Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിജിയെയും മക്കളെയും രതീഷ് കഴുത്തുഞെരിച്ച് കൊന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചതുകൊലപാതക കാരണമെന്ന് സൂചന; ലണ്ടനിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണത്തിൽ ബ്രിട്ടീഷ് മാദ്ധ്യമ റിപ്പോർട്ടുകൾ പലവിധം

ഷിജിയെയും മക്കളെയും രതീഷ് കഴുത്തുഞെരിച്ച് കൊന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചതുകൊലപാതക കാരണമെന്ന് സൂചന; ലണ്ടനിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണത്തിൽ ബ്രിട്ടീഷ് മാദ്ധ്യമ റിപ്പോർട്ടുകൾ പലവിധം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടണിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൂട്ടമരണത്ത സംഭവത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ലണ്ടനിലെ റോംഫോർടിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷിജിയുടെയും ഇരട്ട പെൺമക്കളുടെയും മരണം കൊലപാതകമാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. ശ്വാസംമുട്ടിയാണ് മൂവരും മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഷിജിയുടെയും മക്കളുടെയും ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ലാത്ത സാഹചര്യത്തിൽ ശ്വാസംമുട്ടിയോ വിഷം ഉള്ളിൽ ചെന്നോ ആകും മരണം സംഭവിച്ചതെന്ന് നേരത്തെ തന്നെ പൊലീസ് സൂചന നൽകിയിരുന്നു. ഇന്നലെ ഈസ്റ്റ്ഹാം മോർച്ചറിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് ഷിജിയും മക്കളായ നേഹയും നിയയും ശ്വാസംമുട്ടിച്ച് കൊന്നതെന്നാണ് വ്യക്തമായത്. രതീഷ് ഭാര്യയെയും മക്കളെയും കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. രതീഷിന്റെ പോസ്റ്റ്‌മോർട്ടത്തിൽ സ്വയം തൂങ്ങിമരിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്.

ഇന്നലെയാണ് പോസ്റ്റ്‌മോർട്ടം നടന്നതെങ്കിലും വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പൊലീസിനെ ഉദ്ധരിച്ചു ബ്രീട്ടീഷ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പൊലീസിനെ ഉദ്ധരിച്ചു ബിബിസി പുറത്തുവിട്ട റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. എന്നാൽ കൊല്ലപ്പെട്ട ഷിജിയുടെ ബന്ധുക്കൾ പൊലീസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയിച്ചത്. പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കേസിന് നിർണ്ണായക വഴിത്തിരിവ് ഉണ്ടായേക്കുമെന്നാണ് സൂചന.

ഷിജിയും രതീഷുമായി വളരെ നാളുകളായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഭാര്യയും മക്കളും പാശ്ചാത്യ സംസ്‌കാരത്തിലേക്ക് നീങ്ങിയതിൽ രതീഷ് ഏറെ അസ്വസ്ഥൻ ആയിരുന്നു എന്നാണ് ലണ്ടൻ ഇവനിങ് സ്റ്റാൻഡേർഡ് പറയുന്നത്. ഷിജിയും മക്കളും ഇവിടെ തുടരാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ രതീഷിന് നാട്ടിലേക്ക് താമസം മാറാനായിരുന്നു ആഗ്രഹം. മക്കൾ പാശ്ചാത്യ സംസ്‌കാരത്തിൽ വളരരുതെന്നും കേരളീയ സംസ്‌കാരം പിന്തുടരണം എന്നും രതീഷ് ആഗ്രഹിച്ചിരുന്നു. ഇത് മുൻനിർത്തിയാണ് രതീഷ് നാട്ടിൽ വീടുപണി തുടങ്ങിയത്. എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ഷിജി കൂട്ടാക്കിയില്ല. ഇത് ഷിജിയും രതീഷും തമ്മിലുള്ള പ്രശ്‌നങ്ങൾ വഷളാക്കുകയായിരുന്നു. ഷിജിക്ക് യുകെയിൽ തന്നെ സെറ്റിൽ ചെയ്യാനായിരുന്നു ആഗ്രഹം. ഇതിനെചൊല്ലിയുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഞായറാഴ്ച രതീഷും ഷിജിയും തമ്മിൽ വഴക്കുണ്ടായെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷിജി വിവാഹമോചനം വേണമെന്ന് രതീഷിനെ അറിയിച്ചതാണത്രേ വഴക്കിന് കാരണം. വഴക്കിന് ശേഷം അടുത്ത കൂട്ടുകാരിക്ക് ജീവിതം മടുത്തെന്ന് പറഞ്ഞ് ഷിജി മെസെജ് അയച്ചു. ഞായറാഴ്ച തന്നെ വിവാഹമോചനത്തിന്റെ കാര്യം ഷിജി നാട്ടിലുള്ള മാതാപിതാക്കളെയും വിളിച്ച് അറിയിച്ചിരുന്നു. രതീഷിനോട് ഇഷ്ടപ്രകാരം നാട്ടിലേക്ക് മടങ്ങാനും എന്നാൽ താനും മക്കളും യുകെയിൽ തന്നെ താമസിക്കുമെന്നും ഷിജി പറഞ്ഞിരുന്നു. എന്നാൽ മക്കളെ കൂടാതെ മടങ്ങാനാവില്ലെന്ന നിലപാടിലായിരുന്നു രതീഷ്. മക്കളും ഷിജിയും പാശ്ചാത്യ സംസ്‌കാരത്തിൽ ജീവിച്ചുതുടങ്ങിയെന്ന് വിശ്വസിച്ചതും കുടുംബവും മക്കളും നഷ്ടമായെന്ന് കരുതിയതിൽ നിന്നും ഉടലെടുത്ത വിഷമവുമാണ് ഷിജിയെയും മക്കളെയും കൊന്ന് രതീഷിനെ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചതെന്നാണ് സൂചന.

രതീഷും ഷിജിയും മാനസികമായി വേർപിരിയാൻ തീരുമാനിച്ചു എന്ന കാര്യത്തിന് സ്ഥിരീകരണം ഉണ്ടായതോടെ കൊലപാതകമാണെന്ന വാദമാണ് കൂടുതൽ ശക്തിപ്പെടുന്നത്. ഇന്നലെ കൂടുതൽ സ്ഥിരീകരണം ഉണ്ടായതോടെ ഷിജിയുടെയും മക്കളുടെയും മരണം കൊലപാതകം മൂലം ആകാം എന്ന സൂചനയിലേക്കാണ് പൊലീസും നീങ്ങിയിരുന്നത്. പൊലീസ് നടത്തുന്നതുകൊലപാതകം സംബന്ധിച്ച അന്വേഷണം തന്നെ ആണെന്ന് റോംഫോർഡ് റെക്കോർഡ് പത്രവും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നതോടെ പൊലീസ് ഇത് കേന്ദ്രീകരിച്ചാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കൊലപാതകത്തിൽ, കുടുംബത്തിനു വെളിയിൽ നിന്ന് ആരെങ്കിലും പങ്കാളി ആയിട്ടുണ്ടോ എന്ന കാര്യം കൂടി പൊലീസ് അന്വേഷിക്കുക ആണെന്ന് സ്‌കൈ ന്യൂസ് വെളിപ്പെടുത്തുന്നു. വിവാഹ ബന്ധം വേർപ്പെടുത്താൻ ശ്രമം നടന്നതായും രതീഷ് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നതായും ഡെയിലി മെയിലും പറയുന്നു. ഇവ്വിധം ബ്രിട്ടണിലെ മാദ്ധ്യമങ്ങൾ വ്യത്യസ്ത റിപ്പോർട്ടുകളുമായാണ് സംഭവം കൈകാര്യം ചെയ്യുന്നത്.

മരണം നടന്നു എന്ന് കരുതപ്പെടുന്ന തിങ്കളാഴ്ച വീട്ടിൽ ആളനക്കം ശ്രദ്ധയിൽ പെടാതെ വന്നതോടെയാണ് അയൽവാസികൾ പൊലീസിൽ അറിയിക്കുന്നത്. എന്നാൽ തലേദിവസം വീട്ടിൽ നിന്ന് അസുഖകരമായ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ വിവിധ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. എന്നാൽ രതീഷിനെ അടുത്തറിയുന്നവർ ഇത്തരം ഒരു ക്രൂര കൃത്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് തറപ്പിച്ചു പറയുന്നു. എന്നാൽ വീട് പണി സംബന്ധിച്ച തർക്കം പതിവാകുകയും കുടുംബ ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തിൽ ഷിജി വിവാഹ മോചനം എന്ന ആശയത്തിലേക്ക് നീങ്ങിയതോടെ രതീഷ് മാനസികമായി തകർന്ന അവസ്ഥയിൽ ആയിരുന്നു എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് പറയുന്നു. ഇതോടെ തനിക്ക് കുടുംബം നഷ്ടമായി എന്ന് തീർച്ചപ്പെടുത്തിയ രതീഷ് ഭാര്യയും കുട്ടികളും പാശ്ചാത്യ രീതിക്ക് കീഴ്‌പ്പെട്ടു എന്ന ധാരണയിൽ എത്തിയതായി ലണ്ടൻ ഈവനിങ് സ്റ്റാൻഡേർഡ് ഇന്നലെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നു.

കുടുംബത്തിന്റെ പരിചയക്കാരെയും അയൽ വാസികളെയും നേഹയുടെയും നിയയുടെയും കൂട്ടുകാരെയും ഒക്കെ ബന്ധപ്പെട്ടാണ് പ്രാദേശിക മാദ്ധ്യമങ്ങള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രതീഷ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ ഷിജിയും മക്കളും യുകെയിൽ തന്നെ ജീവിക്കാൻ ആണ് ഇഷ്ടപ്പെട്ടിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യങ്ങൾ രതീഷിനെ കൊലപാതകത്തിലേക്ക് നയിച്ചിരിക്കാം എന്ന സൂചനകൾ പുറത്തു വരുന്നത്. അതിനാൽ തന്നെ കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് കേസ് നീങ്ങുകയാണ്. ഇത് ഒരു പക്ഷെ മൃതദേഹങ്ങൾ സംസ്‌ക്കരണത്തിനായി വിട്ട് കിട്ടുന്നതിൽ കാല താമസത്തിന് വഴി ഒരുക്കിയേക്കും.

അതിനിടെ കൂട്ട മരണം കേരള സർക്കാരിന്റെ ശ്രദ്ധയിൽ വന്നതോടെ നോർക്ക മൃതദേഹം ഏറ്റെടുക്കാൻ സന്നദ്ധമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നോർക്ക അഡീഷണൽ സെക്രട്ടറി കണ്ണൻ അയച്ച കത്ത് ഇന്ന് ലണ്ടനിൽ ഇന്ത്യൻ എംബസി അധികൃതർക്ക് ലഭ്യമാകും. മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണം എന്നാണ് നോർക്ക ആവശ്യപ്പെട്ടിരിക്കുന്നത്. എംബസിയിലെ മലയാളി ഉദ്യോഗസ്ഥാൻ കൂടിയായ തെക്കേമുറി ഹരിദാസിന്റെ സാന്നിധ്യവും ഇത് എളുപ്പമാക്കുമെന്നാണ് കരുതുന്നത്. എന്നാൽ നാല് മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ ആവശ്യമായ മുഴുവൻ പണവും നോർക്ക കണ്ടെത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP