Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് ദിനത്തിന് ഓഫർ പ്രഖ്യാപിച്ച് വാർത്ത പ്രചരിക്കവേ യുഎഇ എക്സ്‌ചേഞ്ചിന്റെ പാക് ദിനാഘോഷം മലബാർ ഗോൾഡിന്റെ പേരിൽ പ്രചരിപ്പിച്ചു; ഷാർജയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിക്ക് രണ്ടരലക്ഷം ദിർഹം പിഴ വിധിച്ച് ദുബായ് കോടതി; ഗൾഫ് രാജ്യങ്ങളിൽ ഇരുന്ന് സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവർക്കുള്ള താക്കീത്

പാക് ദിനത്തിന് ഓഫർ പ്രഖ്യാപിച്ച് വാർത്ത പ്രചരിക്കവേ യുഎഇ എക്സ്‌ചേഞ്ചിന്റെ പാക് ദിനാഘോഷം മലബാർ ഗോൾഡിന്റെ പേരിൽ പ്രചരിപ്പിച്ചു; ഷാർജയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിക്ക് രണ്ടരലക്ഷം ദിർഹം പിഴ വിധിച്ച് ദുബായ് കോടതി; ഗൾഫ് രാജ്യങ്ങളിൽ ഇരുന്ന് സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവർക്കുള്ള താക്കീത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മലബാർ ഗോൾഡ് പാക്കിസ്ഥാന്റെ ജന്മദിനാഘോഷം നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്ന് തെറ്റു സമ്മതിച്ചു പാക് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായുള്ള ഓഫറുകളും പിൻവലിച്ചാണ് മലബാർ ഗോൾഡ് തടിതപ്പിയത്. അതു വിവാദമായപ്പോൾ യുഎഇ എക്സ്ചേഞ്ച് ഉടമകൾ പാക് സ്വാതന്ത്ര്യദിനത്തിൽ കേക്കു മുറിക്കുന്ന വാർത്തയും വെളിയിൽ വന്നു. ഈ ആഘോഷത്തെക്കുറിച്ചും മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു. ഇതിനിടെ ആ ദിവസങ്ങളിൽ പാക് സ്വാതന്ത്ര്യദിനത്തിന് മലബാർ ഗോൾഡ് കേക്കുമുറിച്ചു എന്ന രീതിയിൽ ചില വാർത്തകളും വന്നു. മറ്റൊരു സ്ഥാപനത്തിന്റെ ചിത്രം ഉപയോഗിച്ച്, മലബാർ ഗോൾഡ് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയെന്ന വിവരവും പുറത്തു വന്നു. ഇപ്പോഴിതാ ഈ കേസിൽ ദുബായ് കോടതിയുടെ വിധിയും.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന് കോടതി ശിക്ഷ വിധിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ബിനീഷ് പുന്നക്കൽ അറുമുഖനാ(35)ണ് രണ്ടര ലക്ഷം ദിർഹം പിഴ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചു. ബന്ധപ്പെട്ട സൈറ്റിലെ ഫൊട്ടോകൾ ഡിലീറ്റ് ചെയ്യാനും സൈറ്റ് ഒരു വർഷത്തേയ്ക്കു അടയ്ക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇൻഫർമേഷൻ നെറ്റ് വർക്ക്, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവ ദുരുപയോഗം ചെയ്‌തെന്ന പേരിലാണു കേസ്. മലബാർ ഗോൾഡിനെതിരെ വ്യാജചിത്രവും തെറ്റായ വിവരങ്ങളും ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു.

മലബാർ ഗോൾഡ് ശാഖയിൽ പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആചരിച്ചെന്ന പേരിൽ പടവും സന്ദേശവും പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് ഉപയോഗിച്ചത് യുഎഇ എക്‌സചേഞ്ചിലെ ആഘോഷത്തിന്റെ ഫോട്ടോയായിരുന്നു. ഇത്തരം തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയാൽ കൃത്യമായ ശിക്ഷ ലഭിക്കും എന്നതിന് തെളിവാണ് ഈ കേസ്. വിചാരണയിൽ പാക്കിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ ജോലിചെയ്യുന്ന യുഎഇ എക്‌സചേഞ്ച് സംഘടിപ്പിച്ച ആഘോഷത്തിന്റെ ചിത്രം മലബാർ ഗോൾഡിന്റെ ലോഗോ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്നു ജൂവലറി ഗ്രൂപ്പ് അധികൃതർ മുറഖബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതി മാപ്പ് അപേക്ഷിച്ചതിനെ തുടർന്നു കേസ് പിൻവലിച്ചിരുന്നതായി മലബാർ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. എന്നാൽ രാജ്യത്തിലെ നിയമം ലംഘിച്ചെന്ന പേരിൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് തുടരുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കമ്പനികളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്നത് വലിയ ശിക്ഷ ലഭിക്കാനിടയാക്കുന്ന കുറ്റകൃതമാണെന്ന സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹ്മദ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇത്തരം അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നവരും അതിനെ പിന്തുണയ്ക്കുന്നവരും നിയമത്തിന് മുന്നിൽ ഒരു പോലെ കുറ്റവാളികളാണ്. യുഎഇ സർക്കാരും ഇവിടുത്തെ നിയമവ്യവസ്ഥയും സൈബർ കുറ്റകൃത്യങ്ങളെ ഗൗരവമായി കാണുന്നു. ഇതാണ് പരാതിക്കാരൻ കേസിൽ നിന്ന് പിൻവലിച്ചിട്ടും കുറ്റക്കാരന് ശിക്ഷ നൽകാൻ കാരണം.

അതേസമയം ഇതിനുമുമ്പുണ്ടായ വിവാദമാകട്ടെ യഥാർത്ഥത്തിൽ മലബാർ ഗോൾഡ് തന്നെ നടത്തിയ പാക് സ്വാതന്ത്ര്യസമര ക്വിസിനെ ചൊല്ലിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനം അറിയാതെ മലബാർ ഗോൾഡ് എന്ന ജൂവലറി ഭീമൻ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ പ്രതിഷേധമുയർന്നു. ഈ വാർത്ത മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. മലബാർ ഗോൾഡിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലായിരുന്നു ആഘോഷത്തിനുള്ള ആഹ്വാനമുണ്ടായത്. എട്ടുലക്ഷത്തിലേറെപ്പേർ ലൈക്ക് ചെയ്തിട്ടുള്ള പേജിൽ 'പാക്കിസ്ഥാൻ ഇൻഡിപ്പെൻഡൻസ് ഡേ ക്വിസ്' എന്ന പരസ്യം വന്നതോടെ കമ്പനിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇന്ത്യൻ സ്വാതന്ത്രദിനത്തിനു പകരം പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് വൻ ചർച്ചയാകുകയും ചെയ്തു.

ഇതോടെ ഇതിൽ വിശദീകരണക്കുറിപ്പിറക്കിയ കമ്പനി ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ പ്രചരണ പരിപാടി വേണ്ടെന്നുവച്ചതായും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പിൻവലിച്ചതായും അറിയിക്കുകയും ചെയ്തിരുന്നു. ഗൾഫിലെ ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയാണ് ക്വിസ് മത്സം നടത്തിയതെന്നും ഇതിന്റെ പരസ്യങ്ങളാണ് പേജിൽ വന്നതെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം. ഈ പ്രചരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി വ്യക്തമാക്കിയിരുന്നു. അതിന് ശേഷം യുഎഇ എക്സ്ചേഞ്ചിന്റെയും പാക് സ്വാതന്ത്ര്യദിനാഘോഷ വാർത്തയും മറുനാടൻ നൽകിയിരുന്നു. ഇതിനിടെയാണ് മലബാർ ഗോൾഡിനെതിരെ വ്യാജ ചിത്രങ്ങൾ സഹിതമുള്ള പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP