട് അഭ്യർത്ഥിക്കും. ഈ മാസം 11, 12 തീയതികളിൽ ഗൾഫ് പര്യടനം നടത്തുന്ന പ്രധാനമന്ത്രി മോദിയെ നേരിൽക്കണ്ട് ഇന്ത്യാക്കാർ നടത്തിയ ഭീമമായ ഈ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും ബാങ്ക് അധികൃതർ ചർച്ച നടത്തുമെന്നറിയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP