Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2000 രൂപ നോട്ടിന്റെ പകിട്ടും കറൻസി നിരോധനത്തിന്റെ കയ്പും; പിണറായിയുടെ വിജയവും സഭയിലെ ആദ്യ താമരയും; തലവേദനയായി ഐസിസും പ്രകൃതിയെ സ്‌നേഹിക്കാൻ പഠിപ്പിച്ച് പോപ്പും; കൽപനയും മണിയും ഓഎൻവിയും കാവാലവും കണ്ണീരോർമകൾ; അവസാന ഇലയും കൊഴിയുമ്പോൾ പിന്നിട്ടവർഷം പങ്കിടുന്ന കാഴ്ചകൾ ഇങ്ങനെ

2000 രൂപ നോട്ടിന്റെ പകിട്ടും കറൻസി നിരോധനത്തിന്റെ കയ്പും; പിണറായിയുടെ വിജയവും സഭയിലെ ആദ്യ താമരയും; തലവേദനയായി ഐസിസും പ്രകൃതിയെ സ്‌നേഹിക്കാൻ പഠിപ്പിച്ച് പോപ്പും; കൽപനയും മണിയും ഓഎൻവിയും കാവാലവും കണ്ണീരോർമകൾ; അവസാന ഇലയും കൊഴിയുമ്പോൾ പിന്നിട്ടവർഷം പങ്കിടുന്ന കാഴ്ചകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

'ഡിസംബറിൻ ചുവന്ന ലിപിക്കുറി ചാർത്തിയ കലണ്ടറിൻ കടശിത്താളും ആണിക്കുറ്റിയിൽ കിടന്ന് ആത്മമുക്തിക്കായി പിടയുന്നു' എന്നും 'മൃതമീയബ്ധം.. ഇതു നമ്മുടെ വാഴ്‌വിൽ നിന്നും.. ക്ഷതമായ് വ്രണിതമായ് അറ്റുപോം അവയവം' എന്നുമെല്ലാം പാടിയ മലയാളത്തിന്റെ പ്രിയകവി ഒഎൻവി എന്ന ഒറ്റപൽക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് ഉൾപ്പെടെ നിരവധി പ്രതിഭകൾ കാലയവനികയിൽ മറഞ്ഞുപോയ വർഷം.

ലോകപൊലീസിന്റെ അധികാരിയായി റിയൽ എസ്റ്റേറ്റ് രാജാവായ ഡൊണാൾഡ് ട്രംപെന്ന ബിസിനസുകാരൻ എത്തുന്നതുമുതൽ ഇങ്ങ് കൊച്ചുകേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിലെത്തിയതുവരെ രാഷ്ട്രീയ വികാസങ്ങൾക്ക് സാക്ഷിയായ വർഷം.

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 150 കോടി വാരിക്കൂട്ടി മോഹൻലാലിന്റെ പുലിമുരുകൻ ഗംഭീരവിജയം ആഘോഷിക്കുന്ന കാലം. ലോകംകണ്ട ഐസിസിന്റെ ഭീകരാക്രമണങ്ങൾ മുതൽ ഇന്ത്യയിൽ പാക് സഹായത്തോടെ നടന്ന സൈനിക ക്യാമ്പ് ആക്രമണങ്ങൾവരെ നടുക്കുന്ന വാർത്തകൾ.

കുറ്റകൃത്യങ്ങളുടെ ലോകത്ത് കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ജിഷ കൊലക്കേസ് ഉൾപ്പെടെ നിരവധി സംഭവങ്ങൾ. ഇന്ത്യയിൽ കള്ളപ്പണവേട്ടയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കറൻസിനിരോധനമെന്ന സർജിക്കൽ സ്‌ട്രൈക്ക് ഉൾപ്പെടെ ഓരോ മേഖലയിലും സംഭവ ബഹുലമായ വാർത്തകൾ ബാക്കിവച്ച് വിടവാങ്ങുകയാണ് 2016.

എല്ലാ അർത്ഥത്തിലും പ്രക്ഷുബ്ധമായ വർഷമാണ് കടന്നുപോകുന്നത്. വിടപറയും മുമ്പ് തിരിഞ്ഞുനോക്കുമ്പോൾ നിരവധി ചിത്രങ്ങളിൽ കണ്ണുകളുടക്കും. കേൾക്കാൻ കൊതിക്കുന്നതും ഇനിയൊരിക്കലും കേൾക്കരുതേ എന്ന് കരുതുന്നതുമായ നൂറുനൂറു കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തും. ലോകരാഷ്ട്രങ്ങൾക്കിടയിലെ വിഷയങ്ങളും ദേശീയതലത്തിൽ ഉണ്ടായ സംഭവങ്ങളും കൊച്ചു കേരളത്തിലെ നന്മകളുടേയും തിന്മകളുടേയും വിശേഷങ്ങളുമെല്ലാം ഓർമ്മകളിൽ നിറയും.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉൾപ്പെടെ ഉണ്ടായ നേട്ടങ്ങൾ മുതൽ ലോകമാകെ ഭീകരത പടരുന്നതിന്റെ ആശങ്കകൾ വരെ നീളുന്ന വാർത്തകൾ. ഫിദൽ കാസ്‌ട്രോ മുതൽ ബാലമുരളിയും ജയലളിതയും ഓഎൻവിയും കലാഭവൻ മണിയും കൽപനയും വരെ വിടപറഞ്ഞുപോയതിന്റെ സങ്കടങ്ങൾ. ചിലപ്പോഴൊക്കെ പ്രത്യാശത്തിരി നീട്ടുകയും പലപ്പോഴും കരയിപ്പിക്കുകയും ചെയ്യുന്ന ഓർമ്മകളാണ് 2016 സമ്മാനിച്ചത്.

പിണറായി അധികാരത്തിലെത്തി സഭയിൽ താമര വിരിഞ്ഞു
കണ്ണീരോർമ്മകളായി ജിഷയും പുറ്റിങ്ങൽ അപകടവും

കേരളത്തെ സംബന്ധിച്ച് ഭരണമാറ്റമുണ്ടായ വർഷമാണ് 2016. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ഈ വർഷം പകുതിയോടെ അധികാരത്തിലെത്തിയെന്നതുതന്നെയാണ് രാഷ്ട്രീയ രംഗത്തെ വലിയ വിശേഷം. കെഎം മാണിയെന്ന കേരള കോൺഗ്രസിലെ കാരണവർ യുഡിഎഫ് വിട്ടതുൾപ്പെടെയുള്ള രാഷ്ട്രീയ വിശേഷങ്ങൾ വേറെ. അപകടങ്ങളുടെയും ദുരന്തങ്ങളുടെയും കണക്കെടുപ്പിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിച്ച പുറ്റിങ്ങൽ വെടിക്കെട്ടുദുരന്തവും എല്ലാവരുടേയും മനസ്സിൽ എക്കാലവും നീറുന്ന ഓർമ്മയായി ജിഷവധവും കയറിവന്ന വർഷമായിരുന്നു ഇത്.

രാഷ്ട്രീയ മാറ്റങ്ങളിൽ പ്രധാനം പിണറായി വിജയന്റെ നേതൃത്വത്തിൽ പുതിയ എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയെന്നതാണ്. മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. 140 അംഗ സഭയിൽ എൽഡിഎഫിന് 91 സീറ്റും യുഡിഎഫിന് 47 സീറ്റും ലഭിച്ചപ്പോൾ സംസ്ഥാന ചരിത്രത്തിലാദ്യമായി നിയമസഭയിൽ ബിജെപിയും ഒ രാജഗോപാലിലൂടെ സാന്നിധ്യമറിയിച്ചു. മൂന്നു മുന്നണികൾക്കുമെതിരെ ഒറ്റയ്ക്ക് പോരാടി പൂഞ്ഞാറിൽ നിന്ന് വിജയിച്ച് പിസി ജോർജ് സഭയിലെ ഒറ്റയാനായി മാറിയതും ഈ വർഷത്തിന്റെ വിശേഷമായി.

തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെ കെഎം മാണി യുഡിഎഫ് വിടാൻ തീരുമാനിച്ചതായിരുന്നു രാഷ്ട്രീയ രംഗത്തുനിന്നുള്ള മറ്റൊരു വാർത്ത. ബാർ കോഴ കേസുമായി ബന്ധപ്പെട്ട് മാണിക്കെതിരെ കോൺഗ്രസിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിന്റെ തുടർച്ചയായാണ് മാണി ചരൽക്കുന്നിലെ പാർട്ടി ക്യാമ്പിൽവച്ച് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. ബന്ധുത്വ നിയമന വിവാദത്തെ തുടർന്ന് ഇപി ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതും പിന്നാലെ എംഎം മണി മന്ത്രിയായതുമെല്ലാം മറ്റു രാഷ്ട്രീയ വിശേഷങ്ങളായി.

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ടുദുരന്തം കേരളംകണ്ട വലിയൊരു അപകടമായി മാറി. ഏപ്രിൽ പത്തിനായിരുന്നു ക്ഷേത്രത്തിൽ മത്സരക്കമ്പത്തിനിടെ പുലർച്ചെ മൂന്നരയോടെ വെടിക്കെട്ടപകടം ഉണ്ടായത്. ഔദ്യോഗിക കണക്കുപ്രകാരം 110 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. വെടിക്കെട്ടു നിർത്തിവയ്ക്കാൻ ഏഴുപ്രാവശ്യം ആവശ്യപ്പെട്ടിട്ടും മത്സരക്കമ്പക്കാർ അതിന് തയ്യാറായില്ലെന്നും അതാണ് അപകടത്തിന് കാരണമായതെന്നും ആരോപണം ഉയർന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടലിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ട സംഭവവും അഭിഭാഷകമാദ്ധ്യമ തർക്കം, മലപ്പുറം, കൊല്ലം കളക്ടറേറ്റുകളിൽ ബോംബ് സ്‌റോടനം, എടിഎമ്മുകൾ കേന്ദ്രീകരിച്ച് സംസ്ഥാനത്താദ്യമായി ഹൈടെക് കവർച്ച തുടങ്ങി നിരവധി സംഭവങ്ങളും ഈ വർഷം ഉണ്ടായി.

ജിഷയെന്ന നിയമവിദ്യാർത്ഥിനി അതിക്രൂരമായി കൊലചെയ്യപ്പെട്ടതാണ് കേരളത്തെ നടുക്കിയ മറ്റൊരു സംഭവം. പെരുമ്പാവൂരിൽവച്ച് ഏപ്രിൽ 28ന് രാത്രിയാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നതോടെ കേസ് വലിയ കോളിളക്കമുണ്ടാക്കി. രാഷ്ട്രീയപരമായും അല്ലാതെയുമെല്ലാം തിരഞ്ഞെടുപ്പു കാലത്ത് ഉൾപ്പെടെ ജിഷ കേസ് ചർച്ചചെയ്യപ്പെട്ടു. ഒടുവിൽ ജൂൺ 16ന് കാഞ്ചീപുരത്തുവച്ച് പ്രതിയായ അസം ഗോഹട്ടി സ്വദേശി അമീറുൽ ഇസ്ലാം പിടിയിലായ ശേഷവും കേസിൽ ദുരൂഹതകൾ തുടരുന്നു. ജിഷയുടേതിന് സമാനമായ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതും അതിനെ ചൊല്ലിയുണ്ടായ ചർച്ചകളും കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചതും ഈ വർഷമാണ്. രാഷ്ട്രീയ രംഗത്ത് ഈ രണ്ടു കേസുകളും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കുകയും ചെയ്തു. ഐസിസിലേക്ക് ആകൃഷ്ടരായി കാസർകോട്, പാലക്കാട് ജില്ലകളിലെ നിരവധി പേർ രാജ്യംവിട്ടതും ഏറെ ചർച്ചചെയ്യപ്പെട്ടു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് സിറ്റിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടതും സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കിയ അതുല്യം പദ്ധതിയിലൂടെ കേരളം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ സംസ്ഥാനമാിയ മാറിയതിന്റെ പ്രഖ്യാപനം ഉപരാഷ്ട്രപതി ഹമീദ് അൻസാരി നിർവഹിച്ചതും കേരളത്തിന്റെ വികസന രംഗത്തെ പ്രധാന വിശേഷങ്ങളായി. ഇതോടൊപ്പം കേരളം കാത്തിരിക്കുന്ന മെട്രോ പദ്ധതി, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി എന്നിവയിലെ പുരോഗതികളും ഏറെ ചർച്ചചെയ്യപ്പെട്ടു.

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണങ്ങളും സൈന്യത്തിന്റെയും
മോദിയുടെയും സർജിക്കൽ സ്‌ട്രൈക്കുകളും

ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച പാക്കിസ്ഥാന് ചുട്ട മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്‌ട്രൈക്ക് മുതൽ കള്ളപ്പണ വേട്ടയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കറൻസി നിരോധനംവരെ ദേശീയതലത്തിലും സംഭവബഹുലമായ വർഷമാണ് കടന്നുപോകുന്നത്. പത്താൻകോട്ടിലും ഉറിയിലും സൈനിക ക്യാമ്പുകൾക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണങ്ങൾ നടത്തിയ വർഷമായിരുന്നു ഇത്. ഇതിനെല്ലാം തിരിച്ചടിയായി പാക് അധിനിവേശ കാശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണം ആഗോളതലത്തിൽ തന്നെ ചർച്ചയ്ക്ക് കാരണമായി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നവിധത്തിൽ പാക്കിസ്ഥാൻ ഇടപെടലുകൾ നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന രാജ്യത്തിന്റെ പ്രഖ്യാപനംകൂടിയായി ഇത്.

കാശ്മീരിൽ മുജാഹിദ് ഭീകരൻ ബുർഹാൻ വാണിയെ ഇന്ത്യൻ സൈന്യം വധിച്ചതിന് പിന്നാലെ മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കും സൈനികനടപടികൾക്കും കാശ്മീർ വീണ്ടും വേദിയായി മാറിയതും ഈ വർഷമാണ്. കാശ്മീരിൽ സൈന്യം മനുഷ്യാവകാശ ധ്വംസനം നടത്തുന്നുവെന്ന ആക്ഷേപം ഉയർന്നു. അതേസമയം, മണിപ്പൂരിൽ ഇതേ വിഷയം ഉന്നയിച്ച് ഏറെ കാലമായി സമരം നടത്തിവന്ന ഇറോം ചാനു ശർമിള തന്റെ 16 വർഷത്തെ ഉപവാസം അവസാനിപ്പിച്ചതിനും 2016 സാക്ഷ്യം വഹിച്ചു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യകുമാർ അറസ്റ്റിലായതും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും വലിയ രാഷ്ട്രീയ വിവാദമായി മാറി. ആശുപത്രിയിൽ വച്ച് മരിച്ച തന്റെ ഭാര്യയുടെ മൃതദേഹവുമായി മാഞ്ചി എന്ന ആദിവാസിക്ക് കിലോമീറ്ററുകൾ ചുമലിലേറ്റി നടക്കേണ്ടിവന്ന ദുരനുഭവം ഉൾപ്പെടെ ആഗോളതലത്തിൽ ശ്രദ്ധനേടിയ വാർത്തകൾ ഇക്കൊല്ലം പിറന്നു.

രാജ്യത്തെ ബാങ്കുകളെ ശതകോടികൾ കബളിപ്പിച്ച് വിവാദ വ്യവസായിയും മദ്യരാജാവുമായ വിജയ് മല്യ രാജ്യംവിട്ടതും ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയെ പുറത്താക്കിയതും ബിസിനസ് രംഗത്തെ വാർത്തകളായി. വിവിധ സേനാ വിഭാഗങ്ങളിലെ 29 പേരുമായി ചെന്നൈ താംബരം വിമാനത്താവളത്തിൽ നിന്ന് ആൻഡമാനിലേക്ക് പോയ ഇന്ത്യൻ വ്യോമസേനാ വിമാനം കാണാതായ ദുരൂഹ സംഭവവും ഇക്കൊല്ലം ഉണ്ടായി.

പക്ഷേ, രാജ്യം ഏറെ ചർച്ചചെയ്ത, ഇപ്പോഴും ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വർത്തമാനം വരുന്നത് നവംബർ എട്ടിന് രാത്രിയായിരുന്നു. കള്ളപ്പണക്കാരെ പിടികൂടാനും കള്ളനോട്ടിനെ ഇല്ലാതാക്കാനും ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയതായിരുന്നു രാജ്യത്തെ പിടിച്ചുകുലുക്കിയ വാർത്ത. അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. കടുത്ത വിമർശനങ്ങളെ ചെറുത്തുകൊണ്ട് തന്റെ പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുകയാണ് മോദിയും കേന്ദ്രസർക്കാരും. ലോകവ്യാപകമായി ചർച്ചചെയ്യപ്പെട്ട തീരുമാനംകൂടിയായിരുന്നു ഇത്.

രാജ്യത്തിന്റെ ഭാവിയിൽ തന്നെ നിർണായകമായ ഒരു തീരുമാനമെന്ന നിലയിൽ ഇതിന്റെ അനന്തര ഫലങ്ങളിലേക്കു കൂടി ഉറ്റുനോക്കിക്കൊണ്ടാണ് രാജ്യം പുതുവർഷത്തിലേക്ക് കടക്കുന്നതും. രാജ്യം കുറേക്കാലത്തേക്ക് കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമെന്നും പാവപ്പെട്ട ജനങ്ങൾ തൊഴിലില്ലാതെയും പണമില്ലാതെയും വലയുമെന്നുമുള്ള വിമർശനങ്ങളാണ് മോദി സർക്കാരിനെതിരെ ഉയരുന്നത്. പുതുതായി 2000 രൂപയുടെ നോട്ട് ഇതിന്റെ ഭാഗമായി പുറത്തിറങ്ങിയെന്നതും ഇതോടൊപ്പം ഈ വർഷത്തിന്റെ സവിശേഷതയാകുന്നു.

തമിഴ്‌നാട്ടിൽ ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ വികാസങ്ങൾ, ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമൂലയുടെ ആത്മഹത്യ, കർണാടകവും തമിഴ്‌നാടും വീണ്ടും ഏറ്റുമുട്ടലിലെത്തിയ കാവേരി പ്രശ്‌നം, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഇന്ത്യാ സന്ദർശനം, രൂക്ഷമായ വരൾച്ചമൂലം മഹാരാഷ്ട്രയിൽ ഉണ്ടായ കർഷക ആത്മഹത്യകൾ തുടങ്ങി ഓരോ സംസ്ഥാനത്തിലും ഉണ്ടായത് നൂറുനൂറു സംഭവങ്ങളാണ്.

അഭയാർത്ഥി പ്രശ്‌നങ്ങളും പോപ്പിന്റെ ഹരിതാഹ്വാനവും
കൂടെ ട്രംപിന്റെ വിജയവും ബ്രക്‌സിറ്റും പിന്നെ ഐസിസും

ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ മാറ്റങ്ങളായി ചർച്ചചെയ്യപ്പെട്ടത് അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് എന്ന ശതകോടീശ്വരനായ റിയൽ എസ്‌റ്റേറ്റ് രാജാവ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ബ്രക്‌സിറ്റ് വോട്ടെടുപ്പിലൂടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപെട്ട തീരുമാനവുമാണ്. അമേരിക്കയുടെ 45ാം പ്രസിഡന്റായി റിപ്പബൽക്കൻ സ്ഥാനാർത്ഥി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റായി ട്രംപ് എത്തുമ്പോൾ തോൽവി നേരിട്ടത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി കൽന്റനാണ്.

യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടാൻ ബ്രിട്ടനിലെ ജനങ്ങൾ ബ്രക്‌സിറ്റ് എന്ന ഹിതപരിശോധനയിലൂടെ തീരുമാനമെടുത്തതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ സ്ഥാനമൊഴിയുകയും ബ്രിട്ടീഷ് ചരിത്രത്തിൽ മാർഗരറ്റ് താച്ചർക്കു ശേഷം മറ്റൊരു വനിതാ പ്രധാനമന്ത്രിയായി തെരേസാമേ അധികാരത്തിലെത്തുകയും ചെയ്തു. ഫ്രാൻസിലും ഇൻഡോനേഷ്യയിലും നടന്ന ഭീകരാക്രമണങ്ങൾ, ലോകത്താകെ പടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത, ഫലസ്തീൻ വിഷയം, ഇന്ത്യപാക് പ്രശ്‌നങ്ങൾ, ചൈനയും അമേരിക്കയും തമ്മിലും റഷ്യയും അമേരിക്കയും തമ്മിലും ഉരുത്തിരിയുന്ന പ്രശ്‌നങ്ങളും തർക്കങ്ങളും തുടങ്ങി നിരവധി ഭീഷണികളാണ് ലോകരാജ്യങ്ങൾ നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ വേറയും.

ഇതിലേറ്റവും ചർച്ചചെയ്യപ്പെട്ടത് സിറിയ, ഇറാഖ് മേഖലയിലെ ഇസ്ലാമിക് തീവ്രവാദം ലോകംമുഴുവൻ പടരുന്നതിന്റെയും ലോകത്ത് പലയിടത്തും അവർനടത്തിയ ആക്രമണങ്ങളുമാണ്. 2016ൽ 36 ഭീകരാക്രമണങ്ങളാണ് ഐസിന്റെ നേരിട്ടോ പരോക്ഷമായോ ഉള്ള പിന്തുണയോടെ ലോകത്തെമ്പാടും നടന്നത്. ഇതിലാകമാനം 1500ഓളം പേർ കൊല്ലപ്പെടുകയും 3500 ഓളം പേർക്ക് പരിക്കേൽക്കുകുയം ചെയ്തു. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, സൗദി, ബംഗൽദേശ്, മലേഷ്യ, തുർക്കി, പാക്കിസ്ഥാൻ, കസാഖിസ്ഥാൻ, ഈജിപ്ത് ലിബിയ എന്നിവിടങ്ങളിലെല്ലാം ഇറാഖിനും സിറിയക്കും പുറമെ ഐസിസ് ഇടപെടലോടെ ഭീകരാക്രമണം ഉണ്ടായി. ഫ്രാൻസിൽ ജൂലായ് 14ന് ദേശീയ ദിനാഘോഷം നടക്കുന്നതിനിടയിലേക്ക് ട്രക്കോടിച്ച് കയറ്റിയ ഭീകരൻ 86 പേരെ കൊലപ്പെടുത്തിയ സംഭവത്തോടെ ഐസിസിനെതിരെ ലോകരാജ്യങ്ങൾ കടുത്ത പ്രത്യാക്രമണത്തിന് തുടക്കമിടുകയും ചെയ്തു.

അഭയാർത്ഥി പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ആഗോളതലത്തിൽ ചർച്ചചെയ്യപ്പെട്ട വർഷം കൂടിയായി 2016. ഇസൽമിക് തീവ്രവാദികളുടെ അധിനിവേശത്തോടെ കലാപകലുഷിതമായ സിറിയയിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച ബോട്ട് മധ്യധരണ്യാഴിയിൽ മറിഞ്ഞ് കൊല്ലപ്പെട്ട അയ്‌ലൻ കുർദിയെന്ന പിഞ്ചുബാലന്റെ മൃതദേഹം കടൽത്തീരത്തടിഞ്ഞതിന്റെ ദൃശ്യമാണ് അഭയാർത്ഥി പ്ര്്ശനത്തിന്റെയും യുദ്ധത്തിന്റെയും ക്രൂരതകൾ വെളിവാക്കി കഴിഞ്ഞവർഷം അവസാനം ലോകമനസ്സാക്ഷിയെ ഞെട്ടിച്ചത്. തീരത്തടിഞ്ഞ മൂന്നുവയസ്സുകാരനായ ആ പിഞ്ചോമനയുടെ മൃതദേഹത്തിന്റെ ദൃശ്യം പുറത്തുവന്നതോടെ അഭയാർത്ഥികളെ യൂറോപ്പിലേക്ക് കൂടുതലായി സ്വീകരിക്കുന്നതിന് ഭരണാധികാരികൾ തയ്യാറാവുകയും ചെയ്തു. ഈവർഷവും ലോകം നേരിട്ട ഏറ്റവും വലിയ പ്രശ്മായി നിലനിൽക്കുന്നത് യുദ്ധവും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അഭയാർത്ഥി പ്രവാഹങ്ങളുമാണ്. സമാനമായ രീതിയിൽ ആഗോള താപനം ഉയരുന്നതിന്റെ വിഷയങ്ങളും ലോകമെമ്പാടും ചർച്ചചെയ്യുകയും മാർപ്പാപ്പ ഉൾപ്പെടെ ഹരിതസന്ദേശങ്ങളുമായി രംഗത്തെത്തുകയും ചെയ്തതും ഈവർഷമാണ്.

നോബേൽ സമ്മാന ചരിത്രത്തിൽ ആദ്യമായി സാഹിത്യത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ സംഗീതജ്ഞൻ ബോബ് ഡിലന് ലഭിച്ചതും ചർച്ചയായി. സാഹിത്യത്തിനുള്ള സമ്മാനം ഗാനരയിതാവിന് നൽകിയതാണ് ചർച്ചചെയ്യപ്പെട്ടത്. ഇതുവരെ നോവൽ, കവിത, ചെറുകഥ തുടങ്ങി സാഹിത്യ മേഖലയിൽ നിന്നുള്ളവർക്കാണ് സാഹിത്യ നോബൽ ലഭിച്ചിരുന്നത്.

കാസ്‌ട്രോയും കാവാലവും കൽപനയും കലാഭവന്മണിയും വിടപറഞ്ഞു;
കാലത്തിനൊപ്പം മാഞ്ഞുപോയത് അനവധി പ്രതിഭകൾ

കലാ, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രതിഭകളെ നഷ്ടപ്പെട്ട വർഷമായിരുന്നു 2016. അന്തർദേശീയ തലത്തിൽ കമ്യൂണിസ്റ്റ് പ്രതിഭാധനനായി കരുതപ്പെട്ട കാസ്‌ട്രോയും കേരളത്തിന്റെ പ്രിയകവി ഒഎൻവിയും വിടപറഞ്ഞ വർഷം. തമിഴകത്തിന്റെ അമ്മയായി വിളങ്ങിയ ജയലളിതയെന്ന പുരട്ചി തലൈവിയെ കാലം തിരിച്ചുവിളിച്ച വർഷം. മലയാള അഭിനയ ലോകത്തിന് തീരാ നഷ്ടമായി കലാഭവന്മണിയുടേയും കൽപനയുടെയും വേർപാട്. നാടകലോകത്ത് വേറിട്ട പാത പണിത കാവാലമെന്ന പ്രതിഭയുടെ യാത്രാമൊഴി... അങ്ങനെ നിരവധി പേരുടെ നിര്യാണത്തിന്റെ വർഷം കേരളത്തിന് മുന്നിൽ കണ്ണീർപ്പൂക്കൾ വിതറിയാണ് കടന്നുപോകുന്നത്.

ക്യൂബൻ വിപഌവനേതാവ് ഫിഡൽ കാസ്‌ട്രോ തന്റെ തൊണ്ണൂറാം വയസ്സിൽ അന്തരിച്ചതോടെ ഇടതുപക്ഷത്തിന് കാരണവരെ നഷ്ടപ്പെട്ടു. ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാസ്‌ട്രോ അമേരിക്കയുടെ കൺമുന്നിൽ വിപഌവക്കനൽവിരിച്ച സഖാവായിരുന്നു ലോകത്തിന് മുന്നിൽ. മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠം ജേതാവും നിരവധി സിനിമാഗാനങ്ങളിലൂടെ ജനപ്രിയനുമായ ഒഎൻവിയുടെ വേർപാടുണ്ടായത് ഇക്കൊല്ലം ഫെബ്രുവരിയിലായിരുന്നു. അറുപത് വർഷക്കാലം മലയാള സാഹിത്യത്തിലെ നിറസാന്നിധ്യമായിരുന്ന കവിയുടെ വിടവാങ്ങൽ സാഹിത്യലോകത്തിന് തീരാനഷ്ടമായി.

മലയാള സിനിമാലോകത്തിന് വൻ നഷ്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയത്. ചിരിക്കിലുക്കമായും ഉശിരൻ നായകനായും വേറിട്ട അഭിനയ ശൈലിയിലൂടെ സിനിമയിലും തനി നാടനായി നാടൻ പാട്ടുകളുടെ ലോകത്തും വിലസി നടന്ന കലാഭവൻ മണി പൊടുന്നനെയാണ് യാത്രപറഞ്ഞ് പിരിഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ കീടനാശിനി സാന്നിധ്യം കണ്ടതോടെ മരണത്തിലെ ദുരൂഹതസംബന്ധിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്നു. ഓട്ടോക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ കലാഭവനിലും പിന്നെ സിനിമയിലുമെത്തിയ പ്രതിഭ ഏറെ ജനപ്രിയനായിരുന്നു. കലാകാരന്റെ ജാഡകളില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച മണിയുടെ വേർപാട് അക്ഷരാർത്ഥത്തിൽ കേരളത്തെ കണ്ണീർക്കടലാക്കി.

സമാനമായ രീതിയിൽ തികച്ചും അപ്രതീക്ഷിതമായിരുന്നു കൽപനയുടേയും വേർപാട്. മലയാള സിനിമയിൽ സ്ത്രീപക്ഷത്തെ ചിരിക്കുടുക്കയായും സ്വഭാവ നടിയായുമെല്ലാം വിളങ്ങിയ കൽപന ഹൈദരാബാദിൽ വച്ചാണ് പൊടുന്നനെ മരിക്കുന്നത്. ചിത്രീകരണത്തിന് എത്തിയ അവരെ താമസിച്ചിരുന്ന ഹോട്ടലിൽ രാവിലെ ബോധരഹിതയായി കാണുകയായിരുന്നു. എംജി സോമനേയും ബഹദൂറിനെയുമെല്ലാം പോലെ അഭിനയിച്ച് അരങ്ങിന്റെ ഭാഗമായി നിൽക്കുമ്പോഴാണ് കൽപനയും വിടവാങ്ങുന്നത്. ജഗതിയും കൽപനയും ഒരുമിച്ച ഹാസ്യരംഗങ്ങളിലൂടെ മാത്രം വിജയത്തിന്റെ പടവുകൾ കയറിപ്പോയ നിരവധി സിനിമകളുണ്ട് മലയാളത്തിൽ. അതിനാൽത്തന്നെ മിക്ക സിനിമകളിലും റോൾ ചെറുതായാലും വലുതായാലും അവിഭാജ്യ ഘടകമായിരുന്നു കൽപന.

നാടകാചാര്യനായി അറിയപ്പെട്ട കാവാലം അരങ്ങൊഴിഞ്ഞതാണ് ഈ വർഷത്തെ മറ്റൊരു കണ്ണീരോർമ്മ. തനത് നാടകവേദിക്ക് തുടക്കംകുറിച്ച ആചാര്യനും കവിയും ബഹുമുഖ പ്രതിഭയുമായിരുന്നു കാവാലം. മോഹൻലാലിനെ കർണനാക്കിയും മഞ്ജുവാര്യരെ ശകുന്തളയാക്കിയുമെല്ലാം അരങ്ങിലെത്തിച്ച പ്രതിഭ നാടൻപാട്ടിന്റെയും നാടകത്തിന്റെയും തലതൊട്ടപ്പനായി വിളങ്ങിയിരിക്കെയാണ് വിടപറഞ്ഞത്.

മലയാള ചലച്ചിത്ര സംവിധായകൻ കെഎസ് സേതുമാധവൻ, സംഗീത പ്രതിഭ ഡോ. എം ബാലമുരളീകൃഷ്ണ, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാദേവി, തിരക്കഥാകൃത്ത് ടി എ റസാഖ്, ട്രാഫിക് എന്ന ചിത്രത്തിലൂടെ തന്നെ ജനസമ്മതനായ സംവിധായകൻ രാജേഷ് പ ിള്ള, നടൻ ജിഷ്ണു എന്നിവരുടെയെല്ലാം വേർപാട് ഈ വർഷമായിരുന്നു. നടി രേഖാ മോഹൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും നടൻ ജഗന്നാഥവർമ്മ വിടപറഞ്ഞതും സിനിമാലോകത്തെ വേദനിപ്പിച്ച സംഭവങ്ങളായി.

മലയാള മാദ്ധ്യമപ്രവർത്തകനും കണ്ണാടിഏഷ്യാനെറ്റ് എഡിറ്റർ ഇൻ ചാർജുമായ ടിഎൻഗോപകുമാർ ഈ വർഷമാണ് വിടപറഞ്ഞത്. കണ്ണാടി എന്ന പരിപാടിയിലൂടെ നിരവധി വാർത്തകൾ പുറത്തുകൊണ്ടുവരികയും നിരവധിപേർക്ക് സഹായമെത്തിക്കുകയും ചെയ്ത് ജനസമ്മതി നേടിയ മാദ്ധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം.
മൂന്നു പതിറ്റാണ്ടിലേറെ തമിഴ് രാഷ്ട്രീയലോകത്ത് അമ്മയായി വിലസിയ ജയലളിതയുടെ മരണം നടന്നത് ഈ ഡിസംബറിലാണ്. ഏറെ നാളത്തെ ആശുപത്രി വാസത്തിനുശേഷമായിരുന്നു മരണം. തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിന് തന്നെ പുതിയ മാനങ്ങൾ നൽകുന്നതായി അവരുടെ വേർപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP