Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ് വാഹനങ്ങൾ തേടിപ്പിടിച്ച് അഗ്നിക്ക് ഇരയാക്കുന്നു; തമിഴ്‌നാടുകാരുടെ കടകൾ കത്തിച്ച് പ്രതിഷേധം തുടരുന്നു; പൊലീസ് വാഹനം കത്തിക്കാൻ ശ്രമിക്കവെ നടത്തിയ വെടിവയ്പിൽ ഒരു മരണം; മുഖ്യമന്ത്രിയുടെ വീടിനു നേരെ കല്ലേറ്; കുടുങ്ങിക്കിടന്ന കെഎസ്ആർടിസി ബസുകൾ ഒരുമിച്ചു നാട്ടിലേക്കു പുറപ്പെട്ടു; ഇന്നു സ്‌പെഷ്യൽ ട്രെയിൻ

തമിഴ് വാഹനങ്ങൾ തേടിപ്പിടിച്ച് അഗ്നിക്ക് ഇരയാക്കുന്നു; തമിഴ്‌നാടുകാരുടെ കടകൾ കത്തിച്ച് പ്രതിഷേധം തുടരുന്നു; പൊലീസ് വാഹനം കത്തിക്കാൻ ശ്രമിക്കവെ നടത്തിയ വെടിവയ്പിൽ ഒരു മരണം; മുഖ്യമന്ത്രിയുടെ വീടിനു നേരെ കല്ലേറ്; കുടുങ്ങിക്കിടന്ന കെഎസ്ആർടിസി ബസുകൾ ഒരുമിച്ചു നാട്ടിലേക്കു പുറപ്പെട്ടു; ഇന്നു സ്‌പെഷ്യൽ ട്രെയിൻ

ബംഗളൂരു: തമിഴ്‌നാടും കർണാടകവും തമ്മിലുള്ള കാവേരി നദീജലതർക്കം അതിരുകൾ ഭേദിക്കുന്നു. കർണാടകത്തിലെ അക്രമ പരമ്പരയെത്തുടർന്നു പൊലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു. കർണാടകത്തിൽ തമിഴ്‌നാട്ടുകാർക്കു നേരെയുള്ള അതിക്രമം തുടരുകയാണ്.

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ തേടിപ്പിടിച്ചാണ് ആക്രമണം. തമിഴ്‌നാട്ടുകാരുടെ കടകളും കത്തിച്ചു. പൊലീസ് വാഹനം കത്തിക്കാൻ ശ്രമിക്കവെയാണു വെടിവയ്പുണ്ടായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്കുനേരെയും കല്ലേറുണ്ടായി. കർണാടകത്തിൽ കുടുങ്ങിക്കിടന്ന കേരള ആർടിസി ബസുകൾ ഒരുമിച്ചു നാട്ടിലേക്കു പുറപ്പെട്ടു. കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഇന്നു സ്‌പെഷ്യൽ ട്രെയിനും സർവീസ് നടത്തും.

ഹഗനപള്ളിയിലാണു പൊലീസ് വെടിവയ്പിൽ ഒരാൾ മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെയാണു കല്ലേറുണ്ടായത്.

അക്രമം വ്യാപിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ എഴ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജഗോപാൽനഗർ, കെങ്കേരി, മഗഡിറോഡ്, കാമാക്ഷിപാളയ, വിജയനഗർ, രാജാജിനഗർ, ബൈട്ടരായനപുര എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരുവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈദ്ഗാഹ് മൈതാനങ്ങളെ നിരോധനാജ്ഞയിൽ നിന്നൊഴിവാക്കി. മൈസൂരു, മണ്ഡ്യ ജില്ലകളിലും അക്രമം നിയന്ത്രണാതീതമായി. ഒട്ടേറെ സ്ഥലങ്ങളിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു.

ബംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്‌നാട് ബസുകളും മദ്ദൂരിൽ ലോറികളും അഗ്‌നിക്കിരയാക്കി. ബെംഗളൂരുവിലെ കെങ്കേരിയിൽ മാത്രം മുപ്പതിലേറെ സ്വകാര്യബസുകൾ കത്തിച്ചു. അമ്ബതോളം ലോറികൾക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയിൽ പൊലീസ് വാൻ കത്തിച്ചു. മണ്ഡ്യ മദ്ദൂരിൽ യുവാവ് തീയിൽ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കർണാടകയിലെത്തി. കൂടുതൽ കേന്ദ്രസേനയെ എത്തിക്കാനും കർണാടക സർക്കാർ അഭ്യർത്ഥിച്ചു.

കേരളത്തിന്റേയും കർണാടകത്തിന്റേയും അഭ്യർത്ഥന സ്വീകരിച്ചാണ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാവിലെ 11.15-ന് ബാംഗ്ലൂർ സിറ്റി സ്റ്റേഷനിൽ പുറപ്പെടുന്നു ട്രെയിനിന് കന്റോൺമെന്റ, കെആർ പുരം, കർമലാരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. ഈ തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറൽ ആയിരിക്കും.

തിരുവനന്തപുരത്തേക്കാണ് ട്രെയിനെങ്കിലും മലബാറിലേക്കുള്ള യാത്രക്കാർക്കും ഇത് ഉപയോഗപ്പെടുത്താം. ഷൊർണ്ണൂർ വഴി കടന്നു പോകുന്ന ഈ ട്രെയിൻ അവിടെ എത്തിയ ശേഷം വടക്കൻ കേരളത്തിലുള്ള യാത്രക്കാർക്കായി ഷൊർണ്ണൂരിൽ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു സ്‌പെഷ്യൽ ട്രെയിനും സർവ്വീസ് നടത്തുമെന്നു റെയിൽവെ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടും കേരളത്തിലേക്ക് പ്രത്യേക സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

ബംഗളൂരുവിൽ കുടുങ്ങികിടക്കുന്ന 43 കെഎസ്ആർടിസി ബസുകളും തിങ്കളാഴ്ച അർധരാത്രിയോടെ നാട്ടിലേക്ക് പുറപ്പെട്ടു. ആദ്യഘട്ടത്തിൽ അഞ്ചു ബസുകൾ പൊലീസ് സംരക്ഷണയോടെ മംഗലാപുരം വഴി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. പുലർച്ചയ്ക്ക് മുൻപേ തന്നെ അവശേഷിക്കുന്ന ബസുകളും കേരളത്തിലേക്ക് പുറപ്പെടും എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനിടെ, കെഎസ്ആർടിസി ബസിനു നേർക്കു കല്ലേറുണ്ടായതായും റിപ്പോർട്ടുണ്ട്.

കേരള സർക്കാരിന്റെ ആവശ്യപ്രകാരം ചൊവ്വാഴ്ച കേരളത്തിലേക്ക് പുറപ്പെടുന്ന മൂന്ന് തീവണ്ടികളിൽ അധികബോഗികൾ അനുവദിച്ചു. ബംഗളൂരു-എറണാകുളം ഇന്റർസിറ്റി, ബെംഗളൂരു-കൊച്ചുവേളി എക്‌സപ്രസ്, ബെംഗളൂരു-കന്യാകുമാരി ഐലൻഡ് തീവണ്ടികളിൽ റിസർവേഷനില്ലാത്ത അധികകോച്ചുകൾ ഘടിപ്പിക്കും.

തമിഴ്‌നാട്ടിൽ ഇന്നലെ രാവിലെ കർണാടക ബാങ്ക് ശാഖയ്ക്കും, കന്നഡക്കാരുടെ കടകൾക്കും നേരെയുണ്ടായ ആക്രമങ്ങൾക്ക് മറുപടിയെന്നോണമാണു തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾക്കും തമിഴരുടെ വ്യവസായ സ്ഥാപനങ്ങൾക്കും നേരെ കർണാടകയിൽ വ്യാപകമായി അക്രമമുണ്ടായത്. കെപിഎൻ ട്രാവൽസിന്റെ ബസുകൾ സൂക്ഷിച്ച ഡിപ്പോ അക്രമികൾ കത്തിച്ചു. സംഭവത്തിൽ 38-ഓളം ആഡംബരബസുകൾ പൂർണമായും കത്തിനശിച്ചു.

ബംഗളുരു മെട്രോയും ബിഎംടിസി (ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്‌പോർട് കോർപറേഷൻ) ബസുകളും ഉച്ചകഴിഞ്ഞു സർവീസ് നടത്തിയില്ല. ഓട്ടോകളും ടാക്‌സി കാബുകളും ഉച്ചയ്ക്ക് ഓട്ടം നിർത്തിയതോടെ ഓഫിസ് ജോലിക്കാരുൾപ്പെടെ വലഞ്ഞു. പലയിടത്തും ടയറുകൾ കത്തിച്ചു റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സിനിമ തിയറ്ററുകൾ പ്രദർശനം നിർത്തിവച്ചു. തമിഴ്‌നാട്ടുകാരുടെ ഹോട്ടലുകളും കടകളും തകർത്തു.

ഇന്നലെ കെഎസ്ആർടിസിയും ദീർഘദൂര സ്വകാര്യബസുകളും റദ്ദാക്കിയത് ഓണത്തിനു നാട്ടിൽ പോകാനിരുന്ന നൂറുകണക്കിനു മലയാളികളെ വലച്ചു. പലരും യാത്ര ഉപേക്ഷിച്ചു. 39 കെഎസ്ആർടിസി ബസുകൾ കർണാടകയിൽ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടന്നിരുന്നു. അതിനിടെ, തമിഴർക്ക് സംരക്ഷണം തേടി മുഖ്യമന്ത്രി ജയലളിത കത്തയച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് കത്തയച്ചത്. കർണാടകയിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും തമിഴർ വേട്ടയാടപ്പെടുന്നുവെന്നും കത്തിൽ ജയലളിത ആരോപിച്ചു. അതിനിടെ, തമിഴ്‌നാട്, കർണാടക മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഫോണിൽ ചർച്ച നടത്തി.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP