കത്വാ പീഡനവും പ്രതിഷേധവും എരിഞ്ഞടങ്ങും മുമ്പ് മറ്റൊരു പീഡന വാർത്ത കൂടി പുറത്ത്; ഉത്തർ പ്രദേശിൽ വിവാഹ ചടങ്ങിനിടെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു
April 17, 2018 | 04:51 PM | Permalink

സ്വന്തം ലേഖകൻ
ലക്‌നൗ: ജമ്മു കാശ്മീരിലെ കത്വായിൽ എട്ടു വസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധ ജ്വാലകൾ കെട്ടടങ്ങും മുമ്പ് മറ്റൊരു പീഡന വാർത്ത കൂടി പുറം ലോകത്തേക്ക്. ഉത്തർ പ്രദേശിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അച്ഛനമ്മമാര്‌ക്കൊപ്പം വിവാഹ സൽക്കാരത്തിനെത്തിയ എട്ടു വയസ്സുകാരിയെ ആണ് വിവാഹ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കല്ലിന് തലയ്ക്കടിച്ച് കൊന്നത്. ഏട്ട ജില്ലയിലെ ശീതൽപൂരിൽ ഞായറാഴ്ച രാത്രി ഒന്നരയോടെയാണു പെൺകുട്ടിയെ കാണാതായത്. അന്വേഷണത്തിൽ തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
സംഭവത്തിൽ സോനു എന്ന 19 വയസ്സുകാരനെ അറസ്റ്റു ചെയ്തതായി പൊലീസ് സൂപ്രണ്ട് അഖിലേഷ് കുമാർ അറിയിച്ചു. വിവാഹസൽക്കാരം നടന്ന സ്ഥലത്തുനിന്ന് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീടു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊന്നു. സംഭവസ്ഥലത്തിനു നിന്നു തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊന്നിട്ടതിന് സമീപം മദ്യപിച്ചു മയങ്ങിക്കിടക്കുകയായിരുന്നു പ്രതിയെന്നു പൊലീസ് പറഞ്ഞു.