Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ മലയാളി പണത്തിന്റെ ഹുങ്ക് കേരളത്തിന് ഉടനെ ഇല്ലാതാകും; പണവരവിൽ റെക്കോർഡ് കുറവ്; നാല് വർഷത്തിനിടയിലെ ഏറ്റവും കുറവ് വരുമാനം രേഖപ്പെടുത്തിയതോടെ ബിസിനസ് മേഖലക്ക് തിരിച്ചടി ഉറപ്പ്: കൂടെ സർക്കാരിനും

വിദേശ മലയാളി പണത്തിന്റെ ഹുങ്ക് കേരളത്തിന് ഉടനെ ഇല്ലാതാകും; പണവരവിൽ റെക്കോർഡ് കുറവ്; നാല് വർഷത്തിനിടയിലെ ഏറ്റവും കുറവ് വരുമാനം രേഖപ്പെടുത്തിയതോടെ ബിസിനസ് മേഖലക്ക് തിരിച്ചടി ഉറപ്പ്: കൂടെ സർക്കാരിനും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളി ആസ്വദിച്ചിരുന്ന വിദേശ പണവരവിൽ കുറവുണ്ടായതോടെ എങ്ങും ആശങ്ക. ഗ്രാമങ്ങളെ ടൗണുകൾ ആക്കിയും ടൗണുകൾ ഇടത്തരം നഗരങ്ങളാക്കിയും മാറ്റിയ വിദേശ പണം ഇല്ലാതായാൽ ബിസിനസ് മേഖലക്കൊപ്പം സർക്കാരും കൂടി അതിന്റെ പ്രത്യാഖ്യാതം നേരിടേണ്ടി വരും എന്നുറപ്പാണ്. കാരണം കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 35 ശതമാനം വിഹിതവും വിദേശ മലയാളിയുടെ വിയർപ്പിന് ആണെന്നിരിക്കെ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണവരവ് ആണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.

ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധിയും യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാഹചര്യവും ഗൾഫിലേക്കുള്ള തൊഴിൽ സേനയിലേക്ക് മലയാളിയുടെ വിഹിതം കുറഞ്ഞതുമൊക്കെ കാരണമായി മാറുമ്പോൾ ആത്യന്തികമായി സംഭവിക്കുന്ന വരുമാന ചോർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യങ്ങളിൽ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ പണവരവ് വീണ്ടും കുറയുകയും അത് കേരളത്തിന്റെ സാമ്പത്തിക പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിക്കാനും ഉള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.

അടുത്ത ഏതാനും വർഷത്തേക്ക് കൂടി വരുമാന ചോർച്ച കാണേണ്ടി വരുമെന്ന് ഉറപ്പാണെന്ന് ഈ രംഗത്തെ വിദഗ്ധരും ആണയിടുന്നു. വിദേശ മലയാളിയുടെ ആശ്രിതരെ നേരിട്ടും ഓരോ മലയാളിയയെയും പരോക്ഷമായും ബാധിക്കുന്ന ഈ സ്ഥിതി വിശേഷത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. അടുത്ത കാലത്തായി വിദേശ മലയാളികൾക്കായി പ്രവാസി ചിട്ടി പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന നീക്കം വരുമാന ചോർച്ച തടയാൻ വേണ്ടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ പരോക്ഷമായി പറയുന്നുമുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ ചേർന്ന് നാട്ടിലേക്കു അയക്കുന്ന പണത്തിന്റെ മൂല്യത്തിൽ ചെറിയൊരു വർധന പോലും വരുത്താൻ ആകില്ലെന്നും ഉറപ്പാണ്. പ്രവാസി ചിട്ടി സംബന്ധിച്ച് ഏതാനും നാൾ മുൻപ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട ആശങ്കകളും കാണാതിരിക്കാനാകില്ല.

നിലവിൽ ഏകദേശം 90000 കോടി രൂപയാണ് വിദേശ മലയാളിയുടെ വിഹിതമായി നാട്ടിൽ എത്തുന്നതായി കണക്കാക്കപ്പെടുന്നത്. മോദി സർക്കാർ നോട്ടു നിരോധനം ഏർപ്പെടുത്തും മുൻപ് ബാങ്കിങ് ഇതര ചാനലുകളിലൂടെയും നല്ലൊരു ശതമാനം തുക കേരളത്തിൽ എത്തിയിരുന്നു. ഒരു ഘട്ടത്തിൽ ഒന്നര ലക്ഷം കൂടി രൂപവരെ നാട്ടിൽ വിദേശ മലയാളി എത്തിച്ചിരുന്നതായും കണക്കാക്കിയിരുന്നു. ഈ സാഹചര്യമാണ് പൊടുന്നനെ താഴേക്ക് ഇറങ്ങിയിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായി കേരളത്തെ വളർത്തിയതിനും നിരവധി വികസന പ്രവർത്തനങ്ങൾക്കും സംസ്ഥാനത്തിന് പ്രയോജനപ്പെട്ടതു വിദേശ മലയാളിയുടെ പണം ആയതിനാൽ ഈ രംഗങ്ങളിൽ ഒക്കെ മരവിപ്പ് പ്രതീക്ഷിക്കപ്പെടുകയാണ്. ചെറു നഗരങ്ങളിൽ പോലും മൾട്ടിപ്ലക്‌സ് ഉയർന്നതിലും വിദേശ മലയാളിയുടെ വിയർപ്പോഹരി കാണാവുന്നതാണ്.

ആദ്യ കാലങ്ങളിൽ വക്തിഗത നിക്ഷേപത്തിലൂടെ ആഡംബര സംസ്‌കാരമാണ് വിദേശ മലയാളിയുടെ പണം സമൂഹത്തിൽ എത്തിച്ചതെങ്കിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി വ്യവസ്ഥാപിത സ്ഥാപന സംരംഭങ്ങൾ കൂടി നിക്ഷേപ മേഖലയിൽ ഉയർന്നതിലും വിദേശ മലയാളിയുടെ പങ്കാണ് മുന്നിൽ നിന്നത്. ഹൈ ടെക് ആശുപത്രികളും സ്‌കൂൾ കോളേജ് സംരംഭങ്ങളും മുതൽ ചെറുതും വലുതുമായ ആയിരക്കണക്കിന് ബിസിനസ് സംരംഭങ്ങളുടെയും കരുത്തായി മാറിയത് വിദേശ മലയാളി നിക്ഷേപമാണ്. ഈ മേഖാലകളിൽ ഒന്നാകെ തിരിച്ചടി ഉണ്ടാകും എന്ന ഭയപ്പെടുത്തുന്ന നിരീക്ഷണം കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്. മറ്റു പരോക്ഷ കാരണങ്ങളെക്കാൾ ഈ വർഷത്തെ പണവരവിൽ കുറവുണ്ടാകാൻ പ്രധാന കാരണം ഗൾഫ് മേഖലയിലേക്കുള്ള കുടിയേറ്റത്തെ ഉണ്ടായ കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിലൂടെ 10 - 15 ശതമാനം വരെ പണവരവിൽ കുറവുണ്ടായതായി വിലയിരുത്തപ്പെടുന്നു. ഇതോടെ വരും വർഷങ്ങളിലും പണവരവിൽ ഇടിവ് ഉണ്ടാകും എന്നുറപ്പാണ്.

നിലവിൽ 22 ലക്ഷം വിദേശ മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ആയി ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. എന്നാൽ ചെറുപ്പക്കാർക്ക് അവിദഗ്ധ മേഖലകളിൽ ലഭിക്കുന്ന വരുമാനം ആകർഷകം അല്ലാതായതും കേരളത്തിലെ ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെട്ടതും ഗൾഫ് ആകർഷകം അല്ലാതാക്കിയതുമാണ് ഇപ്പോൾ തിരിച്ചടികളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ചെറുപ്പക്കാർക്ക് ഗൾഫിൽ ലഭിക്കുന്ന വേതനവുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര മോശമല്ലാത്ത വരുമാനം കേരളത്തിലും ലഭിക്കുന്നു എന്നതാണ് ഗൾഫിന്റെ ആകർഷണം ഇല്ലാതാക്കിയത്. വർഷങ്ങളായി എത്തിയ ഗൾഫ് പണം തന്നെയാണ് ഈ സാഹചര്യത്തിന് അടിത്തറയിട്ടത് എന്നതും കൗതുകകരമായി മാറുന്നു. യൂറോപ്പിലും അമേരിക്കയിലും പ്രൊഫഷണൽ മേഖലയിലേക്കുള്ള കുടിയേറ്റം കടുത്ത നിയമ കുരുക്കിൽ ഉൾപ്പെട്ടതും അങ്ങോട്ടുള്ള മലയാളി കുടിയേറ്റത്തിനു തടസ്സമായി. ആയിരക്കണക്കിന് ആളുകൾ കഴിഞ്ഞ ദശകങ്ങളിൽ ബ്രിട്ടനിലും മറ്റും എത്തിയ സ്ഥാനത്തു ഇപ്പോൾ ആ രാജ്യങ്ങളിലേക്ക് ഏറെക്കുറെ പൂർണമായും കുടിയേറ്റം നിലച്ച സാഹചര്യമാണ്.

ലോക ബാങ്ക് പുറത്തു വിട്ട കണക്കിൽ 2016 ലിൽ കേരളം ഉൾപ്പെടുന്ന സൗത്ത് ഏഷ്യൻ മേഖലയിലേക്ക് എത്തിയ വിദേശ വരുമാനത്തിൽ 6. 4 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ മലയാളികൾക്ക് പകരം വടക്കേ ഇന്ത്യൻ സംസ്ഥാനത്തെ ചെറുപ്പക്കാർ അവിദഗ്ധ തൊഴിലിനായി ഗൾഫ് ഉൾപ്പെടെയുള്ള കുടിയേറ്റ രാജ്യങ്ങളെ ആശ്രയിച്ചതോടെ ഇന്ത്യയിലേക്കുള്ള വിദേശ പണവരവിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധ നേടുന്നു. അതായത്, നിലവിലെ സാഹചര്യം കേരളത്തെ ഏറെക്കുറെ ഒറ്റയ്ക്ക് ബാധിക്കുന്ന വിഷയമായി വിലയിരുത്തപ്പെടുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP