Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവാസികളിൽ ബഹുഭൂരിപക്ഷവും മിഡിൽ ഈസ്റ്റിൽ; പ്രവാസികളുടെ വളർച്ചാനിരക്കിൽ കുറവുണ്ടായെന്നും സർവെ; വിദേശത്തുള്ളത് 23.63 ലക്ഷം മലയാളികൾ

പ്രവാസികളിൽ ബഹുഭൂരിപക്ഷവും മിഡിൽ ഈസ്റ്റിൽ; പ്രവാസികളുടെ വളർച്ചാനിരക്കിൽ കുറവുണ്ടായെന്നും സർവെ; വിദേശത്തുള്ളത് 23.63 ലക്ഷം മലയാളികൾ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ബഹുഭൂരിപക്ഷവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണെന്ന് സർവെ. വരുംവർഷങ്ങളിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ നിരക്കിൽ കുറവുണ്ടാകുമെന്നും സർവെ പറയുന്നു. കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ മൂന്നുവർഷംകൊണ്ട് 82,000 പേരുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ വളർച്ചാനിരക്ക് കുറയുകയാണ്.

സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സർവെയിലാണ് വെളിപ്പെടുത്തലുകൾ. 'കേരള മൈഗ്രന്റ്‌സ് സർവെ 2014' അനുസരിച്ച് കേരളത്തിൽനിന്ന് 23.63 ലക്ഷം പ്രവാസികളുണ്ട്. 2011ൽ ഇത് 22.81 ലക്ഷമായിരുന്നു. 21.93 ലക്ഷമായിരുന്നു 2008ൽ. 2003ൽ 18.38 ലക്ഷവും, 1998ൽ 13.62 ലക്ഷവുമായിരുന്നു. 1998-2003 കാലഘട്ടത്തിൽ പ്രവാസികളുടെ എണ്ണത്തിൽ 4.77 ലക്ഷത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. 2008-2011 ൽ 87,000 ആയിരുന്നു വർധന. ഇതാണ് ഇപ്പോൾ 82,000 ആയി കുറഞ്ഞത്.

യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളികളുള്ളത്. 38.7 ശതമാനംപേരാണ് ഇവിടെയുള്ളത്. സൗദി അറേബ്യയിൽ 25.2 ശതമാനം വസിക്കുന്നു. കുവൈറ്റും ഖത്തറുമാണ് പിന്നാലെയുള്ളത്. പത്തുശതമാനം പ്രവാസി മലയാളികൾ വസിക്കുന്നത് ഗൾഫ് മേഖലയ്ക്ക് പുറത്താണ്. യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ മലയാളികൾ അധികമായി വസിക്കുന്നത്.

കേരളത്തിൽ നിന്നുള്ള കുടിയേറ്റം ഏതാണ്ട് അങ്ങേയറ്റമെത്തിയെന്നാണ് സർവെ ചൂണ്ടിക്കാട്ടുന്നത്. വർധനയുടെ തോത് 2015ഓടെ പൂജ്യമാകുമെന്ന് 2011ലെ സർവെ റിപ്പോർട്ട് പ്രതീക്ഷിച്ചിരുന്നു. 2015നു ശേഷം കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറഞ്ഞു തുടങ്ങുമെന്നാണ് പഠനം തെളിയിക്കുന്നത്. സിഡിഎസിലെ സാമ്പത്തിക വിദഗ്ധരായ ഡോ. കെ സി സക്കറിയ, എസ് ഇരുദയരാജൻ എന്നിവരാണു പഠനം നടത്തിയത്.

2011ലെ മൈഗ്രേഷൻ സർവെ പറയുന്നത് കേരളത്തിൽ പ്രവാസികൾ അധികമുള്ള പ്രധാന കേന്ദ്രങ്ങളിൽ അവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ്. സംസ്ഥാനത്തെ ഏഴുജില്ലകളിൽ ഓരോ കുടുംബത്തിൽ നിന്നുമുള്ള പ്രവാസികളുടെ എണ്ണത്തിൽ 2008ലേതിനെ അപേക്ഷിച്ചു ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം മൂന്നുവർഷംകൊണ്ട് 35 ശതമാനം വർദ്ധിച്ച് 72,680 കോടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനതലത്തിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ വർധന ഉണ്ടായിട്ടുണ്ടെന്നാണ് സർവെ പറയുന്നത്. കേരളത്തിൽ നിന്നുള്ള ഇസിആർ പാസ്‌പോർട്ട് ഹോൾഡേഴ്‌സിന്റെ എണ്ണം 2008ഓടെ തന്നെ പരമാവധിയിലെത്തിയിരുന്നു. അതിനു ശേഷം അതിൽ വേഗത്തിലുള്ള കുറവുണ്ടായിട്ടുണ്ട്. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ 45 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. എന്നാൽ ഇതിന്റെ ഒരുഭാഗം രൂപയുടെ മൂല്യശോഷണത്താലാണ്. അതിനാൽ യഥാർത്ഥ വർധനവ് 35 ശതമാനമാണെന്ന് സർവേ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP