Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ ബിസിനസ് നടത്തി തകർന്ന തങ്ങളെ തട്ടിപ്പുകാരായി ചിത്രീകരിക്കാൻ ശ്രമം; ഇടനിലക്കാരൻ പ്രിൻസ് സുബ്രമണ്യത്തിനെതിരെ പൊലീസിൽ പരാതി നൽകി യുഎഇ ബിസിനസ് ലൂസേഴ്സ് അസോസിയേഷൻ; പ്രിൻസും ഭാര്യയും ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നും ആരോപണം

ഗൾഫിൽ ബിസിനസ് നടത്തി തകർന്ന തങ്ങളെ തട്ടിപ്പുകാരായി ചിത്രീകരിക്കാൻ ശ്രമം; ഇടനിലക്കാരൻ പ്രിൻസ് സുബ്രമണ്യത്തിനെതിരെ പൊലീസിൽ പരാതി നൽകി യുഎഇ ബിസിനസ് ലൂസേഴ്സ് അസോസിയേഷൻ; പ്രിൻസും ഭാര്യയും ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നൽകുന്നവരാണ് പ്രവാസികൾ. കുടുംബങ്ങളെ വിട്ട് പിരിഞ്ഞ് ഗൾഫിൽ അധ്വാനിച്ച് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ ആരംഭിച്ചവർ നിരവധിയാണ്. ഇത്തരത്തിൽ വർഷങ്ങളായി ബിസിനസ് നടത്തുന്നവരെ തട്ടിപ്പുകാരായി ചിത്രീകരിക്കാൻ ചില സ്ഥാപിത താൽപര്യക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരാളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില മാധ്യമങ്ങളിലൂടെ ഗൾഫിൽ വർഷങ്ങളായി മാന്യമായി ബിസിനസ് നടത്തുന്ന മലയാളികളെ തട്ടിപ്പുകാരെന്ന് അധിക്ഷേപിക്കുന്ന എക്സ്ട്രീം മാനേജ്മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ ചീഫ് എക്സിക്യുട്ടിവ് എന്ന് പറയപ്പെടുന്ന പ്രിൻസ് സുബ്രമണ്യം. ഇയാളുടെ വലയിലകപ്പെടുകയും വഞ്ചിതരാകുകയും ചെയ്ത യുഎഇയിലെ ഏതാനും മലയാളി ബിസിനസുകാർ ഇയാൾക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

ഗൾഫിലെ ബാങ്കുകളിൽ തങ്ങൾക്കുണ്ടായിരുന്ന ബാധ്യതകൾ തീർത്തുതരാമെന്ന് പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയും ഇത് തിരിച്ചറിഞ്ഞ് ബാങ്കുകളുമായി നേരിട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ച തങ്ങളെ ഭീഷണിപ്പെടുത്തുകയും കേരളത്തിലെ മാധ്യമങ്ങളിലൂടെ തട്ടിപ്പുകാരായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനുമാണ് പ്രിൻസ് സുബ്രമണ്യം ശ്രമിക്കുന്നതെന്ന് യുഎഇ ബിസിനസ് ലൂസേഴ്സ് അസോസിയേഷൻ അംഗങ്ങൾ പറയുന്നു. നിരവധി മലയാളികൾ ഇയാളുടെ വലയിലകപ്പെട്ടിട്ടുണ്ടെന്നും ഇയാളുടെ പ്രവർത്തി കാരണം ഗൾഫിലെ ബാങ്കുകൾ മലയാളികൾക്ക് വായ്പ നൽകുന്നത് തന്നെ നിർത്തിയേക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു. കൂടുതൽ ആളുകൾ ഇയാളുടെ വലയികപ്പെടാതിരിക്കാനാണ് തങ്ങൾ സംഘടിക്കുകയും പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും വി വിജയനും ദിലീപും പറഞ്ഞു.

ഗൾഫിൽ ബിസിനസ് നടത്തുന്നവരിൽ ഭൂരിഭാഗവും ബാങ്ക് വായ്പകൾ ആശ്രയിച്ചാണ് ബിസിനസ് നടത്തുന്നത്. മറ്റൊരു സ്ഥാപനത്തിന്റെ കരാർ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് ബാങ്ക് വായ്പയെടുക്കുകയും ജോലി പൂർത്തിയാകുന്നതിനിടയിൽ കരാർ നൽകിയ സ്ഥാപനം തകരുകയോ അതിന്റെ ഉടമ മുങ്ങുകയോ ചെയ്താൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കേണ്ട ബാധ്യത കരാർ ഏറ്റെടുക്കുന്ന സ്ഥാപനത്തിനാകും. നൽകുന്ന ചെക്ക് ബൗൺസാകുന്ന പക്ഷം കേസ് നൽകിയാൽ ചെക്ക് നൽകുന്നയാൾക്ക് ജയിൽവാസവും യാത്രാവിലക്കും ഏർപ്പെടുത്തും. അതുകാരണം നാട്ടിലെത്തി ഏതെങ്കിലും തരത്തിൽ ബാധ്യത തീർക്കാൻ അവസരം ലഭിക്കില്ല. ഇത് മറികടക്കാനാണ് ചെക്ക് ബൗൺസാകുന്ന മുറയ്ക്ക് തന്നെ പലരും നാട്ടിലേക്ക് മടങ്ങുന്നത്.

അറ്റലസ് രാമചന്ദ്രന്റെ അറസ്റ്റ് ഇതിന് ഉദാഹരണമാണ്. പുറത്തായിരുന്നെങ്കിൽ അദ്ദേഹത്തിന് ബാധ്യതകൾ തീർക്കാൻ അവസരം ലഭിക്കുമായിരുന്നു. ഇത്തരക്കാരെയാണ് പ്രിൻസ് സുബ്രമണ്യത്തിനെ പോലുള്ള ഇടനിലക്കാർ ചൂഷണത്തിന് വിധേയരാക്കുന്നതെന്നാണ് ആരോപണം. നിൽക്കകള്ളിയില്ലാതെ വന്നപ്പോൾ പ്രിൻസ് നൽകിയ മോഹന വാഗ്ദാനങ്ങളിൽ വീണുപോയവരാണ് ഇവരിൽ പലരും. ബാങ്കുമായുള്ള പ്രശ്നം പരിഹരിച്ചു തരാമെന്ന് പറഞ്ഞ് ബാധിക്കപ്പെട്ടവരെ സമീപിക്കുന്ന ഇയാൾ അതിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പരാതിയിൽ പറയുന്നു.

ബാങ്കുമായി ഒത്തുത്തീർപ്പുണ്ടാക്കാനെന്ന പേരിൽ തങ്ങളിൽ നിന്നും പവർ ഓഫ് അറ്റോർണി വാങ്ങുകയും കൺസൾട്ടൻസി ഫീസ് എന്ന വ്യാജേന ഉയർന്ന തുക കൈപ്പറ്റുകയും ചെയ്ത ഇയാൾ പിന്നീട് ബാങ്ക് അധികൃതരെ സമീപിച്ച് ബാധിക്കപ്പെട്ടവരുമായി സെറ്റിൽമെന്റിന് പോകേണ്ടതില്ലെന്നും ബാങ്കിന് ലഭിക്കേണ്ട മുഴുവൻ തുകയും വാങ്ങിച്ചു തരാമെന്നും പറഞ്ഞു. ബാധ്യതകൾ തീർക്കാൻ തങ്ങളുടെ സ്വത്തുവഹകൾ താൻ പറയുന്നയാൾക്ക് വിൽക്കാനും ഇയാൾ നിർബന്ധിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

ഇപ്പോൾ ബാങ്കിന്റെ പവർ ഓഫ് അറ്റോർണി തെറ്റായി വ്യാഖ്യാനിച്ച് പ്രിൻസ് തങ്ങൾക്ക് നോട്ടീസയക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന് പുറത്ത് നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇവിടെ വിചാരണ ചെയ്യാൻ അധികാരമില്ലെന്നിരിക്കെയാണ് ഇയാൾ തങ്ങൾക്കെതിരെ ഇവിടെ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു. ഈ വസ്തുതകൾ മറച്ചുവെച്ച് ചില മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഗൾഫിൽ ബിസിനസ് നടത്തുന്ന മലയാളികളെയാകെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

ചെക്ക് കേസിൽപ്പെട്ട് 2010 മുതൽ 2013 വരെ മൂന്ന് വർഷക്കാലം പ്രിൻസും ഭാര്യയും ദുബായ്, ഷാർജ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ടെന്നും ആരോപണം ഉയരുന്നു. തിരിച്ചടയ്ക്കാനുള്ള തുകയുടെ കാര്യത്തിൽ ബാങ്കുകളുമായി സെറ്റിൽമെന്റിന് തങ്ങൾ തയ്യാറാണ്. അതിനുള്ള ശ്രമത്തിലാണ് തങ്ങൾ. അതിന് പ്രിൻസിന്റെ മധ്യസ്ഥത ആവശ്യമില്ല. വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ബിസിനസും മറ്റ് ആസ്തികളും നഷ്ടപ്പെട്ടിരിക്കുന്ന തങ്ങളെ പൊതുജന മധ്യത്തിൽ തട്ടിപ്പുകാരായി ചിത്രീകരിക്കാനുള്ള പ്രിൻസിന്റെ നീക്കത്തിന് മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും മാധ്യമങ്ങൾ നേരിട്ട് അന്വേഷിച്ച് വസ്തുതകൾ മനസിലാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP