Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലണ്ടനിലെ മലയാളി വീട്ടമ്മയെ കൊന്നതു താൻ തന്നെയെന്ന് തുറന്നു സമ്മതിച്ച് മകൾ; രോഗം മൂലം നരകിച്ച അമ്മയെ ഇൻസുലിൻ കൊടുത്തു മയക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നുവെന്ന് സമ്മതിച്ച് തിരുവനന്തപുരം സ്വദേശിനി; മാർത്താ പെരേരയെ കൊലപ്പെടുത്തിയ ഷേർളി ഡിസിൽവയെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയിൽശിക്ഷ

ലണ്ടനിലെ മലയാളി വീട്ടമ്മയെ കൊന്നതു താൻ തന്നെയെന്ന് തുറന്നു സമ്മതിച്ച് മകൾ; രോഗം മൂലം നരകിച്ച അമ്മയെ ഇൻസുലിൻ കൊടുത്തു മയക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നുവെന്ന് സമ്മതിച്ച് തിരുവനന്തപുരം സ്വദേശിനി; മാർത്താ പെരേരയെ കൊലപ്പെടുത്തിയ ഷേർളി ഡിസിൽവയെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയിൽശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: അതിക്രൂരമായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ഒടുവിൽ മകളുടെ കുറ്റസമ്മതം. നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അമ്മയെ ഇൻസുലിൻ കൊടുത്തു മയക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് തിരുവനന്തപുരം സ്വദേശിനിയായ മകൾ മൊഴി നൽകിയിരിക്കുന്നത്. ഷേർളി ഡി സിൽവ എന്ന അൻപത്തഞ്ചു വയസുകാരിയാണ് 77 വയസ് പ്രായമായിരുന്ന അമ്മ മാർത്താ പെരേരയെ കഴിഞ്ഞ വർഷം ഒക്ടോബർ 25ന് കൊലപ്പെടുത്തിയത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം ഷേർളി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. മാർത്ത അവശ നിലയിലാണ് എന്ന തരത്തിലാണ് ഫോൺ കോൾ എത്തിയത്. ഉടൻ സംഭവ സ്ഥലത്തെത്തിയ പാരാമെഡിക്‌സ് സംഘം അമ്മയെ സൗത്ത് ലണ്ടനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷേർളിയെ ചോദ്യം ചെയ്യുകയും താനാണ് കൊലപാതകം ചെയ്തതെന്ന് ഷേർളി സമ്മതിക്കുകയും ചെയ്യുകയായിരുന്നു. മോർലാൻഡ് റോഡിലെ ഇവരുടെ വീട്ടിൽ വച്ചാണ് ഒക്ടോബർ 25ന് വൈകിട്ട് നാലുമണിയോടെ കൊലപാതകം നടന്നത്.

സുഖമില്ലാതിരുന്ന അമ്മയുടെ അവസ്ഥ തന്നെ ഏറെ വിഷമിപ്പിച്ചെന്നാണ് ഷേർളി പൊലീസിനോട് പറഞ്ഞത്. അമ്മയുടെ ബുദ്ധിമുട്ട് കണ്ടുനിൽക്കാൻ കഴിയാതിരുന്ന താൻ അമ്മയുടെ ജീവനെടുക്കാൻ തീരുമാനിക്കുകയും കൊല്ലുകയുമായിരുന്നുവെന്നാണ് ഷേർളി കുറ്റസമ്മതം നടത്തിയത്. പൊലീസ് വീട്ടിൽ എത്തുന്നതുവരെ ഷേർളി ഫോൺ കോളിൽ തന്നെ തുടർന്നിരുന്നു. പാരാനോയ്ഡ് ഷിസോഫെർണിയ എന്ന മാനസിക സമ്മർദ്ദാവസ്ഥയാണ് ഷേർളിയെ ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇവർ കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി ഇവർ ലണ്ടനിലെ ക്രോയ്ഡോണിലാണ് താമസം. മാർത്തയുടെ മൂത്ത മകളായിരുന്നു ഷേർളി. വിവാഹം കഴിഞ്ഞ രണ്ടു മക്കളും വേറിട്ട് താമസിക്കുന്നതും ഭർത്താവു അവധിക്കു നാട്ടിൽ പോയ സാഹചര്യത്തിലും തികച്ചും ഒറ്റപ്പെട്ടു പോയ ഷേർളി മാനസിക സമ്മർദ്ദം താങ്ങാനാവാതെ ചെയ്തു പോയതാകാമെന്നാണ് മലയാളികളെല്ലാം വിലയിരുത്തുന്നത്. നാട്ടിൽ പൊലീസിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന ഷേർളിയുടെ ഭർത്താവു ബ്രിട്ടനിൽ പൊലീസിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

അസാധാരണമായ വിധം കൊലപാതകം നടത്താൻ തക്ക കെൽപ്പുള്ളവല്ല ഷേർളി എന്നും മാനസികമായി പ്രയാസപ്പെട്ട ഏതോ ദുർനിമിത്തത്തിൽ സംഭവിച്ചു പോയ കൈത്തെറ്റ് ആകാനേ സാധ്യതയുള്ളൂ എന്നാണ് അയൽവാസികൾ ആയവരുടെയും അടുത്തറിയുന്നവരുടെയും അനുമാനം. ഷേർളി അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്ത കേട്ട് മോർലാന്റ് റോഡിലെ അയൽവാസികൾക്ക് വിശ്വസിക്കാനായിരുന്നില്ല. ഞെട്ടലോടെയാണ് അവർ ആ വാർത്ത കേട്ടത്.

കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തേ ബ്രിട്ടീഷ് മലയാളി കുടിയേറ്റ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി പ്രദേശത്തു കഴിയുന്ന ഇവരെ അടുത്തറിയുന്നവർക്കെല്ലാം അവിശ്വസനീയത സമ്മാനിച്ചാണ് കൊലപാതക വിവരം പുറത്തു വന്നത്. സംഭവത്തിൽ ഷേർളി മാത്രം പ്രതിയായിട്ടായാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സൂചനയുണ്ട്. മെട്രോപൊളിറ്റൻ പൊലീസിലെ പ്രത്യേക ഡിക്ടറേറ്റിവ് വിഭാഗമാണ് കേസ് അന്വേഷിച്ചത്. ഷേർളി കുറസമ്മതം നടത്തിയതോടെ നീണ്ട കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP