Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ ജോലിയുടെ മിടുക്കിൽ ഭാര്യമാരെ പറ്റിക്കുന്ന വിരുതന്മാർ അറിയുക; നിങ്ങളെ കുരുക്കാൻ മേനകാ ഗാന്ധി പിന്നാലെയുണ്ട്; വിദേശത്ത് എത്തിയ ശേഷം ഭാര്യമാരെ മൈൻഡ് ചെയ്യാത്ത എട്ട് പ്രവാസികളുടെ പാസ്‌പോർട്ട് റദ്ദ് ചെയ്ത് കേന്ദ്രം; ലുക്ക് ഔട്ട്‌ നോട്ടീസും ഇട്ടതിനാൽ ഇനി മടങ്ങി വന്നാൽ ഉടൻ പൊലീസ് വലയിൽ; ഗാർഹിക പീഡന കേസിൽ കുടുങ്ങിയാൽ വിദേശത്ത് കടന്ന് രക്ഷപ്പെടാമെന്ന് ഇനി കരുതുന്നത് മണ്ടത്തരം

വിദേശ ജോലിയുടെ മിടുക്കിൽ ഭാര്യമാരെ പറ്റിക്കുന്ന വിരുതന്മാർ അറിയുക; നിങ്ങളെ കുരുക്കാൻ മേനകാ ഗാന്ധി പിന്നാലെയുണ്ട്; വിദേശത്ത് എത്തിയ ശേഷം ഭാര്യമാരെ മൈൻഡ് ചെയ്യാത്ത എട്ട് പ്രവാസികളുടെ പാസ്‌പോർട്ട് റദ്ദ് ചെയ്ത് കേന്ദ്രം; ലുക്ക് ഔട്ട്‌ നോട്ടീസും ഇട്ടതിനാൽ ഇനി മടങ്ങി വന്നാൽ ഉടൻ പൊലീസ് വലയിൽ; ഗാർഹിക പീഡന കേസിൽ കുടുങ്ങിയാൽ വിദേശത്ത് കടന്ന് രക്ഷപ്പെടാമെന്ന് ഇനി കരുതുന്നത് മണ്ടത്തരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി മുതൽ കല്യാണ കഴിച്ച് ഭാര്യ തേച്ച് വിദേശത്ത് മുങ്ങാമെന്ന് വിചാരിക്കുന്ന ഭർത്താക്കന്മാരുടെ പാസ്പോർട്ടിൽ കൈവച്ച കേന്ദ്രം. വിവാഹബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാക്കി ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നാൽ പണി ഉറപ്പ്. ഭാര്യമാരെ നാട്ടിൽ ഉപേക്ഷിച്ചശേഷം വിദേശത്തേക്ക് കടക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുമായെടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇത്തരത്തിലുള്ള എട്ട് പ്രവാസികളുടെ പാസ്പോർട്ട് കേന്ദ്രസർക്കാർ അസാധുവാക്കി. ഇവർക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്യും. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ നാട്ടിലെത്തിക്കാനാണ് നീക്കം.

പഞ്ചാബ് പ്രവാസി കമ്മീഷൻ മുൻ അദ്ധ്യക്ഷൻ വിരമിച്ച ജഡ്ജി അരവിന്ദ് കുമാർ ഗോയൽ തലവനായുള്ള ഒമ്പതംഗ കമ്മിറ്റിയുടെ നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ അംഗീകരിച്ച് നടപടി തുടങ്ങിയത്. ഭാര്യമാരുടെ പരാതികളുടെ അടിസ്ഥാനത്തിൽ പ്രവാസികളുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് കമ്മിറ്റി നിർദ്ദേശിക്കുന്നു. പാസ്പോർട്ട് പിടിച്ചെടുക്കുന്നപക്ഷം ഇന്ത്യയിലുള്ള പ്രവാസിക്ക് രാജ്യം വിടാൻ സാധിക്കില്ല. വിദേശത്തുള്ളവരാണെങ്കിൽ അവരെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യും. നിലവിൽ പാസ്പോർട്ട് ചട്ടത്തിലെ 10(3) വകുപ്പ് പ്രകാരം പ്രഥമവിവരറിപ്പോർട്ടുകളോ കോടതികളിൽ കേസുകളോ ഉള്ളവരുടെ പാസ്പോർട്ടുകൾ പിടിച്ചുവെക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ അവബോധങ്ങളുടെ അഭാവം നിമിത്തം ഇത് പലപ്പോഴും നടപ്പിലാക്കപ്പെടാറില്ല. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയാണ് ഈ നിയമത്തിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പുതിയ ഇടപെടലുകളുമായി എത്തിയത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ എൺപതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തിൽ എട്ടുപേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിൽ അഞ്ചുപേരുടെ പാസ്പോർട്ടുകൾ കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ദേശീയ വനിതാ കമ്മീഷൻ പരിശോധനയ്ക്ക് വിധേയമാക്കിയ പരാതികളിൽ വനിതാ - ശിശുവികസന മന്ത്രാലയ സെക്രട്ടറി നേതൃത്വം നൽകുന്ന സമിതിയാണ് പാസ്പോർട്ട് അസാധുവാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി.

കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടർന്ന് ക്രിമിനൽ കേസുകളിൽപ്പെടുകയും അറസ്റ്റും കോടതിയിൽ ഹാജരാകുന്നതും ഒഴിവാക്കുന്നതിനുവേണ്ടി വിദേശത്ത് കഴിയുകയും ചെയ്യുന്ന പ്രവാസികൾക്കെതിരെയാണ് കർശന നടപടിയുമായി മുന്നോട്ടുപോകുന്നത്. വിവാഹബന്ധത്തിൽ അതിരൂക്ഷമായ പ്രശ്‌നങ്ങൾ നിലനിൽക്കുകയും അതിന്മേൽ കേസുകൾ നിലവിലുണ്ടാകുകയും ചെയ്യുന്ന ദമ്പതികൾ കൃത്യസമയത്ത് കോടതിയിൽ ഹാജരാകണമെന്നാണ് നിയമം. എന്നാൽ, ഗാർഹിക പീഡനം അടക്കമുള്ള കേസുകളിൽ പ്രതികളായിട്ടുള്ള പലരും വിദേശത്തേക്ക് കടക്കാറുണ്ട്. ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടുള്ള കേസുകളിലെ പ്രതികൾ പോലും ഇങ്ങനെ വിദേശത്തേക്ക് രക്ഷപെടാറുണ്ട്. അറസ്റ്റ് ഭയന്ന് ഇങ്ങനെ രക്ഷപെടുന്ന ഭർത്താക്കന്മാരെ തിരിച്ചെത്തിക്കാനാണ് കേന്ദ്ര സർക്കാർ കർശന ഇടപെടൽ നടത്തുന്നത്.

വിവാഹമോചനമടക്കം പ്രവാസികൾ കക്ഷികളായിട്ടുള്ള നിരവധി കേസുകളാണ് ഒത്തുതീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. സാമ്പത്തികതട്ടിപ്പ്, ഗാർഹികപീഡനം, വിവാഹേതരബന്ധങ്ങൾ, വിവാഹവാഗ്ദാനം നല്കി പണം തട്ടൽ തുടങ്ങി നിരവധി തരത്തിലുള്ള പരാതികളാണ് സർക്കാരിന് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരായ ഭർത്താക്കന്മാരുടെ പാസ്പോർട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നു വിദേശകാര്യ മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശയാണ് നടപടികൾക്ക് ആധാരം.

വിദേശരാജ്യങ്ങളുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളിൽ ഗാർഹിക പീഡനവും കാരണമായി ഉൾപ്പെടുത്തണമെന്നും ശുപാർശയുണ്ട്. പീഡനവും ഉപേക്ഷിക്കലും സംബന്ധിച്ച പരാതികൾ പെരുകുന്ന പശ്ചാത്തലത്തിലാണ് പ്രശ്നം പഠിച്ചു ശുപാർശകൾ നൽകാൻ വിദേശകാര്യ മന്ത്രാലയം സമിതിയെ നിയോഗിച്ചത്. പഞ്ചാബിലെ പ്രവാസി കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അരവിന്ദ് കുമാർ ഗോയൽ നേതൃത്വം നൽകിയ സമിതിയാണ് സുപ്രധാന ശുപാർശകൾ നൽകിയത്. പ്രവാസികളുടെ വിവാഹത്തിനു രജിസ്റ്റ്രേഷൻ നിർബന്ധമാക്കുക, വിവാഹ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റിൽ സാമൂഹിക സുരക്ഷാ നമ്പർ, തൊഴിൽ സ്ഥലത്തെയും വീടിന്റെയും വിലാസം തുടങ്ങിയവ രേഖപ്പെടുത്തുക., ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ നൽകുന്ന സഹായധനം 3000 ഡോളറിൽനിന്ന് 6000 ഡോളറാക്കുക എന്നീ ശുപാർശകളും അതിലുണ്ടായിരുന്നു.

പ്രവാസികൾ ഭാര്യമാരെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവയുടെ പൊതു സംവിധാനമുണ്ടാക്കണമെന്നും നിർദ്ദേശിച്ചു. ഇത് അനുസരിച്ചാണ് സമിതിയുണ്ടാക്കിയതും എട്ട് പാസ് പോർട്ടുകൾ റദ്ദാക്കുകയും ചെയ്തത്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ നിരവധി പരാതികൾ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതിനെ തുടർന്നാണ് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി കഴിഞ്ഞ മേയിൽ സമിതിക്ക് രൂപം നൽകിയത്. ഗാർഹീക പീഡനങ്ങൾ നടത്തിയ ശേഷം വിദേശത്തേക്ക് കടക്കുന്ന ഭർത്താക്കന്മാരെ മടക്കിക്കൊണ്ടുവരുന്നതിനായി ഈ വിഷയം വിദേശരാജ്യങ്ങളുമായുള്ള കുറ്റവാളികളെ കൈമാറുന്ന കരാറുകളിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും സമിതി നിർദ്ദേശിച്ചു. ഇതുവഴി വിദേശത്തേക്ക് കടക്കുന്ന ഭർത്താക്കന്മാരെ നിയമനടപടികൾ നേരിടുന്നതിനായി നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കും.

2014ൽ 346 പരാതികളാണ് പ്രവാസി ഭർത്തക്കാന്മാരെ കുറിച്ച് ദേശിയ വനിത കമ്മീഷന് ലഭിച്ചത്. പാസ്പോർട്ട് പിടിച്ചുവെച്ചുകൊണ്ട് യാത്ര ചെയ്യുന്നത് തടയുക, ഭാര്യയെ ഇന്ത്യയിൽ ഉപേക്ഷിച്ച ശേഷം അപ്രത്യക്ഷരാവുക, വിദേശരാജ്യങ്ങളിൽ ഭാര്യമാരെ ഉപേക്ഷിക്കുക, കുട്ടികളെ വിദേശങ്ങളിൽ തടഞ്ഞുവെക്കുകയും അമ്മമാരുമായി ബന്ധപ്പെടുന്നതിൽ നിന്നും അകറ്റുകയും ചെയ്യുക തുടങ്ങിയ പരാതികളാണ് ഇതിൽ ഏറെയും. പാരതിയുമായി മുന്നോട്ട് വരുന്നവരുടെ എണ്ണം കുറവായതിനാൽ യഥാർത്ഥ ചിത്രം ഇതിലും വലുതായിരിക്കുമെന്ന് വനിത, ശിശുക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. 10 പ്രവാസ വിവാഹങ്ങളിൽ രണ്ട് എണ്ണത്തിലും മധുവിധുവിന് ശേഷം ഭാര്യമാർ ഉപേക്ഷിക്കപ്പെടുകയാണെന്ന് 2009ൽ വനിത കമ്മീഷന്റെ അന്നത്തെ അദ്ധ്യക്ഷ ഗിരിജ വ്യാസ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP