Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്മാർട്ട് സിറ്റികൾക്ക് വേണ്ടി ചെലവിടുന്നത് ഏഴു ലക്ഷം കോടി രൂപ..! 20 വർഷം കൊണ്ട് പൂർത്തിയാക്കുന്നത് 100 അത്യാധുനിക നഗരങ്ങൾ; നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും കൊച്ചി മാത്രം

സ്മാർട്ട് സിറ്റികൾക്ക് വേണ്ടി ചെലവിടുന്നത് ഏഴു ലക്ഷം കോടി രൂപ..! 20 വർഷം കൊണ്ട് പൂർത്തിയാക്കുന്നത് 100 അത്യാധുനിക നഗരങ്ങൾ; നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും കൊച്ചി മാത്രം

ന്യൂഡൽഹി: 20 വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന ഒരാൾക്ക് ഇവിടുത്തെ ചില നഗരങ്ങൾ കണ്ടാൽ സ്ഥജല വഭ്രമമുണ്ടാകുമെന്നാണ് നഗരവികസന മന്ത്രാലയത്തിന്റെ പദ്ധതികൾ സൂചിപ്പിക്കുന്നത്. 20 കൊല്ലം കൊണ്ട് സൃഷ്ടിക്കാനുദ്ദേശിക്കുന്ന സ്മാർട്ട്‌സിറ്റികളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏഴുലക്ഷം കോടി രൂപ ഉപയോഗിച്ച് 100 അത്യാധുനിക നഗരങ്ങൾ പണിതുയർത്താനുള്ള പദ്ധതിക്കാണ് മോദി സർക്കാർ തുടക്കം കുറിക്കുന്നത്. ദൽഹി, ഫരീദാബാദ്, ഗർഗോൺ, ജോധ്പൂർ, അജ്മീർ, ഗ്വാളിയോർ, ഭോപ്പാൽ, ഇൻഡോർ, ജയ്പൂർ, ഡെറാഡൂൺ, ഹരിദ്വാർ, കാൺപൂർ, ലക്ക്‌നൗ, വാരണാസി, ബോധ്ഗയ, അലഹബാദ് എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പ്രഥമഘട്ടത്തിൽ ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് കൊച്ചിയെ മാത്രമെ ഉൾപ്പെടുത്തിയിട്ടുള്ളൂ.

വിശ്വാസയോഗ്യവും പര്യാപ്തവും ഉപയോഗപ്രദവുമായ സേവനങ്ങളാണ് ഒരു സ്മാർട്ട്‌സിറ്റിയുടെ അടിസ്ഥാനമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം യാഥാർത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരവികസന മന്ത്രാലയം പുതിയ രീതിയിലുള്ള സ്മാർട്ട് സിറ്റികൾ പണിതുയർത്താനൊരുങ്ങുന്നത്. നഗരനിർമ്മാണത്തിന്റെ കാര്യത്തിൽ പൊതുവായി അനുവർത്തിക്കപ്പെട്ട മുൻ രീതികളിൽ നിന്നും വ്യത്യസ്തമായി ഓരോ പ്രദേശത്തിനും യോജിച്ച രീതികളായിരിക്കും പുതിയ സ്മാർട്ട്‌സിറ്റികളുടെ കാര്യത്തിൽ അനുവർത്തിക്കുക. മുഴുവൻ സമയവും ലഭിക്കുന്ന അടിസ്ഥാന സേവനങ്ങൾ ഉറപ്പു വരുത്തുന്നതാണ് നരേന്ദ്ര മോദിയുടെ സങ്കല്പത്തിലുള്ള ബിഗ് സിറ്റി.

തികച്ചും സാങ്കേതികതയിൽ അധിഷ്ഠിതമായ ഭരണക്രമമായിരിക്കും ഇവിടങ്ങളിൽ നടപ്പിലാക്കുക. വൈഫൈ സോണുകൾ, റിക്രിയേഷണൽ സ്‌പേസുകൾ, തുടങ്ങിയവ ഇതിന്റെ പ്രത്യകതകളായിരിക്കുമെന്ന് നഗരവികസന മന്ത്രി വെങ്കെയ്യ നായ്ഡു പറയുന്നു. സ്‌പോർട്‌സിനായുള്ള കേന്ദ്രങ്ങൾ, ഓപ്പൺ സ്‌പേസുകൾ, വിനോദപ്രവർത്തനങ്ങൾക്കായുള്ള പ്ലാസകൾ, ആരോഗ്യകരമായ ജീവിതത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഈ നഗരങ്ങളുടെ പ്രത്യേകതകളിൽ ചിലത് മാത്രമാണ്.

കഴിഞ്ഞ ബുധനാഴ്ച ഇത്തരം സ്മാർട്ട്‌സിറ്റികളെ സംബന്ധിച്ച കൺസപ്റ്റ് നോട്ടുകൾ പുറത്തിറക്കി. ഇതു സംബന്ധിച്ച സാമ്പത്തിക വിശദാംശങ്ങളും തെരഞ്ഞെടുക്കൽ രീതികളും വെളിപ്പെടുത്തിയിട്ടുണ്ട്. നഗരവികസനത്തിനായി യുപിഎ ഗവൺമെന്റ് കൊണ്ടുവന്ന ജവഹർലാൽ നെഹ്രു നാഷണൽ അർബൻ റിന്യൂവൽ മിഷൻ എന്ന പദ്ധതി 2005ലാണ് ആരംഭിച്ചത്. അതിന് ഇക്കഴിഞ്ഞ മാർച്ച് 31ന് തിരശ്ശില വീണിരിക്കുകയാണ്. ഇതുപ്രകാരമുള്ള പ്രവൃത്തി 40 ശതമാനം മാത്രമെ പൂർത്തിയായിട്ടുള്ളൂ. യുപിയഎയുടെ അർബൻ ഫ്‌ലാഗ്ഷിപ്പ് പ്രോഗ്രാം 65 നഗരങ്ങളുടെ വികസനമാണ് പദ്ധതിയിട്ടിരുന്നത്. 2007 2012 കാലഘട്ടത്തിനിടയിൽ ഇത് 500 പ്രൊജക്ടുകൾ നടപ്പിലാക്കിയിരുന്നു. മൊത്തം ഒരുലക്ഷം കോടിയുടെ പദ്ധതിയായിരുന്നു ഇത്. പിന്നീടീ പദ്ധതി 2012 2014 കാലത്തേക്കു കൂടി നീട്ടിയിരുന്നു. ദൽഹിയടക്കമുള്ള സ്ഥലങ്ങളിൽ ഈ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ പദ്ധതിയുടെ 46 മുതൽ 48 ശതമാനം വരെ പൂർത്തിയായിട്ടില്ല.

പുതിയ സ്മാർട്ട് സിറ്റികളിലോരോന്നിലും ശരാശരി ഒരു ദശലക്ഷം പേരെങ്കിലും ഉണ്ടെന്നാണ് കണക്കുകൾ. ഇവ വികസിപ്പിക്കുന്നതിനായ 20 വർഷത്തിനിടയിൽ ഏഴ് ലക്ഷം കോടിയെങ്കിലും വേണ്ടി വരുമെന്നാണ് ഹൈപവർ എക്‌സ്പർട്ട് കമ്മിറ്റി കണക്കാക്കുന്നത്. ഇതു പ്രകാരം വർഷം തോറും ഇതിലേക്കായി 35,000 കോടി ചെലവാക്കേണ്ടി വരും. കൊറിയ, കാനഡ, നോർത്ത് അമേരിക്ക, നോർഡിക് രാജ്യങ്ങൾ തുടങ്ങിയിടങ്ങളിലെ ഗ്ലോബൽ സിറ്റികളെ മാതൃകയാക്കിയാണിവ നിർമ്മിക്കുന്നതെന്ന് നഗരവികസന മന്ത്രാലത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

തങ്ങളുടെ ഏത് നഗരമാണ് സ്മാർട്ട് സിററിയായി മാറ്റേണ്ടെതെന്ന് പരിഗണിക്കാൻ സംസ്ഥാനങ്ങളോട് നിർദേശങ്ങൾ സമർപ്പിക്കാൻ നഗരവികസന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ, ചരിത്രപ്രാധാന്യമുള്ള നഗരങ്ങൾ, അധ്യാത്മിക പ്രാധാന്യമുള്ള നഗരങ്ങൾ, വിനോദസഞ്ചാരപ്രാധാന്യമുള്ള നഗരങ്ങൾ തുടങ്ങിയവരെ ഇതിനായി പരിഗണിക്കുന്നുണ്ട്.

ഇൻഫർമേഷനുകൾ നല്ല രീതിയിൽ ആക്‌സസ് ചെയ്യാനാകുകയെന്നതായിരിക്കും സ്മാർട്ട്‌സിറ്റികളുടെ പ്രധാനപ്പെട്ട സവിശേഷത. ഇതിലോരോ നഗരത്തെയും സാറ്റലൈറ്റ് സിറ്റിയായി പരിവർത്തനം ചെയ്യാനാണ് നീക്കം. മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തിലായിരിക്കും ഈ നഗരങ്ങൾ മാതൃകാപരമായ പ്രവർത്തനം നടത്തുക. 100 ശതമാനം റീസൈക്ലിങ് പ്രക്രിയ ഇവിടങ്ങളിൽ യാഥാർത്ഥ്യമാകും. ഉയർന്ന വിദ്യാഭ്യാസം സ്മാർട്ട് സിറ്റികളിൽ വ്യാപകമായി നടപ്പിലാക്കും.

ഇതിൽ ഒമ്പത് നഗരങ്ങളിൽ നാല് ദശലക്ഷം ആളുകളുണ്ട്. ഇതിൽ 44 നഗരങ്ങളിലെ ജനസംഖ്യ ഒരു ദശലക്ഷത്തിനും നാല് ദശലക്ഷത്തിനും മധ്യേയാണ്. ഇതിൽ വാരാണസി, അജ്മീർ, ബോധ്ഗയ എന്നിവ മതപരമായ പ്രാധാന്യമുള്ള നഗരങ്ങളാണ.്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP