Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാഖിൽ ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു; കൊന്നു കുഴിച്ചു മൂടിയതായി സ്ഥിരീകരിക്കാൻ സാധിച്ചെന്ന് സുഷമ സ്വരാജ്; മരിച്ചവരിൽ ഏറെയും പഞ്ചാബ് സ്വദേശികൾ

ഇറാഖിൽ ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു; കൊന്നു കുഴിച്ചു മൂടിയതായി സ്ഥിരീകരിക്കാൻ സാധിച്ചെന്ന് സുഷമ സ്വരാജ്; മരിച്ചവരിൽ ഏറെയും പഞ്ചാബ് സ്വദേശികൾ

ന്യൂഡൽഹി: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഭീകരർ കൊലപ്പെടുത്തി കുഴിച്ചുമൂടുകയാണ് ചെയ്തതെന്ന് സുഷമ വ്യക്തമാക്കി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്. കൂട്ടശവക്കുഴികളിൽനിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അടുത്തിടെ, കാണായായവരുടെ ബന്ധുക്കളിൽനിന്നു ഡിഎൻഎ പരിശോധനകൾക്കായി സാംപിൾ ശേഖരിച്ചിരുന്നു. പഞ്ചാബ് സ്വദേശികളാണ് മരിച്ചവരിലേറെയും. ഹിമാചൽ, പശ്ചിമബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടും.

2014 ജൂണിലാണു മൊസൂളിൽനിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഭീകരരിൽനിന്നു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു. ഒരു ആശുപത്രി നിർമ്മാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നത്.

കേരളത്തിൽ നിന്നുള്ള 46 നഴ്‌സുമാരും ഇതേ സമയത്താണ് ഐഎസിന്റെ തടവിലാക്കപ്പെടുകയും ദിവസങ്ങൾ നീണ്ട ഇടപെടലുകളിലൂടെ അവരെ രക്ഷിക്കാൻ കഴിഞ്ഞതും. എന്നാൽ 39 ഇന്ത്യക്കാരുടെ കാര്യത്തിൽ നാല് വർഷമായി അവർ ജീവനോടെയുണ്ടോ ഇല്ലയോ എന്നകാര്യത്തിൽ അനിശ്ചിതത്വംനിലനിൽക്കുകയായിരുന്നു. പലഘട്ടത്തിലും പാർലമെന്റിൽ വിഷയം ഉന്നയിക്കപ്പെട്ടപ്പോൾ ഇവർ ജീവനോടെയുണ്ടെന്നും മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നുമായിരുന്നു സർക്കാർ മറുപടി നൽകിയത്.

ഏറ്റവും ഒടുവിൽ പെനിട്രേഷൻ റഡാർ സംവിധാനം ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി ഇവ പുറത്തെടുത്ത് ഡിഎൻഎ പരിശോധനയിലൂടെ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തന്നെയെന്ന് സ്ഥിരീകരിക്കാനായത്.

2014 ൽ ഇറാഖിൽ ഐഎസ് ആക്രമണം രൂക്ഷമായ സമയത്താണ് 39 ഇന്ത്യൻ തൊഴിലാളികളെ ഭീകരർ തട്ടിക്കൊണ്ടു പോയത്. ഈ സമയത്ത് തന്നെയായിരുന്നു 49 മലയാളി നഴ്‌സുമാരെയും ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയതും. എന്നാൽ അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെയും വിവേക പൂർണമായ ഇടപെടൽ മൂലം ഈ നഴ്‌സുമാരുടെ മോചനത്തിന് വഴിയൊരുങ്ങി. എന്നാൽ അപ്പോഴും ഈ ഇന്ത്യക്കാരുടെ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളാനും സർക്കാരിന് കഴിഞ്ഞില്ല.

ഈ 39 തൊഴിലാളികളെക്കുറിച്ച് പിന്നീട് യാതൊരു വിവരവും കിട്ടിയില്ല. സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ ആശയവിനിമയം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. എങ്കിലും ജീവിച്ചിരിപ്പുണ്ട് എന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു സർക്കാരും കാണാതായവരുടെ ബന്ധുക്കളും.

സിനിമാക്കഥയേയും വെല്ലുന്ന സസ്‌പെൻസ് ത്രില്ലറായിരുന്നു ഇറാഖിൽ ഐഎസ് പിടിയിൽ നിന്നുള്ള മലയാളി നഴ്‌സുമാരുടെ മോചനം. മൂന്ന് ദിവസം നീണ്ട പരിശ്രമങ്ങൾക്കും പ്രാർത്ഥനയ്ക്കും ഒടുവിലാണ് യാതൊരു പരിക്കുകളും കൂടാതെ മലയാളി നഴ്‌സുമാർ എത്തിയത്. ഈ ദിവസങ്ങളിൽ നടന്നതാവട്ടെ സിനിമാ കഥയേയും വെല്ലുന്ന സസ്‌പെൻസ് നിറഞ്ഞ ജീവിത കഥയായിരുന്നു. പതിവ് രീതിയിൽ നിന്നും വിഭിന്നമായുള്ള ഇന്ത്യയുടെ നയതന്ത്രമായിരുന്നു മലയാളി നഴ്‌സുമാരുടെ മോചനത്തിന് വഴിയൊരുക്കിയത്. ഗൾഫിലെ മലയാളി ബിസിനസുകാരും ഇതിൽ സുപ്രധാന പങ്ക് വഹിച്ചു.

2014 ജൂലൈ 2 ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വൈകും വരെ അത്യന്തം ഉദ്യോഗജനകമായ നിമിഷങ്ങളായിരുന്നു അരങ്ങേറിയത്. ഈ കഥയ്ക്ക് ചുകമകാൻ പിടിച്ചതാവട്ടെ ഉമ്മൻ ചാണ്ടിയും സുഷമാ സ്വരാജും ആയിരുന്നു. തിക്രിതിൽ മലയാളി നഴ്‌സുമാർ പിന്നിടുന്ന മലകൾ, കെട്ടിടങ്ങൾ, മരുഭൂമി ഓരങ്ങൾ, സൈൻ ബോർഡുകൾ എല്ലാം ഉമ്മന് ചാണ്ടിക്ക് മുന്നിൽ തത്സമയ വിവരമായി എത്തി. ബന്ദികളുടെ ഫോണിലെ ചാർജ് തീർന്നപ്പോൾ എംബസിയിൽ പറഞ്ഞ് അവ ചാർജ് ചെയ്ത് നൽകി.

ഇന്ത്യയുമായി ബന്ധമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ വിഷയത്തിൽ ഇടപെട്ടു. ഇറാഖ് എംബസിയിലെ മലയാളിയായ അംബാസഡർ അജയകുമാർ, മറ്റ് ഉദ്യോഗസ്ഥരായ രഞ്ജു മാത്തൻ, സുരേഷ് റെഡ്ഡി എന്നിവരുമായി നിരന്തരം ചർച്ചകൾ നടന്നു. കേരള കേഡറിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഗ്യാനേഷ്‌കുമാർ, രചനാ ഷാ എന്നിവർ ഇവിടെനിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയായപ്പോഴേക്കും ബന്ദികളെ വിട്ടെന്ന സൂചന ലഭിച്ചു. സുഷമാ സ്വരാജും ഉമ്മൻ ചാണ്ടിയും ആഹ്ലാദം പങ്കുവെച്ചു. അതിനിടയിൽ ഒരു ഫോൺ കോൾ വന്നു. വിമാനത്താവളത്തിലേക്ക് പുറപ്പെട്ട നഴ്‌സുമാരുടെ വാഹനത്തെക്കുറിച്ച് ഒരു മണിക്കൂറായി വിവരമില്ല. ചെക്ക്‌പോസ്റ്റിൽ ഇന്ത്യൻ എംബസിയുടെ വാഹനം വന്നാലെ നഴ്‌സുമാരെ വിടൂവെന്ന നിർബന്ധമാണ് അവർ ഇടയ്ക്ക് കുടുങ്ങാൻ കാരണമായത്.

മുഖ്യമന്ത്രിയുടെ താത്പര്യം കണ്ട് നഴ്‌സുമാരുമായി വരുന്ന പ്രത്യേക വിമാനം കേരളത്തിലേക്ക് തന്നെ ആദ്യം വരട്ടെയെന്ന് സുഷമാ സ്വരാജ് നിർദേശിച്ചു. വൈകിട്ട് ഗ്യാനേഷ്‌കുമാറും രചനാഷായും കേന്ദ്ര പ്രതിനിധിയുമടങ്ങുന്ന പ്രത്യേക വിമാനം ഇറാഖിലേക്ക് പുറപ്പെട്ടു. ലക്ഷ്യം പൂർത്തീകരിക്കുന്ന തൃപ്തിയിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കും. എന്നാൽ ആശങ്ക അവിടെയും അവസാനിച്ചില്ല. ഇറാഖിലെത്തിയ വിമാനത്തിന് ആദ്യം ഇറങ്ങാൻ അനുമതി കിട്ടിയില്ല.

തുടർന്ന് സുഷമാസ്വരാജ് ഉന്നതഭരണാധികാരികളുമായി ചർച്ച നടത്തിയതോടെയാണ് വിമാനം ഇറങ്ങാൻ അനുമതി കിട്ടി. അങ്ങിനെ മൂന്ന് ദിവസം നീണ്ടു നിന്ന രക്ഷാ ദൗത്യത്തിന് പരിസമാപ്തിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP