Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനക്കൂട്ടത്തെ കണ്ടപ്പോൾ പയ്യൻ നേതാവിനു ഹാലിളകി; തീപ്പൊരി പ്രസംഗം കേട്ട് അനുയായികൾ ആയുധങ്ങളുമായി തെരുവിൽ; 9 പേരുടെ ജീവനെടുത്ത കലാപത്തിന് അന്ത്യമായില്ല; അതിസമ്പന്നരായ പട്ടേലന്മാർ സംവരണവുമായേ മടങ്ങൂവെന്നു സൂചന

ജനക്കൂട്ടത്തെ കണ്ടപ്പോൾ പയ്യൻ നേതാവിനു ഹാലിളകി; തീപ്പൊരി പ്രസംഗം കേട്ട് അനുയായികൾ ആയുധങ്ങളുമായി തെരുവിൽ; 9 പേരുടെ ജീവനെടുത്ത കലാപത്തിന് അന്ത്യമായില്ല; അതിസമ്പന്നരായ പട്ടേലന്മാർ സംവരണവുമായേ മടങ്ങൂവെന്നു സൂചന

അഹമ്മദാബാദ്: പിന്നാക്ക വിഭാഗക്കാർക്കായി സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിൽ പട്ടേൽ സമുദായക്കാർ നടത്തിയ ഗുജറാത്ത് ബന്ദിലും പ്രതിഷേധ പരിപാടികളിലും വ്യാപക അക്രമം. പൊലീസ് വെടിവയ്പിലും അക്രമ സംഭവങ്ങളിലും 9 പേരാണു കൊല്ലപ്പെട്ടത്.

സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ ഹർദിക് പട്ടേലിനെ അറസ്റ്റു ചെയ്തതോടെയാണ് പ്രക്ഷോഭം അക്രമാസക്തമായത്. ചൊവ്വാഴ്ച നടന്ന പട്ടേൽ സമുദായ സംവരണ പ്രക്ഷോഭത്തിൽ ഹർദിക് പട്ടേലിന്റെ തീപ്പൊരിപ്രസംഗത്തിൽനിന്നു പ്രചോദിതരായ ജനക്കൂട്ടം അറസ്റ്റോടെ സർവ നിയന്ത്രണങ്ങളും വിട്ട് അക്രമത്തിലേക്കു തിരിയുകയായിരുന്നു.

ആറു പേർ പൊലീസ് വെടിവയ്പിലും മറ്റുള്ളവർ  സംഘർഷത്തിനിടയിലുമാണു മരിച്ചത്. സംസ്ഥാനത്ത് സംഘർഷാവസ്ഥയ്ക്ക് ഇതുവരെ അന്ത്യമായില്ല. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഓഫീസുകളും അക്രമത്തിന് ഇരയായി. ഒരു മന്ത്രിയുടെയും രണ്ട് എംഎ‍ൽഎ.മാരുടെയും ഓഫീസുകൾക്കാണ് ജനക്കൂട്ടം തീയിട്ടത്. നൂറിലധികം ബസുകൾ തകർത്തു. രണ്ടു ബാങ്ക് എ.ടി.എം. കൗണ്ടറുകളും അഗ്‌നിക്കിരയാക്കി. പ്രകടനക്കാരും പൊലീസും തമ്മിൽ പല ഭാഗത്തും ഏറ്റുമുട്ടി. മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു

കല്ലും വടികളുമായി ആൾക്കൂട്ടം പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തു. അഹമ്മദാബാദ്, സൂറത്ത്, മെഹ്‌സാന നഗരങ്ങളിലായാണ് നൂറോളം ബസുകൾ പ്രക്ഷോഭകർ തീവച്ചു നശിപ്പിച്ചത്. ആർഎഎഫ്, സിആർപിഎഫ്, ബിഎസ്എഫ് സേനകളിൽനിന്നായി അയ്യായിരത്തോളം സേനാംഗങ്ങളെ അഹമ്മദാബാദിലും മറ്റു സംഘർഷ മേഖലകളിലുമായി വിന്യസിച്ചിട്ടുണ്ട്. പ്രധാന കവലകളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം പടരാതിരിക്കാൻ അഹമ്മദാബാദിൽ മൊബൈൽ ഫോൺ പ്രവർത്തനവും തടഞ്ഞു.

പ്രശ്‌നങ്ങൾക്കു സന്ധിസംഭാഷണത്തിലൂടെ പരിഹാരം കാണാമെന്നും സമാധാനം നിലനിർത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രക്ഷോഭകാരികളോട് അഭ്യർത്ഥിച്ചു. മഹാത്മാ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും നാട്ടിൽ ആരും അക്രമം ആയുധമാക്കരുതെന്നും ശാന്തിമന്ത്രമാണു മുഴങ്ങേണ്ടതെന്നും മോദി പറഞ്ഞു.

സമാധാനം പുനഃസ്ഥാപിക്കണമെന്ന് വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയും പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. അക്രമത്തിന് കാരണമായതു പൊലീസാണെന്നും പിന്നാക്ക സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഫലം കാണുംവരെ തുടരുമെന്നുമാണ് ഹർദിക് പട്ടേൽ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച രാത്രി അറസ്റ്റു ചെയ്ത ഹർദിക് പട്ടേലിനെ പിന്നീട് വിട്ടയച്ചിരുന്നു. അക്രമം വ്യാപിച്ച അഹമ്മദാബാദ്, സൂറത്ത്, മെഹസന, വിസ്‌നഗർ, ഉൻജ എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ നിലവിലെ അവസ്ഥ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ ആഭ്യന്തരന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചു.

കൂടുതൽ സൈന്യത്തെ സംസ്ഥാനത്തേക്ക് അയയ്ക്കുമെന്ന് രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ ഇന്റർനെറ്റ് സർവീസ് നിർത്തിവച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള അഭ്യൂഹങ്ങൾ തടയാനുള്ള മുൻകരുതലായാണിത്. സർക്കാർ ബസുകളുടെ സർവീസും പിൻവലിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം ആവശ്യപ്പെട്ട് പത്തീധർ അർക്ഷൻ ആന്ദോളൻ സമിതിയുടെ നേതൃത്വത്തിൽ പട്ടേൽ സമുദായം 55 ദിവസമായി ഗുജറാത്തിൽ സമരത്തിലാണ്. ചൊവ്വാഴ്ച നടന്ന റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. സർക്കാർ പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. 22കാരനായ ഹർദിക് പട്ടേലാണ് സമിതിയുടെ കൺവീനർ. ക്രമസമാധാനനില വഷളായ സാഹചര്യത്തിൽ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP