Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസമിലെ എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ഏപ്രിലിൽ; അസമിലെ പൗരന്മാരുടെ അവസാന പട്ടിക വന്നപ്പോൾ 40 ലക്ഷം പേർ പുറത്ത്; ഇവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പറ്റുമോ എന്ന് തീരുമാനിക്കുക ഇലക്ഷൻ കമ്മീഷൻ; മുസ്‌ളീങ്ങളെ രാജ്യത്തിന് പുറത്താക്കാനുള്ള നീക്കമെന്ന് മമത; സഖ്യകക്ഷിയായ എജിപിയെ പോലും വെല്ലുവിളിച്ച് മോദിയും ബിജെപിയും നീങ്ങുന്നത് ബംഗ്‌ളാദേശികളെ രാജ്യത്തിന് പുറത്താക്കാനോ?

അസമിലെ എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ഏപ്രിലിൽ; അസമിലെ പൗരന്മാരുടെ അവസാന പട്ടിക വന്നപ്പോൾ 40 ലക്ഷം പേർ പുറത്ത്; ഇവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പറ്റുമോ എന്ന് തീരുമാനിക്കുക ഇലക്ഷൻ കമ്മീഷൻ; മുസ്‌ളീങ്ങളെ രാജ്യത്തിന് പുറത്താക്കാനുള്ള നീക്കമെന്ന് മമത; സഖ്യകക്ഷിയായ എജിപിയെ പോലും വെല്ലുവിളിച്ച് മോദിയും ബിജെപിയും നീങ്ങുന്നത് ബംഗ്‌ളാദേശികളെ രാജ്യത്തിന് പുറത്താക്കാനോ?

മറുനാടൻ ഡെസ്‌ക്‌

ഗുവഹട്ടി: അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ (എൻ.ആർ.സി) അവസാന കരട് പട്ടിക കൂടി ഇന്ന് പുറത്തുവന്നതോടെ രാജ്യത്ത് അഭയം തേടി ബംഗ്‌ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിൽ നിന്നുമുൾപ്പെടെ എത്തിയ മുസ്‌ളീങ്ങളെ മാത്രം പുറത്താക്കാൻ നരേന്ദ്ര മോദി സർക്കാർ നീക്കം ശക്തമാക്കിയെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാകുന്നു. അവസാന കരട് പട്ടിക പുറത്തുവന്നപ്പോൾ 40 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. ഇത്രയും പേർ മറ്റു രാജ്യങ്ങളിൽ നിന്ന് എത്തി അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നു എന്ന നിലയിൽ കാര്യങ്ങൾ കേന്ദ്രസർക്കാർ മുന്നോട്ടുനീക്കിയാൽ ഇവരെ രാജ്യത്തുനിന്ന് പുറത്താക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്യുന്ന സ്ഥിവിശേഷം ഉണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഇത്തരമൊരു നീക്കമില്ലെന്നും ആശങ്കവേണ്ടെന്നും അധികൃതർ വ്യക്തമാക്കിയെങ്കിലും കേന്ദ്രസർക്കാർ ഏതുനിലയിൽ തുടർ നടപടികൾ കൈക്കൊള്ളുമെന്നത് ഇനിയും വ്യക്തമല്ല. അതേസമയം, ബംഗ്‌ളാദേശിൽ നി്ന്നുൾപ്പെടെ പല കാലങ്ങളായി എത്തിയ മുസ്‌ളീം സമൂഹത്തിനാണ് വലിയ തിരിച്ചടി നേരിടുകയെന്നും ഇവരാണ് പുറത്താക്കപ്പെടുകയെന്നും ഉൾപ്പെടെ പ്രചരണം സജീവമാണ്. ഈ നിലയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ വിമർശനവുമായി രംഗത്തുവന്നു. ന്യൂനക്ഷത്തിന് നേരെ പകപോക്കലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന ആക്ഷേപവും ശക്തമായി.

1951ന് ശേഷം ഇതാദ്യമായിട്ടാണ് പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്നിന് ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ 1.9 കോടി ആളുകളുടെ പേരാണ് ഉൾപ്പെട്ടിരുന്നത്. 3.29 കോടി പേർ നൽകിയ പൗരത്വത്തിനായുള്ള അപേക്ഷയിൽ 2.89 പേരുടെ അപേക്ഷകൾ മാത്രമാണ് ഇതുവരെ സ്വീകരിച്ചത്. ഇതോടെ 40 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തില്ലാത്തവരായി. ഇവരെ അഭയാർത്ഥികളായി കണക്കാക്കുമോ അതോ നാടുകടത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

പട്ടികയിൽ പേരില്ലാത്തവരുടെ പരാതികളും ആക്ഷേപങ്ങളും സെപ്റ്റംബർ 28 വരെ പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യഥാർത്ഥ ഇന്ത്യൻ പൗരന്മാർ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്നാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ സൈലേഷ് പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒഴിവാക്കിയ 40 ലക്ഷത്തോളം പേർക്ക് വോട്ട് ചെയ്യാൻ സാധിക്കുമോ എന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും എന്നുകൂടെ അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തിൽ നിന്നുതന്നെ ഇപ്പോൾ ലിസ്റ്റിന് പുറത്തുള്ളവരുടെ ഭാവി എന്താവുമെന്ന ചോദ്യം ശക്തമായി. എന്നാൽ ഇപ്പോൾ കരട് പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നതെന്നും ലിസ്റ്റിലില്ലാത്തവരെ പുറത്താക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇല്ലെന്നും അധികൃതർ അറിയിച്ചു.

ഇത് മുസ്‌ളീങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് മമത

അസം പൗരത്വ രജിസ്ട്രേഷന്റെ അന്തിമ കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമാണ് ഇപ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉയർത്തുന്നത്. സ്വന്തം രാജ്യത്ത് ജനങ്ങൾ അഭയാർഥികളായി മാറുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തിന്റെ ഭാഗമാണിതെന്നും ആണ് മമത ചൂണ്ടിക്കാട്ടുന്നത്. ജനങ്ങളുടെ ഒറ്റപ്പെടുത്തുകയും മനുഷ്യത്വം തകർക്കുകയും ചെയ്യുന്നു. ആധാറും പാസ്പോർട്ടും അടക്കമുള്ള രേഖകൾ ഉള്ളവരാണ് കരട് പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്. ഞാൻ പ്രധാനമന്ത്രിയോട് പറയുകയാണ്. ഈ ജനങ്ങളെ രക്ഷിക്കണം, അവരെ ഒറ്റപ്പെടുത്തരുത്. നിർബന്ധിത കുടിയിറക്കലിനാണോ സർക്കാർ ശ്രമിക്കുന്നത് - മമത ചോദിക്കുന്നു.

അസമിലെ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികളാണ് നടക്കുന്നതെന്ന് മമത ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. വോട്ട് രാഷ്ട്രീയവും ഇതിന്റെ പിന്നിലുണ്ട്. ബംഗാളി സംസാരിക്കുന്നവരേയും ബിഹാറികളേയും പുറത്താക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇങ്ങനെയൊരു നടപടി എടുക്കുന്നതിന് മുമ്പ് ബംഗാൾ സർക്കാരിനോട് ആലോചിക്കേണ്ടതായിരുന്നെന്നും മമത പറഞ്ഞു.

അസമിലെ പൗരത്വ കരട് പട്ടികയെചൊല്ലി ലോക്സഭയിലും പ്രതിഷേധമുയർന്നിട്ടുണ്ട്. അതേ സമയം ചിലർ ഭീതിയുടെ അന്തരീക്ഷം അനാവശ്യമായി സൃഷ്ടിക്കുകയാണെന്നും കരട് പട്ടിക മാത്രമാണ് പുറത്തിറങ്ങിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അന്തിമ കരട് പട്ടിക മാത്രമാണ് പുറത്തിറക്കിയതെന്ന് കേന്ദ്രസർക്കാരും പട്ടിക നടത്തിയ 1971 മാർച്ച് 25 ന് മുമ്പ് മുതൽ അസമിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരുന്നത്.

എന്താണ് പൗരത്വ ഭേദഗതി ബിൽ 2016?

അസം മണ്ണിൽ വർഷങ്ങളായി കഴിയുന്ന ഒരുകോടിയിലേറേ പേരുടെ ജീവിതം തുലാസിലായിരിക്കുകയാണ്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്റെ പുതുക്കിയ രേഖ പ്രസിദ്ധീകരിച്ചതോടെയാണ് ആശങ്കയും ഭീതിയും ഏറിയത്.ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റമാണ് വിഷയം. യഥാർഥ ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുകയും, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയുമാണ് എൻആർസി രേഖ തയ്യാറാക്കുന്നതിന്റെ ലക്ഷ്യം. അതിനിടെ അനധികൃത കുടിയേറ്റക്കാരെ തന്നെ വേർതിരിച്ച് ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് സജീവ ചർച്ചാവിഷയമാകുന്നത്. 2016 ലെ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ എജിപിയും ഇടഞ്ഞിരിക്കുകയാണ്.

2016 ജൂലൈ 19 നാണ് പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചില ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യൻ പൗരത്വത്തിന് യോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നുവെന്ന് ചുരുക്കം.

എന്താണ് ബിൽ ലക്ഷ്യമിടുന്നത്?

അഫ്്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ,ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽ പെട്ടവരെ അറസ്ററ് ചെയ്യാതിരിക്കുകയോ, നാടുകടത്താതിരിക്കുകയോ ചെയ്യാതിരിക്കുക .അത്തരം കുടിയേറ്റക്കാർക്ക് പൗരത്വാപേക്ഷ നൽകാനുള്ള ചുരുങ്ങിയ കാവാവധി 11 വർഷത്തിൽ നിന്ന് ആറുവർഷമായി കുറയ്ക്കുക.എന്നാൽ, അനധികൃത മുസ്ലിം കുടിയേറ്റക്കാർക്ക് ബില്ലിന്റെ ആനുകൂല്യങ്ങൾ കിട്ടില്ല. യഹൂദർ,ബഹായീസ്, തുടങ്ങിയ ന്യൂനപക്ഷസമുദായങ്ങളെ കുറിച്ചും ബില്ലിൽ മിണ്ടാട്ടമില്ല.

അസമിലെ ജനങ്ങൾ ബില്ലിനെ എതിർക്കുന്നത് എന്തുകൊണ്ട്?

1985 ലെ അസം കരാറിന് വിരുദ്ധമാണ് ബിൽ. ബംഗ്ലാദശിൽ നിന്ന് വരുന്ന അനധികൃത കുടിയേറ്റക്കാർ ആരായാലും അവരെ നാടുകടത്തും എന്നാണ് കരാറിലെ വ്യവസ്ഥ. ക്യത്യമായി പറഞ്ഞാൽ, 1971 മാർച്ച് 25 ന് ശേഷമുള്ള കുടിയേറ്റക്കാർ. 1955 ലെ പൗരത്വ നിയമപ്രകാരം സാധുവായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലേക്ക് വരുന്ന വിദേശികൾ, വിസാ കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്നവർ, എന്നിവരാണ് അനധികൃത കുടിയേറ്റക്കാർ. വർഷങ്ങൽ പോകേ, ചില ഇളവുകൾ നിയമത്തിൽ നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിനുമുമ്പോ വരുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിൽ തങ്ങാൻ 2015 മുതൽ അനുവദിച്ചു.

എങ്ങനെയാണ് ഒരാൾ ഇന്ത്യൻ പൗരനാകുന്നത്?

ഇന്ത്യാക്കാരായ മാതാപിതാക്കൾക്ക് ജനിച്ച ഒരാളോ രാജ്യത്ത് 11 വർഷത്തിലേറെ ജീവിച്ച ഒരാളോ പൗരത്വത്തിന് യോഗ്യരാണ്. ഏതെങ്കിലും നിയമം ലംഘിച്ചാൽ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ രജിസ്ട്രേഷൻ റദ്ദാക്കും. താമസിയാതെ തന്നെ ബിൽ പാർലമെന്റിൽ പാസാക്കാനുള്ള ബിജെപിയുടെ ആലോചന ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യത്തിലും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബിൽ ഇപ്പോൾ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്. 1971-ലെ ഉടമ്പടി ലംഘിക്കുന്നതാണ് ബിജെപി ചെയ്യുന്നതെന്നാണ് എജിപിയുടെ ആരോപണം.

അസമിൽ നിന്നുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കുമെന്ന് 2017 ഏപ്രിലിൽ അസമിലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ നൽകിയ ഒരഭിമുഖത്തിൽ മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ പറഞ്ഞത് അനധികൃത കുടിയേറ്റം അസമിൽ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും നാഷണൽ രജിസ്ററർ ഓഫ് സിറ്റിസൺസ് പുറത്തു വരുന്നതോടെ അനധികൃത കുടിയേറ്റക്കാരെ വ്യക്തമായി തിരിച്ചറിയാമെന്ന്ും അദ്ദേഹം പറഞ്ഞിരുന്നു. അസമിനെ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരിൽ നിന്ന് മുക്തമാക്കുമെന്ന് 2014 ലോക്‌സഭാ പ്രചരണ തെരഞ്ഞെടുപ്പ് സമയത്തും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസ്താവിച്ചിരുന്നു.ബിൽ പാസാക്കിയാൽ തങ്ങൾ സർക്കാരിൽ നിന്ന് പുറത്തുപോകുമെന്നാണ് അസം ഗണ പരിഷത്തിന്റെ ഭീഷണി. എന്നാൽ കണക്കിലെ കളികൾ തങ്ങൾക്ക് അനുകൂലമായതിനാൽ ബിജെപിക്ക് സർക്കാർ താഴെ വീഴുമെന്ന ഭയമില്ല.

എന്താണ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ?

സുപ്രീംകോടതി വിധി പ്രകാരമാണ് നാഷണൽ രജിസ്ററർ ഓഫ് സിറ്റിസൺസിന്റെ കരട് തയ്യാറാക്കി തുടങ്ങിയത്. ഇതോടെത്തന്നെ ബംഗ്ലാദേശിൽ നിന്നുള്ള ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ഭീതി വളർന്നിരുന്നു. അസ്വസ്ഥതയുടെ വലിയ വിത്തിന് അതോടെ മുളപൊട്ടി. കുഴപ്പങ്ങൾ തടയാൻ അർദ്ധസൈനിക വിഭാഗങ്ങളെ അപ്പോൾ തന്നെ കേന്ദ്ര സർക്കാർ നിയോഗിക്കുകയും ചെയ്തു.

തങ്ങളെ ഇന്ത്യയിലെ നിയമാനുസൃത പൗരന്മാരെന്ന് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 3.29 കോടി മനുഷ്യരുടെ അപേക്ഷകളിൽ നിന്ന് 1.9 കോടി പേരുടെ പേരുവിവരങ്ങൾ അടങ്ങിയ കരടാണ് ആദ്യം പുറത്തുവന്നത്. ഇപ്പോൾ അന്തിമ കരട് വന്നപ്പോൾ 40 ലക്ഷം പേർ പുറത്തായി.

2018 അവസാനിക്കുന്നതിന് മുമ്പ് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയിരിക്കും എന്നായിരുന്നു അധികൃതരുടെ പ്രതികരണം. 2015 മെയ് മാസത്തിൽ തുടങ്ങിയ പരിശോധനാ നടപടികളുടെ ഭാഗമായി അസമിലെ 68.27 ലക്ഷം കുടുംബങ്ങളുടെ 65 കോടി രേഖകളാണ് പരിശോധിച്ചു വരുന്നത്. 2013 ഡിസംബറിൽ തുടങ്ങിയ എൻആർസിയുടെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സുപ്രീം കോടതി 40 സിറ്റിങ്ങുകൾ നടത്തി. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബംഗ്ലാദേശിൽ നിന്ന് വൻതോതിലുള്ള അഭയാർത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനമാണ് അസം. NRC തയാറാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും അസമാണ്. ഇതാദ്യം തയാറാക്കിയത് 1951-ലും. ബംഗ്ലാദേശ് രൂപീകരണ സമയത്ത് പാക്കിസ്ഥാൻ അതിക്രമങ്ങളെ തുടർന്ന് ഇന്ത്യയിലെത്തിയവരും രൂപീകരണത്തിന് ശേഷം തൊഴിലും മറ്റും തേടിയെത്തിയവരും ഇപ്പോഴും എത്തുന്നവരും ഇവിടെയുണ്ട്.

1970-കളുടെ അവസാനവും 80-കളിലും അസമിൽ അനധികൃത കുടിയേറ്റത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനും പിന്നീട് അസം ഗണ പരിഷത് ആയി മാറിയ ഓൾ അസം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിന്റെ മുൻനിരയിൽ. അസം ഗണ പരിഷത്ത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ്. 1985-ലാണ് പ്രക്ഷോഭത്തിന് ഒരറുതി വരുന്നത്. അന്ന് സ്റ്റുഡന്റ്‌സ് യൂണിയനും ഗണ പരിഷത്തുമായി കേന്ദ്ര സർക്കാർ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതൽ 61 വരെ അസമിൽ എത്തിയവർക്ക് വോട്ടിങ് അവകാശം ഉൾപ്പെടെ പൂർണ പൗരത്വം നൽകാൻ തീരുമാനമായി. 61 മുതൽ 71 വരെയുള്ളവർക്ക് 10 വർഷത്തേക്ക് വോട്ടിങ് അവകാശം ഇല്ലാതെ പൗരത്വവും നൽകാൻ തീരുമാനമായി. എന്നാൽ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി.

എൻആർസി കരട് രേഖ പുതുക്കിയതിലൂടെ ന്യൂനപക്ഷങ്ങളെ നാടുകടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് കോൺഗ്രസ് നേരത്തേ തന്നെ ആരോപിച്ചിരുന്നു. എൻആർസി പട്ടികയിൽ പേരില്ലെങ്കിൽ മുസ്ലീങ്ങൾ നാടുവിടണമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും പ്രഖ്യാപിച്ചിരുന്നു.

ബംഗ്‌ളാദേശിന്റെ നിലപാട് അതീവ നിർണായകം

എൻആർസി വരുന്നതോടെ നിയമാനുസൃത പൗരന്മാർക്ക് മികച്ച തൊഴിലുകൾ കരസ്ഥമാക്കാം. അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കമ്പനികളും, തൊഴിലാളികളും പ്രതിസന്ധിയിലാകുമെങ്കിലും പൗരത്വരേഖയുള്ളവരെ കമ്പനികൾക്ക് കൈനീട്ടി സ്വീകരിക്കാം. മറ്റുമാർഗങ്ങൾ അടയുന്നതോടെ നിരാശരാകുന്ന ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും തമ്മിൽ സംഘർഷത്തിനും സാധ്യതയുണ്ട്. കേന്ദ്ര-സംസ്ഥാന സുരക്ഷാസേനകൾക്ക് ഈ സ്ഥിതിവിശേഷം നേരിടുക വൻവെല്ലുവിളിയുമാകും. തങ്ങളുടെ രാജ്യത്ത് നിന്ന് കുടിയേറിയവരെ തിരികെ സ്വീകരിക്കാൻ ബംഗ്ലാദേശ് തയ്യാറാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. ആ രാജ്യം ആ വാതിൽ അടച്ചാൽ തടങ്കൽ പാളയങ്ങളിൽ കഴിയാനാവും കുടിയേറ്റക്കാരുടെ വിധി. ബംഗ്ലാദേശിന്റെ നിലപാടാമ് കാത്തിരുന്ന് കാണേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP