Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇംഗ്ലീഷ് മണ്ണിൽ പൊന്നുവിളയിച്ച മലയാളി കർഷകന് പ്രാദേശിക കൗൺസിലിന്റെ കർഷകശ്രീ അവാർഡ്; വെണ്ടയ്ക്കയും ചീരയും കൂർക്കയും കുമ്പളവും വിളയിച്ച ഷോജോയുടെ വിജയകഥ വായിക്കാം..

ഇംഗ്ലീഷ് മണ്ണിൽ പൊന്നുവിളയിച്ച മലയാളി കർഷകന് പ്രാദേശിക കൗൺസിലിന്റെ കർഷകശ്രീ അവാർഡ്; വെണ്ടയ്ക്കയും ചീരയും കൂർക്കയും കുമ്പളവും വിളയിച്ച ഷോജോയുടെ വിജയകഥ വായിക്കാം..

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മണ്ണിൽ പൊന്നു വിളയിക്കാമെന്നത് ഇംഗ്ലണ്ടിലും തെളിയിക്കുകയാണ് മലയാളിയായ യുവ കർഷകൻ. യുകെയിൽ കൃഷി ചെയ്തു ബംബർ വിളവെടുപ്പ് നടത്തി മികച്ച കർഷകനുള്ള യുകെയിലെ സ്ലൗ കൗൺസിലിന്റെ പുരസ്‌ക്കാരം നേടി അവിശ്വസനീയത സൃഷ്ടിക്കുകയാണ് സ്ലൗവിലെ യുവ കർഷകൻ ഷോജോ ഞരലേളിൽ.

ചാലക്കുടിക്കടുത്ത് വെള്ളാഞ്ചിറ എന്ന ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച ഷോജോ ബ്രിട്ടണിലേക്ക് കുടിയേറിയപ്പോൾ കൃഷിയോടുള്ള സ്‌നേഹവും കൂടെ കൂട്ടുക ആയിരുന്നു. സ്ലൗവിൽ തന്നെ അധികം ആരോടും ഇടപെടാതിരുന്ന ഈ എഞ്ചനിയറിങ് ബിരുദധാരി ഇപ്പോൾ ചെറിയൊരു ഹീറോ പരിവേഷത്തിലാണ്. സ്ലൗ സിറ്റി കൗൺസിൽ നവാഗത കർഷകർക്ക് നൽകുന്ന ഗോൾഡ് അവാർഡിന് അർഹാമായതോടെ ഇപ്പോൾ ഷോജോയെ അറിയാത്തവർ സ്ലൗവിൽ ആരും ഇല്ലെന്നതാണ് സ്ഥിതി. നാട്ടിൽ അവധിക്ക് പോകുമ്പോൾ കുട്ടികളെ കാണിച്ചു കൊടുക്കാനായി ഏതെങ്കിലും പച്ചക്കറി തോട്ടത്തിൽ കൊണ്ട് പോകണം എന്നാഗ്രഹിച്ചിരുന്നവർക്ക് ഇപ്പോൾ ഷോജോയുടെ തോട്ടത്തിൽ എത്തിയാൽ മതി, ആഗ്രഹ പൂർത്തീകരണത്തിന്. അത്ര വൈവിധ്യമാണ് ഷോജോ തന്റെ കൃഷിയിടത്തിൽ ഒരുക്കിയിരിക്കുന്നത്.

കൃഷി ചെയ്യാൻ സിറ്റി കൗൺസിൽ അനുവദിച്ച അലോട്ട്‌മെന്റ് കൃഷിയിടത്തിൽ തന്റെ സ്വപ്ന ലോകത്തെ പച്ചക്കറി തോട്ടം യഥാർഥ്യമാക്കിയാണ് ഷോജോ ഇപ്പോൾ അവിസ്മരണീയ നേട്ടം കൊയ്തിരിക്കുന്നത്. ഏറെ നാൾ അപേക്ഷിച്ച് കാത്തിരുന്ന ശേഷമാണ് ഷോജോയ്ക്ക് അലോട്ട്‌മെന്റ് സ്ഥലം അനുവദിച്ചു കിട്ടുന്നത്. ഏറെ നാളായി കാടു പിടിച്ചു ഒരാൾ പൊക്കത്തിൽ പുല്ലു വളർന്നു കിടന്ന സ്ഥലം സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള സമയത്തുകൊത്തി കിളച്ചു കൃഷിയോഗ്യമാക്കിയാണ് ഇദ്ദേഹം ശ്രമം തുടങ്ങുന്നത്. ഈ ഒരു വർഷത്തിനിടയിൽ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ കാര്യവും ഇത് തന്നെ ആണെന്നും ഷോജോ പറയുന്നു.

ഇദ്ദേഹം ഏതാനും മാസം കൊണ്ട് തന്റെ കൃഷിയിടത്തിൽ വളർത്തി എടുത്ത പച്ചക്കറികളുടെയും പഴ വർഗ്ഗങ്ങളുടെയും പേര് കേട്ടാൽ ആരും തലയിൽ കൈവച്ചു പോകും. അത്ര നീണ്ട ലിസ്റ്റാണ് ഷോജോ തന്റെ കൃഷിയിടത്തിൽ വിളയിച്ചിരിക്കുന്നത്. നാട്ടിലെ പച്ചക്കറികളും ബ്രിട്ടണിലെ കാർഷിക വിളകളും മത്സര ബുദ്ധിയോടെ വളർന്ന കാഴ്ചയാണ് ഈ കൃഷിയിടത്തിൽ എത്തുന്നവർക്ക് കാണുവാൻ സാധിക്കുന്നത്. ചീര, വെണ്ട, മത്തൻ, തക്കാളി മുളക്, വെള്ളരി, സ്പിൻച്, മല്ലി, ബീറ്റ് റൂട്ട്, വഴുതിന, റണ്ണർ ബീൻസ്, ബ്രോഡ് ബീൻസ്, ഉള്ളി, സവോള, തക്കാളി, ചോളം, കൂർഗെറ്റ്, മാരോ, തണ്ണി മത്തൻ, സ്‌ട്രോബറി, രസ്ബാരി, ആപ്പിൾ, പിയർ, സൂര്യകാന്തി, മുല്ല തുടങ്ങി ഷോജോയുടെ കൃഷിയിടത്തിൽ കാണാൻ സാധിക്കാതെ ഒരു ഇനം പോലും ഇല്ല.

ഇത്രയധികം വിഭവങ്ങൾ മത്സര ബുദ്ധിയോടെ വളർന്നെങ്കിലും ഒരാൾ മാത്രം ഷോജോയെ തോൽപ്പിച്ചു കളഞ്ഞു. മറ്റാരുമല്ല, നാട്ടിൽ വെറുതെ പടുമുള വളർന്നാൽ പോലും ടൺ കണക്കിന് വിളവു തരുന്ന നിസ്സരക്കാരനായ കുമ്പളം ആണ് ഷോജോയ്ക്ക് പണി കൊടുത്തത്. പഠിച്ച പണി 18 പയറ്റിയിട്ടും കുമ്പളം മുളയ്ക്കാൻ തയ്യാറായില്ല. അതേ സമയം പിണങ്ങും എന്ന് കരുതിയ കൂർക്ക ആവേശത്തോടെ വളരുന്ന കാഴ്ചയാണ് ഷോജോയുടെ കൃഷിയിടത്തിൽ കാണുവാൻ സാധിക്കുന്നത്. വിളവെടുപ്പ് നടത്താത ഇനവും ഇത് തന്നെ. ഈ ആഴ്ച കൂർക്ക പറിക്കാൻ തയ്യാറെടുക്കുക ആണ് ഇദ്ദേഹം. ഇംഗ്ലീഷ് മണ്ണ് കൂർക്കക്ക് എത്രമാത്രം നല്ലതാണെന്ന് വിളവെടുപ്പ് കഴിയുമ്പോൾ അറിയാം.

പാരമ്പര്യ കൃഷി രീതി അനുസരിച്ച് പൂർണ്ണമായും ഓർഗാനിക് കൃഷി തോട്ടമാണ് ഷോജോ വളർത്തിയിരിക്കുന്നത്. കൃഷി അനുഭവങ്ങൾ പ്രധാനമായും അടുത്തുള്ള തോട്ടങ്ങളിൽ വർഷങ്ങളായി വിളവിറക്കുന്ന തദ്ദേശിയരിൽ നിന്നും സ്വന്തമാക്കുക ആയിരുന്നു. മണ്ണ് കൊത്തി ഇളക്കാനുള്ള ഉപകരണങ്ങൾ പോലും ഇവർ കൈമാറി. സ്വാഭാവികമായും ഇത്ര വലിയ തോട്ടം പരിപാലിക്കാൻ ഷോജോ നല്ല തുക ചിലവഴിച്ചു കാണും എന്ന് കരുതിയാൽ തെറ്റി. നിസ്സാര പണം മുടക്കിയാണ് ഇദ്ദേഹം ഗ്രീൻ ഹൗസ് പോലും നിർമ്മിച്ചത്. ഗം ട്രീ പോലുള്ള സൈറ്റുകൾ സന്ദർശിച്ചാൽ ചെറുതും വലുതുമായ ഗ്രീൻ ഹൗസുകൾ സൗജന്യമായി ഒഴിവാക്കാൻ വേണ്ടി പോലും ആളുകൾ തരാൻ തയ്യാറാണെന്ന് ഷോജോ പറയുന്നു. തന്റെ 2 ഗ്രീൻ ഹൗസുകളിൽ ഇങ്ങനെ ഒന്ന് സൗജന്യമായും മറ്റൊന്ന് 10 പൗണ്ട് മുടക്കിയുമാണ് ഷോജോ കണ്ടെത്തിയത്.

കൃഷി ഇറക്കാനുള്ള വിത്തുകൾ വിവിധ അഗ്രോ സൊസൈറ്റികൾ ആലോട്ട്‌മെന്റ് അസ്സോസിയേഷന് സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതിനാൽ ആ വകയിലും പണം ലഭിക്കാം. വളമായി സൗജന്യമായി ധാരാളം കുതിര ചാണകം വെസ്റ്റ് മാനേജ്‌മെന്റ് പദ്ധതി വഴി ലഭിക്കും. ഇതോടൊപ്പം വലിയ ബരളിൽ വെള്ളം നിറച്ചു കടയിൽ വാങ്ങാൻ കിട്ടുന്ന പെല്ല്റ്റ് രൂപത്തിലുള്ള കോഴി കാഷ്ടം ചാക്കിൽ കെട്ടി ഇറക്കി ഉഗ്രൻ വളമാക്കി മാറ്റിയാണ് ഇദ്ദേഹം കൃഷിയിൽ 100 മേനി കൊയ്തിരിക്കുന്നത്. അവാർഡ് നിർണ്ണയത്തിനായി എത്തിയ ജഡ്ജിങ് പാനൽ തോട്ടം കണ്ടു ബ്രിട്ടണിലെയും കേരളത്തിലെയും കാർഷിക വിളകൾ തലയെടുപ്പോടെ വിളവിന് തയ്യാറായി നിൽക്കുന്ന കാഴ്ച കണ്ടു അന്തം വിടുക ആയിരുന്നു. ഇത് അവർ അവാർഡ് പ്രഖ്യാപന വേളയിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ, നവംബർ സമയത്ത് കൗൺസിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ ഷോജോ അവാർഡ് ഏറ്റുവാങ്ങും.

ഹീത്രോ വിമാനത്താവളത്തിൽ പ്രോജക്റ്റ് കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്ന ഷോജോ മിക്കവാറും രണ്ട് നേരവും തോട്ടം സന്ദർശിക്കുമായിരുന്നു. ചെടികൾ വളർന്നു തുടങ്ങിയതോടെ പണി പത്തിലൊന്നായി ചുരുങ്ങി എന്നും ഷോജോ പറയുന്നു. പിന്നീട് വെള്ളം നനയ്ക്കുക എന്ന ജോലി മാത്രമാണ് അവശേഷിച്ചത്. ഉന്നത പഠനം നടത്തുന്ന ഭാര്യ അഷിത ഷോജോ, ആറാം ക്ലാസ്സിൽ പഠിക്കുന്ന ശിൽപ്പ ഷോജോ എന്നിവരും പൂർണ്ണ പിന്തുണയോടെ ഷോജോയോടൊപ്പം കൂടിയതോടെയാണ് അത്ഭുതകരമായ കൃഷി നേട്ടം സ്വന്തമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞത്. കൂടെ തോമസ് മാത്യുവിനെ പോലുള്ള അനേകം സുഹൃത്തുക്കളും പിന്തുണയുമായി കൂടെ നിന്നു. കൗൺസിൽ അവാർഡ് പ്രഖ്യാപിക്കും മുന്നേ സുഹൃത്തുക്കൾ ഷോജോയുടെ തോട്ടം കണ്ട് ഇത്തവണ അവാർഡ് ഷോജോക്ക് തന്നെയെന്ന് വ്യക്തമാക്കിയിരുന്നത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP