Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായ് ജയിലിൽ നിന്നും വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ഉടൻ ജയിൽ മോചിതനാകും; ഭൂരിഭാഗം കേസുകളും ഒത്തുതീർപ്പാക്കി; ബാക്കിയുള്ള ബാങ്കുകളോട് കടം വീട്ടാൻ സാവകാശം ആവശ്യപ്പെടും; പ്രവാസികളുടെ കൂട്ടായ ശ്രമവും സമ്മർദ്ദങ്ങളും വിജയം കാണുമെന്ന് പ്രതീക്ഷ; നന്മയുടെ നിറകുടമായ രാമചന്ദ്രേട്ടന്റെ മടങ്ങിവരവ് കാത്ത് പ്രവാസലോകം

ദുബായ് ജയിലിൽ നിന്നും വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ഉടൻ ജയിൽ മോചിതനാകും; ഭൂരിഭാഗം കേസുകളും ഒത്തുതീർപ്പാക്കി; ബാക്കിയുള്ള ബാങ്കുകളോട് കടം വീട്ടാൻ സാവകാശം ആവശ്യപ്പെടും; പ്രവാസികളുടെ കൂട്ടായ ശ്രമവും സമ്മർദ്ദങ്ങളും വിജയം കാണുമെന്ന് പ്രതീക്ഷ; നന്മയുടെ നിറകുടമായ രാമചന്ദ്രേട്ടന്റെ മടങ്ങിവരവ് കാത്ത് പ്രവാസലോകം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ബാങ്കു കേസുകളിൽപെട്ട് ദുബായിലെ ജയിലിൽ കഴിയുന്ന മലയാളി വ്യവസായി അറ്റലസ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഉടൻ സാധ്യമാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു. ബാങ്കുകളുമായുള്ള ഭൂരിഭാഗം കേസുകളും ഒത്തുതീർപ്പാക്കിയിട്ടുണ്ട്. മറ്റ് ബാങ്കുകളോട് കടം വീട്ടാൻ സാവകാശം ചോദിക്കാനാണ് തീരുമാനം. രണ്ട് ബാങ്കുകൾ കൂടി ഒത്തുതീർപ്പിന് സന്നദ്ധത അറിയിച്ചാൽ അദ്ദേഹത്തിന്റെ മോചനം ഉടൻ തന്നെയുണ്ടാകും.

രാമചന്ദ്രന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ കുടുംബം കുറേക്കാലമായി പലവിധത്തിലുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇതൊന്നും വിജയം കണ്ടതുമില്ല. ഇതിനിടെ ചില ബിസിനസ് ഗ്രൂപ്പുകൾ അദ്ദേഹത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, രാമചന്ദ്രൻ പുറത്തിറങ്ങാതെ സഹായിക്കാനും സാധിക്കാത്ത അവസ്ഥയിലായി. ഇതിനിടെയാണ് പ്രവാസി മലയാളികൾ കൂട്ടായി കൈകോർത്തു കൊണ്ടുള്ള ശ്രമങ്ങളും ഉണ്ടായത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകരും ഇടപെട്ട് പണം നൽകാൻ തീരുമാനമായത്. ഇപ്പോൾ ബാങ്കുകളുമായുള്ള ഭൂരിപക്ഷം കേസുകളും ഏതാണ്ട് ഒത്തുതീർപ്പായിട്ടുണ്ട്. രണ്ട് ബാങ്കുകളുമായുള്ള ഒത്തു തീർപ്പ് ചർച്ചകൾ കൂടി നടന്നുവരികയാണ്. രാമചന്ദ്രൻ പുറത്തിറങ്ങിയാൽ മാത്രമേ വസ്തുക്കൾ വിറ്റായാലും ബാങ്കുകൾക്ക് പണം തിരികെ നൽകാൻ സാധിക്കുകയുള്ളൂ. എന്നാൽ അദ്ദേഹത്തിന് മോചനം സാധ്യമാകാതെ പോകുന്നതാണ് ഇടപെടൽ നീണ്ടപോകാൻ ഇടയാക്കുന്നത്.

അതേസമയം അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കാൻ വേണ്ടി കേന്ദ്രസർക്കാർ ഇടപെടൽ വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ കുടുംബം കത്തു നൽകി. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ അറ്റല്‌സ് രാമചന്ദ്രന്റെ മോചനം താമസിയാതെ സാധ്യമാകും. കഴിഞ്ഞ 18 മാസമായി രാമചന്ദ്രൻ ദുബായിലെ ജയിലിൽ കഴിയുകയാണ്.

നിലവിൽ ഒരു ബാങ്കുമായുള്ള കേസിൽ മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകൾ യുഎഇയിലെ കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഈ സമയം തന്നെയാണ് കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ശ്രമം നടത്തിയത്. ഇതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ 40 വർഷത്തിലേറെ ജയിലിൽ കഴിയേണ്ട അവസ്ഥ ഉണ്ടായിരുന്നു. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലിൽ കിടക്കാൻ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള നീക്കങ്ങൾ മലയാളികൾ സജീവമാക്കുമ്പോൾ പ്രതീക്ഷയുടെ മറ്റൊരു സൂചന കൂടിയെത്തുന്നു.

ഇപ്പോൾ ഒമാനിലുള്ള അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആശുപത്രികൾ വിറ്റാണ് ബാങ്കുകൾക്ക് നൽകാൻ ആവശ്യമായ പണം കണ്ടെത്തുന്നത്. ഇന്ത്യൻ വ്യവസായി ബിആർ ഷെട്ടിയാണ് ഈ ആശുപത്രികൾ ഏറ്റെടുത്തിരിക്കുന്നതെന്ന വിധത്തിലാണ് വാർത്തകൾ. ബിആർ ഷെട്ടിയുടെ എംഎൻസി ഗ്രൂപ്പ് വാങ്ങിക്കാൻ എത്തിയതോടെയാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യതയൊരുങ്ങുന്നത്. ഈ വിൽപന നടന്നു കഴിഞ്ഞാൽ ബാങ്കുകൾക്ക് നൽകാനുള്ള തുകയുടെ ആദ്യ ഘഡു നൽകാം എന്നാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ജയിലിൽ നിന്നിറങ്ങിയാൽ രാമചന്ദ്രന് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ബാങ്കുകൾ ഒത്തുതീർപ്പിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന' പരസ്യവാചകം എല്ലാ അർത്ഥത്തിലും പ്രവാർത്തികമാക്കിയാണ് രാമചന്ദ്രൻ അറ്റ്ലസിനെ നയിച്ചത്. സ്വർണ്ണക്കച്ചവടത്തിലും ആശുപത്രി വ്യവസായത്തിലും എല്ലാം മനുഷ്യത്വം നിറച്ചു. അറ്റ്ലസിന്റെ ആശുപത്രികൾ പ്രവാസികളുടെ ആശ്രയ കേന്ദ്രങ്ങളായി. ബില്ലടയ്ക്കാൻ പണമില്ലെങ്കിലും ഇവിടെ ഏവർക്കും രാമചന്ദ്രൻ ചികിൽസ ഒരുക്കി. വൈശാലി പോലുള്ള വമ്പൻ സിനിമകൾ നിർമ്മിച്ച രാമചന്ദ്രൻ അഭിനയ മോഹങ്ങളുമായി വെള്ളിത്തിരയിലും താരമായി. അങ്ങനെ എവിടെ രാമചന്ദ്രനെ കണ്ടാലും മലയാളി തിരിച്ചറിഞ്ഞു. അവരോടും സ്നേഹത്തോടെ ഇടപെടൽ നടത്തി മലയാളിയുടെ പ്രിയങ്കരനായി രാമചന്ദ്രൻ മാറി. ശ്രീനിവാസന്റെ അറബിക്കഥയിൽ പ്രവാസി മലയാളിയുടെ ജീവിത ദുഃഖം പേറുന്ന കഥാപാത്രമായി രാമചന്ദ്രനെത്തി. പെട്ടെന്നായിരുന്നു പതനം. റിയിൽ എസ്റ്റേറ്റ് ബിസിനിസ്സിലേക്ക് കൂടുമാറാനുള്ള ശ്രമാണ് പൊളിഞ്ഞത്. ഇത് മനസ്സിലാക്കി മലയാളികളായ ചില പ്രവാസികൾ തന്നെ പാരയുമായി ഇറങ്ങിയപ്പോൾ ചെക്ക് കേസിൽ യുഎഇ പൊലീസ് രാമചന്ദ്രനേയും മകളേയും അറസ്റ്റ് ചെയ്തു.

ഇതോടെ അറ്റ്ലസിന് നാഥനില്ലാതെയായി. കച്ചവടത്തെ കുറിച്ച് ഒന്നും അറിയാത്ത ഭാര്യ. അറസ്റ്റ് പേടിച്ച് യുഎഇ വിട്ട മകനും. ജയിലിലുള്ള രാമചന്ദ്രന്റെ മോചനത്തിന് മുൻകൈയെടുക്കാൻ ആരുമില്ലാത്ത അവസ്ഥ. ജയിലിൽ പുറത്തു നിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ അന്തേവാസികൾക്ക് കഴിയും. ഇതിന് പോലും രാമചന്ദ്രന് കഴിയുന്നില്ല. കാശ് എത്തിച്ചു നൽകാൻ പോലും ആരും യുഎഇയിൽ ഇല്ല. ഇതിനിടെയിൽ 40 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന വാർത്തയുമെത്തി. ഇതോടെ രാമചന്ദ്രൻ തളർന്നു. ഒന്നരവർഷം മുമ്പ് ജയിലിലടയ്ക്കപ്പെട്ട രാമചന്ദ്രന്റെ സ്ഥിതി അത്ര പ്രശ്നത്തിലാണെന്ന് മലയാളികൾ പോലും ധരിച്ചിരുന്നില്ല. ഈ ചിത്രം മറുനാടൻ മലയാളി പുറത്തുവിട്ടതോടെ രാമചന്ദ്രേട്ടനെ എങ്ങനേയും രക്ഷിക്കാൻ യുഎയിലെ ചില മലയാളി ബിസിനസ്സുകാർ തന്നെ രംഗത്ത് വന്നു. കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇവർ പ്രഖ്യാപിച്ചു. എന്നാൽ ഈ വാഗ്ദാനങ്ങളും പ്രഖ്യാപനത്തിൽ ഒതുങ്ങി. പേരിനും പെരുമയ്ക്കും വേണ്ടിയല്ലെന്ന് പറയുന്ന ഈ സുമനസ്സുകൾ ലക്ഷ്യത്തിലെത്തുന്നതു വരെ തങ്ങളുടേ പേരു പോലും പുറത്തു വരരുതെന്ന് ആഗ്രഹിക്കുന്നു.

യു.എ.ഇ.യിലെ ഒരു ബാങ്കിന് 40 ലക്ഷത്തിന്റെയും മൂന്ന് കോടിയുടെയും വണ്ടിച്ചെക്കുകൾ നൽകിയ കേസുകളിൽ ദുബായ് മിസ്‌ഡെമണയർ കോടതിയാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകൾ നൽകിയ 15 കേസുകൾ പരിഗണിച്ച് 2015 ഓഗസ്തിലാണ് രാമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതൽ ബർദുബായിലെ തടവറയിലാണ് അദ്ദേഹം. ഓരോ വിചാരണ വേളയിലും കടബാധ്യതകൾ തീർക്കുന്നതിനായി ജാമ്യം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. വായ്പാകുടിശ്ശികകൾ തീർക്കുന്നതിന് സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മൊത്തം 5.3 കോടി ദിർഹമിന്റെ വണ്ടിച്ചെക്കുകൾ നൽകിയതായി 15 ബാങ്കുകൾ അദ്ദേഹത്തിനെതിരെ പരാതി സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ ഒരു ബാങ്കിന്റെ പരാതിയിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. മൊത്തം 50 കോടി ദിർഹമിന്റെ ബാങ്ക് വായ്പാ കുടിശ്ശിക യുണ്ടെന്നാണ് കണക്ക്. മൂന്ന് കോടി ദിർഹം സ്വർണ്ണ വിതരണ കമ്പനികൾക്ക് നൽകാനുള്ളതായും അറിയുന്നു. അറ്റ്‌ലസ് ഗ്രൂപ് മേധാവിയായ അദ്ദേഹത്തിന്റെ മകൾ ദുബായിലെ മറ്റൊരു ജയിലിൽ വണ്ടിച്ചെക്ക് കേസിൽ തടവിൽ കഴിയുകയാണ്. അതായത് വായ്പാ കുടിശിക അടച്ച് പുറത്തിറങ്ങിയ ശേഷം ബാക്കി കടമെല്ലാം വീട്ടാമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ.

രാമചന്ദ്രനെ പുറത്തിറക്കാൻ അദ്ദേഹത്തിന്റെ പത്‌നി ഇന്ദിര രാമചന്ദ്രനും സഹായവുമായി പലരും എത്തിയിട്ടുണ്ട്. നേരത്തെ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ചുളുവിലയ്ക്ക് കൈക്കലാക്കാമെന്ന ദുഷ്ടലാക്കോടെയും ചിലർ എത്തിയിരുന്നു. അറ്റലസ് ഗ്രൂപ്പിന്റെ ബിസിനസിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലാത്ത സാധാരണ വീട്ടമ്മ മാത്രമായിരുന്നു ഇന്ദിര. ഭർത്താവിന് പുറമെ മകളും ജയിലിലായതോടെ ബിസിനസ് ലോകത്തെ കാര്യങ്ങളിൽ മുൻപരിചയമില്ലാത്ത അവർക്ക് കാര്യങ്ങൾ നിയന്ത്രിക്കേണ്ടിവന്നു. ഇത് മുതലെടുക്കാനായിരുന്നു ചിലരുടെ ശ്രമം. ഉള്ളതെല്ലാം വിറ്റുപെറുക്കി ഭർത്താവിനേയും മകളേയും രക്ഷിക്കാമെന്ന് തീരുമാനിച്ചതോടെയാണ് സ്വത്തുക്കൾ ചുളുവിലയ്ക്ക് നേടാൻ പലരും സമീപിച്ചത്.

സ്ഥാപനങ്ങൾ കൈമാറ്റം ചെയ്ത് കടംവീട്ടാൻ ചില നിയമതടസ്സങ്ങളുണ്ട്. സ്ഥാപനങ്ങൾ വിൽക്കാൻ ആലോചിച്ചപ്പോൾ പ്രധാന തടസം അതിലെല്ലാം വായ്പാ കുടിശിഖ വഴി ബാങ്കുകളുടെ അറ്റാച്ച് മെന്റ് ഉണ്ടായിരുന്നു എന്നതായിരുന്നു. അവ ഏറ്റെടുക്കാൻ മറ്റുള്ളവർ മടിച്ചു. ഒരു പ്രോപ്പർട്ടി മാത്രമായി വിൽപ്പന നടത്താൻ സാധിക്കാത്ത വിധം നിയമക്കുരുക്കുണ്ട്. ദുബായ് അവീറിലെ ജയിലിൽ ബി 5 സെക്ഷനിലാണ് സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന്റെ ജയിൽജീവിതം. പത്രങ്ങൾ വായിച്ചും ടിവി കണ്ടുമാണ് കഴിച്ചുകൂട്ടുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ കേസ് 40 വർഷം വരെ ജയിൽവാസം നീണ്ടുപോകാം എന്നാണ് ഏറ്റവും പുതിയ വിവരം. അവിടെയുള്ളവരിൽ ഒരു കോടിയുടെ കേസുള്ളയാൾ മൂന്ന് മാസത്തിൽ പുറത്തിറങ്ങുകയും മറ്റുള്ള ചിലർ ഇരുപതും മുപ്പതും കൊല്ലം ജയിൽ വാസം പൂർത്തിയാക്കേണ്ടിവരുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള ചർച്ചകൾ കേൾക്കാതിരിക്കാൻ രാമചന്ദ്രൻ മിക്കവാറും നേരത്ത് സ്വന്തം മുറിയിൽ കട്ടിലിൽ പോയിരുന്ന് ടിവി കണ്ടും പത്രം വായിച്ചും സമയം ചെലവഴിക്കുകയാണിപ്പോൾ.

അറ്റ്‌ലസ് ഗ്രൂപ്പിൽ നല്ലരീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയിരുന്ന കാലത്ത് ആയിരങ്ങളെ രാമചന്ദ്രൻ സഹായിച്ചിട്ടുണ്ട്. മലയാള സിനിമാ രംഗത്തും പ്രമുഖരുൾപ്പെടെ നിരവധി പേരുമായി ബന്ധമുണ്ട്. ചില റേഡിയോകളും പത്രങ്ങളും ചാനലുകളുമെല്ലാം തുടക്കത്തിൽ നിലനിന്നിരുന്നത് അറ്റ്‌ലസിന്റെ പരസ്യം കൊണ്ടുമാത്രമായിരുന്നു. എന്നാൽ കടക്കെണിയിൽപ്പെട്ട് ജയിലിലാവുന്ന ഘട്ടമെത്തിയപ്പോൾ പലരും സഹായത്തിന് എത്തിയിരുന്നു. പക്ഷേ, അവരെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതിന് അപ്പുറത്താണ് കാര്യങ്ങളെന്ന് അറിഞ്ഞതോടെ നിസ്സഹായരായി അവർ പിന്മാറുകയായിരുന്നു. ഗൾഫിലെ കേസുകൾക്കു പുറമെ കേരളത്തിലും വായ്പാകുടിശ്ശികയുടെ പേരിൽ അറ്റ്‌ലസ് ഗ്രൂപ്പ് നടപടികൾ നേരിട്ടുതുടങ്ങുന്നതോടെ ഒരുകാലത്ത് സ്വർണം, ആശുപത്രി, റിയൽഎസ്റ്റേറ്റ്, സിനിമ തുടങ്ങി നിരവധി മേഖലകളിലേക്ക് വളർന്നു പന്തലിച്ച വലിയൊരു ബിസിനസ് സാമ്രാജ്യം വമ്പൻ പ്രതിസന്ധിയിലാണ്. വെശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ച അറ്റ്‌ലസ് രാമചന്ദ്രൻ ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡ്ഡിങ്‌സ്, 2 ഹരിഹർ നഗർ, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചർച്ചയായി.

ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രൻ എസ്‌ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേർസ്യൽ ബാങ്കിൽ 1974 മുതൽ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റിൽ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്. 30 വർഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗൾഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളർന്നുപടർന്നു. ഇതിനിടെയാണ് സിനിമാ നിർമ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്. അസൂയാവഹമായ വളർച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോർട്ടുകൾ. സ്വർണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ കോടികളും നഷ്ടപ്പെട്ടു.

ഇതിനിടെയാണ് സ്വർണം വാങ്ങാനെന്ന പേരിലും മറ്റും ഗൾഫിലെയും കേരളത്തിലേയും ബാങ്കുകളിൽ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീർക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP