Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുമ്പ് രേഖകൾ ഹാജരാക്കണമെന്ന സർക്കുലർ ഹൈക്കോടതി സ്‌റ്റേ ചെയ്തു; പ്രവാസികളുടെ പ്രതിഷേധം സർക്കാരും കണ്ടില്ലെന്നു നടിച്ചതോടെ കോടതിയെ സമീപിച്ചത് അബുദാബിയിലെ മലയാളി; വിവാദ സർക്കുലർ ഇറക്കിയത് കരിപ്പൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ

മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുമ്പ് രേഖകൾ ഹാജരാക്കണമെന്ന സർക്കുലർ ഹൈക്കോടതി സ്‌റ്റേ ചെയ്തു; പ്രവാസികളുടെ പ്രതിഷേധം സർക്കാരും കണ്ടില്ലെന്നു നടിച്ചതോടെ കോടതിയെ സമീപിച്ചത് അബുദാബിയിലെ മലയാളി; വിവാദ സർക്കുലർ ഇറക്കിയത് കരിപ്പൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ

കൊച്ചി: പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂർ മുമ്പ് രേഖകൾ ഹാജരാക്കണമെന്ന സർക്കുലർ ഹൈക്കോടതി സ്റ്റേ ചെയ്തു. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്ന ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു.

കരിപ്പൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് വിവാദമായ സർക്കുലർ ഇറക്കിയിരുന്നത്. ഇത് ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. സർക്കുലറിനെതിരെ അബുദാബിയിലെ മലയാളിയായ പ്രവാസിയാണ് ഹൈക്കോടതി സമീപിച്ചത്. ഈ ഹർജിയിലാണ് ഹൈക്കോടതി വിവാദ സർക്കുലറിന് സ്റ്റേ നൽകിയത്.

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുൻപേ അനുമതി വേണമെന്ന പുതിയ ഉത്തരവിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം വ്യാപകമായിരുന്നു. കരിപ്പൂർ വിമാനത്തവളത്തിലെ ഹെൽത്ത് ഓഫീസർ പുറത്തിറക്കിയ സർക്കുലർ പ്രവാസികളെ അനാവശ്യമായി ബുദ്ധിമൂട്ടിക്കുന്നതായിരുന്നു. പ്രശ്നം വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും കേന്ദ്ര സർക്കാരിന്റേയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആശയക്കുഴപ്പം തീർക്കുന്നതിനുള്ള ഇടപെടലുകളോ വിശദീകരണമോ ഉണ്ടായില്ല. ഇതേത്തുടർന്നാണ് പ്രവാസി കോടതിയെ സമീപിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങൾ സ്വീകരിക്കാൻ ഷാർജയിലെ വിമാന കാർഗോ വിഭാഗങ്ങൾ മടിച്ചിരുന്നു. 2005-ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഈ നിബന്ധന പുറപ്പെടുവിച്ചതെന്നാണ് കരിപ്പൂരിലെ ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർ ജലാലുദ്ദീൻ വിശദീകരിച്ചിരുന്നത്.

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോൾ നിർദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നായിരുന്നു സർക്കുലർ. മരണ സർട്ടിഫിക്കറ്റ് , എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിരാക്ഷേപ പത്രം(എൻഒസി), റദ്ദാക്കിയ പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.

എന്നാൽ മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇയിലെ എംബാമിങ് കേന്ദ്രങ്ങളിൽ നിന്ന് എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കൂ. അപ്പോൾ ഇത് 48 മണിക്കൂർ മുമ്പ് നാട്ടിലെ വിമാനത്താവളത്തിൽ എങ്ങനെ ഇവ ഹാജരാക്കാൻ സാധിക്കുമെന്നതാണ് അന്നുയർന്ന പ്രധാന ചോദ്യം.

എംബാം ചെയ്ത മൃതദേഹം കേടുവരാതെ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണെന്നിരിക്കെ അതിലധികം സമയം കാത്തിരുന്ന് നാട്ടിലെത്തിക്കുമ്പോൾ ദുർഗന്ധം വമിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ പ്രശ്‌നത്തിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായ ആശ്വാസത്തിലാണ് പ്രവസലോകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP