Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ള അകത്തായി; പിന്നാലെ മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ദിലീപും; അടുത്ത കുറി വീണത് കോവളം എംഎൽഎയ്ക്ക്; ഒടുവിൽ മാതൃഭൂമി അവതാരകനും അകത്തായി; അധികാരത്തിന്റേയും സമ്പത്തിന്റേയും അടയാളമായി പെണ്ണിനെ കരുതുന്നവർക്ക് ചങ്കിടിപ്പ്; സ്ത്രീ വിഷയത്തിൽ പിണറായി നിലപാട് കർശനമാക്കിയതോടെ അകത്താകുമെന്ന് ഭയന്ന് അനേകം നേതാക്കളും കോടീശ്വരന്മാരും

ആദ്യം ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ള അകത്തായി; പിന്നാലെ മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ദിലീപും; അടുത്ത കുറി വീണത് കോവളം എംഎൽഎയ്ക്ക്; ഒടുവിൽ മാതൃഭൂമി അവതാരകനും അകത്തായി; അധികാരത്തിന്റേയും സമ്പത്തിന്റേയും അടയാളമായി പെണ്ണിനെ കരുതുന്നവർക്ക് ചങ്കിടിപ്പ്; സ്ത്രീ വിഷയത്തിൽ പിണറായി നിലപാട് കർശനമാക്കിയതോടെ അകത്താകുമെന്ന് ഭയന്ന് അനേകം നേതാക്കളും കോടീശ്വരന്മാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയം, വ്യവസായം, സിനിമ, മാധ്യമം എന്നിങ്ങനെ നാല് കൂട്ടരാണ് കേരളത്തെ നിയന്ത്രിക്കുന്നത്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന കടങ്കഥയും ഉയർന്ന് കേൾക്കുന്ന ഒന്ന്. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുന്നത് എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യവുമായണ്. അധികാരത്തിലെത്തിയ ആദ്യ നാളുകളിൽ മലയാളികൾ ഏറെ പ്രതീക്ഷിച്ചു. എന്നാൽ ബന്ധുത്വ വിവാദവും ഫോൺ വിളി കുടുക്കും പിണറായിയെ വെട്ടിലാക്കി. വ്യവസായ മന്ത്രി ഇപി ജയരാജനും ഗതാഗത മന്ത്രി എകെ ശശീന്ദ്രനും തൽസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. സർക്കാർ ഒന്നിന് പിറകെ ഒന്നായി വിവാദത്തിൽ പെട്ടു. തൃശൂരിൽ പാർട്ടി നേതാവിനെതിരെ ഉയർന്ന ലൈംഗിക പീഡനവും ഒതുക്കി തീർത്തു. ഇതോടെ ജനങ്ങളെയാണ് പിണറായി ശരിയാക്കുന്നതെന്ന വാദം സജീവമായി. സർക്കാരിന്റെ ഗ്ലാമർ ഇടിഞ്ഞു. എന്നാൽ കഥ പിണറായി തന്നെ മാറ്റിയെടുക്കുകയാണ്. എത്ര ഉന്നതനായാലും വിട്ടു വീഴ്ചയില്ലെന്ന സന്ദേശമാണ് പിണറായി ഇപ്പോൾ നൽകുന്നത്.

പലപല ആരോപണങ്ങളിൽപെട്ടുഴലുകയായിരുന്ന പിണറായി സർക്കാരിന് അങ്ങനെ വീണ്ടും നല്ല കാലം വരുകയാണെന്ന് പാർട്ടിയും വിലയിരുത്തുന്നു. പാർട്ടി സമ്മേളനങ്ങൾക്ക് മുമ്പ് കള്ളന്മാരെ എല്ലാം അഴിക്കുളിലാക്കി വിമർശനത്തിന്റെ മുനയൊടിക്കാനാണ് നീക്കം. ഇതിന് സ്ത്രീ പീഡന പരാതികളെ തന്നെ ആയുധമാക്കും. എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതോടെയാണ് ഈ മാറ്റങ്ങൾ. പല ഉപദേശകർക്കും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പഴയ സ്വാധീനമില്ല. എല്ലാം മുഖ്യമന്ത്രിയുടെ അറിവോട് ജയരാജൻ നടപ്പാക്കുന്നു. ദിലീപിനെ കുടുക്കിയ സമാന്തര അന്വേഷണം പോലും മുഖ്യമന്ത്രിയും ജയരാജനും നടത്തിയ ഓപ്പറേഷനായിരുന്നു. അങ്ങനെ ഭരണത്തിൽ വീണ്ടും മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കുകയാണ്. ജയരാജന്റെ നിർദ്ദേശം മാത്രമാണ് പൊലീസ് ഇപ്പോൾ കേൾക്കുന്നത്. അതും പല കേസിലും നിർണ്ണായകമായി.

മലയാള സിനിമയിലെ എല്ലാമെല്ലാമായിരുന്നു ദിലീപ്. ജനപ്രിയ നായകൻ. സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി ക്ഷണിച്ച അപൂർവ്വം ചിലരിൽ ഒരാൾ. സർക്കാരിന്റെ നേട്ടങ്ങളിൽ ആഘോഷപൂർവ്വകമായി മുഖ്യമന്ത്രി കേക്ക് മുറിച്ച് നൽകിയ സൂപ്പർ താരം. ഈ വിവിഐപി എന്ന് അഴിക്കുള്ളിലാണ്. നടിയെ ആക്രമിക്കപ്പെട്ട് കേസ് അന്വേഷണത്തിന്റെ രണ്ടാംപകുതിയിൽ ദിലീപിന് ഒരു ദയയും കേരളാ പൊലീസ് നൽകിയില്ല. സ്ത്രീ പീഡകരെ കർശനമായി നേരിടാൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അങ്ങനെ ആദ്യമായി വിവിഐപി ഉൾപ്പെട്ട കേസിൽ ഉന്നത തല ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടു. ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ളയ്‌ക്കെതിരെ പരാതി കിട്ടിയപ്പോൾ തന്നെ കേരളാ പൊലീസ് ജയിലിൽ അടിച്ചു. എംഎൽഎ വിൻസന്റിനും പണി കിട്ടി. മാധ്യമ പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങാതെ മാതൃഭൂമിയിലെ അമൽ വിഷ്ണുദാസിനേയും പൊലീസ് അഴിക്കുള്ളിലാക്കി. സ്ത്രീ പീഡനക്കേസിൽ സർക്കാരിന്റെ കാർക്കശ്യമാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പല ഉന്നതരും ഗൂഢാലോചനയിൽ പങ്കാളിയാണെന്നാണ് സൂചന. എത്ര ഉന്നതരായാലും എല്ലാവരേയും കുടുക്കാൻ തന്നെയാണ് പൊലീസിന് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെ സിനിമയിലെ പല ഉന്നതരും ഭയത്തിലുമാണ്. ഭരണകക്ഷിയിലെ രാഷ്ട്രീയക്കാരും അങ്കലാപ്പിൽ. സർക്കാരിന്റെ ഇമേജിനെ ബാധിക്കുന്ന വിട്ടു വീഴ്ചകൾ ആരുടെ കാര്യത്തിലും ഉണ്ടാകില്ല. ഇങ്ങനെ പ്രതിച്ഛായ ഉയർത്താൻ തന്നെയാണ് നീക്കം. ബിജെപിക്കെതിരായ കോഴ ആരോപണവും ഇതിനിടെ തുണയായെത്തി. സി.പി.എം വോട്ടുകൾ കണ്ണ് വച്ച് ബിജെപി നടത്തുന്ന നീക്കത്തിന്റെ മുനയും ഒടിഞ്ഞു. പെൺവാണിഭക്കാതെ അഴിക്കുള്ളിലാക്കി സ്ത്രീകളുടെ മനസ്സിലേക്ക് പിണറായി കയറിക്കൂടിയെന്നാണ് സി.പി.എം നേതാക്കളും വിലയിരുത്തുന്നത്.

അതുകൊണ്ട് തന്നെ സ്ത്രീ പീഡനക്കേസുകളിൽ ഇനി പൊലീസ് അതിവേഗം നടപടികൾ എടുക്കും. രാജ്‌മോഹൻ പിള്ളയെ പോലൊരു കോടീശ്വരന് ആഴ്ചകൾ കഴിഞ്ഞിട്ടും ജാമ്യം പോലും ലഭിക്കുന്നില്ല. സ്ത്രീ സുരക്ഷയിൽ സർക്കാരിന്റെ നിശ്ചയദാർഡ്യത്തിന് ഇത് തെളിവായി വിലയിരുത്തുമെന്ന് സി.പി.എം കേന്ദ്രങ്ങളും കരുതുന്നു.

ഈ ക്രൂരതയെ തുറങ്കല്ലിലടയ്ക്കണം!

സെൻകുമാർ മാറി, ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവിയായി. ഈ സമയം പൊലീസിന്റെ റിവ്യൂ മീറ്റിങ് നടക്കുന്നു. മുഖ്യമന്ത്രിയും ജയരാജനും ബെഹ്‌റയും പിന്നെ ചീഫ് സെക്രട്ടറി നളിനി നെറ്റോയും പങ്കെടുത്ത റിവ്യൂ മീറ്റിങ്. ഇതിൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയവും ചർച്ചയായി. ഇതിനിടെ ബെഹ്‌റ രണ്ടര മിനിറ്റ് നീളമുള്ള പൊലീസിന്റെ കൈയിലുള്ള വിഡിയോ മുഖ്യമന്ത്രിയെ കാണിക്കുന്നു. ശാന്തരൂപിണായി ഇരുന്ന പിണറായി പൊട്ടിത്തെറിച്ചു. മൊബൈൽ വലിച്ചടച്ചുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഈ ക്രൂരത ചെയ്തവനെ കൽത്തുറങ്കലിൽ അടച്ചേ തീരൂവെന്ന് ബെഹ്‌റയോട് അതിശക്തമായി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ദിലീപിനെ കുടുക്കാനുള്ള തെളിവുകൾ ഉണ്ടെന്ന് പൊലീസിന് ബോധ്യം വന്നത്. പെരുമ്പാവൂർ സിഐ ബിജു പൗലോസിന് അന്വേഷണത്തിൽ സ്വാതന്ത്ര്യവും തിരിച്ചു കിട്ടി. പിന്നെ താരരാജാവ് അഴിക്കുള്ളിലുമായി.

ദിലീപിനെ പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ തന്നെ അറസ്റ്റിനുള്ള തീരുമാനം എഡിജിപി സന്ധ്യ എടുത്തിരുന്നു. എന്നാൽ സിനിമയിലെ സമ്മർദ്ദം അതിന് തടസ്സമായി. പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് താരങ്ങളെത്തി. അമ്മയുടെ യോഗ ശേഷം എംഎൽഎമാരായ മുകേഷും ഗണേശും ദിലീപിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടുയർന്ന ജനരോഷമാണ് മുഖ്യമന്ത്രിയുടെ മനസ്സ് മാറ്റത്തിന് കാരണമായത്. ടിപി സെൻകുമാറിന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ ആടിയുലഞ്ഞ സർക്കാരിന് ഇതോടെ പിടിവള്ളി കിട്ടി. ദിലീപ് അറസ്റ്റിലായപ്പോൾ ഉയർന്ന വികാരവും മുഖ്യമന്ത്രി ഉൾക്കൊണ്ടു. ഇതോടെ സ്ത്രീകളുടെ സുരക്ഷാ വിഷയത്തിൽ നിലപാട് കർശനമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ദിലീപ് കേസ് ഒതുക്കി തീർക്കുമെന്ന ചില സൂചനകൾ ഈ ഘട്ടത്തിലുമുണ്ടായി. മമ്മൂട്ടിയുമായി അടുപ്പമുള്ള ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ എല്ലാം ഫുൾ സ്റ്റോപ്പിലെത്തിക്കുമെന്നും വിലിയിരുത്തലുകൾ വന്നു. എന്നാൽ മഞ്ചേരിയിലെ അഡ്വക്കേറ്റ് കേസിനെ കൂടുതൽ കുരുത്തുള്ളതാക്കി. ദിലീപിനെ പുറത്തിറക്കാതിരിക്കാൻ വിഡിയോ കോൺഫറൻസ് പോലും വന്നു. കാവ്യയെ ചോദ്യം ചെയ്തു. കൂടുതൽ നടിമാരും പൊലീസ് നിരീക്ഷണത്തിൽ അങ്ങനെ സിനിമയിലെ ഉന്നതരുടെ ഇടപെടെലെല്ലാം അസ്ഥാനത്താക്കി പൊലീസ് മുന്നേറി. ഇതിനുള്ള തെളിവാണ് ജാമ്യ ഹർജിയിലെ ഹൈക്കോടതി പരാമർശങ്ങൾ. ഇതോടെ തെളിവ് സഹിതമാണ് ദിലീപിനെ പൊക്കിയതെന്ന പൊലീസ് വാദം കരുത്താകുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്ന ദിലീപ് അനുകൂല തരംഗം തെരുവിലേക്ക് വരാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകരുതലെന്നോണം ദിലീപിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാതിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾക്കപ്പുറത്ത് ദിലീപിന് അനുകൂലമായി ബോധപൂർവ്വമായ വികാരം ഉണ്ടാക്കാൻ ശ്രമം നടക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്.കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായ പൊതുവികാരം സൃഷ്ടിക്കാൻ ബോധപൂർവ്വ ശ്രമങ്ങൾ നടക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനായി പിആർ ഏജൻസികൾ വരെ പ്രവർത്തിക്കുന്നുണ്ടെന്ന് ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഈ പിആർ ഏജൻസിക്കെതിരേയും അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.

ദിലീപിന് മുമ്പേ അഴിയിലായി രാജ്‌മോഹൻ പിള്ള

'ബിസ്‌കറ്റ് രാജാവ്' ആയിരുന്ന രാജൻ പിള്ളയുടെ സഹോദരനും ബീറ്റ ഗ്രൂപ്പ് ചെയർമാനുമായ രാജ്‌മോഹൻ പിള്ളയെ 23 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തത് അത്യപൂർവ്വ സംഭവാണ്. ഒഡീഷ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇനിയും പുറത്തിറങ്ങാനായിട്ടില്ല. ഒഡീഷ്യയിൽ നിന്നും ഏജന്റ് വഴി പിള്ളയുടെ വീട്ടിൽ ജോലിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ചികിത്സിക്കുന്ന ഡോക്ടറോട് അവിവാഹിതയായ തനിക്ക് സംഭവിച്ച പീഡനത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന് ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്. ശതകോടീശ്വരനാണെന്ന പരിഗണനയൊന്നും പൊലീസ് നൽകിയില്ല. അർദ്ധ രാത്രി തന്നെ സംഭവത്തിൽ രാജ്‌മോഹൻ പിള്ള ജയിലായി. ജാമ്യ ഹർജിയിലും പൊലീസ് വാദം കടുപ്പിച്ചു. വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടും ഈ ബിസിനസ്സുകാരന് രക്ഷയൊരുക്കാൻ ആരും എത്തിയില്ല. പലരും ഇടപെടലുകൾക്ക് എത്തിയെങ്കിലും അതിന് വഴങ്ങേണ്ടതില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നൽകിയത്.

കശുവണ്ടി വ്യവസായത്തിലെ രാജാവെന്ന വിളിപ്പേരുള്ള രാജ്‌മോഹൻ പിള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് ആരും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ തരണം ചെയ്താണ്. വിജയിക്കണമെന്ന വാശിയും ആരുടെ മുന്നിലും തോൽക്കാത്ത മനസും കൂടിച്ചേർന്നപ്പോൾ വിജയം രാജ്‌മോഹൻ പിള്ളക്കൊപ്പം നിന്നു. ചേട്ടന്റെ തകർച്ചയും മരണവുമെല്ലാം പാഠമാക്കി മുന്നോട്ട് പോയി. അപ്പുപ്പനും അച്ഛനും മൂത്ത ജേഷ്ഠനും വളർത്തിയ ബിസിനസ് സാമ്രാജ്യം കണ്ടാണ് രാജ്‌മോഹൻ വളർന്നത്. പരാമ്പരാഗതമായി കശുവണ്ടി വ്യവസായം ചെയ്തിരുന്ന കുടുംബമായിരുന്നു രാജ്‌മോഹന്റേത്. ബ്രിട്ടാനിയയിലേക്ക് ചേട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ ചേട്ടന്റെ മരണത്തോടെ വീണ്ടും കശുവണ്ടിയിലേക്ക് മാത്രമായി രാജ്‌മോഹൻപിള്ളയുടെ ശ്രദ്ധ.

കോടിക്കണക്കിന് രൂപയുടെ ബിസിനസ് ഉണ്ടായിരുന്ന അച്ഛന്റെ ബിസിനസ് താഴേക്ക് പോകുന്നതും സഹോദരൻ രാജൻപിള്ള അറസ്റ്റിലാകുന്നതും ജയിലിൽ വച്ച് മരിക്കുന്നതിനും പാഠമായിരുന്നു. അച്ഛന്റെ കമ്പനിയുടെ കടം വീട്ടി എന്നു മാത്രമല്ല കുടുംബത്തിന്റെ വ്യവസായം പുനരുദ്ധരിച്ച് പൂർവ്വസ്ഥിതിയിൽ എത്തിച്ചു. ഇതിനെല്ലാം പ്രൊഫഷണലിസമാണ് തുണയായത്. കുട്ടിക്കാലം മുതലേ ടെന്നീസിനോടായിരുന്നു താൽപ്പര്യം. ഈ കളി നൽകിയ പ്രൊഫഷണലിസമായിരുന്നു കരുത്ത്. 1964 മെയ് 12ന് കൊല്ലം ജില്ലയിൽ ജനിച്ച രാജ്‌മോഹൻ പിള്ള എല്ലാത്തരം സൗഭാഗ്യങ്ങളുടേയും മധ്യത്തിലാണ് പിറന്നു വീണത്. തിരുവനന്തപുരത്തായിരുന്നു രാജ്‌മോഹന്റെ സ്‌കൂൾ പഠനം. അന്ന് സ്‌കൂളിൽ മെഴ്‌സിഡസ് ബെൻസിലായിരുന്നു പോയിരുന്നത്. തന്റെ പതിമൂന്നാം വയസിൽ തന്നെ തന്നെ ബിസിനസ് കാര്യങ്ങളിൽ അച്ഛൻ രാജ്‌മോഹന് ചുമതലകൾ നൽകിത്തുടങ്ങി. അച്ഛനു വരുന്ന ടെലിഫോൺ കോളുകൾ എടുക്കുക എന്നാതിയിരുന്നു ആദ്യ ചുമതല.

അച്ഛനു വരുന്ന ഫോൺ എടുക്കുന്നതു വഴി വ്യത്യസ്തരായ ആളുകളോട് എപ്രകാരം സംസാരിക്കണമെന്നും മീറ്റിംഗുകളിൽ ഇരുന്നതു വഴി ഏതെല്ലാം ഫാക്ടറികൾ ഇപ്പോൾ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്നും മനസിലാക്കാൻ സാധിച്ചു. ഇത് വ്യവാസയത്തിലെ താരമാകാൻ രാജ്‌മോഹൻ പിള്ളയെ സഹായിച്ച ഘടകമാണ്. പിന്നീട് കാലഘട്ടത്തിൽ ഫാക്ടറികളിലെ കൂടുതൽ ചുമതലകൾ രാജ്‌മോഹനെ ഏൽപ്പിച്ചു. ഒഡീഷയിലും ബംഗാളിൽ നിന്നും പച്ച കശുവണ്ടി ശേഖരിക്കുന്നതിന്റെ ചുമതല രാജ്‌മോഹനെ ഏൽപ്പിച്ചു. ഒഡീഷയും ബംഗാളിയുമൊന്നും അറിയാതിരുന്നുിട്ടു കൂടി രാജ്‌മോഹൻ ഈ സ്ഥലങ്ങളിൽ പോയി കർഷകരോടും വ്യാപാരികളോടും സംസാരിച്ചു. തന്റെ ഡിഗ്രി പഠനത്തിനു ശേഷം രാജ്‌മോഹൻ ബ്രസീലിലും ഇംഗ്ലണ്ടിലും ഉപരിപഠനത്തിനായി പോയി. ബ്രസീലിൽ അമേരിക്കൻ ഭക്ഷ്യവ്യവസായ ശൃഖലയിലെ വമ്പൻ കമ്പനിയിൽ പ്രവർത്തിച്ചു. അതിനു ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോയത്.

ബ്രസീലിൽ ജോലി ചെയ്തതിനു ശേഷം ഇടതുപക്ഷ അനുഭാവവുമായാണ് രാജ്‌മോഹൻ നാട്ടിലേക്ക് തിരികെയെത്തിയത്. ആഗോള വിപണയിലെ ചില ഇടപെടലുകൾ ജനാർദ്ദനൻ പിള്ളയെ ഉലച്ചു. ബിസിനസ് നഷ്ടത്തിലേക്ക് വീണു. ഈ നഷ്ടങ്ങൾ വീട്ടാനുള്ള ഉത്തരവാദിത്തം 18 വയസുള്ള രാജ്‌മോഹൻ ഏറ്റെടുക്കുകയായിരുന്നു. ചെറിയ ചെറിയ കടങ്ങൾ വീട്ടി. 1987 മുതൽ 2007 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന് അതിജീവനത്തിന്റേതായിരുന്നു. ബിസ്‌കറ്റ് വിപണിയിലെ രാജാവായി പേരുകേട്ടിരുന്ന മൂത്ത ജേഷ്ടൻ രാജൻ പിള്ള സിഗംപൂരിൽ ഒരു കേസിലകപ്പെട്ട് നാട്ടിലെത്തുകയും നാട്ടിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട് തീഹാർ ജയിലിലാവുകയും ചെയ്തു. ജയിലിൽ വെച്ചു തന്നെ രാജന്റെ മരണവും സംഭവിച്ചു. പിന്നീട് കടങ്ങൾ വീട്ടാനായി 27 വർഷമെടുത്തു.

ഇതിന് ശേഷം ഇന്ത്യയിലെ തന്നെ മികച്ച വ്യവസായികളിൽ ഒരാളായി പേരെടുത്തിട്ടുള്ള രാജ്‌മോഹൻ ബീറ്റാ ഗ്രൂപ്പിന്റെ ചെയർമാനും ലോകമെമ്പാടും വ്യവസായ സംരംഭങ്ങളുള്ള വ്യവസായ പ്രമുഖനുമാണ്. കശുവണ്ടി, ഭക്ഷ്യോത്പാദന രംഗത്തിനു പുറമേ മറ്റു രംഗങ്ങളിലും കഴിവു തെളിയിച്ചു കൊണ്ടിരിക്കുകയാണ് ബീറ്റാ ഗ്രൂപ്പ്. രണ്ട് ബില്യൺ അമേരിക്കൻ ഡോളറിന്റെ വ്യവസാ സംരഭങ്ങളുടെ സാരഥ്യം വഹിക്കുന്ന ഇദ്ദേഹം ഇന്ന് ഫുഡ് പ്രോസസിങ്, മാനുഫാക്ചറിങ്, മാർക്കറ്റിങ്, വിതരണ രംഗത്ത് സജീവ സാന്നിധ്യമാണ്. ടെന്നീസ് കളിയോട് ഇന്നും ആഭിമുഖ്യമുണ്ട്. തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിലും സജീവം. രാഷ്ട്രീയക്കാരുമായി അടുത്ത് ഇടപെടുന്ന വ്യക്തിയാണ് അദ്ദേഹം. തിരുവനന്തപുരത്തെ എല്ലാം വമ്പൻ കൂട്ടായ്മകളിലും ഈ വ്യവസായ പ്രമുഖന്റെ സാന്നിധ്യം എന്നുമുണ്ട്. എന്നിട്ടും കേസിൽ പ്രതിയായി അകത്തു പോകുന്നു.

വിൻസെന്റിനെ കടുക്കി കോൺഗ്രസിനെ പെടുത്തി

സ്ത്രീ പീഡനക്കേസിൽ എംഎൽഎ കുടുങ്ങുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. ജോസ് തെറ്റയിൽ വിഷയമായിരുന്നു ഒടുവിൽ കത്തിക്കയറിയത്. കോവളത്തെ നേതാവ് നീലനും പീഡനക്കേസിൽ വിവാദ പുരുഷനായിരുന്നു. ഇവിടെ വിൻസന്റ് പീഡനക്കേസിൽ അറസ്റ്റിലായപ്പോൾ കോൺഗ്രസ് അക്ഷരാർത്ഥത്തിൽ പെട്ടു. അതിന് കാരണം ദിലീപ് വിവാദമായിരുന്നു. ചാനൽ ചർച്ചകളിൽ ദിലീപിനെ കടന്നാക്രമിച്ചവരാണ് കോൺഗ്രസുകാർ. മഹിളാ കോൺഗ്രസ് എല്ലാ അർത്ഥത്തിലും സിനിമാ മേഖലയെ വിവാദത്തിലാക്കുന്ന വെളിപ്പെടുത്തൽ നടത്തി. ദിലീപിനെ പിന്തുണച്ച താര സംഘടനയായ അമ്മയുടെ പേര് അച്ഛനാക്കണമെന്നും പറഞ്ഞു. ഇതിനെല്ലാം വലിയ കൈയടിയും കിട്ടി. ഇതിനിടെയാണ് വിൻസന്റെ പ്രതിസ്ഥാനത്താകുന്നു. അപ്പോൾ 'അമ്മയെ' അച്ഛനെന്ന് വിളിച്ച കെപിസിസി അധ്യക്ഷൻ നിലപാട് മാറ്റി. വിൻസെന്റിനെ പ്രതിസ്ഥാനത്താക്കിയ യുവതിയെ കുറ്റം പറഞ്ഞു. അവർക്ക് മേൽ കോൺഗ്രസുകാർ ചീമുട്ടി എറിഞ്ഞു.

ദിലീപിന്റെ കാര്യത്തിൽ ഒരു നയം. വിൻസന്റിന്റെ കാര്യത്തിൽ മറ്റൊന്ന് എന്ന നിലയിലേക്ക് ചർച്ചകൾ വഴിമാറി. വീട്ടമ്മയുടെ ലൈംഗിക ആരോപണ പരാതിയിലാണ് കോവളം എംഎൽഎയായ വിൻസന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ നെയ്യാറ്റിൻകര കോടതിയിൽ വിൻസന്റിനെ എത്തിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. കോവളത്തും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. താൻ നിരപരാധിയാണെന്നും നിയമപോരാട്ടം നടത്തുമെന്നും രാജിവയ്ക്കില്ലെന്നുമാണ് വിൻസന്റ് അറസ്റ്റിന് ശേഷം പ്രതികരിച്ചത്. കൊല്ലത്തെ വീട്ടമ്മ ആത്മഹത്യാശ്രമം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് വിൻസന്റ് എംഎൽഎയ്ക്ക എതിരെ പീഡനാരോപണം ഉയർന്നത്. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എം.വിൻസെന്റിനെ എംഎൽഎ ഹോസ്റ്റലിൽ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. മാനഭംഗം, സ്ത്രീകൾക്കെതിരായ അക്രമം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിൻെസന്റ് അയൽവാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. സെപ്റ്റംബർ 10, നവംബർ 11 തീയതികളിലാണു വിൻസെന്റ് പീഡിപ്പിച്ചതെന്നു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 2016 സെപ്റ്റംബര് 10ന് രാത്രി എട്ടുമണിക്കും നവംബർ 11ന് രാവിലെ 11 മണിക്കും വീട്ടിൽ വച്ച് പീഡിപ്പിച്ചു. എംഎൽഎ ആകുന്നതിന് മുമ്പാണ് വിൻസെന്റ് പരാതിക്കാരിയുടെ ഭർത്താവിൽ നിന്ന് മൊബൈൽ നമ്പർ വാങ്ങിയത്. എംഎൽഎ ആയതിന് ശേഷം പരാതിക്കാരിയെ ഫോണിൽ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി. ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ പിന്തുടർന്ന് ശല്യപ്പെടുത്തി. മാത്രമല്ല ഫോണിലുടെ ഭീഷണിപ്പെടുത്തി. ഒന്നരവർഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയിൽ കയറിവന്ന് എംഎൽഎ കയ്യിൽ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭർത്താവിനെ വഞ്ചിച്ചു ജീവിക്കാൻ വയ്യെന്നും വീട്ടമ്മ പറഞ്ഞു. പല ഫോൺനമ്പരുകളിൽനിന്നാണ് എംഎൽഎ വീട്ടമ്മയെ വിളിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിൻസെന്റിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു പൊലീസ് അപേക്ഷ നൽകിയത്. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റിയത്. അതിനിടെ, പീഡനക്കേസിൽ പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്ക്കു നേരെ എംഎൽഎയുടെ അനുകൂലികൾ ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. പരാതിക്കാരിയെ ആശുപത്രിയിൽനിന്നു വീട്ടിലെത്തിച്ചപ്പോഴാണ് ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പലയിടങ്ങളിൽ നിന്നായി സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകരായിരുന്നു ആക്രമണത്തിന് പിന്നിൽ. ഉമ്മൻ ചാണ്ടി എംഎൽഎയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയുമായി ആശയവിനിമയം നടത്തി. കേസ് ഗൂഢാലോചനയുടെ ഫലമാണെന്നും നിയമത്തിലൂടെ സത്യസന്ധത പുറത്തുകൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സ്ത്രീപീഡനത്തിലെ കോൺഗ്രസ് ഇരട്ടത്താപ്പും ചർച്ചയായി. അങ്ങനെ അവിടേയും നേട്ടം സിപിഎമ്മിനായി.

മാധ്യമ ലോകത്തെ ഞെട്ടിച്ച് മാതൃഭൂമി പീഡനം

കേസുകൾ പറഞ്ഞൊതുക്കാന് ആരേയും അനുവദിക്കില്ലെന്നതിന് തെളിവാണ് മാതൃഭൂമിയിലെ അമൽ വിഷ്ണുദാസിന്റേയും അറസ്റ്റ്. മുതിർന്ന മാധ്യമ പ്രവർത്തകരുടെ പോലും എതിർപ്പ് അവഗണിച്ചുള്ള നീക്കം. മുമ്പ് കേരളത്തിലെ പ്രമുഖ ചാനലിലെ തലവനെതിരെ പീഡന ആരോപണം ഉയർന്നു. ഈ മാധ്യമ പ്രവർത്തകയെ പീഡിപ്പിക്കുകയായിരുന്നു പരാതി നൽകിയതിന്റെ പേരിൽ ചാനൽ ചെയ്തത്. പൊലീസും സർക്കാരുമെല്ലാം പീഡകനൊപ്പമായിരുന്നു. പീഡനത്തിന് ഇരയാകുന്ന മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് ലഭിച്ച സന്ദേശമായിരുന്നു ഇത്. എന്നാൽ 2016ൽ പിണറായി അതും തിരുത്തി കുറിക്കുകയാണ്. കിട്ടിയ പരാതിയിൽ അതിവേഗം നടപടിയെടുക്കുന്നു. അങ്ങനെ മാതൃഭൂമി ന്യൂസിലെ അമലും അഴിക്കുള്ളിലായി.

 

വീരേന്ദ്ര കുമാറിന്റേതാണ് മാതൃഭൂമി ചാനൽ. വീരന്റെ പാർട്ടി ഇടതു പക്ഷത്തേക്ക് ചേക്കേറാൻ ചർച്ചകൾ പുരോഗമിക്കുന്നു. അതിനിടെയിലും അമലിന്റെ അറസ്റ്റ് നടന്നു. ഇത് സ്ത്രീ പീഡനക്കേസുകളിൽ സർക്കാർ എടുക്കാൻ പോകുന്ന നിലപാടിൽ പൊതു സമൂഹത്തിനുള്ള ശക്തമായ സന്ദേശമാണിത്. സ്ത്രീകളെ പീഡിപ്പിക്കുന്നവരെ ശരിയാക്കുമെന്ന സന്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP