Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലഗേജിലെ ഭാരത്തിന്റെ പേരിൽ ചെക്ക് ഇൻ സമയത്ത് ജീവനക്കാരോട് കയർത്തതിന് എത്തിഹാദ് എയർലൈൻസ് പ്രവാസി മലയാളിയോട് വൈരാഗ്യം തീർത്തത് മദ്യപിച്ച് എന്നാരോപിച്ച് വിമാനത്തിൽ നിന്ന് ഇറക്കി വിട്ട്; നെടുമ്പാശ്ശേരിയിൽ നിന്നും അബുദാബിയിലേക്ക് പോകാൻ എത്തിയ റെനിയെ വിമാനത്തിൽ നിന്നും പിടിച്ചു പുറത്തിറക്കി; എത്തിഹാദിന് മലയാളികളോടുള്ള വൈരാഗ്യം തുടർക്കഥ

ലഗേജിലെ ഭാരത്തിന്റെ പേരിൽ ചെക്ക് ഇൻ സമയത്ത് ജീവനക്കാരോട് കയർത്തതിന് എത്തിഹാദ് എയർലൈൻസ് പ്രവാസി മലയാളിയോട് വൈരാഗ്യം തീർത്തത് മദ്യപിച്ച് എന്നാരോപിച്ച് വിമാനത്തിൽ നിന്ന് ഇറക്കി വിട്ട്; നെടുമ്പാശ്ശേരിയിൽ നിന്നും അബുദാബിയിലേക്ക് പോകാൻ എത്തിയ റെനിയെ വിമാനത്തിൽ നിന്നും പിടിച്ചു പുറത്തിറക്കി; എത്തിഹാദിന് മലയാളികളോടുള്ള വൈരാഗ്യം തുടർക്കഥ

കെ ആർ ഷൈജുമോൻ

ലണ്ടൻ: പലവട്ടം യുകെ മലയാളികൾ എത്തിഹാദ് എയർലൈൻസിൽ നിന്നും അനുഭവിച്ച ദുരന്തം തിങ്കളാഴ്ച രാവിലെ മറ്റൊരു മലയാളിക്ക് കൂടി നേരിടേണ്ടി വന്നിരിക്കുന്നു. കൊച്ചിയിൽ നിന്നും മാഞ്ചസ്റ്ററിലേക്കു യാത്ര തിരിച്ച പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ റെനി വർഗ്ഗീസിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

തന്റെ ഭാഗം റെനി ന്യായീകരിക്കുമ്പോൾ തീർത്തും വിശ്വാസ്യ യോഗ്യമല്ലാത്ത കാരണമാണ് എത്തിഹാദ് പറയുന്നതെന്നത് സംഭവത്തിന്റെ മറുവശം. പുലർച്ചെ നാല് മണിക്ക് യാത്ര പുറപ്പെടുന്ന വിമാനത്തിൽ ഒരു യാത്രക്കാരൻ അമിതമായി മദ്യപിച്ചെത്തും എന്നത് തന്നെ ഒട്ടും വിശ്വാസ്യ യോഗ്യമല്ലെങ്കിലും മദ്യപിച്ചു എന്ന് തെളിയിക്കാൻ കഴിയുന്ന രക്ത സാമ്പിൾ പരിശോധനയിൽ റെനി മദ്യപിച്ചിട്ടില്ലെന്നും കണ്ടെത്താൻ ആയിട്ടുണ്ട്. ഇതോടെ എയർലൈൻസു പറയുന്ന വാദം പൊളിയുകയാണ്. വിമാനത്തിൽ സഹയാത്രികരായ കുടുംബത്തോട് ശബ്ദമുയർത്തി സംസാരിച്ചു എന്ന് പൈലറ്റിന് ബോധ്യപ്പെട്ടതോടെ ടിക്കറ്റ് സൂപ്പർവൈസറുടെ സഹായത്തോടെ റെനിയെ വിമാനത്തിന് പുറത്തു കടത്തുക ആയിരുന്നു. ഇതോടെ തിരിച്ചെത്തി ജോലിക്കു കയറാനുള്ള സാവകാശവും റെനിക്ക് നഷ്ടമായി.

പുലർച്ചെ നാല് മണിയോടെ കൊച്ചിയിൽ നിന്നും അബുദാബിയിലേക്കുള്ള കണക്ഷൻ വിമാനം കയറാൻ എത്തിയ റെനിയുടെ ലെഗേജിൽ മൂന്നു കിലോഗ്രാം അധികം ഭാരം ഉണ്ടായതോടെയാണ് പ്രശ്‌നനങ്ങളുടെ തുടക്കം. ചെറിയ തോതിൽ വാദപ്രതിവാദം നടന്ന ശേഷം അധികഭാരം എടുത്തു മാറ്റിയ ശേഷമാണു റെനിയെ ചെക്ക് ഇൻ കൗണ്ടറിലെ എത്തിഹാദ് ജീവനക്കാർ ബോർഡിങ് പാസ് നൽകി യാത്രക്ക് അനുവാദം നൽകിയത്. അതേ സമയം ചെക് ഇൻ കൗണ്ടറിലെ സംഭവം യഥാസമയം ജീവനക്കാർ വിമാനത്തിലും അറിയിച്ചിരിക്കാം എന്നാണ് തുടർന്നുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. ബോർഡിങ് പാസ് സ്വീകരിച്ച ശേഷം വിമാനത്തിൽ പ്രവേശിച്ചു സ്വന്തം സീറ്റിൽ ഇരിപ്പുറപ്പിച്ച റെനിയെ സഹയാത്രികരായ കുടുംബത്തോട് ശബ്ദം ഉയർത്തി സംസാരിച്ചു എന്ന കാരണത്താൽ ആണ് നിർബന്ധമായി വിമാനത്തിൽ നിന്നും പുറത്തു കടത്തിയത്.

അതേ സമയം, മലയാളികൾ തന്നെയായ സഹയാത്രികർ റെനിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ പൈലറ്റിന്റെ നിർദ്ദേശ പ്രകാരം വിമാനത്തിന് പുറത്തു എത്തിച്ച റെനിയുടെ രക്ത പരിശോധന നടത്തിയെങ്കിലും മദ്യപാനം നടത്തിയിരുന്നു എന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ അമിതമായി മദ്യപിച്ചു വിമാനത്തിൽ എത്തി എന്ന എത്തിഹാദിന്റെ ആരോപണം പൊളിയുകയാണ്. യത്രാ മുടങ്ങിയ റെനിക്ക് പരാതി നൽകാൻ പോലും കഴിഞ്ഞില്ല എന്നതാണ് സംഭവത്തിന്റെ മറുവശം. കാരണം എത്തിഹാദിനു കൊച്ചിയിൽ ഓഫിസ് ഇല്ലാതെ പോയതോടെയാണ് ഇങ്ങനെ സംഭവിച്ചത്. തന്റെ യാത്രക്ക് 575 പൗണ്ടോളം മുടക്കിയ റെനിക്കു എയർലൈൻസിൽ നിന്നും നഷ്ടപരിഹാരം നേടിയെടുക്കാൻ കഴിയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

അടുത്തിടെ അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് യാത്രക്കാരൻ ഡോ. ഡേവിഡ് ഡാവുവിനോട് അതി ക്രൂരമായി നേരിട്ട ശേഷം വിമാനക്കമ്പനികളുടെ ദാക്ഷിണ്യം ഇല്ലാത്ത നിലപാടുകൾക്കെതിരെ ലോകമെങ്ങും എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ റെനിയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ട എത്തിഹാദ് നടപടി മാധ്യമ ശ്രദ്ധയിലൂടെ ലോകമെങ്ങും എത്തിക്കാൻ ഉള്ള സാധ്യത കൂടിയാണ് ഇപ്പോൾ റെനിക്കു കൈവശം എത്തിയിരിക്കുന്നത്. തനിക്കു നേരിട്ട ദുരനുഭവത്തിൽ എയർലൈൻസിനെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്ന നിലപാട് ആണ് റെനി സ്വീകരിച്ചിരിക്കുന്നതെന്നു കൊച്ചിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡോ. ഡേവിഡിന് നേരിട്ട അനുഭവവുമായി താരതമ്യം ചെയ്യുമ്പോൾ ബലപ്രയോഗം ഉണ്ടായില്ല എന്നത് മാത്രമാണ് റെനിയുടെ കാര്യത്തിൽ ബാക്കിയാകുന്നത്. സാധാരണ നിലയിൽ, അത്ര ഗുരുതരമല്ലാത്ത കുറ്റത്തിന് വിമാനത്തിൽ ഇരിപ്പുറപ്പിച്ചു യാത്രക്കാരെ പുറത്തിറക്കാറില്ല.

അതിനിടെ എത്തിഹാദിൽ നിന്നും യുകെ മലയാളികൾ തുടർച്ചയായി അപമാനം നേരിടുകയാണ് എന്നതും റെനിക്കുണ്ടായ അനുഭവം തെളിയിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തു തന്നെ എഡിൻബറോയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം മണിക്കൂറുകളോളം വൈകിയ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള വിമാനം നഷ്ടമായപ്പോൾ യാത്രക്കാരെ പാസ്‌പോർട്ടിന്റെ നിറം നോക്കി തരംതിരിച്ച എത്തിഹാദ് നടപടിയിൽ യാത്രക്കാർ ശക്തമായി പ്രതികരിച്ചിരുന്നു. ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശം ഉള്ള മലയാളി യാത്രക്കാർക്കും പ്രത്യേക പരിഗണന ലഭിച്ചപ്പോൾ ഇന്ത്യൻ പാസ്‌പോർട്ട കൈവശം ഉള്ള യാത്രക്കാരെ ഹോട്ടൽ മുറി നൽകാൻ പോലും തയ്യാറാകാതെ എത്തിഹാദ് അപമാനിക്കുക ആയിരുന്നു. പരാതിപ്പെട്ട യാത്രക്കാർക്ക് കൃത്യമായ മറുപടി നൽകാൻ പോലും എത്തിഹാദ് അധികൃതർ തയ്യാറായിരുന്നില്ല.

രണ്ടു വർഷം മുൻപ് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് എത്തിഹാദിൽ പുറപ്പെട്ട തനിക്കു ഉണ്ടായ വളരെ മോശം അനുഭവത്തെ ലണ്ടൻ മലയാളിയായ എം ശിവദാസും വെളിപ്പെടുത്തിയിട്ടുണ്ട്. യാത്രകളെ കുറിച്ച് അനുഭവം പങ്കു വയ്ക്കാനുള്ള ഓൺ ലൈൻ സൈറ്റുകളിൽ ഈ അനുഭവം പങ്കു വച്ചിരിക്കുന്ന ശിവദാസും താൻ നൽകിയ പരാതികൾക്ക് എത്തിഹാദ് മറുപടി നൽകാൻ കൂട്ടാക്കിയില്ലെന്നു വെളിപ്പെടുത്തുന്നു. ലണ്ടനിൽ നിന്നും വൈകി പുറപ്പെട്ടത് മൂലം കൊച്ചിയിൽ എത്തിയപ്പോൾ ലഗ്ഗേജ് ലഭിക്കാതെ പോയതും കണക്ഷൻ വിമാനം ലഭിക്കാൻ അനുഭവിച്ച മാനസിക സമ്മർദ്ദവും ഒക്കെയാണ് ശിവദാസ് തന്റെ പരാതിയിൽ വ്യക്തമാക്കുന്നത്. ജീവിതത്തിൽ ഒരിക്കലും എത്തിഹാദിൽ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP