Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്മോഹൻ സിങ് 526 കോടി രൂപയ്ക്ക് വാങ്ങാമെന്നേറ്റ ഒരു യുദ്ധവിമാനത്തിന് മോദി നൽകുന്നത് 1570 കോടി രൂപ! 54,000 കോടി രൂപയ്ക്ക് 126 വിമാനങ്ങൾ സമ്മതിച്ചിരുന്ന ഫ്രഞ്ച് കമ്പനി ഇപ്പോൾ നൽകാമെന്നേറ്റത് 36 വിമാനങ്ങൾ; വിലയായി നൽകേണ്ടത് 59,000 കോടിയും! പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി റിലയൻസിന് വേണ്ടി സർക്കാർ കോടികൾ മുടിച്ചു: നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപിച്ച റാഫേൽ ഇടപാടിന്റെ കഥ

മന്മോഹൻ സിങ് 526 കോടി രൂപയ്ക്ക് വാങ്ങാമെന്നേറ്റ ഒരു യുദ്ധവിമാനത്തിന് മോദി നൽകുന്നത് 1570 കോടി രൂപ! 54,000 കോടി രൂപയ്ക്ക് 126 വിമാനങ്ങൾ സമ്മതിച്ചിരുന്ന ഫ്രഞ്ച് കമ്പനി ഇപ്പോൾ നൽകാമെന്നേറ്റത് 36 വിമാനങ്ങൾ; വിലയായി നൽകേണ്ടത് 59,000 കോടിയും! പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി റിലയൻസിന് വേണ്ടി സർക്കാർ കോടികൾ മുടിച്ചു: നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപിച്ച റാഫേൽ ഇടപാടിന്റെ കഥ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ഫ്രാൻസ് യുദ്ധവിമാന നിർമ്മാണ കമ്പനിയായ റാഫേലുമായി ഇന്ത്യ ഏർപ്പെട്ട യുദ്ധവിമാന കരാറിന്റെ വിശദാംശങ്ങൾ പാർലമെന്റിൽ നിന്നും പോലും ഒളിച്ചുവെക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി കഴിഞ്ഞു. രാജ്യത്തെ പരമോന്നത സഭയിൽ പോലും നരേന്ദ്ര മോദി സർക്കാർ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ഒളിച്ചുവെക്കാൻ കാരണമെന്ത്? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ നിഗൂഢമായ പല ഇടപാടുകളിലേക്കും സംശയങ്ങളിലേക്കുമാണ് എത്തിപ്പെടുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടാക്കിയ കരാറിൽ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് നിർമ്മല സീതാരാമൻ ഇടപാട് സംബന്ധിച്ച സംശയത്തിന് മറുപടി നൽകിയത്. എന്നാൽ, പ്രതിരോധ മന്ത്രിയുടെ ഈ മറുപടിയും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

സമാജ്വാദി പാർട്ടി അംഗം നരേഷ് അഗർവാളിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. യുപിഎ സർക്കാറിന്റെ കാലത്ത് എകെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന വേളയിലാണ് ഫ്രാൻസുമായി ഇത്തരമൊരു യുദ്ധവിമാന ഇടപാടിന്റെ പ്രാഥമിക കരാറുകൾ പുറത്തുവരുന്നത്. എന്നാൽ, തുടക്കത്തിലുണ്ടായ കരാറിൽ നിന്നും അവസാനം കരാർ എത്തിയപ്പോൾ തുകയും വിമാനവും തമ്മിൽ ഭീമമായ അന്തരമാണ് ഉണ്ടായത്. ഈ അന്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽ ആദ്യമായി അഴിമതി ആരോപണത്തിന്റെ നിഴൽ വീഴ്‌ത്തുന്നതാണ്. വിശദീകരണം നൽകാതെ ഒഴിഞ്ഞു മാറിയാൽ ഇടപാട് കൂടുതൽ ദുരൂഹമായി തുടരുകയും ചെയ്യും.

മന്മോഹൻ സിങ് കരാറിൽ ഒപ്പിട്ടത് 526 കോടി എന്ന നിലയിൽ, മോദി നൽകുന്നത് 1570 കോടി രൂപ!

ഫ്രാൻസിൽനിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2016 സെപ്റ്റംബറിലാണ് കരാർ ഒപ്പിട്ടത്. പ്രാഥമികധാരണയിൽനിന്ന് അന്തിമകരാറായപ്പോൾ വിമാനവില മൂന്നിരട്ടിയായി. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നൽകുന്നതിനുമുമ്പ് കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ പ്രഖ്യാപനവും നടത്തി.

126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിന്റെ കാലത്തെ ഉടമ്പടി. ഇതിൽ, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽനിന്ന് 108 വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ. ശേഷിക്കുന്നതിൽ ഒരു വിമാനത്തിന് 526 കോടി രൂപ വീതം നൽകി റാഫേൽ കമ്പനിയിൽനിന്ന് വാങ്ങും. എന്നാൽ, മോദിസർക്കാർ കരാറിന്റെ അലകും പിടിയും മാറ്റി. ഫ്രാൻസിൽനിന്ന് 36 വിമാനങ്ങൾ ശരാശരി 710 കോടി രൂപ വീതം മുടക്കി വാങ്ങുമെന്ന് ധാരണയുണ്ടാക്കി. അനുബന്ധ സാമഗ്രികൾകൂടി ചേർക്കുമ്പോൾ വില 1570 കോടിയായി ഉയരും.

126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാൻ ഫ്രഞ്ച് കമ്പനി ദാസ്സൂദ് അന്ന് തയ്യാറായിരുന്നു. മോദി സർക്കാർ എത്തിച്ചേർന്ന കരാർപ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലെ സർക്കാർ നിലപാടാണ് ദുരൂഹമായത്. 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാർ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നു. 126 വിമാനത്തിന്റെ വിലയേക്കാൾ കൂടുതലാണ് 36 എണ്ണത്തിന് നൽകുന്നത് എന്നതാണ് വിചിത്രം.

18 വിമാനങ്ങൾ ഫ്രാൻസിൽ നിർമ്മിച്ചുനൽകാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയിൽ നിർമ്മിക്കാനുമായിരുന്നു പ്രാഥമിക ധാരണ. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾക്കായി റാഫേൽ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. 36 വിമാനം മാത്രം വാങ്ങുന്നതിനാൽ സാങ്കേതികവിദ്യാ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ നിലപാട്.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) ഒഴിവാക്കി, നേട്ടമുണ്ടാക്കിയത് അനിൽ അംബാനിയുടെ റിലയൻസ്

നിലവിലെ കരാറിൽ രാജ്യത്തെ പൊതുമേഖല, സ്വകാര്യകമ്പനികൾക്ക് പങ്കാളിത്തമില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, അനിൽ അംബിക്ക് വേണ്ടി നടത്തിയ ഇടപെടലാണ് സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതെന്നാണഅ ആരോപണം. അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്ക് റാഫേൽ ഇടപാടിൽ പങ്കാളിത്തം നൽകിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്വകാര്യകമ്പനികളെ കരാറിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും വിശദാംശങ്ങൾ മറച്ചുവയ്ക്കുന്നത് സംശയകരമാണ്.

കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറില്ലെന്ന് 2017 നവംബറിൽ പ്രതിരോധമന്ത്രി തന്നെ പറഞ്ഞതാണ്. അതിനുശേഷമുള്ള നിലപാടുമാറ്റം കരാറിലെ അഴിമതി വ്യക്തമാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാതിപ്പെടുന്നു. യു.പി.എ സർക്കാർ തയാറാക്കിയ ഉടമ്പടി ഭേദഗതി ചെയ്ത് റാഫേൽ പോർവിമാന കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടത് പാരിസ് സന്ദർശനത്തിനൊപ്പമാണ്. 2015 മാർച്ച് 28ന്  അനിൽ അംബാനി 'റിലയൻസ് ഡിഫൻസ്' എന്ന പേരിൽ പടക്കോപ്പ് നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് മോദി റാഫേൽ കരാർ ഒപ്പുവെച്ചതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

അംബാനിയുടെ കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് റാഫേൽ കരാർ. 126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിന്റെ കാലത്തെ ഉടമ്പടി. ഇതിൽ, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽനിന്ന് 108 വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ. പൊതുമേഖലെ തഴഞ്ഞാണ് ഇപ്പോൾ റിലയൻസ് ഡിഫൻ്‌സ പദ്ധതിയിൽ ഇടം പിടിച്ചിരിക്കുന്നതെന്നാണ് ആരോപണം.

പൊതുമേഖല സ്ഥാപനത്തെ ഒഴിവാക്കി റിലയൻസ് ഡിഫൻസിനെ ഈ ഇടപാടിൽ പങ്കാളിയാക്കയതോടെ സാങ്കേതികവിദ്യ കൈമാറ്റവും ഉണ്ടാകില്ലെന്നും. ഭാവിയിൽ റിലയൻസിൽനിന്ന് പ്രതിരോധ സേന വിമാനം വാങ്ങുമെന്ന സ്ഥിതിയായെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇതിന്റെ വിശദാംശങ്ങളാകട്ടെ, പാർലമെന്റിൽനിന്ന് മറച്ചുവെക്കുകയുമാണ്. കോൺഗ്രസ് ഈ ഇടപാടുമായി ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങൾ ആവർത്തിച്ചു. ഓരോ പോർവിമാനത്തിന്റെയും വില എന്ത് പാരിസിൽ ഉടമ്പടി ഒപ്പുവെക്കുന്നതിനു മുമ്പ് സുരക്ഷകാര്യ മന്ത്രിസഭ സമിതിയുടെ അംഗീകാരം പ്രധാനമന്ത്രി നേടിയിരുന്നോ, പൊതുമേഖല സ്ഥാപനത്തെ മാറ്റിനിർത്തി, പടക്കോപ്പ് നിർമ്മാണത്തിൽ ഒരു പരിചയവുമില്ലാത്ത കോർപറേറ്റ് സ്ഥാപനത്തെ സഹനിർമ്മാതാക്കളാക്കിയത് എന്തുകൊണ്ട് ഈ ചോദ്യങ്ങളോട് സർക്കാർ മൗനം പാലിക്കുകയാണ്.

തുടക്കം മുതൽ വിവാദം

ഇന്ത്യയ്ക്ക് വേണ്ട 126 റഫാൽ യുദ്ധവിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ നിർമ്മിക്കുമെന്നുമാണ് യുപിഎ സർക്കാർ എത്തിയ ധാരണ. എന്നാൽ, എൻഡിഎ സർക്കാർ കരാർ ഒപ്പിട്ടപ്പോൾ വിമാനങ്ങൾ 38 മാത്രമെന്നായി.

നിർമ്മാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യൻ കമ്പനിക്കു കൈമാറും. ക്രമേണ വിമാനനിർമ്മാണ സാങ്കേതികവിദ്യ സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പദ്ധതിക്കു തിരിച്ചടിയായി ഇതെന്നാണ് ആദ്യമുയർന്ന വിമർശനം.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) ആയിരിക്കും ഇന്ത്യൻ കമ്പനിയെന്നാണു പ്രതീക്ഷിച്ചത്. എന്നാൽ, ഒരു കൈത്തോക്ക് പോലും നിർമ്മിച്ചിട്ടില്ലാത്ത സ്വകാര്യ കമ്പനിക്കാണു കരാർ കൈമാറുന്നതെന്നു പിന്നീടു വ്യക്തമായി. ഇതിലും അഴിമതി ആരോപണം ഉയർന്നു.

ഖത്തറിന് ഒരു വിമാനം ലഭിച്ചത് 700 കോടി രൂപയ്ക്ക്

റാഫേൽ ഇടപാടിലെ അഴിമതി ആരോപണത്തിന് കരുത്തു പകർന്നത് ഖത്തർ നടത്തിയ ഇടപാടോടു കൂടിയാണ്. 12 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഖത്തർ കരാർ ഒപ്പുവച്ചത് ഒരു വിമാനം ഏകദേശം 700 കോടി രൂപക്കായിരുന്നു. അതേ വിമാനത്തിന് ഇന്ത്യ നൽകിയതാകട്ടെ 1526 കോടി രൂപയും. ഇതാണ് അഴിമതി ആരോപണത്തിന് പ്രത്യക്ഷത്തിൽ കരുത്തു പകരുന്നത്.

റഫാൽ വിമാനങ്ങൾ മുൻപു വാങ്ങിയ രണ്ടു രാജ്യങ്ങൾ ഈജിപ്തും ഖത്തറുമാണ്. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.

രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വന്നത് ആരോപണങ്ങളുടെ മൂർച്ച കൂട്ടും. വില സംബന്ധിച്ചു കേന്ദ്രസർക്കാർ സുതാര്യത പാലിക്കാത്തതും വെളിപ്പെടുത്താത്തരുമാണ് വിമർശനത്തിന് ശക്തിപകരുന്നതും. എന്തായാലും രാജ്യം വീണ്ടും പൊതിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ നരേന്ദ്ര മോദിക്കെതിരായ അഴിമതി ആരോപണമായി ഈ വിഷയം ഉപയോഗിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

കരാറിനെ കുറിച്ച് മിണ്ടാൻ ഭയപ്പാടോടെ ദേശീയ മാധ്യമങ്ങൾ, വിമർശിച്ച് രാഹുലും

കോടികളുടെ അഴിമതി ആരോപണ നിഴലിലായ ഇടപാടിനെ കുറിച്ച് മാധ്യമങ്ങളും മൗനം പാലിക്കുകയും. ദേശീയ തലത്തിൽ ഇന്ത്യാ ടുഡേ ചാനൽ ഈ വിഷയം ചർച്ച ചെയ്തു. എന്നാൽ, റിലയൻസിന് പങ്കാളിമുള്ള മാധ്യമങ്ങളെല്ലാം അതീവ പ്രാധാന്യമുള്ള വാർത്തയെ തമസ്‌ക്കരിച്ച മട്ടാണ്. മാധ്യമങ്ങളുടെ ഈ നിസ്സംഗതയെ ആണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശക്തമായ ഭാഷയിൽ വിമർശിച്ചതും.

റാഫേൽ യുദ്ധവിമാന ഇടപാടിൽ മാധ്യമങ്ങളെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റാഫേലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾ എന്തുകൊണ്ട് പ്രധാനമന്ത്രിയോടും പ്രതിരോധമന്ത്രിയോടും ചോദിക്കുന്നില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് ചോദിച്ചു. 'എനിക്കറിയാം നിങ്ങൾക്കുമേൽ സമ്മർദ്ദമുണ്ടെന്ന്. എന്നാൽ, മാധ്യമങ്ങൾ കുറച്ചെങ്കിലും നട്ടെല്ല് കാണിക്കണമെന്നും' രാഹുൽ പറഞ്ഞു.

ഇടപാടിൽ അഴിമതി ഉള്ളതുകൊണ്ടാണ് സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്തതതെന്നും ചോദ്യങ്ങളുയർത്തുന്നവരെ സർക്കാർ ദേശവിരുദ്ധരായി മുദ്രകുത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. റാഫേൽ ഇടപാട് രാജ്യത്തിന്റെ രഹസ്യമാണെന്ന നിർമ്മല സീതാരാമന്റെ വാദത്തെയും രാഹുൽ പരിഹസിച്ചു. ഇടപാടിനെക്കുറിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ പ്രതികരിക്കാൻ തയ്യാറാകാത്തതായിരുന്നു രാഹുൽ ഗാന്ധിയെ പ്രകോപിപ്പിച്ചത്.

റാഫേൽ യുദ്ധവിമാന ഇടപാടിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കുന്ന ഇടപാടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. പ്രതിരോധസംഭരണത്തിന്റെ നടപടിക്രമങ്ങൾ ലംഘിച്ചാണ് 59,000 കോടി രൂപയുടെ കരാറുണ്ടാക്കിയത്. സാങ്കേതികവിദ്യാകൈമാറ്റത്തിനുള്ള അവസരം ഇല്ലാതാക്കിയതുവഴി രാജ്യതാൽപ്പര്യങ്ങൾ അടിയറവച്ചു. തന്റെ ചങ്ങാത്തമുതലാളിത്ത സുഹൃത്തുക്കളുടെ സാമ്പത്തികതാൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്.

പ്രതിരോധമന്ത്രി നിർമല സീതാരാമൻ നവംബർ 17ന് നടത്തിയ വാർത്താസമ്മേളനത്തിൽ 36 റാഫേൽ വിമാനങ്ങളുടെ വിലവിവരം അറിയിക്കാൻ പ്രതിരോധ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനുശേഷമാണ് സർക്കാർ ഒളിച്ചു കളി തുടങ്ങിയതെന്നുമാണ് ആരോപണം. എന്തായാലും ഫ്രാൻസിൽ നേരിട്ട് പോയി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപാട് അദ്ദേഹത്തിനെതിരായ അഴിമതി ആരോപണത്തിന്റെ രൂപത്തിൽ പുറത്തുവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP