Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗം ചെയ്തവരോട് ക്ഷമിച്ച് വയോധികയായ കന്യാസ്ത്രീ; ശത്രുക്കളോട് പോലും പൊറുക്കണമെന്ന കർത്താവിന്റെ വചനം യാഥാർത്ഥ്യമാക്കുന്നത് ഇങ്ങനെ

ബലാത്സംഗം ചെയ്തവരോട് ക്ഷമിച്ച് വയോധികയായ കന്യാസ്ത്രീ; ശത്രുക്കളോട് പോലും പൊറുക്കണമെന്ന കർത്താവിന്റെ വചനം യാഥാർത്ഥ്യമാക്കുന്നത് ഇങ്ങനെ

രിക്കുകളുടെയും ശസ്ത്രക്രിയയുടെയും മുറിപ്പാടുകളിൽ നിന്നുയിരെടുക്കുന്ന വേദനയാൽ ചുട്ടുനീറുമ്പോഴും നിന്റെ ശത്രുക്കളോട് പോലും പൊറുക്കണമെന്ന കർത്താവിന്റെ വചനം യാഥാർത്ഥ്യമാക്കുന്നതിന്റെ സ്വച്ഛത ആ മുഖത്ത് പ്രകടമായിരുന്നു. തന്നെ മനുഷ്യത്വരഹിതമായി ക്രൂരമായി ബലാത്സംഗം ചെയ്തവരോട് ക്ഷമിച്ച് അവർക്ക് വേണ്ടി ജപമാലയിലെ മണികളെണ്ണി പ്രാർത്ഥിക്കുകയാണ് ആ 71 കാരിയായ സന്യാസിനി. കഴിഞ്ഞ ദിവസം ബംഗാളിൽ ക്രൂരമായി ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയാണ് ഈ വിധം ദൈവീകതയുടെ ആൾരൂപമാകുന്നത്. തനിക്ക് നേരെ ആക്രമം നടന്ന 36 മണിക്കൂർ തികയുമ്പോൾ ഇന്നലെ അവർ തികച്ചും ശാന്തയായാണ് കാണപ്പെട്ടത്. ഹൃദയമുരുകിയുള്ള പ്രാർത്ഥനയാലുള്ള സ്വച്ഛത അവരുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

പശ്ചിമബംഗാളിലെ റാണാഘട്ടിലെ ജീസസ് ആൻഡ് മേരി കോൺവെന്റിൽ വെള്ളിയാഴ്ച രാത്രിയാണ് കന്യാസ്ത്രീ കൂട്ട ബലാത്സംഗത്തിനിരയായത്. കോൺവെന്റ് കൊള്ളയടിക്കാനെത്തിയ എട്ടംഗ കവർച്ചാസംഘമാണ് സംഭവത്തിന് പിന്നിൽ. ആശുപത്രിയിൽ പ്രവേപ്പിച്ച കന്യാസ്ത്രീക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ആയുധധാരികളായ എട്ടംഗ സംഘമാണ് കോൺവെന്റ് ആക്രമിച്ചത്. മൂന്ന് കന്യാസ്ത്രീകളെ കെട്ടിയിട്ടതിന് ശേഷം പ്രിൻസിപ്പലിന്റെ മുറിയിൽ കയറിയ കവർച്ചക്കാർ പണവും സാധനങ്ങളും അപഹരിച്ചു. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് നാല് പേർ ചേർന്ന് വയോധിക സന്യാസിനിയെ മാനഭംഗം ചെയ്തത്.

'എന്റെ ഹൃദയം തകർന്നിരിക്കുകയാണ്' കഠിനമായ വേദനകളോട് പൊരുതുന്നതിനിടെ റാണാഘട്ടിലെ ഹോസ്പിറ്റിൽ കിടന്ന് അവർ മന്ത്രിക്കുന്നുണ്ടായിരുന്നു. താൻ അനുഭവിക്കുന്ന വേദനയേക്കാൾ സ്‌കൂളിന്റെയും അവിടുത്തെ വിദ്യാർത്ഥികളുടെയും സുരക്ഷയെക്കുറിച്ചോർത്തായിരുന്നു കന്യാസ്ത്രീ ഇന്നലെ ആകുലപ്പെട്ടതെന്ന് ആശുപത്രി സൂപ്രണ്ട് അതീന്ദ്രനാഥ് മോൻഡൽ പറയുന്നു. തന്നെ ആക്രമിച്ചവർക്ക് മാപ്പ് നൽകണമെന്നുള്ള അവരുടെ ഹൃദയമുരുകിയുള്ള പ്രാർത്ഥനയ്ക്ക് ദൃക്‌സാക്ഷിയായവർക്ക് വികാരവായ്പിനാൽ കണ്ണീർ അടക്കാനായില്ല. ആത്മീയമായി ഉന്നതിയിലുള്ള ഒരു വ്യക്തിയുടെ മഹത്വമാണാ പ്രാർത്ഥനയിൽ നിഴലിക്കുന്നതെന്നാണ് പ്രസ്തുത സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് ഇതിനോട് പ്രതികരിച്ചത്. എന്നാൽ കുറ്റവാളികളെ എത്രയും വേഗം പിടികൂടി അർഹമായ ശിക്ഷ നൽകണമെന്നാണ് തങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് ഊർജിതമായി അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഭാഗഭാക്കായ എട്ട് പേരുടെ വിശദാംശങ്ങളും സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണെന്നും സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്ത് വരുന്നുണ്ടെന്നും നായ്ഡ എസ്. പിയായ അർണാബ് ഘോഷ് പറയുന്നു. കുറ്റവാളികളെ വൈകാതെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും ഇതിനായി ജനങ്ങൾ പരമാവധി പൊലീസിനോട് സഹകരിക്കണമെന്നും ഗവർണർ കേസരി നാഥ് ത്രിപാദി കൊൽക്കത്തയിൽ പറഞ്ഞു.

വയോധികയായ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടത് ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ലോകമാകമാനം ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. ലോമാകമാനമുള്ള മാദ്ധ്യമങ്ങൾ ഈ സംഭവത്തെ നിശിതമായാണ് വിമർശിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് റോമിലെ റിലീജിയസ് ഓഫ് ജീസസിലെ സിസ്റ്റർ ഐറിനും മദർ ജനറലും ഇന്ത്യയിലേയ്‌ക്കെത്തുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് അവർ കന്യാസ്ത്രീയെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തുകയും അവരെ കാണുകയും ചെയ്തു. തന്റെ ജീവിതത്തിൽ ഒരു കന്യാസ്ത്രീ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടത് ലോകത്തിൽ ഇതാദ്യമായാണെന്ന് സിസ്റ്റർ ഐറിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രിയിലെത്തി അവരെ കണ്ടതോടെ തനിക്ക് ആശ്വാസമായെന്നും ഐറിൻ പറയുന്നു. അവർക്ക് നൽകുന്ന പരിചരണത്തിൽ ഐറിൻ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ശനിയാഴ്ച രാവിലെ ഏഴ് മണിക്കാണ് കന്യാസ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും ഉടനടി ഒരു സംഘത്തെ അവരെ പരിചരിക്കാനായി നിയോഗിച്ചുവെന്നും മുതിർന്ന് ഗൈനക്കോളജിസ്റ്റുകളാണ് അവരെ ഓപ്പറേറ്റ് ചെയ്തതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. നാദിയയിലെ ചീഫ് മെഡിക്കൽ ഓഫീസറായ തപസ് റോയിയുടെ നേതൃത്ത്വത്തിലുള്ള ഒരു സംഘമാണ് കന്യാസ്ത്രീയുടെ പരിചരണത്തിനായി ആശുപത്രിയിലേക്ക് കുതിച്ചെത്തിയത്. ഈ സംഘത്തിലുള്ള സൈക്യാട്രിസ്റ്റ് കന്യാസ്ത്രീയെ കൗൺസിൽ ചെയ്യുകയുമുണ്ടായി. ഇപ്പോൾ ഇവർ ശാരീരികമായും മാനസികമായും സ്ഥിരത കൈവരിച്ചുവെന്നാണ് ഡോക്ടർമാർ പറയുന്നത്. കന്യാസ്ത്രീയോട് അനുതാപം പ്രകടിപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകൾ ഇവിടേക്ക് സന്ദർശനത്തിനെത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP