Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളിയായ ലണ്ടനിലെ മാവോയിസ്റ്റ് നേതാവിന് 23 വർഷം തടവ്; 75കാരനായ ബാലകൃഷ്ണന്റെ മരണം അഴിക്കുള്ളിൽ വച്ചു തന്നെയെന്ന് ഉറപ്പായി; മാവോയെയും സ്റ്റാലിനെയം ദൈവമായി കണ്ട് അനുകരിക്കാൻ പിതാവ് ശ്രമിച്ചെന്ന് മകൾ

മലയാളിയായ ലണ്ടനിലെ മാവോയിസ്റ്റ് നേതാവിന് 23 വർഷം തടവ്; 75കാരനായ ബാലകൃഷ്ണന്റെ മരണം അഴിക്കുള്ളിൽ വച്ചു തന്നെയെന്ന് ഉറപ്പായി; മാവോയെയും സ്റ്റാലിനെയം ദൈവമായി കണ്ട് അനുകരിക്കാൻ പിതാവ് ശ്രമിച്ചെന്ന് മകൾ

ലണ്ടൻ: തന്റെ അനുയായികളായ രണ്ടു പേരെ ബലാത്സംഗം ചെയ്യുകയും മകളായ കാറ്റി മോർഗൻ ഡേവിസിനെ 30 വർഷത്തോളം വീട്ടു തടങ്കലിൽ വയ്ക്കുകയും ചെയ്ത കുറ്റത്തിന് ലണ്ടനിലെ മാവോയിസ്റ്റ് നേതാവും മലയാളിയുമായ അരവിന്ദൻ ബാലകൃഷ്ണന് കോടതി 23 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതോടെ 75 കാരനായ ബാലകൃഷ്ണന്റെ മരണം ജയിലിനുള്ളിൽ വച്ച് തന്നെയായിരിക്കുമെന്നുറപ്പായിരിക്കുകയാണ്. ഇന്നലെ സൗത്ത്വാർക്ക് ക്രൗൺ കോടതിയാണ് നിർണായകമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വർഷങ്ങളോളം തന്നെ വീട്ട് തടങ്കലിലിട്ട് ജീവിതം നിഷേധിക്കുകയും ക്രൂരമായി മർദിക്കുകയും സൗഭാഗ്യങ്ങളെല്ലാം തല്ലിത്തകർക്കുകയും ചെയ്ത ക്രൂരനായ പിതാവിനോട് ക്ഷമിക്കുകയും അദ്ദേഹത്തെ ജയിലിലേക്കയക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്ത മകൾ കാറ്റിയുടെ സ്‌നേഹപ്രകടനം ഹൃദയഭേദകമായിരുന്നു. കോമ്രേഡ് ബാല എന്നറിയപ്പെടുന്ന ബാലകൃഷ്ണൻ തന്റേത് മാത്രമായ ഒരു കമ്മ്യൂൺ ലണ്ടനിൽ സ്ഥാപിച്ച് അതിന്റെ അധിപനും കിരീടം വയ്ക്കാത്ത രാജാവുമായി അടക്കി വാഴുകയായിരുന്നു.

തന്റെ കൾട്ട് മെമ്പർമാരെ ബ്രെയിൻവാഷ് ചെയ്തിരുന്ന ബാലകൃഷ്ണൻ തന്നെ സ്വയം ദൈവമായാണ് അവർക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നത്.അതുല്യമായ കഴിവുകളുള്ള തനിക്ക് അവരുടെ മനസ് വായിക്കാനുള്ള കഴിവുണ്ടെന്ന് അനുയായികളെ ബോധ്യപ്പെടുത്തി അതിന്റെ പേരിൽ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. തൽഫലമായി ദശാബ്ദങ്ങളോളം നിരവധി പേരെ ചൂഷണം ചെയ്ത് തന്റെ വരുതിക്ക് നിർത്താൻ ബാലകൃഷ്ണന് സാധിച്ചിരുന്നു. കർശനമായ ചിട്ടവട്ടങ്ങളോടെയായിരുന്നു അദ്ദേഹം ലണ്ടനിലെ തന്റെ കമ്മ്യൂണിനെ ഒരു സ്വേഛാധിപതിയായി നിയന്ത്രിച്ചിരുന്നത്. മാവോസേതൂങ്ങ്, സ്റ്റാലിൻ, സദ്ദാംഹുസൈൻ, പോൾ പോൾട്ട് തുടങ്ങിയവരെ ദൈവമായി കണ്ട് അവരെ അനുകരിക്കാനായിരുന്നു പിതാവ് ശ്രമിച്ചതെന്നാണ് മകൾ കാറ്റി മോർഗൻ ഡേവിസ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

വർക്കേർസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്‌സിസംലെനിനിസംമാവോ സേതൂങ്ങ് തോട്ട് എന്ന പേരിലായിരുന്നു തന്റെ ചെറിയ കൾട്ട് ബാലകൃഷ്ണൻ ലണ്ടനിൽ നടത്തിയിരുന്നത്. താങ്കൾ ക്രൂരമായ ചൂഷണമാണ് അനുയായികൾക്ക് നേരെയും മകൾക്ക് നേരെയും നടത്തിയതെന്നാണ് ഇന്നലെ ജഡ്ജ് ഡെബോറാഹ് ടൈലർ ബാലകൃഷ്ണനോട് വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് പറഞ്ഞത്. അംഗീകാരം നേടിയെടുക്കാൻ വേണ്ടി ഭയത്തിന്റെയും അസൂയയുടെയും മത്സരത്തിന്റെയും ഒരു കാലാവസ്ഥ ബാലകൃഷ്ണൻ തന്റെ കൾട്ടിൽ സൃഷ്ടിക്കുകയായിരുന്നുവെന്നും കോടതി ആരോപിച്ചു.അനുയായികളായ രണ്ട് സ്ത്രീകളെ ബാലകൃഷ്ണൻ ലൈംഗികമായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും കോടതി പറഞ്ഞു. അവരുടെ മനസിന്റെ നിയന്ത്രണം കുതന്ത്രങ്ങളിലൂടെ നേടിയെടുത്തായിരുന്നു ഈ ചൂഷണം.

ബലാത്സംഗം, ലൈംഗിക പീഡനം, നിയമാനുസൃതമല്ലാത്ത രീതിയിൽ തടവിലിടൽ, തുടങ്ങിയ നിരവധി കുറ്റങ്ങൾക്കാണ് ഇദ്ദേഹത്തിന്റെ മുകളിൽ കോടതി ഇപ്പോൾ 14 ചാർജുകൾ ചുമത്തിയിരിക്കുന്നത്. അതായത് മൂന്ന് ഇരകളുമായി ബന്ധപ്പെട്ടതാണ് ഈ 14 ചാർജുകൾ. അതിന് പുറമെ മറ്റ് രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട രണ്ട് ചാർജുകൾ കൂടി കണക്കാക്കുമ്പോൾ മൊത്തം 16 ചാർജുകളാണ് ചുമത്തിയിരിക്കുന്നത്.സൗത്ത് ലണ്ടനിലെ ഇയാളുടെ വീട് കേന്ദ്രീകരിച്ച് മൂന്ന് ദശാബ്ദത്തിനിടെ നടന്ന ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് കുറച്ച് കാലമായി നീളുന്ന വിചാരണയിലൂടെ വെളിപ്പെട്ടിരിക്കുന്നത്.ബാലകൃഷ്ണൻ തന്റെ അനുയായികളെ കൊണ്ട് നിർബന്ധപൂർവം എഴുതിച്ചിരുന്ന ഡയറികൾ നിർണായക തെളിവുകളായി കണ്ടെടുക്കപ്പെടുകയായിരുന്നു.

മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത രീതിയിലായിരുന്നു ഈ മാവോയിസ്റ്റ് ദൈവം ചമഞ്ഞ് തന്റെ അനുയായികളെ പലവിധത്തിൽ ചൂഷണം ചെയ്തിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തന്റെ ഭാര്യ പുറത്ത് പോകുന്ന വേളയിയിലായിരുന്നു ഇയാളുടെ ലീലാവിലാസങ്ങൾ അരങ്ങേറിയിരുന്നത്. ഈ സമയത്ത് കോമ്രേഡ് ബാല തന്റെ കൾട്ട് മെമ്പർമാരെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മുതലെടുക്കുകയുമായിരുന്നു. ചെറിയ തെറ്റുകൾക്ക് പോലും ഇയാൾ പുത്രിയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. പാട്ട് പാടുന്നതിന് പോലും മകൾക്ക് കൊടി യ പീഡനമാണ് ഏറ്റുവാങ്ങേണ്ട്ി വന്നിരുന്നത്.തന്റെ അച്ഛനെതിരെയുള്ള നീക്കത്തിന് കരുത്ത് പകർന്നതും പിന്നീട് കാറ്റി മോർഗൻ ഡേവിസ് എന്ന ഈ മകളായിരുന്നു.

ഒരു 16കാരനെ അനധികൃതമായി തടവിലിട്ടുവെന്ന കുറ്റവും ഇദ്ദേഹത്തിന് മുകളിൽ ചുമത്തപ്പെട്ടിട്ടുണ്ട്. തന്റെ മകളുമായി ഈ കൗമാരക്കാരന് ബന്ധമുണ്ടെന്ന വെറും സംശയത്തിന്റെ നിഴലിലാണ് ബാലകൃഷ്ണൻ ഈ ക്രൂരമായ പ്രവൃത്തി ചെയ്തിരുന്നതെന്ന് ബോധ്യമായിട്ടുണ്ട്. ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 3000ത്തിൽ അധികം രേഖകളാണ് പരിശോധിച്ചിരുന്നത്. 34 വർഷക്കാലം ബാലകൃഷ്ണൻ എഴുതിയ ഡയറികളും ഇതിന്റെ ഭാഗമായി നിരീക്ഷിച്ചിരുന്നു. താൻ ഇരകളെ പ ീഡിപ്പിച്ചതിന്റെ നേർ ചിത്രം ഇയാൾ ഈ ഡയറികളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.കൾട്ടിൽ വച്ച് മരണമടഞ്ഞ രണ്ട് സ്ത്രീകളുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നുള്ള ആവശ്യവും പൊലീസിന് മുന്നിൽ ഉയർന്ന് വന്നിരുന്നു. വീട്ടുതടങ്കലിൽ നിന്നും രക്ഷപ്പെടുന്നത് വരെ ഇദ്ദേഹത്തിന്റെ മകൾക്ക് ബാലകൃഷ്ണൻ തന്റെ അച്ഛനാണെന്നറിയില്ലായിരുന്നില്ലത്രെ.തടവുകാലത്ത് പുസ്തകങ്ങൾ വായിച്ചാണ് മകൾ കാലം കഴിച്ചിരുന്നത്..മുപ്പത് വർഷങ്ങൾക്കിടെ ഈ മാവോയിസ്റ്റ് വളരെ കൗശലപരമായ നീക്കങ്ങളിലൂടെയാണ് അധികൃതരുടെ നിരീക്ഷണത്തിൽ പെടാതെ ലണ്ടനിൽ വിലസിയതെന്നത് വിസ്മയം ജനിപ്പിക്കുന്ന കാര്യമാണ്. തന്റെ അനുയായികളെയും രഹസ്യമാക്കി വയ്ക്കുന്നതിൽ ഇയാൾ വിജയിച്ചിരുന്നു.മകളെക്കുറിച്ച് പുറംലോകം അറിയരുതെന്ന് ഇദ്ദേഹത്തിന് കടുത്ത നിർബന്ധമായിരുന്നു. അതിനാൽ മകൾക്ക് വോട്ടവകാശം പോലും ഇയാൾ നിഷേധിച്ചിരുന്നു.ജനനസർട്ടിഫിക്കറ്റ് മാത്രമാണ് മകൾക്കുള്ള ഏക ഔദ്യോഗിക രേഖയായി അദ്ദേഹം സൂക്ഷിച്ചിരുന്നത്.

ആദ്യകാലത്ത് സിംഗപ്പൂരിലായിരുന്നു ബാലകൃഷ്ണൻ.തുടർന്ന് വിദ്യാഭ്യാസത്തിന് വേണ്ടി 1963ൽ ലണ്ടനിലെത്തിയ ഈ മലയാളിയുടെ ജീവിതത്തിന്റെ പരിണാമങ്ങൾ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ പഠിക്കാൻ വേണ്ടിയാണ് ഇദ്ദേഹം അന്ന് യുകെയിലെത്തിയിരുന്നത്. എന്നാൽ തുടർന്ന് ബാലകൃഷ്ണൻ 1970കളിൽ കമ്മ്യൂണിസ്റ്റ് കലക്ടീവ് ബ്രിക്‌സ്ടണിൽ ഒരു ബുക്ക്‌ഷോപ്പിൽ തുറക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ സ്റ്റോറിൽ 

ചൈനീസ് പുസ്തകങ്ങളും ചൈനീസ് പത്രമായ സിൻഹുവയും മാത്രമായിരുന്നു കച്ചവടും ചെയ്തിരുന്നത്. തുടർന്ന് കോമ്രേഡ് ബാലയും ഭാര്യ ചന്ദയും മറ്റ് അടുത്ത അനുയായികളും ചേർന്നാണ് മറ്റ് കടുത്ത ഇടത്പക്ഷ ആശയക്കാരെ സംഘടിപ്പിച്ച് ലണ്ടനിൽ കമ്മ്യൂൺ സ്ഥാപിച്ചിരുന്നത്. ഈ പാർട്ടിയുടെ സെക്രട്ടറിയായി ബാലകൃഷ്ണൻ സ്വയം അവരോധിക്കുകയായിരുന്നു.ബൂർഷ്വാ സംസ്‌കാരത്തിനെതിരെ പൊരുതാൻ
ഒരു വനിതാ പോരാളി കേഡറിനെ സൃഷ്ടിക്കുകയും തങ്ങളുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച ഇവർ നിരവധി വനിതകളെ ഇതിനായി റിക്രൂട്ട് ചെയ്യാനും മുന്നിട്ടിറങ്ങിയിരുന്നു.തുടർന്ന് ആ കമ്മ്യൂണിൽ 3 ദശാബ്ദക്കാലം ബാലകൃഷ്ണന്റെ ഭരണമായിരുന്നു. അക്കാലത്ത് ഈ കുറ്റകൃത്യങ്ങളെല്ലാം അദ്ദേഹം ചെയ്യുകയുമുണ്ടായെന്ന് ഇപ്പോൾ കോടതിയിൽ വെളിവാക്കപ്പെടുകയും തൽഫലമായി അദ്ദേഹം ശേഷിക്കുന്ന കാലം കഴിയാൻ ജയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP