Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്കൗണ്ടിങ്, സൂപർവൈസിങ്, സെയിൽസ്, റെസീപ്റ്റ് ആൻഡ് ഡെലിവറി തുടങ്ങിയ മേഖലയ്ക്ക് പിന്നാലെ റെന്റ് എ കാർ ബിസിനസ്സിലും വിദേശികൾ ഔട്ട്; ലക്ഷങ്ങൾ ലാഭം നേടിയിരുന്ന ബിസിനസ്സുകൾ ഉപേക്ഷിച്ച് മലയാളികൾ അടക്കം അനേകം ഇന്ത്യാക്കാർ മടങ്ങുന്നു; സൗദി സ്വദേശിവൽക്കരണം ഏറ്റവും വലിയ തിരിച്ചടിയാകുന്നത് പ്രവാസി ഇന്ത്യാക്കാർക്ക്

അക്കൗണ്ടിങ്, സൂപർവൈസിങ്, സെയിൽസ്, റെസീപ്റ്റ് ആൻഡ് ഡെലിവറി തുടങ്ങിയ മേഖലയ്ക്ക് പിന്നാലെ റെന്റ് എ കാർ ബിസിനസ്സിലും വിദേശികൾ ഔട്ട്; ലക്ഷങ്ങൾ ലാഭം നേടിയിരുന്ന ബിസിനസ്സുകൾ ഉപേക്ഷിച്ച് മലയാളികൾ അടക്കം അനേകം ഇന്ത്യാക്കാർ മടങ്ങുന്നു; സൗദി സ്വദേശിവൽക്കരണം ഏറ്റവും വലിയ തിരിച്ചടിയാകുന്നത് പ്രവാസി ഇന്ത്യാക്കാർക്ക്


ജിദ്ദ: സൗദിയിൽ കൂടുതൽ മേഖലയിലേക്ക് സ്വദേശിവൽക്കരണം എത്തുന്നു. ഈ മാസം പതിനെട്ടു മുതൽ മറ്റൊരു തൊഴിൽ മേഖലയിൽ നിന്നു കൂടി വിദേശികൾ പുറത്താകും. റെന്റ് എ കാർ തൊഴിലുകൾ അന്നു മുതൽ സമ്പൂർണമായി സ്വദേശികൾക്കായി നീക്കിവയ്ക്കാനാണ് തീരുമാനം.രാജ്യത്തെ എല്ലാ പ്രദേശങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. ഈ തീരുമാനവും തിരിച്ചടിയാകുന്നത് പ്രവാസി ഇന്ത്യാക്കാർക്കാണ്. മലയാളികൾ അടക്കം നിരവധി പ്രവാസികളാണ് റെന്റ് എ കാർ മേഖലയിൽ ഇവിടെ പണിയെടുക്കുന്നത്. ഇവർക്കെല്ലാം തൊഴിൽ നഷ്ടം ഉറപ്പാണ്. ലംഘനങ്ങൾ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സ്വദേശിവൽക്കരണം ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തെ വിവരമറിയിക്കുന്നതിന് പ്രത്യേക ടെലഫോൺ നമ്പറും ആപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.

സൗദിവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ അക്കൗണ്ടിങ് മേഖലയിലേക്കും സ്വദേശിവൽക്കരണം വ്യാപിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. 171,800 അക്കൗണ്ടന്റുകൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇവരിൽ 4800 പേർ മാത്രമാണ് സൗദികൾ. ബാക്കി 167,000 പേരും വിദേശികളായിരുന്നു. ഇതിന് സമാനമാണ് റെന്റ് എ കാർ മേഖലയിലേയും അവസ്ഥ. സൗദിയിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ കൂടുതലുള്ള മേഖലയാണ് അക്കൗണ്ടിങ്. പുതിയ തീരുമാനത്തോടെ കോഴ്സുകൾ കഴിഞ്ഞ് നേരെ സൗദിയിലെത്തുന്ന പ്രവാസികൾക്ക് ഈ മേഖലയിൽ ജോലി ലഭിക്കുക പ്രയാസമാവും. സൗദിവൽക്കരണം ശക്തിപ്പെടുന്നതോടെ നിലവിലുള്ളവർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാവും ഉണ്ടാവുക. ഇവരെല്ലാം തൊഴിൽ നഷ്ടപ്പെടുമെന്ന തിരിച്ചറിവിൽ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

സ്വദേശി യുവതി യുവാക്കൾക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഏർപ്പെടുത്തുക,മൊത്തം തൊഴിൽ കമ്പോളത്തിൽ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വർധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണു സൗദി വൽക്കരണം. അക്കൗണ്ടിങ്, സൂപർവൈസിങ്, സെയിൽസ്, റെസീപ്റ്റ് ആൻഡ് ഡെലിവറി തുടങ്ങിയവയിലെ ജോലികളാണ് കാർ റെന്റൽ മേഖലയിൽ സൗദിവത്കരണത്തിൽ ഉൾപ്പെടുകയെന്നു തൊഴിൽ മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. ഇവിടെയെല്ലാം മലയാളികൾ സജീവ സാന്നിധ്യമാണ്. നിയമം നടപ്പാവുന്നതു മുതൽ ലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധന ഏർപ്പെടുത്തും. സ്വദേശികൾക്കായ സംവരണം ചെയ്ത തസ്തികകളിൽ വിദേശി ജീവനക്കാരെ കണ്ടെത്തിയാൽ പിഴയായിരിക്കും തൊഴിലുടമയുടെ മേൽ ചുമത്തുകയെന്നും ലംഘനങ്ങൾ ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും തൊഴിൽ മന്ത്രാലയം വിശദീകരിച്ചു.

സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്തമായി നടപ്പിലാക്കുന്നത് തുടരുമ്പോഴും തൊഴിലില്ലായ്മ നിരക്ക് വർധിച്ചു വരുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേഖലകളിലേക്ക് സൗദിവത്കരണം എത്തുന്നത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. മൊബൈൽ ഫോൺ വിപണി പൂർണമായും സ്വദേശി വൽക്കരിച്ചു. ഷോപ്പിങ് മാളുകൾ, എന്നിവിടങ്ങളിൽ ഉയർന്ന തോതിൽ സ്വദേശിവൽക്കരണ നടപടികളും ആരംഭിച്ചിട്ടുണ്ട്, സ്വദേശിവൽക്കരണ പദ്ധതി ഊർജ്ജിതമായി നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ 63 ശതമാനം വിസ അപേക്ഷകളും നിരസിച്ചതായി സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷം 8,49,000 തൊഴിൽ വിസ അപേക്ഷകൾ ലഭിച്ചതായും സൗദി തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പരിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബർ 3ന് നിലവിൽ വന്നിരുന്നു. കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് തൊഴിൽ മന്ത്രാലയത്തിന്റെ ലക്ഷ്യം. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളിൽ പരമാവധി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിവലസരങ്ങൾ നാഷണൽ ലേബർ ഗേറ്റ് വേ പോർട്ടലിൽ പരസ്യപ്പെടുത്തണം എന്ന വ്യവസ്ഥ നിർബന്ധമാക്കി. സ്വദേശി ഉദ്യോഗാർഥികളെ ലഭ്യമല്ലെങ്കിൽ മാത്രമേ വിദേശ റിക്രൂട്‌മെന്റ് അനുവദിക്കുകയുള്ളൂ.

സ്വകാര്യ തൊഴിൽ മേഷലയിലെ സാഹചര്യം മെച്ചപ്പെടുത്തുകയും ആകർഷമായ സേവന വേതന വ്യവസ്ഥകൾ ഉറപ്പ് വരുത്തി സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും തൊഴിൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP