Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുത്തു വാർധക്യത്തിലെങ്കിലും വിശ്രമം വേണ്ടേ? പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭ്യമാകും: കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകാം

ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുത്തു വാർധക്യത്തിലെങ്കിലും വിശ്രമം വേണ്ടേ? പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭ്യമാകും: കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്ഘടന തകരാതെ പിടിച്ചുനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരാണു പ്രവാസികൾ. മണലാരണ്യങ്ങളിൽ അക്ഷീണം പ്രയത്‌നിക്കുന്ന ഇവർ സ്വന്തം കുടുംബത്തിനു മാത്രമല്ല, നാടിനും ചെയ്യുന്ന സേവനങ്ങൾ ഏറെ വലുതാണ്.

പ്രവാസിക്ഷേമത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുമുണ്ട്. പ്രവാസികൾ ഉന്നയിച്ച നിരവധി ആവശ്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുമുണ്ട്. ഏറെക്കാലമായി സർക്കാരിനോട് പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് ഇപ്പോൾ നടപ്പിലായിരിക്കുകയാണ്.

പ്രവാസികളായ മലയാളികൾക്കു ക്ഷേമനിധിയിൽ അംഗങ്ങളാകാനുള്ള പ്രായം 55ൽ നിന്ന് 60 വയസ്സായി ഉയർത്തി പ്രവാസി കേരളീയരുടെ ക്ഷേമനിധി ഭേദഗതി ബിൽ നിയമസഭ പാസാക്കി. 2009 ഫെബ്രുവരി 24ന് 60 വയസ്സ് പൂർത്തിയാകാത്തവർക്കു ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ കഴിയുംവിധം മുൻകാലപ്രാബല്യത്തോടെയാണു ഭേദഗതി വരുത്തിയിരിക്കുന്നത്.

2008 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് പ്രവാസി കേരളീയരുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് കേരള സർക്കാർ കേരള പ്രവാസി ക്ഷേമനിധി പദ്ധതിക്കു രൂപം നൽകിയത്. ക്ഷേമനിധിയിലെ അംഗത്വമെടുക്കൽ സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ പ്രവാസികൾ സർക്കാരിനു നൽകിയിരുന്നു.

ഇതെല്ലാം പരിഗണിച്ചാണ് പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബില്ല് ചർച്ചയ്ക്കു ശേഷം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതും തുടർന്നു പാസാക്കിയതും. പ്രവാസി കേരളീയർക്ക് ക്ഷേമനിധിയിൽ അംഗമാവാനുള്ള പ്രായപരിധി നേരത്തെ 55 വയസായിരുന്നു. ഭേദഗതി വരുത്തി ഇത് 60 വയസ്സായി ഉയർത്താൻ വ്യവസ്ഥ ചെയ്തു. പ്രായപരിധി ഉയർത്തിയതിലൂടെ ഏകദേശം 25,000 പ്രവാസി കേരളീയർക്കു കൂടി പുതുതായി അംഗത്വത്തിന് അർഹതയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്

കേരള സർക്കാർ പ്രവാസികൾക്കായി ഇതേവരെ നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. പ്രവാസി കേരളീയർക്ക് ആശ്വാസം നൽകുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവർക്ക് പെൻഷൻ, വൈദ്യസഹായം, പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നൽകാൻ പ്രവാസി ക്ഷേമനിധി സഹായിക്കും. പ്രതിമാസം നൂറു രൂപയും വിദേശത്തുള്ളവരാണെങ്കിൽ അഞ്ഞൂറു രൂപയുമാണ് ക്ഷേമനിധിയിൽ അംഗങ്ങളായവർ അടക്കേണ്ടത്.

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ മരുന്ന് വാങ്ങാനുള്ള പണമെങ്കിലും സർക്കാർ പദ്ധതികൾ വഴി കിട്ടുന്നു എന്ന് ഉറപ്പാക്കുന്നതാണ് എല്ലാ ക്ഷേമ പദ്ധതികളുടെയും അടിസ്ഥാന തത്വം. അതേസമയം, അമ്പത്തിയഞ്ചോ അറുപതോ വർഷം കഴിഞ്ഞ് ലഭിക്കുന്ന പെൻഷനോ ക്ഷേമനിധി ആശ്വാസമോ തീരെ ആകർഷകമല്ല എന്ന ആക്ഷേപവും വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇത്തരം പരാതികളെല്ലാം പരിഹരിച്ചുള്ള പ്രവർത്തനം അധികതരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ മാത്രമേ പ്രവാസികളുടെ ആശങ്കകൾ പൂർണമായും മാറ്റാൻ കഴിയൂ.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കു വഹിക്കുന്ന പ്രവാസികൾക്കു വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ക്ഷേമനിധിയിൽനിന്ന് പകുതിയോളം പേർ പുറത്തുതന്നെയായിരുന്നു ഇതുവരെ. ക്ഷേമനിധിയിൽ അംഗങ്ങളാകാനുള്ള പ്രായപരിധി സർക്കാർ ഉയർത്താതിരുന്നതാണ് ഭൂരിഭാഗം പ്രവാസി മലയാളികളും ക്ഷേമനിധിയിൽ പേരു ചേർക്കാനാകാതെ കഷ്ടത്തിലായത്. നിതാഖാത്ത് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ സഹായിക്കാനായി ക്ഷേമനിധിയുടെ പ്രായപരിധി അമ്പത്തഞ്ചു വയസിൽ നിന്ന് അറുപതു വയസായി ഉയർത്തുമെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

പതിനെട്ടു മുതൽ അമ്പത്തഞ്ചു വയസ് വരെയായിരുന്നു ക്ഷേമനിധിയിൽ അംഗങ്ങളാകാനുള്ള പ്രായപരിധി. ഇതാണ് 60 വയസുവരെയായി ഉയർത്തിയത്. ലോകമെമ്പാടുമായി 16,25,563 പ്രവാസി മലയാളികളുണ്ടെന്നാണ് പ്രവാസികാര്യ വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയത്. ഇവരിൽ ഏകദേശം പകുതിയോളം പേർ അമ്പതു വയസിൽ കൂടുതലുള്ളവരാണ്. 1970 മുതൽ പ്രവാസികളായി മാറിയ മലയാളികൾ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാകാൻ ശ്രമിക്കുമ്പോഴാണ് പ്രായപരിധി തടസമായി നിന്നിരുന്നത്. പുതിയ നടപടിയോടെ ഇക്കാര്യങ്ങളിൽ പരിഹാരമാകുമെന്ന വിലയിരുത്തലാണുള്ളത്.

പ്രവാസി ക്ഷേമനിധിയിലെ ആനുകൂല്യങ്ങൾ ഇവയൊക്കെ

പെൻഷൻ പദ്ധതി , കുടുംബ പെൻഷൻ പദ്ധതി , അശരണരായവർക്കുള്ള പെൻഷൻ, ചികിത്സപദ്ധതി, അപകടത്തെ തുടർന്നോ മറ്റോ മരണമടഞ്ഞാൽ ആശ്രിതർക്കുമുള്ള സാമ്പത്തിക സഹായം, ചികിത്സാ സഹായം, അപകടത്തിൽ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്താലുള്ള ഇൻഷുറൻസ് പദ്ധതി, അംഗങ്ങളുടെ പുത്രിമാർക്കുള്ള വിവാഹ സഹായം, പ്രസവാവധിക്കുള്ള സാമ്പത്തിക സഹായം, വിദ്യാഭ്യാസ സഹായം, ഭവന വായ്പ, സ്വയം തൊഴിൽ തുടങ്ങി നിരവധി കാര്യങ്ങളാണ് പ്രവാസി ക്ഷേമനിധിയിലൂടെ പ്രവാസികൾക്ക് ഉറപ്പു നൽകുന്നത്.


പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ

അംഗത്വത്തിനുള്ള അപേക്ഷ പ്രവാസിക്ഷേമനിധിയുടെ വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാനാകും. സൗജന്യമായി ലഭിക്കുന്ന അംഗത്വ അപേക്ഷ പൂരിപ്പിച്ച് നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കേണ്ടതാണ്. തപാലിലൂടെയും അയക്കാവുന്നതാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവർ തിരുവനന്തപുരം തൈക്കാടുള്ള നോർക്ക ഓഫീസിലാണ് അപേക്ഷ എത്തിക്കേണ്ടത്. വിലാസം: ദ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോൺ റെസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ബോർഡ്, നോർക്ക സെന്റർ (സെക്കൻഡ് ഫ്‌ളോർ), ഗവ. ഗസ്റ്റ് ഹൗസിനു സമീപം, തൈക്കാട്, തിരുവനന്തപുരം 695014. ഫോൺ: 0471 2785500. ഫാക്‌സ്: 0471 2785501.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുള്ളവർ കൊച്ചിയിലെ നോർക്ക ഓഫീസിലാണ് അപേക്ഷ എത്തിക്കേണ്ടത്. വിലാസം: ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ, നോൺ റെസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ബോർഡ്, സെക്കൻഡ് ഫ്‌ളോർ, ശ്രീ സായ് ബിൽഡിങ്, രവിപുരം റോഡ്, കൊച്ചിൻ- 682016. ഫോൺ: 0484 2304604.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലക്കാർ കോഴിക്കോട്ടുള്ള നോർക്ക ഓഫീസിൽ അപേക്ഷകൾ എത്തിക്കണം. വിലാസം: ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, നോൺ റെസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ബോർഡ്, ഫസ്റ്റ് ഫ്‌ളോർ, സമരിൻ സ്‌ക്വയർ, ലിങ്ക് റോഡ്, കോഴിക്കോട്- 02. ഫോൺ: 0495 2304604.

വിദേശത്തു ജോലിചെയ്യുന്നവർക്കും വിദേശത്തുനിന്നു തിരിച്ചു വന്നവർക്കും ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അപേക്ഷാഫോറത്തിൽ ഇക്കാര്യങ്ങളുടെ കൃത്യമായ വിവരങ്ങൾ പ്രതിപാദിക്കുന്നുണ്ട്.

രജിസ്‌ട്രേഷൻ ഫീസ്

200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഇന്ത്യൻ ബാങ്കിന്റെയോ എസ്‌ബിറ്റിയുടെയോ ഏതെങ്കിലും ശാഖയിൽ നിന്ന് 200 രൂപയുടെ പേ ഇൻ സ്ലിപ്പ് മുഖാന്തരം പണമടയ്ക്കാം. പേ ഇൻ സ്ലിപ്പ് ഫോമും വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിഡി കാലാവധി ചുരുക്കിയതിനാൽ ഡിഡി മുഖേനയുള്ള ഇടപാടുകൾ കഴിവതും ഒഴിവാക്കണം.

നിശ്ചിതയോഗ്യത ഇല്ലാത്തതും അപൂർണവുമായ അപേക്ഷകർ സ്വീകരിക്കില്ല. നിരസിക്കപ്പെടുന്ന അപേക്ഷകളുടെ രജിസ്‌ട്രേഷൻ ഫീസ് തിരികെ ലഭിക്കില്ല എന്നതിനാൽ കൃത്യമായ വിവരങ്ങൾ തന്നെ അപേക്ഷയിൽ ഉൾപ്പെടുത്തണം. അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയെന്ന് അപേക്ഷാഫോമിൽ വിവരിച്ചിട്ടുണ്ട്‌. അംഗത്വം ലഭിച്ചു കഴിഞ്ഞാൽ മാസം തോറുമുള്ള അടവ് ഒരുവർഷ കാലയളവിൽ മുടങ്ങിയാൽ അംഗത്വം റദ്ദാക്കപ്പെടും.

പ്രവാസിക്ഷേമനിധിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP