Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾക്കും ഇരുട്ടടിയായി ജിഎസ്ടി; നികുതിയില്ലാതെ 20,000 രൂപയുടെ സാധനങ്ങൾ അയയ്ക്കാമെന്നുള്ള നിയമത്തിൽ മാറ്റം വരുത്തിയതോടെ കാർഗോകൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നു; 2,000 രൂപയുടെ സാധനങ്ങൾ അയയ്ക്കണമെങ്കിൽ 41 ശതമാനം നികുതി അടക്കണം: ദുരിതത്തിലായത് സാധാരണക്കാരായ പ്രവാസികൾ

പ്രവാസികൾക്കും ഇരുട്ടടിയായി ജിഎസ്ടി; നികുതിയില്ലാതെ 20,000 രൂപയുടെ സാധനങ്ങൾ അയയ്ക്കാമെന്നുള്ള നിയമത്തിൽ മാറ്റം വരുത്തിയതോടെ കാർഗോകൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നു; 2,000 രൂപയുടെ സാധനങ്ങൾ അയയ്ക്കണമെങ്കിൽ 41 ശതമാനം നികുതി അടക്കണം: ദുരിതത്തിലായത് സാധാരണക്കാരായ പ്രവാസികൾ

മറുനാടൻ ഡെസ്‌ക്ക്

ദുബായ്: രാജ്യനന്മക്ക് വേണ്ടിയാണ് ജിഎസ്ടി നടപ്പിലാക്കിയത് എന്നാണ് കേന്ദ്രവും കേരളവും ഒരുപോല പറയുന്നത്. എന്നാൽ, യാതൊരു വിധത്തിലുള്ള മുൻകരുതലുമില്ലാതെ നടപ്പിലാക്കിയ ഈ നികുതി പരിഷ്‌ക്കാരം കൊണ്ട് നട്ടം തിരികുയാണ് ഇന്ത്യക്കാർ. പ്രവാസികൾ അടക്കമുള്ളവർക്ക് കനത്ത തിരിച്ചടിയാണ് ജിഎസ്ടി സമ്മാനിച്ചത്. ജിഎസ്ടിയുടെ വരവോടെ നാട്ടിലേക്കു സാധനങ്ങൾ അയയ്ക്കാനുള്ള ഡോർ ടു ഡോർ കാർഗോയ്ക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് ഇരുട്ടടിയായി. ഇതോടെ നാട്ടിലേക്ക് അയച്ച കാർഗോകൾ വിവിധ വിമാനത്താവളങ്ങളിലായി കെട്ടിക്കിടക്കുകയാണ്.

ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന്റെ മറവിലാണ് ഇപ്പോൾ ഡോർ ടു ഡോർ കാർഗോയ്ക്കും നിയന്ത്രണങ്ങൾ വന്നത്. നേരത്തേ 20,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ നാട്ടിലേക്ക് അയയ്ക്കാമായിരുന്നു. ഇതു പ്രയോജനപ്പെടുത്തി ഇത്തരത്തിൽ ധാരാളം ആളുകൾ നാട്ടിലേക്കു സാധനങ്ങൾ അയച്ചിരുന്നു. ചുരുങ്ങിയ ചെലവിൽ നാട്ടിൽ സാധനങ്ങൾ അയക്കാൻ സാധിക്കുമായിരുന്നു. എന്നന്നാൽ പുതുക്കിയ പരിഷ്‌ക്കാരത്തോടെ പ്രവാസികൾ ശരിക്കും വെട്ടിലായി. ഇരുപതിനായിരം രൂപയുടെ സാധനങ്ങൾ അയക്കാമായിരുന്ന സമയത്തിൽ ഇപ്പോൾ 2000 രൂപയുടെ നികുതി അടച്ചാൽ പോലും നികുതി അടക്കേണ്ട അവസ്ഥയിലായി.

ഗൾഫിലെ പ്രവാസികളാണ് പ്രധാനമായും ഈ സേവനം ഉപയോഗിച്ചു പോന്നത്. ഇവരാണ് ഇപ്പോൾ ശരിക്കും വെട്ടിലായത്. പലരും ഇത്തരത്തിൽ 30-40 കിലോ സാധനങ്ങൾ കാർഗോ വഴി അയയ്ക്കുന്നതു പതിവാണ്. ഇതിനു പ്രത്യേക നികുതിയും ചുമത്തിയിരുന്നില്ല. പക്ഷേ, ഇപ്പോൾ 2,000 രൂപയുടെ സാധനങ്ങൾ അയയ്ക്കണമെങ്കിൽ 41% നികുതിയടയ്ക്കണം. ബേസിക് കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) 10%, ഐജിഎസ്ടി 28%, സെസ് 3% എന്നിങ്ങനെയാണു നികുതിയടയ്‌ക്കേണ്ടത്. എന്നാൽ, 2000 രൂപയിൽ കൂടുതലാണെങ്കിൽ നികുതി 74 ശതമാനമായി ഉയരും. അതായതു 30 കിലോയുടെ സാധനങ്ങൾ നാട്ടിലെത്തിച്ചാൽ ഇതോടൊപ്പം കസ്റ്റംസ് തീരുവ കൂടി നൽകേണ്ട അവസ്ഥയിലാണ്. ഡ്യൂട്ടി പേപ്പറിലെ തുക ഓൺലൈനായോ നേരിട്ടോ ഉടമ അടച്ചാൽ മാത്രമേ സാധനം കിട്ടൂ. സാധാരണക്കാരെയാണ് ഇതു നേരിട്ടു ബാധിക്കുക. ഡോർ ടു ഡോർ ഡെലിവറി കാർഗോ അയയ്ക്കുന്നതിൽ ഭൂരിഭാഗവും ലേബർ ക്യാംപുകളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരാണ്.

വെട്ടിലായത് സാധാരണക്കാരായ പ്രവാസികൾ

വാർഷിക, ദ്വൈവാർഷിക അവധിക്കു നാട്ടിലേക്കു പോകുന്നവർ യാത്ര തിരിക്കുന്നതിനു രണ്ടാഴ്ച മുൻപ് ഇത്തരത്തിൽ കാർഗോ അയയ്ക്കുന്നതു പതിവാണ്. അയയ്ക്കുന്നയാൾ നാട്ടിലെത്തുമ്പോഴേക്കും ഇതും എത്തിയിരിക്കും. വിമാനത്തിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാൻ അനുവാദമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. വിമാനത്തിൽ ലഗേജിൽ പരമാവധി 30 കിലോയാണ് അനുവദിക്കുക. ഹാൻഡ് ബാഗിൽ ഏഴു കിലോയും. ഇതിൽ കൂടിയാൽ ഓരോ കിലോയ്ക്കും വൻ തുക അധികമായി കൊടുക്കേണ്ടി വരും. ഇത് ഒഴിവാക്കാൻ പലരും അനുവദനീയമായതിൽ കൂടുതലുള്ള സാധനങ്ങൾ കാർഗോ വഴി അയയ്ക്കുകയാണു പതിവ്.

സോപ്പ്, സോപ്പുപൊടി, ഈന്തപ്പഴം, ക്രീമുകൾ, അടുക്കളസാധനങ്ങൾ, പേന, പെൻസിൽ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സാധനങ്ങൾ ഇത്തരത്തിൽ അയയ്ക്കുന്നതു പതിവായിരുന്നു. എത്തിച്ചേരാൻ 15 ദിവസമെടുക്കുമെന്നതിനാൽ പെട്ടെന്നു കേടാകാൻ സാധ്യതയുള്ളവ ഇങ്ങനെ അയയ്ക്കാറില്ല. ഇനി ഇതിനൊക്കെ വൻതുക നികുതി നൽകി കൊണ്ടുപോകേണ്ട അവസ്ഥയാണു നികുതി പരിഷ്‌കാരം മൂലമുണ്ടായത്.

പ്രതിദിനം നാട്ടിൽ എത്തിയിരുന്നത് അഞ്ഞൂറ് ടൺ, കെട്ടിക്കിടക്കുന്നത് 5000 ടൺ കാർഗോ

ഇന്ത്യയിൽ ഡോർ ടു ഡോർ കാർഗോയിൽ പ്രതിദിനം ഏകദേശം 500 ടൺ സാധനങ്ങൾ എത്തിയിരുന്നതായി ഇന്ത്യൻ കൊറിയേഴ്സ് ആൻഡ് കാർഗോസ് അസോസിയേഷൻ പറയുന്നു. എന്നാൽ, പുതിയ പരിഷ്‌കാരം വന്നതോടെ ഇതു വൻതോതിൽ കുറഞ്ഞു. ഇപ്പോൾ വിമാനത്താവളങ്ങളിൽ 5000 ടൺ കാർഗോയാണ് കെട്ടിക്കിടക്കുന്നത്. ഇതു കാർഗോ മേഖലയിലും വലിയ പ്രതിസന്ധിക്കു കാരണമായേക്കും. നിലവിൽ ജിസിസിയിൽ ഒരു ലക്ഷത്തോളം പേർ കാർഗോ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണു കരുതുന്നത്. ഇതിനു പുറമെ, നാട്ടിലും ഈ മേഖലയിൽ ലക്ഷക്കണക്കിനുപേർ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം പ്രതിസന്ധിയിലാക്കുന്നതാണു കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. ഖത്തറിൽനിന്ന് ഇന്ത്യയിലേക്കുള്ള കാർഗോ നീക്കത്തിൽ ഇപ്പോൾ വൻതോതിൽ കുറവുവന്നതായി ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു.

നാട്ടിലേക്ക് പാഴ്‌സൽ അയക്കുന്നത് പൊതുവേ മൂന്ന് വിഭാഗക്കാരാണ്. ടിആർ (ട്രാൻസ്ഫർ ഓഫ് റസിഡൻസ്) വിഭാഗക്കാരാണ് ആദ്യത്തേത്. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നവർക്കു പുറമെ രണ്ടുകൊല്ലത്തിലൊരിക്കൽ പാഴ്സൽ അയ്ക്കുന്നവരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. കപ്പൽ വഴിയാണ് അയയ്ക്കുക. നാട്ടിൽ ഇവർ നേരിട്ടെത്തി കസ്റ്റംസ് തീരുവ അടച്ച് സാധനങ്ങൾ ഏറ്റുവാങ്ങുന്നു. പൊതുവെ മേൽത്തട്ടുകാരായ ഈ വിഭാഗക്കാർ വിലകൂടിയ സാധനങ്ങളാണ് അയയ്ക്കുക.

ഫ്രിജ്, എസി, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ഫർണിച്ചറുകളും ഇങ്ങനെ കുറഞ്ഞനിരക്കിൽ അയയ്ക്കാനാകും. പുതിയ നിയമം ഇവർക്കു ബാധകമാക്കിയിട്ടില്ല. ഇതുതന്നെ എയർ കാർഗോ വഴി അയയ്ക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. കുറച്ചുകൂടി കൂടിയ നിരക്കു നൽകിയാൽ സാധനങ്ങൾ വേഗം നാട്ടിലെത്തുന്നതാണ് ഇതിന്റെ നേട്ടം. മൂന്നാമത്തേതാണു ഡോർ ടു ഡോർ വിഭാഗക്കാർ. താഴേത്തട്ടിലുള്ളവർക്കു ഏക ആശ്വാസമായിരുന്നു ഈ സേവനം.

സ്വദേശി വീടുകളിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്നവർ, വിശേഷദിവസങ്ങളിലും മറ്റും സമ്മാനമായി കിട്ടുന്ന സാധനങ്ങൾ ഇങ്ങനെ അയയ്ക്കുന്നു. പേന, പെൻസിൽ, പഴയ കളിപ്പാട്ടങ്ങളുമെല്ലാം ഇതിൽ പെടുന്നു. വല്ലപ്പോഴും പോകുന്ന ലേബർ ക്യാംപ് തൊഴിലാളികളുടെ കാര്യവും ഭിന്നമല്ല. ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ വാങ്ങി കട്ടിലിനുതാഴെ കൂട്ടിവച്ച് അവധിക്കു പോകാറാകുമ്പോൾ കാർഗോയിൽ നാട്ടിലേക്ക് അയയ്ക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP