Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെൽഡിങ് ജോലിക്ക് പോയി കിട്ടിയത് പ്ലാസ്റ്റിക് നിർമ്മാണം; പൊലീസ് റെയ്ഡിൽ മയക്കുമരുന്ന് കണ്ടെത്തിയതോടെ അഴിക്കുള്ളിലായി; കോടതി വിധിച്ചത് വധശിക്ഷയും; മലേഷ്യയിൽ നാല് മലയാളി യുവാക്കൾ കൊലക്കയർ കാത്ത് ജയിലിൽ; റിക്രൂട്ട്‌മെന്റ് മാഫിയ ചതിച്ചതെന്ന് ആരോപിച്ച് ബന്ധുക്കളും

വെൽഡിങ് ജോലിക്ക് പോയി കിട്ടിയത് പ്ലാസ്റ്റിക് നിർമ്മാണം; പൊലീസ് റെയ്ഡിൽ മയക്കുമരുന്ന് കണ്ടെത്തിയതോടെ അഴിക്കുള്ളിലായി; കോടതി വിധിച്ചത് വധശിക്ഷയും; മലേഷ്യയിൽ നാല് മലയാളി യുവാക്കൾ കൊലക്കയർ കാത്ത് ജയിലിൽ; റിക്രൂട്ട്‌മെന്റ് മാഫിയ ചതിച്ചതെന്ന് ആരോപിച്ച് ബന്ധുക്കളും

പത്തനംതിട്ട: മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാക്കളെ റിക്രൂട്ട്‌മെന്റ് മാഫിയ ചതിക്കുഴിയിൽ വീഴ്‌ത്തിയെന്ന് ആരോപണം. വെൽഡിങ് ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്തു കൊണ്ടുപോയ ഏജന്റുമാർ ലഹരിമരുന്നു മാഫിയയുടെ സഹായത്തോടെ മലയാളികളെ കുടുക്കിയെന്നാണ് ആരോപണം.

ചിറ്റാർ കുടപ്പന നീലിപിലാവ് പേഴുംകാട്ടിൽ സജിത് സദാനന്ദൻ, ചാത്തൻതറ ഇടകടത്തി കൂടത്തിങ്കൽ എബി അലക്‌സ്, വർക്കല വെന്നിക്കോട് പനയന്റകുഴി സുമേഷ് ഭവനിൽ സുമേഷ് സുധാകരൻ, പത്തനാപുരം പിറവന്തൂർ രഞ്ജിത് ഭവനിൽ രഞ്ജിത് രവീന്ദ്രൻ എന്നിവരാണ് ലഹരിമരുന്നു മാഫിയയുടെ കെണിയിൽപെട്ട് ജയിലിൽ കഴിയുന്നത്. വെൽഡിങ് ജോലിക്കായി എബി അലക്‌സ് വഴിയാണ് സജിത്തും അയൽവാസിയായ സിജോ തോമസും 2013 ജൂലൈ ഒൻപതിന് മലേഷ്യയിലേക്ക് പോയത്. വീസയ്ക്ക് ഒരു ലക്ഷം രൂപയാണു പറഞ്ഞത്. 50,000 രൂപ വീതം ഏജന്റുമാരായ വർക്കല സ്വദേശി അനൂബ്, സഹോദരൻ ഷാജഹാൻ എന്നിവർക്കു നൽകി.

ബാക്കി തുക ആദ്യശമ്പളത്തിൽ നിന്നു നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, വെൽഡിങ് ജോലിക്കു പകരം പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ശുചീകരണ ജോലിയാണ് ഇവർക്കു കിട്ടിയത്. ഇതോടെ പ്രശ്‌നം തുടങ്ങി. ഇതിനിടെ ഇവർ താമസിച്ചിരുന്ന മുറിയിൽ ജൂലൈ 26ന് പൊലീസ് നടത്തിയ പരിശോധനയിൽ കമ്പനി ഡ്രൈവറും തമിഴ് വംശജനുമായ മലേഷ്യൻ സ്വദേശി നാഗരാജന്റെ ബാഗിൽ നിന്നു ലഹരിമരുന്നു പിടികൂടി. സിജോ തോമസ് (ചിറ്റാർ), രതീഷ് രാജൻ (മാവേലിക്കര), മുഹമ്മദ് കബീർ ഷാഫി (വർക്കല), ഷാജഹാൻ (ചെന്നൈ), എന്നിവരെയും നാഗരാജനൊപ്പം മലേഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇവർ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ലഹരിമരുന്നു കണ്ടെടുത്തു.

കമ്പനിയിൽ ഉണ്ടായിരുന്ന എബി അലക്‌സ്, രഞ്ജിത് രവീന്ദ്രൻ, സുമേഷ് സുധാകരൻ, സജിത് സദാനന്ദൻ, സർഗുണൻ (മലേഷ്യ) എന്നിവരും അറസ്റ്റിലായി. ജയിൽ മോചിതനായി നാട്ടിൽ തിരികെയെത്തിയ സിജോ തോമസിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്ന് സജിത്തിന്റെ ഭാര്യ അഖില പറയുന്നു. സിജോ തോമസിനൊപ്പം രതീഷ് രാജൻ, മുഹമ്മദ് കബീർ ഷാഫി എന്നിവരും ഡിസംബറിൽ ജയിൽ മോചിതരായി നാട്ടിലെത്തിയിരുന്നു. എന്നാൽ, കമ്പനിയിൽ നിന്ന് അറസ്റ്റ് ചെയ്ത സജിത് സദാനന്ദൻ ഉൾപ്പെടെ നാലുപേർ ഇപ്പോഴും ജയിലിലാണ്. ഇവർക്കു വധശിക്ഷ വിധിച്ചതായാണ് സൂചന. ഭാഷ വശമില്ലാത്ത ഇവർ 16 ദിവസം മാത്രമാണ് മലേഷ്യയിലെ കമ്പനിയിൽ ജോലി ചെയ്തത്. ചതിയൊരുക്കിയാണ് സജിത്തിനേയും മറ്റുള്ളവരേയും ജയിലിൽ അടച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഭർത്താവിനെ മോചിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഇന്ത്യൻ എംബസി, നോർക്ക കമ്മിഷണർ ജസ്റ്റിസ് ഭവദാസൻ എന്നിവർക്ക് സജിത്തിന്റെ ഭാര്യ അഖില പരാതി നൽകി. ആന്റോ ആന്റണി എംപിക്കും പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP