Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദ്വീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുമ്പോൾ 5,000 മുതൽ 50,000 രൂപവരെ പ്രതിമാസം പെൻഷൻ നേടാം; മരണശേഷം ആശ്രിതർക്കും സഹായകമാകും; പ്രവാസികൾക്കായി പുതിയ പെൻഷൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ; 60,000 കോടി രൂപ സമാഹരിച്ച് സംസ്ഥാനത്തിന്റെ വികസന കുതിപ്പും പദ്ധതിയുടെ ലക്ഷ്യം

ദ്വീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുമ്പോൾ 5,000 മുതൽ 50,000 രൂപവരെ പ്രതിമാസം പെൻഷൻ നേടാം; മരണശേഷം ആശ്രിതർക്കും സഹായകമാകും; പ്രവാസികൾക്കായി പുതിയ പെൻഷൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ; 60,000 കോടി രൂപ സമാഹരിച്ച് സംസ്ഥാനത്തിന്റെ വികസന കുതിപ്പും പദ്ധതിയുടെ ലക്ഷ്യം

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ജീവിതത്തിലെ നല്ലൊരു കാലയളവിലും പ്രവാസ ജീവിതം നയിക്കേണ്ടി വരുന്ന മലയാൡകൾ ഏറെയാണ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ ഒന്നാമതാക്കുന്ന ഘടകം ഉണ്ടെങ്കിൽ അത് ഈ പ്രവാസി മലയാളികളുടെ അധ്വാനമാണ്. എന്നാൽ, ദ്വീർഘകാലം കുടുംബത്തിനും നാടിനും വേണ്ടി വിദേശത്ത് കഷ്ടപ്പെട്ട ശേഷം നാട്ടിൽ വെറുംകൈയോടെ തിരിച്ചെത്തുന്ന പ്രവാസികളും ഏറെയാണ്. ഇത്തരക്കാർക്ക് സഹായം ലക്ഷ്യമിച്ച് കേരള സർക്കാർ പുതിയ പദ്ധതിയുമായി രംഗത്തെത്തി. കേരളാ പ്രവാസി ക്ഷേമ ബോർഡാണ് സംസ്ഥാന വികസനത്തിനൊപ്പം പ്രവാസി ക്ഷേമവും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് രൂപം നൽകിയത്.

ദീർഘകാല പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തുന്നവർക്ക് 5,000 മുതൽ 50,000 രൂപവരെ പ്രതിമാസം ലഭിക്കുന്ന ഡിവിഡന്റ് പെൻഷൻ പദ്ധതിക്കാണ് തുടക്കമിട്ടത്. അഞ്ച് മുതൽ 50 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഈ തുക മൂന്ന് വർഷത്തിനകം ആറ് ഘട്ടമായോ അല്ലെങ്കിൽ ഒറ്റത്തവണയായോ നിക്ഷേപിക്കാം. നിക്ഷേപത്തുക പൂർണമായും ലഭിച്ച് മൂന്നു വർഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ് നൽകും. പദ്ധതിയിലൂടെ 60,000 കോടി രൂപവരെ സമാഹരിച്ച് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വിനിയോഗിക്കാൻ കഴിയുംവിധമാണ് കരട് തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ കരട് സർക്കാർ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. സർക്കാർ കൂടി അംഗീകരിച്ചാൽ അധിക താമസിയാതെ ഈ പദ്ധതി നിലവിൽ വരും.

പ്രവാസികൾക്ക് ബാങ്കിൽ നിക്ഷേപിച്ചാൽ ലഭിക്കുന്നതിലും കൂടുതൽ ആനുകൂല്യം പദ്ധതിയിലൂടെ ലഭ്യമാക്കും. നിക്ഷേപകൻ മരിച്ചാൽ നിയമപരമായ അവകാശികൾക്ക് നിക്ഷേപത്തുക തിരിച്ചുനൽകും. ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ജോലിചെയ്ത് തിരിച്ചെത്തുന്ന ഭൂരിഭാഗത്തിനും അവസാനകാലം ദാരിദ്ര്യവും രോഗവും മാത്രമാണ് സമ്പാദ്യമെന്ന തിരിച്ചറിവിലാണ് പ്രവാസികളുടെ സമ്പാദ്യം നിക്ഷേപമായി സ്വീകരിച്ചുള്ള പെൻഷൻപദ്ധതിക്ക് രൂപംനൽകിയതെന്ന് പ്രവാസി ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പ്രവാസി മലയാളികൾ വർഷം ഒന്നേകാൽ ലക്ഷം കോടി രൂപയോളം നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഈ തുകയുടെ ഒരംശംപോലും ദീർഘകാലാടിസ്ഥാനത്തിൽ പ്രവാസികൾക്ക് സുസ്ഥിര ജീവിതം നയിക്കുന്നതിനായി വിനിയോഗിക്കുന്നില്ല. വിദേശത്തുനിന്ന് കിട്ടുന്ന പണം പലവഴിക്ക് ചെലവഴിച്ച് പ്രവാസ ജീവിതം അവസാനിക്കുമ്പോഴേക്കും ജീവിതംതന്നെ വഴിമുട്ടുന്ന അവസ്ഥയാണ് ഭൂരിപക്ഷം പ്രവാസികൾക്കും. ഇതിനിടയിൽ പലവിധം കബളിപ്പിക്കപ്പെടലുകൾക്ക് ഇരയാകുന്നവരും കുറവല്ല.

ആഗോള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദത്താൽ ഗൾഫ് മേഖലയിൽനിന്നുള്ള തിരിച്ചുവരവ് വർധിച്ചിട്ടുണ്ട്. ഇതും പ്രവാസി കുടുംബങ്ങളെ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിടുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് നാട്ടിൽ തിരിച്ചെത്തുമ്പോൾ നിശ്ചിത തുക പ്രതിമാസം വരുമാനമായി ലഭിക്കുന്ന പദ്ധതിക്ക് രൂപം നൽകിയത്.

പ്രവാസികൾക്ക് ജീവിതസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികൾക്കായി വില്ലകൾ നിർമ്മിച്ചുനൽകുന്ന പ്രൊട്ടക്ടഡ് പ്രവാസി വില്ലേജ് പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. അർധനഗരപ്രദേശങ്ങളിൽ ആവശ്യമായ ഭൂമി ഏറ്റെടുത്ത് അഞ്ച് മുതൽ 10 വരെ സന്റൊയി വേർതിരിച്ച് 1000 മുതൽ 3000 വരെ സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീട് നിർമ്മിച്ച് പ്രവാസികൾക്ക് വില നിശ്ചയിച്ച് നൽകുന്നതാണ് ഈ പദ്ധതി. താഴേത്തട്ടിലും ഇടത്തരം ജീവിതനിലവാരത്തിലുമുള്ള പ്രവാസികളെയാണ് ലക്ഷ്യമിടുന്നത്. പ്രവാസിക്ഷേമ പെൻഷൻ ഏകീകൃത നിരക്കിൽ 2000 രൂപയാക്കിയതിന് പിന്നാലെ കൂടുതൽ ആളുകൾക്ക് പെൻഷൻ ലഭ്യമാക്കാനുള്ള നടപടികളും പരിഗണനയിലാണെന്ന് ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

മരണാനന്തര ധനസഹായം കാറ്റഗറി വ്യത്യാസമില്ലാതെ ഒരു ലക്ഷമായി വർധിപ്പിക്കണമെന്നും 300 രൂപ പ്രതിമാസം അംശാദായം ഒടുക്കുന്ന പ്രവാസി കേരളീയൻ (1എ) വിഭാഗത്തിലുള്ളവർക്ക് പെൻഷൻ തുക 3000 രൂപയാക്കി വർധിപ്പിച്ച് നൽകണമെന്നും ബോർഡ് ശിപാർശ ചെയ്തു.
ക്ഷേമനിധിയിൽ അംഗമായിരിക്കെ അസുഖം, അപകടം എന്നീ കാരണങ്ങളാൽ മരണമടയുന്ന പ്രവാസി കേരളീയരായ (വിദേശം) അംഗത്തിന്റെ ആശ്രിതർക്ക് 50,000 രൂപയും വിദേശത്തുനിന്ന് തിരിച്ചുവന്ന പ്രവാസി കേരളീയനായ അംഗത്തിന്റെ ആശ്രിതർക്ക് 30,000 രൂപയും പ്രവാസി കേരളീയനായ (ഭാരതം) അംഗത്തിന്റെ അവകാശിക്ക് 25,000 രൂപയും കൽപിത അംഗങ്ങളുടെ ആശ്രിതർക്ക് 20,000 രൂപയുമാണ് നിലവിൽ മരണാനന്തര ധനസഹായം നൽകുന്നത്.

അംശാദായം ഒടുക്കുന്നതിൽ ഒരു വർഷത്തിലേറെ കാലതാമസം വരുത്തി അംഗത്വം നഷ്ടപ്പെട്ടവരുടെ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായി സെപ്റ്റംബർ മുതൽ ആറ് മാസത്തേക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നതിനും ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്നും ചെയർമാർ പി.ടി. കുഞ്ഞിമുഹമ്മദ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP