Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള മുതലാളിമാരുടെ 25 ഓളം ജൂവലറികൾ പ്രതിസന്ധിയിലാകും; ആയിരക്കണക്കിന് മലയാളികൾക്ക് പണി പോകും; ഡിസംബർ അഞ്ചു മുതൽ സൗദി അറേബ്യയിലെ ആഭരണശാലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം; ആശങ്കയിൽ മാനേജ്‌മെന്റുകളും

കേരള മുതലാളിമാരുടെ 25 ഓളം ജൂവലറികൾ പ്രതിസന്ധിയിലാകും; ആയിരക്കണക്കിന് മലയാളികൾക്ക് പണി പോകും; ഡിസംബർ അഞ്ചു മുതൽ സൗദി അറേബ്യയിലെ ആഭരണശാലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം; ആശങ്കയിൽ മാനേജ്‌മെന്റുകളും

മറുനാടൻ ഡെസ്‌ക്

ജിദ്ദ: ഡിസംബർ അഞ്ചു മുതൽ സൗദി അറേബ്യയിലെ ആഭരണശാലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം. ഒക്ടോബർ ആദ്യം തന്നെ തീരുമാനം ജൂവലറി ഉടമകളെ അറിയിച്ചിരുന്നതായി തൊഴിൽ - സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ മേഖലയാണ് ജൂവലറികൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതോടെ മലയാളികളുടെ നിയന്ത്രണത്തിലുള്ള ജൂവലറികളിലെ നൂറുകണക്കിന് വിദേശി ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും.

അതേസമയം, രണ്ടാഴ്ചക്കകം തീരുമാനം പ്രാബല്യത്തിലാകുന്നതു വിപണിയിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്നു ജൂവലറികളുടെ ദേശീയസംഘടന അധ്യക്ഷൻ കരീം അൽഅനസി പറഞ്ഞു. ജൂവലറികളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ 2007ൽ തന്നെ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല. ഒട്ടേറെ മലയാളികളും ജോലി ചെയ്യുന്ന മേഖലയാണിത്. പത്തു വർഷം മുമ്പ് സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും പ്രായോഗികമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, മൊബൈൽ ഫോൺ ഷോപ്പുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം വിജയകരമായി നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയത്തിന് കഴിഞ്ഞു.

ഇതോടെയാണ് ജൂവലറി സ്വദേശിവൽക്കരണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചത്. സ്വദേശിവൽക്കരണം സംബന്ധിച്ച് കഴിഞ്ഞ മാസം ആദ്യം ജൂവലറി ഉടമകൾക്ക് നിർദ്ദേശം നൽകി. സ്വദേശികളെ നിയമിക്കുന്നതിന് രണ്ടുമാസത്തെ സാവകാശവും നൽകി. ഡിസംബർ 5ന് സമയ പരിധി അവസാനിക്കും. ഇതിന് മുമ്പ് മുഴുവൻ ജൂവലറികളിലും സ്വദേശികളെ നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വർണാഭരണ വ്യാപാര മേഖലയിലെ നിക്ഷേപകരിൽ 70 ശതമാനവും സ്വദേശികളാണ്. എന്നാൽ ജീവനക്കാരിലേറെയും വിദേശികളാണ്. പരിശീലനം നേടിയ സ്വദേശികളുടെ അഭാവം ജൂവലറികളിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്.

മലയാളി മാനേജ്‌മെന്റിനു കീഴിലുള്ള പ്രമുഖ സ്വർണാഭരണ ശാലകളുടെ 25 ശാഖകളിലായി അഞ്ഞൂറിലധികം മലയാളികൾ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരുന്നതോടെ ഇവരുടെ തൊഴിൽ നഷ്ടപ്പെടും. ഇതിനൊപ്പം മറ്റ് മുതലാളിമാരുടെ കീഴിലെ ജൂലറികളിലും മലയാളികൾ ഏറെ ജോലി ചെയ്യുന്നുണ്ട്. ഇവർക്കും പണി പോകും. ഇതോടെ ആയിരക്കണക്കിന് മലയാളികൾ ദുരിതത്തിലാകും. എന്നാൽ സൗദിയിലെ പുതിയ ഭരണകൂടം വിട്ടൂവീഴ്ച ചെയ്യില്ലെന്നാണ് സൂചന. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ഇത്തരം തീരുമാനമെന്ന് അവർ വിശദീകരിക്കുന്നു.

നേരത്തെ തന്നെ സ്വദേശിവൽക്കരണ പദ്ധതി ഊർജ്ജിതമായി നടപ്പിലാക്കാൻ സൗദി തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ 63 ശതമാനം വിസ അപേക്ഷകളും നിരസിച്ചതായി സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം 8,49,000 തൊഴിൽ വിസ അപേക്ഷകൾ ലഭിച്ചതായും സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പരിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതി നേരത്തെ തന്നെ നിലവിൽ വന്നിരുന്നു. കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് തൊഴിൽ മന്ത്രാലയത്തിന്റെ ലക്ഷ്യം.

വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളിൽ പരമാവധി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിവലസരങ്ങൾ നാഷണൽ ലേബർ ഗേറ്റ്‌വേ പോർട്ടലിൽ പരസ്യപ്പെടുത്തണം എന്ന വ്യവസ്ഥ നിർബന്ധമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP