Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എച്ച് വൺ ബി വിസ നൽകാമെന്ന് പറഞ്ഞാലും ഇനി ഇന്ത്യക്കാർ വേണ്ടെന്ന് പറയും; ഒരു കൊല്ലത്തേക്ക് മാത്രം വിസയും കൂടുതൽ കർശന നിർദ്ദേശങ്ങളും ഏർപ്പെടുത്തി ട്രംപ് വീണ്ടും

എച്ച് വൺ ബി വിസ നൽകാമെന്ന് പറഞ്ഞാലും ഇനി ഇന്ത്യക്കാർ വേണ്ടെന്ന് പറയും; ഒരു കൊല്ലത്തേക്ക് മാത്രം വിസയും കൂടുതൽ കർശന നിർദ്ദേശങ്ങളും ഏർപ്പെടുത്തി ട്രംപ് വീണ്ടും

കുടിയേറ്റ വിരുദ്ധതയിലൂന്നി അധികാരത്തിലേറിയ ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്കുള്ള എച്ച് വൺ ബി വിസ നടപടി ക്രമങ്ങൾ കൂടുതൽ കർശനമാക്കി. ഇന്ത്യയിലെ ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുൾപ്പെടെ അധികം പേരും ആശ്രയിച്ചിരുന്നത് എച്ച് വൺ ബി വിസയാണ്. നടപടി ക്രമങ്ങൾ കർശനമാക്കിയതോടെ, ഇന്ത്യൻ തൊഴിലന്വേഷകരുടെ അമേരിക്കൻ സ്വപ്‌നങ്ങളിലാണ് വൻതോതിൽ കരിനിഴൽ വീണിരിക്കുന്നത്.

വിദഗ്ധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച് വൺ ബി. മാതൃകമ്പനിയിൽനിന്ന് അമേരിക്കയിലെ മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴിൽ ആവശ്യത്തിന് പോകുന്നവർക്ക് വിസ അനുവദിക്കുന്നതിനുള്ള നടപടികൾ കർശനമാക്കുന്ന തീരുമാനങ്ങളാണ് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രഖ്യാപിച്ചത്. യു.എസ്.സിഐഎസിന്റെ പ്രഖ്യാപനത്തോടെ, ഇനി എച്ച് വൺ ബി വിസ തന്നാലും വേണ്ടെന്നുവെക്കുന്നതാകും ഭേദമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

അത്രയ്ക്കും കർശനമാണ് വ്യവസ്ഥകൾ. പുതിയ സ്ഥാപനത്തിലേക്ക് ജീവനക്കാരെ അയച്ചതിനുള്ള കാരണം മാതൃകമ്പനി വ്യക്തമാക്കണം. ഇങ്ങനെ അയക്കുന്നവർക്ക് മതിയായ തൊഴിൽ വൈദഗ്ധ്യം ഉണ്ടെന്നും സാക്ഷ്യപ്പെടുത്തണം. പുതിയ കമ്പനിയിൽ അവർ ജോലി ചെയ്യുന്ന കാലയളവിലേക്ക് മാത്രമാണ് വിസ അനുവദിക്കുക. ഫലത്തിൽ, അമേരിക്കയിൽ കുറേക്കൂടി മികച്ചൊരു ഭാവി സ്വപ്‌നം കാണുന്നവർക്ക് എച്ച് വൺ ബി വിസ ഉപയോഗിക്കാനാവാത്ത സാഹചര്യം വരും.

മൂന്നുവർഷമായിരുന്നു എച്ച് വൺ ബി വിസയുടെ കാലാവധി. ആറുവർഷം വരെ കാലാവധി നീട്ടാനും ഉപാധിയുണ്ടായിരുന്നു. പുതിയ നയമനുസരിച്ച് മൂന്നുവർഷമെന്ന കാലയളവ് എടുത്തുകളഞ്ഞു. അമേരിക്കയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവ് എത്രയാണോ ആ സമയത്തേക്ക് മാത്രമാണ് വിസ അനുവദിക്കുക. എച്ച് വൺ ബി വിസയിലെത്തി ഗ്രീൻ കാർഡ് സ്വന്തമാക്കാമെന്ന മോഹത്തിന് വലിയ തിരിച്ചടിയാണ് ഈ തീരുമാനം. കാരണം, ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ വേണ്ട കാലയളവ് പുതിയ നയത്തോടെ എച്ച് വൺ ബി വിസക്കാർക്ക് നഷ്ടമാകും.

ഒരുവർഷം 65,000 എച്ച് വൺ ബി വിസകളാണ് അമേരിക്ക നൽകുന്നത്. ഇതിൽ കൂടുതലും ഉപയോഗിച്ചിരുന്നത് ഇന്ത്യൻ ഐടി സ്ഥാപങ്ങളാണ്. എന്നാൽ, എച്ച് വൺ ബി വിസയുടെ മേലുള്ള നിയന്ത്രണങ്ങൾ അമേരിക്ക ശക്തമാക്കിയതോടെ, ഈ വിസയെ ആശ്രയിക്കുന്ന പതിവ് ഐടി സ്ഥാപനങ്ങൾ മെല്ലെ മെല്ലെ ഉപേക്ഷിച്ചുവരികയായിരുന്നു. രണ്ടുവർഷത്തിനിടെ എച്ച് വൺ ബി വിസ അപേക്ഷകരിൽ 50 ശതമാനത്തോളം കുറവുണ്ടായതായി നാസ്‌കോം വൈസ് ചെയർമാൻ റിഷാദ് പ്രേംജി പറയുന്നു.

ഇക്കൊല്ലത്തെ എ്ച്ച് വൺ ബി വിസകൾക്കുള്ള അപേക്ഷ സ്വീകരിക്കാനുള്ള സമയം ഏപ്രിൽ രണ്ടിന് തുടങ്ങാനിരിക്കെയാണ് വ്യവസ്ഥകൾ കർശനമാക്കി ട്രംപ് ഭരണകൂടം നയം വ്യക്തമാക്കിയത്. അമേരിക്കയിൽനിന്ന് തന്നെ കൂടുതൽ വിദഗ്ധ തൊഴിലാളികളെ കണ്ടെത്തുക എന്ന നയത്തിലേക്ക് വിദേശ ഐടി സ്ഥാപനങ്ങൾ തിരിയുന്ന സാഹചര്യത്തിനാകും ഇത് വഴിവെക്കുകയയെന്ന് വിലയിരുത്തപ്പെടുന്നു. ഫലത്തിൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറുന്ന വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ ഇനിയും കുറവുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP